നിലം പാഴാക്കരുത്: വിശ്വാസത്തിന്റെ സദ്‌ഫലങ്ങൾ നൽകുക
ഫാ. പീറ്റർ ടാജീഷ് O de M.
പാപം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്ന പഴയനിയമ ചിന്താഗതിയെ മുൻനിർത്തി കർത്താവ് ഒരു സുവിശേഷപ്രഖ്യാപനം നടത്തുകയാണ്. പാപങ്ങൾക്ക് ശിക്ഷയേക്കാൾ ഉപരി ദൈവം ആഗ്രഹിക്കുന്നത് പാപിയുടെ മാനസാന്തരമാണെന്ന്. വഴി നഷ്ടപ്പെട്ട ഒരാൾ തിരികെ വഴിയിലേക്ക് പ്രവേശിക്കുന്നതും, അനുരഞ്ജനത്തിന്റെ പാതകളിലൂടെ നടക്കാൻ തുടങ്ങുന്നതും, തിരികെ വീട്ടിലേക്ക് എത്തുന്നതും, നഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് വീണ്ടെടുപ്പിന്റെ ഇടവഴികളിലേക്ക് പ്രവേശിക്കുന്നതും സ്വർഗ്ഗത്തിന്റെ ഉത്സവമായി മാറുന്നുണ്ട്
പാപിക്ക് ശിക്ഷ എന്ന പുരാതന നിയമത്തെ കർത്താവ് വചനം കൊണ്ട് തിരുത്തുകയാണ്. പാപിക്ക് ശിക്ഷയല്ല, പാപിയുടെ മാനസാന്തരമാണ് രക്ഷയായി മാറുന്നത് എന്ന് പഠിപ്പിച്ചു കൊണ്ട്.
പഴയ നിയമങ്ങളിലുടനീളം ശിക്ഷയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വചനം മനുഷ്യരിലേക്ക് എത്തിയത്. എന്നാൽ പുതിയ നിയമത്തിലാവട്ടെ ഒരു പാപിക്ക് അനുരഞ്ജനത്തിന്റെ വഴിയുണ്ടെന്നുള്ള സദ്വാർത്തയുമായിട്ടാണ് കർത്താവ് വചനത്തിന്റെ രൂപത്തിൽ മനുഷ്യരിലേക്ക് എത്തിയത്.
പഴയ നിയമസാധ്യതകളെ മുഴുവൻ ചോദ്യം ചെയ്തു കൊണ്ട് പുതിയ നിയമത്തിന്റെ ദൈവസാധ്യതയെ പുനർനിർമ്മിച്ചുകൊണ്ട് ഈ സുവിശേഷം നമുക്ക് കരുണയുടെ പാഠമാകുന്നു.
തികച്ചും മനുഷ്യസഹജമായ ഒരു കൗതുകത്തെയാണ് കർത്താവ് തിരുത്തുന്നത്. ഈ കൗതുകമെന്നത് ഒരാളിലേക്ക്, ഒരു ഭവനത്തിലേക്ക്, ഒരു സമൂഹത്തിലേക്ക് ഒരു ദുരന്തം എത്തുമ്പോൾ അത് അവരുടെ പാപത്തിന്റെ പരിണിതഫലമാവാമെന്ന ചിന്തയെ, കൗതുകത്തെ, ഇന്നത്തെ വചനം ദൂരീകരിക്കുകയാണ്. എല്ലാ പാപങ്ങൾക്കും തിന്മകൾക്കും ദൈവത്തിൽ നിന്ന് ശിക്ഷയുണ്ടെങ്കിൽ ഭൂമിയിൽ ആർക്ക് നിലനിൽക്കാൻ സാധിക്കും. വീണുപോയ മനുഷ്യരും പരീക്ഷിക്കപ്പെട്ട മനുഷ്യരും ശിക്ഷിക്കപ്പെടുന്നവരും നമ്മളെക്കാൾ മോശം വ്യക്തികളല്ല. നമ്മളും അവരെ പോലെ തന്നെ പാപത്തിലേക്ക് വീണു പോകുന്ന മനുഷ്യർ തന്നെയാണ്.
ഒരാളുടെ പാപത്തിന്റെ ശിക്ഷയായിട്ട് ദുരന്തങ്ങളെ കാണുമ്പോൾ നമ്മളും നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷയായിട്ട് ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. ഇങ്ങനെയൊരു വികലമായ മനോഭാവമാണ് ക്രിസ്തീയതയിൽ കർത്താവ് തിരുത്തുവാൻ ശ്രമിക്കുന്നത്. പാപികളുടെ ശിക്ഷയെ ഓർത്ത് ആകുലപ്പെടാതെ ഓരോരുത്തരും അവരവരുടെ അനുരഞ്ജനത്തിലേക്ക്, സമാധാനത്തിലേക്ക്, കൃപയുടെ നിറവിലേക്ക് പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയാണ് വചനം പറയുന്നത്.
പീലാത്തോസ് വധിച്ച ഈ ഗലീലിയർ ആരാണ് എന്നുള്ള ചോദ്യത്തിൽ, ജെറുസലേം ദേവാലയത്തിൽ ബലിയർപ്പിച്ചു കൊണ്ടിരുന്നവരെ, മൃഗബലി അർപ്പിക്കുന്നു എന്ന പേരിൽ പിലാത്തോസ് വധിച്ചത് ആ ബലിയോടൊപ്പം അവരുടെ രക്തവും കൂടി ചേർത്തുകൊണ്ടാണ് പീലാത്തോസ് ആ പാതകം നിർവഹിച്ചത്. ചരിത്രപശ്ചാത്തലം ഇല്ലാത്ത ഒരു സംഭവത്തെ മുൻനിർത്തി കൊണ്ടാണ് കർത്താവിനോട് അവിടെയുണ്ടായിരുന്ന ചിലർ ചോദിക്കുന്നത് അവരുടെ പാപത്തിന്റെ ഫലമാണോ ഈ മരണം എന്നത്.
പാപത്തിന്റെ ഫലം മരണം എന്നുള്ള ആ ഒരു ചോദ്യത്തിൽ നിന്ന് കർത്താവ് അല്പം മാറിക്കൊണ്ട് ചോദിച്ചവരുടെ മനസ്സാക്ഷിയിലേക്ക് മറു ചോദ്യം ഉയർത്തുന്നുണ്ട്. ആ ചോദ്യമാണ് ഓരോ ക്രൈസ്തവന്റെയും മനസ്സാക്ഷിയുടെ ചോദ്യമായി മാറേണ്ടത് കാരണം ആ ചോദ്യം ഇങ്ങനെയാണ് പാപികളെക്കാൾ മികച്ചവരാണോ നിങ്ങളെന്ന്?.
മറ്റുള്ളവരെ നിഷ്കരുണം വിധിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഏതൊരു മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ് കർത്താവ് ചോദിച്ചത്. അവരെ വിധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം? എന്ത് അധികാരം? അവരെക്കാൾ നിങ്ങൾ മികച്ചവരാണോയെന്ന്?.
ഈയൊരു ചോദ്യം ദൈവസമക്ഷം മനുഷ്യമനസാക്ഷിക്ക് മുൻപിലാണ് ചോദിക്കുന്നത് കാരണം രണ്ടിടങ്ങളും മനുഷ്യന് ഒന്നും മറച്ചു വെക്കാൻ കഴിയാത്ത ഇടങ്ങളാണ്. ഉള്ളം കാണുന്ന ഹൃദയം അറിയുന്ന തമ്പുരാനും നമ്മളെത്തന്നെ പൂർണ്ണമായിട്ടും മനസ്സിലാക്കുന്ന നമ്മുടെ മനസ്സാക്ഷിയും. രണ്ടിനും മുമ്പിലും മനുഷ്യർക്ക് പൊയ്മുഖങ്ങൾ അണിഞ്ഞ് നിൽക്കാൻ സാധിക്കില്ല എന്നുകൂടെ കർത്താവ് ഈ ചോദ്യത്തിലൂടെ നൽകുന്നുണ്ട്.
എവിടെയെങ്കിലും ദുരന്തങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ. യുദ്ധങ്ങളും കലാപങ്ങളും വർദ്ധിക്കുമ്പോൾ അതൊക്കെ അവർ അർഹിച്ചതാണെന്ന നിഗമനത്തിലേക്ക് എത്താൻ ശ്രമിക്കുന്ന മനുഷ്യബലഹീനതയാണ് കർത്താവ് ദൈവസമക്ഷം നല്ലൊരു മനസ്സാക്ഷിയുടെ മുമ്പിൽ ചോദ്യം ചെയ്യുന്നതും.
ആരും ആരെയും വിധിക്കാൻ അധികാരപ്പെട്ടവരല്ല മറിച്ച് വിധി മുഴുവൻ തമ്പുരാനെ ഏൽപ്പിക്കുവാനും, ഓരോരുത്തരും അവരവരുടെ ജീവിതത്തെ ശുദ്ധീകരിച്ചുകൊണ്ട് അനുദിനം ദൈവവും മനുഷ്യരുമായി അനുരഞ്ജനപ്പെട്ടും, ബന്ധങ്ങൾ പുനസ്ഥാപിച്ചുകൊണ്ടും സ്നേഹത്തിൽ വളർന്നും ജീവിക്കേണ്ടവരാണെന്ന നിഗമനത്തിലേക്ക്, ഉത്തരത്തിലേക്ക് കർത്താവ് ഓരോ ക്രിസ്തുശിഷ്യനെയും കൂട്ടിക്കൊണ്ടു പോവുകയാണ്.
നോമ്പ് കാലം അനുരഞ്ജനത്തിന്റെ കാലമാണ്. അനുരഞ്ജനം സംഭവിക്കുന്നതാവട്ടെ ഹൃദയത്തിന്റെ എളിമയിലും, നിഷ്കളങ്കതയിലും കാരണം അനുരഞ്ജന പെടേണ്ട വ്യക്തി എളിമപ്പെട്ടു കൊണ്ട് മാപ്പ് ചോദിക്കാനും, കരുണയോടെ മാപ്പ് നൽകാനും തയ്യാറാവേണ്ട ഒരാളാണ്.
എന്നാൽ അനുരഞ്ജനത്തിന്റെ പാത മറന്നുകൊണ്ട് ഒരാൾ സ്വയം മികച്ചവൻ എന്ന ആത്മരതിയിൽ മുഴുകുകയും മറ്റുള്ളവരെ നിഷ്കരുണം വിധിക്കുകയും ചെയ്യുമ്പോൾ ഓർക്കണം അനുരഞ്ജനകൂടാരങ്ങളിലേക്ക്, ദൈവത്തിന്റെ കൂടാരങ്ങളിലേക്ക് നമുക്കിനിയും എത്താൻ സാധിച്ചിട്ടില്ല.
നോമ്പ് കാലം നമ്മുടെ കൂടുതൽ വിശുദ്ധിയുള്ള മനുഷ്യരാക്കണം. എന്താണ് വിശുദ്ധി എന്ന ചോദ്യത്തിന്, ഫലങ്ങൾ നൽകാനായിട്ട് കഴിയുന്ന നമ്മുടെ അവസ്ഥ തന്നെയാണ്. അതുകൊണ്ടാണ് സുവിശേഷത്തിന്റെ അവസാനഭാഗത്ത് മുന്തിരിത്തോട്ടത്തിൽ നട്ട അത്തിമരത്തിന്റെ ഉപമ പറഞ്ഞുകൊണ്ട് കർത്താവ് ഈ വചനം ഭാഗം അവസാനിപ്പിക്കുന്നത്.
മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷം കരുതലോടെ കൂടി വളർത്തപ്പെട്ട വൃക്ഷമാണ്. നൽകപ്പെട്ട കൃപകളിൽ ഏറ്റവും വലിയ പുണ്യം എന്നുള്ളത് ഫലങ്ങൾ നൽകുക എന്നുള്ളതാണ്. എന്നിട്ടും അത് നേരിടുന്ന അപവാദം ആരോപണം എന്നത്, നിലം പാഴാക്കി ഫലം നൽകാതെ എന്നുള്ളതാണ്.
നിലം പാഴാക്കി ഫലം നൽകാതെ പോവുക എന്നുള്ളത്, നൽകപ്പെട്ട കൃപകളോട് സമരസപ്പെടാതെ അതിനോട് പ്രത്യത്തരം നൽകാതെ തരിശ് ഭൂമിയാക്കി മാറ്റിക്കൊണ്ട് ഫലമില്ലാത്ത വൃക്ഷമായി മാറുക എന്നതിന്റെ അർത്ഥം മറ്റുള്ളവരെ വിധിച്ചും പരിഭവിച്ചും കെറുവിച്ചും സ്നേഹമില്ലായ്മയൊടെ ജീവിച്ചും, കരുണ നൽകാതെയും ഒക്കെ ജീവിതത്തെ സങ്കീർണ്ണമാക്കി മാറ്റി, വളരാൻ കഴിയാതെ പോകുന്ന അവസ്ഥയാണ്.
ദൈവകൃപകളോടെ പുറംതിരിഞ്ഞു നിൽക്കുന്ന ഏതൊരു മനുഷ്യനും ഫലം നൽകാതെ പോയ അത്തമരമാണ്.
എന്നിട്ടും അറിയണം ആ ആ വൃക്ഷത്തെ പോലും തമ്പുരാൻ കരുണയോടെയാണ് കടാക്ഷിക്കുന്നത്. ഒരു വർഷം കൂടി അതവിടെ നിൽക്കട്ടെ എന്ന് പറയുമ്പോൾ പ്രത്യാശയുള്ള ദൈവത്തിന്റെ മുഖമാണ് കർത്താവ് കാണിച്ചുതരുന്നത്. പ്രത്യാശയിൽ ഫലം നൽകിയേക്കാം എന്ന വിശ്വാസം യജമാനനെ, കൃഷിക്കാരനെ, ഒരു വർഷം കൂടി മുന്നോട്ടു നീങ്ങാൻ പ്രേരണ നൽകുന്നുമുണ്ട്.
പ്രിയപ്പെട്ടവരെ ഓർക്കുക ഒരുപക്ഷേ ഇന്ന് എന്നുള്ളത് നമുക്ക് നൽകപ്പെട്ട ആ ഒരു വർഷമായിരിക്കും. ഒരിക്കൽ കൂടി ഫലമണിയുവാനും, നന്മകൾ വിളയിക്കാനും, കൃപയിൽ ജീവിക്കുവാനും, സ്നേഹത്തിൽ വളരുവാനും, നമുക്ക് വേണ്ടി ഒരുക്കപ്പെടുന്ന ഒരു വർഷം. അതിലേക്ക് വളരാൻ സാധിക്കണം, ഫലം നൽകാനാൻ സാധിക്കണം. അവിടെയൊക്കെ നമ്മുടെ ജീവിതവും സുവിശേഷമായി മാറും.
വിധിയും വിധിപ്രസ്താവനകളും നമുക്ക് മാറ്റിവെക്കാം. സ്നേഹത്തിന്റെ കൃപയുടെ മേലങ്കിയും, ആഭരണങ്ങളും അണിഞ്ഞു നമുക്ക് ജീവിക്കാൻ ശ്രമിക്കാം. അവിടെയൊക്കെ ജീവിതത്തിലേക്ക് വസന്തം കടന്നുവരും. നന്മകൾ ഉണ്ടാകും ആ നന്മകൾ മറ്റുള്ളവർക്ക് ലഭിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: