അമേരിക്കൻ രൂപതകളിൽ ദൈവവിളികൾ വർധിക്കുന്നു
ഫാ. പവേൽ, വോജ്‌സീക് റോഗാസിൻ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അഭൂതപൂർവ്വമായ വെല്ലുവിളികൾക്കിടയിലും അമേരിക്കയിൽ പുരോഹിത ദൈവവിളികൾ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് മോൺസിഞ്ഞോർ ഏൾ ഫെർണാണ്ടസ് വത്തിക്കാൻ മാധ്യമത്തിനു അനുവദിച്ച കൂടിക്കാഴ്ച്ചയിൽ എടുത്തു പറഞ്ഞു. മഹാജൂബിലിയുടെ വർഷത്തിൽ, അമേരിക്കൻ ജനതയുടെ ഇടയിൽ ഇത് ഏറെ പ്രത്യാശയുണർത്തുന്നതായും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു. കൊളംബസ് രൂപതയിൽ, രണ്ടര വർഷത്തിനുള്ളിൽ പൗരോഹിത്യത്തിനായുള്ള അർത്ഥികളുടെ എണ്ണം 17 ൽ നിന്ന് 40 ആയി വർദ്ധിച്ചു.
യുവാക്കൾക്കിടയിൽ ദൈവവിളികൾ തിരിച്ചറിയുവാനുള്ള വിവിധങ്ങളായ പരിപാടികൾ ഏറെ ഫലം കാണുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും മോൺസിഞ്ഞോർ പങ്കുവച്ചു. സുവിശേഷവൽക്കരണവും, പൗരോഹിത്യ ദൈവവിളികൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായിരുന്നു തന്റെ മെത്രാൻ ശുശ്രൂഷയുടെ പ്രഥമമായ രണ്ടു ദൗത്യങ്ങളെന്നു പറഞ്ഞ അദ്ദേഹം, ഇന്ന് ദൈവം നൽകിയ വലിയ കൃപയെ ഓർത്തു താൻ നന്ദി പറയുന്നതായും പങ്കുവച്ചു. ഫെബ്രുവരി മാസം ദൈവവിളികൾക്കായുള്ള പ്രാർത്ഥനാമാസമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുകയാണ്.
യുവാക്കൾക്കിടയിൽ ദൈവവിളികളെക്കുറിച്ചുള്ള പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നതിനായി മെൽക്കീസേദെക് എന്ന പദ്ധതിയും , ദൈവവിളി വാരാന്ത്യ പരിപാടികളും ഏറെ ഫലവത്തായി മുൻപോട്ടു പോകുന്നുവെന്നും, ഇത് അത്മായർക്കും, വൈദികർക്കും മെത്രാനുമിടയിൽ വലിയ ബന്ധം സ്ഥാപിക്കുന്നതിന് സഹായകരമായിട്ടുണ്ടെന്നും മോൺസിഞ്ഞോർ പറഞ്ഞു. വൈദികരുടെയും സെമിനാരി വിദ്യാർത്ഥികളുടെയും പരിശീലനം മെത്രാന്റെ പ്രഥമചിന്തയാണെന്നും, സാധാരണക്കാരുമായി ഫലപ്രദമായ സംഭാഷണം നടത്താൻ കഴിയണമെങ്കിൽ വിദ്യാസമ്പന്നരായ പുരോഹിതന്മാർ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: