പ്രത്യക്ഷീകരണ തിരുനാൾ ദിനത്തിൽ സഹാനുഭാവത്തിന്റെ മധ്യാഹ്നവിരുന്ന്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാന്ത് ഏജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിക്കുന്ന, ജനുവരി ആറാം തീയതി, തെരുവുകളിൽ കഴിയുന്ന സഹോദരങ്ങളെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് അവർക്കായി മധ്യാഹ്ന ഭക്ഷണം നൽകുന്നു. ജനുവരി 6 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് വിരുന്ന്. ഏകദേശം മുന്നൂറോളം ആളുകൾ ഇതിൽ പങ്കെടുക്കുമെന്ന് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 2005 മുതൽ എല്ലാ വർഷവും ഈ കാരുണ്യപ്രവൃത്തി തുടർന്നുവരുന്നു. നിരവധി സന്നദ്ധപ്രവർത്തകരാണ് ഈ വിരുന്നിന്റെ നടത്തിപ്പിനായി എത്തുന്നത്.
അതിഥികളിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ, ഭവനരഹിതർ, വൃദ്ധർ, അഭയാർഥികൾ എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷങ്ങളിൽ റോമിൽ പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം ഏറെ വർദ്ധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഠിന ശൈത്യകാലമായതിനാൽ ഈ ദിവസങ്ങളിൽ, റോമിലും നിരവധി ഇറ്റാലിയൻ നഗരങ്ങളിലും, പുതപ്പുകൾ, ഉറക്കസാമഗ്രികൾ , കമ്പിളി സാധനങ്ങൾ എന്നി വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മാനുഷിക ഇടനാഴികളിലൂടെ യുദ്ധങ്ങൾ നടക്കുന്ന ഇടങ്ങളിൽ നിന്നും അഭയാർത്ഥികളെ സുരക്ഷിതമായി എത്തിക്കുന്നതിനും സാന്ത് ഏജിദിയോ സമൂഹം സർക്കാരുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: