തിരയുക

വിശ്വാസത്തിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മുന്നിൽ ക്രൂശിതരൂപവുമായി പ്രതിഷേധം നടത്തുന്ന ഒരു വനിത വിശ്വാസത്തിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മുന്നിൽ ക്രൂശിതരൂപവുമായി പ്രതിഷേധം നടത്തുന്ന ഒരു വനിത  (EDGARD GARRIDO)

2024-ൽ 13 ക്രൈസ്തവമിഷനറിമാരും അജപാലനപ്രവർത്തകരും കൊല്ലപ്പെട്ടു: ഫീദെസ് വാർത്താ ഏജൻസി

2024-ൽ 13 ക്രൈസ്തവമിഷനറിമാരും അജപാലനപ്രവർത്തകരും കൊല്ലപ്പെട്ടുവെന്ന് പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഫീദെസ് വാർത്താ ഏജൻസി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. ഇവരിൽ ആറുപേർ ആഫ്രിക്കൻ ഭൂഖണ്ഡത്തിലും, അഞ്ചുപേർ അമേരിക്കൻ ഭൂഖണ്ഡത്തിലും നിന്നുള്ളവരാണ്. സ്പെയിനിലും പോളണ്ടിലും ഒരാൾ വീതം കൊല്ലപ്പെട്ടു. ഏഷ്യൻ ഭൂഖണ്ഡത്തിൽ കഴിഞ്ഞ വർഷത്തിൽ മിഷനറിമാർ ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിമൂന്ന് ക്രൈസ്തവമിഷനറിമാർ തങ്ങളുടെ രക്തം കൊണ്ട് സാക്ഷ്യം നൽകിയെന്ന് പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഫീദെസ് വാർത്താ ഏജൻസി. വൈദികരും സന്ന്യസ്തരും അല്മായരുമുൾപ്പെടുന്ന ഈ പതിമൂന്ന് പേരും അജപാലനരംഗത്ത് പ്രവർത്തിച്ചുവന്നിരുന്നവരായിരുന്നുവെന്ന് ഫീദെസ് അറിയിച്ചു. എളിമയിലും, ശുശ്രൂഷയിലും നിമഗ്നരായി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ, കൂദാശകൾ പരികർമ്മം ചെയ്തും, കാരുണ്യപ്രവർത്തനങ്ങളിൽ മുഴുകിയും ജീവിച്ചവരായിരുന്നു ഇവർ.

വിശ്വസ്വത്തെപ്രതി സഭയിൽ ശുശ്രൂഷ ചെയ്‌ത്‌വന്നിരുന്ന ഈ പതിമൂന്ന് പേരും, വിശ്വാസത്തിനെതിരായ വൈരാഗ്യത്തിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടതെന്ന് അവകാശപ്പെടുന്നില്ലെങ്കിലും, വിശ്വാസസാക്ഷ്യമേകി ജീവിച്ചിരുന്നവരായിരുന്നുവെന്ന് ഫീദെസ് വാർത്താ ഏജൻസി വ്യക്തമാക്കി. സഭാനിയമപ്രകാരമുള്ള അന്വേഷണങ്ങളും പഠനങ്ങളും അനുസരിച്ച് ഇവരിൽ ചിലരെ രക്തസാക്ഷികളെന്നു വിളിക്കാനുള്ള അവകാശം സഭയുടേതാണെന്ന് ഫീദെസ് കൂട്ടിച്ചേർത്തു.

എട്ട് വൈദികരും അഞ്ച് അൽമായരുമാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടാതെന്ന് വ്യക്തമാക്കിയ ഫീദെസ്, ഇവരിൽ ആറ് പേർ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചു. ഇവരിൽ തെക്കൻ ആഫ്രിക്കയിൽ രണ്ടും, കാമറൂണിൽ ഒന്നും വൈദികർ കൊല്ലപ്പെട്ടുവെന്നും, ബുർക്കിന ഫസോയിൽ ഒരു മതാദ്ധ്യാപകനും, സന്നദ്ധസേവനപ്രവർത്തകനും, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ ഒരു ആൽമായനും കൊല്ലപ്പെട്ടുവെന്ന് വിശദീകരിച്ചു.

അമേരിക്കൻ ഭൂഖണ്ഡത്തിലെ കൊളംബിയ, എക്വഡോർ, മെക്സിക്കോ എന്നിവിടങ്ങളിൽ ഒരു വൈദികർ വീതവും, ബ്രസീലിൽ ഒരു ഇടവകശുശ്രൂഷിയും, ഹോണ്ടുറാസിൽ ഒരു അൽമായനും കൊല്ലപ്പെട്ടുവെന്ന് ഫീദെസ് അറിയിച്ചു. യൂറോപ്പിൽ രണ്ടു സമർപ്പിതർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയ സഭയുടെ വാർത്താഏജൻസി,  സ്പെയിനിലെ ജിലെറ്റിൽനിന്നുള്ള ഒരു ഫ്രാൻസിസ്കൻ സന്ന്യാസിയും, പോളണ്ടിൽനിന്നുള്ള ഒരു വൈദികനുമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കി.

ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ ഉണ്ടായെങ്കിലും മിഷനറിമാർ ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

2020 മുതൽ 2024 വരെയുള്ള കാലയളവിൽ ലോകത്തെമ്പാടുമായി അജപാലനമേഖലയിൽ സേവനമനുഷ്ഠിച്ചിരുന്ന 608 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2025, 15:40