തിരയുക

കർദ്ദിനാൾ ആഞ്ചലോ അമാത്തോ കർദ്ദിനാൾ ആഞ്ചലോ അമാത്തോ 

കർദ്ദിനാൾ ആഞ്ചലോ അമാത്തോ നിര്യാതനായി

വിശുദ്ധരുടെ നാമകരചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററി മുൻ അദ്ധ്യക്ഷനും സലേഷ്യൻ സഭംഗവുമായ കർദ്ദിനാൾ ആഞ്ചലോ അമാത്തോ ഡിസംബർ 31-ന് തന്റെ 86-ആം വയസ്സിൽ നിര്യാതനായി. വിശ്വാസതിരുസംഘത്തിന്റെ സെക്രെട്ടറിയായും ഇറ്റലിക്കാരനായ കർദ്ദിനാൾ അമാത്തോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധരുടെ നാമകരചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററിയുടെ മുൻ അദ്ധ്യക്ഷനും സലേഷ്യൻ സഭംഗവുമായ കർദ്ദിനാൾ ആഞ്ചലോ അമാത്തോ ഡിസംബർ 31-ന് തന്റെ 86-ആം വയസ്സിൽ നിര്യാതനായി. വിശ്വാസത്തിന്റെ മനുഷ്യനും, മടുപ്പില്ലാത്ത അജപാലകനുമായിരുന്നു കർദ്ദിനാൾ ആഞ്ചലോ അമാത്തോയെന്ന് അദ്ദേഹത്തിന്റെ മാതൃരൂപതാദ്ധ്യക്ഷൻ ബിഷപ് ഡോമെനിക്കോ കൊർണാക്കിയോ പ്രസ്താവിച്ചു.

2002 ഡിസംബർ 19-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കർദ്ദിനാൾ ആഞ്ചലോ അമാത്തോയെ വിശ്വാസതിരുസംഘത്തിന്റെ സെക്രെട്ടറിയായും സീലയുടെ സ്ഥാനിക ആർച്ബിഷപ്പായും നിയമിച്ചിരുന്നു. തുടർന്ന് 2008 ജൂലൈ 9-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധരുടെ നാമകരചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായി നിയമിക്കുകയായിരുന്നു. 2010 നവംബർ 20-ന് നടന്ന കൺസിസ്റ്ററിയിൽ മുൻ കത്തോലിക്കാസഭാധ്യക്ഷൻ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. 2013 ഡിസംബർ 19-ന് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ അമാത്തോയുടെ ഡികാസ്റ്ററിയിലെ സ്ഥാനം തുടരാൻ നിർദ്ദേശിച്ചതിനെത്തുടർന്ന്, 2018 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയായിരുന്നു.

1938 ജൂൺ 8-ന് തെക്കൻ ഇറ്റലിയിലുള്ള ബാരിയിലെ മൊൾഫെത്തയിലാണ് കർദ്ദിനാൾ ആഞ്ചലോ അമാത്തോ ജനിച്ചത്. സലേഷ്യൻ സഭംഗമായ അദ്ദേഹം 1962-ൽ നിത്യവ്രതവാഗ്ദാനം നടത്തുകയും, 1967 ഡിസംബർ 22-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്‌തു-

സലേഷ്യൻ യൂണിവേഴ്സിറ്റി മുൻ ഡീൻ കൂടിയായ കർദ്ദിനാൾ അമാത്തോ മുൻപ് വിശ്വാസതിരുസംഘം, ക്രൈസ്തവഐക്യത്തിനും, മതാന്തരസംവാദങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററി എന്നിവയുടെ കൂടിയാലോചനാംഗമായും, അന്താരാഷ്ട്ര മരിയൻ അക്കാദമിയുടെ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ സെക്രെട്ടറിയായി 1999-ൽ നിയമിതനായ അദ്ദേഹം, 2000-ലെ മഹാജൂബിലിയുടെ ദൈവശാസ്ത്ര, ചരിത്ര കമ്മീഷനുകളുടെ ഭാഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2025, 15:50