തിരുഹൃദയഭക്തി സ്‌നേഹത്തിന്റെ ആഴത്തിലേക്കുള്ള വിളിയാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സ്നേഹത്തിന്റെ ആഴം വിശദീകരിക്കുവാൻ യേശു പലപ്പോഴും ഉപയോഗിക്കുന്ന പ്രതീകം ഹൃദയത്തിന്റേതാണ്. പഴയനിയമത്തിലും, പുതിയനിയമത്തിലും, ഇപ്രകാരം ഹൃദയത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിച്ചുകൊണ്ടുള്ള വചനങ്ങൾ നമുക്ക് കാണാവുന്നതാണ്. സുവിശേഷഭാഗ്യങ്ങളിൽ, ദൈവീകദർശനത്തിനായി ഹൃദയത്തിന്റെ ശുദ്ധിയുടെ ആവശ്യകത യേശു തന്നെ അടിവരയിടുന്നുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷം ആറാം അധ്യായം ഇരുപത്തിയൊന്നാം തിരുവചനത്തിൽ, നിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരനായും ഹൃദയത്തെ അടയാളപ്പെടുത്തുന്നുണ്ട്. "നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും." ഇപ്രകാരം ജീവന്റെ തുടിപ്പുകൾ നിയന്ത്രിക്കുന്ന ഹൃദയത്തെ വിശേഷവത്കരിച്ചുകൊണ്ട്, മഹത്തരമായ ഒരു സ്ഥാനം എപ്പോഴും നൽകിയിരുന്നു.
യേശുവിന്റെ സ്നേഹത്തെപ്പറ്റി വിവരിക്കുമ്പോൾ, ഇങ്ങനെ തിരുഹൃദയഭക്തിയുടെ പ്രാധാന്യവും എടുത്തുപറയേണ്ടതാണ്. ഉപരിപ്ലവമായ ജീവിതം ഇന്ന് ലോകത്തെ കീഴടക്കുമ്പോൾ ഒരിക്കൽ കൂടി തിരുഹൃദയ ഭക്തിയെക്കുറിച്ചും, ജീവിതത്തിൽ ഈ ഭക്തിമാർഗം പകരുന്ന അനുഗ്രഹത്തെക്കുറിച്ചും ഓർമ്മപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാവാം ഫ്രാൻസിസ് പാപ്പാ ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനത്തിനു രൂപം നൽകിയത്. ഉപഭോഗ സംസ്കാരത്തിൽ എല്ലാം വിപണീവത്ക്കരിക്കപ്പെടുമ്പോൾ, നാം ചരക്കുകളല്ല മറിച്ച് യേശുവിന്റെ ഹൃദയത്തിനു അനുരൂപരാകുവാൻ വിളിക്കപ്പെട്ടവരാണെന്ന ബോധ്യം ഉറപ്പിക്കുന്നതാണ് തിരുഹൃദയഭക്തി.
യവന സാഹിത്യത്തിൽ ഹൃദയത്തെ സൂചിപ്പിക്കുന്ന വാക്ക് 'കാർഡിയ' എന്നാണ്. ഇത് മനുഷ്യന്റെ ആന്തരികതയെ എടുത്തുകാണിക്കുന്നു. പ്രശസ്തമായ ഹോമറിന്റെ ഇലിയഡിൽ, ചിന്തയും വികാരവും ഹൃദയത്തിന്റെ പ്രവർത്തനങ്ങളാണെന്നും, പ്രധാനപ്പെട്ട തീരുമാനങ്ങൾ രൂപപ്പെടുന്ന സ്ഥലം ഹൃദയമാണെന്നും പറയുന്നു. ഇതു എമ്മാവൂസിലേക്കു യാത്രയായ ശിഷ്യന്മാരുടെ അനുഭവം വിവരിക്കുന്നതിൽ വെളിവാക്കപ്പെടുന്നു.
വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ പറയുന്നത് ഇപ്രകാരമാണ്: "അവൻ വഴിയിൽ വെച്ച് നമ്മോട് സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ? (ലൂക്ക 24, 32). യേശുവിന്റെ വാക്കുകൾ ശിഷ്യന്മാരുടെ ഹൃദയത്തിൽ പകർന്ന ആത്മാവിന്റെ അഗ്നി ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് എടുത്തു കാണിക്കുന്നത്. യേശുവിന്റെ ഹൃദയവും, ശിഷ്യന്മാരുടെ ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധം. ഇത് ആത്മാർത്ഥതയുടെ കൂടിച്ചേരലാണ്. മനുഷ്യന്റെ ഹൃദയത്തിൽ രഹസ്യമായി കിടക്കുന്ന സംശയങ്ങൾക്ക്, ആധികാരികതയുടെയും, യാഥാർഥ്യത്തിന്റെയും, ശക്തിപകർന്നുകൊണ്ട് വ്യക്തിപരമായി മറുപടി നൽകുന്ന യേശുവിന്റെ തിരുഹൃദയം. ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഇപ്രകാരമാണ് ഹൃദയത്തെ പറ്റി പറയുന്നത്: "നിന്റെ ഹൃദയം എന്നോടൊപ്പമില്ലാത്തപ്പോൾ, 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് നിനക്ക് എങ്ങനെ പറയാൻ കഴിയും?" (ന്യായാധിപന്മാർ 16,15). അതിനാൽ പരസ്പരമുള്ള ബന്ധങ്ങളെ കൂട്ടിയിണക്കുന്നത് സ്നേഹത്തിന്റെ ഉറവിടമായ ഹൃദയമാണ്. അതുകൊണ്ടാണ് മാധുര്യമേറിയ യേശുവിന്റെ തിരുഹൃദയമേ എന്ന് പ്രാർത്ഥനയിൽ നാം ഉരുവിടുന്നത്.
ഹൃദയത്തിന്റെ ഈ അതുല്യമായ സ്നേഹശക്തിയാണ് യേശുവിന്റെ തിരുഹൃദയത്തിൽ തിരിച്ചറിയുവാൻ ഓരോ വ്യക്തിക്കും സാധിക്കുന്നത്. ദിലെക്സിത് നോസ് ചാക്രിക ലേഖനത്തിന്റെ ആദ്യ അധ്യായം ഹൃദയത്തിന്റെ പ്രാധാന്യം ഓർമ്മപെടുത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. മാറ്റപ്പെട്ട ഒരു ലോകത്തിൽ എല്ലാം യാന്ത്രികമായി തീരുന്ന ഒരു അവസ്ഥയിൽ, ബന്ധങ്ങളുടെ ഊഷ്‌മളത ഊട്ടിയുറപ്പിക്കുവാൻ ഹൃദയത്തിന്റെ വ്യതിരിക്തത മനസിലാക്കണമെന്നു ചാക്രികലേഖനം എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നു. എല്ലാറ്റിനും പെട്ടെന്ന് ഉത്തരം കണ്ടെത്തുവാനും, എല്ലാം കൈപ്പിടിക്കുള്ളിൽ വെട്ടിപ്പിടിക്കുവാനും വെമ്പൽ കൊള്ളുന്ന ഒരു കാലഘട്ടത്തിലൂടെ നാം സഞ്ചരിക്കുമ്പോൾ, ഹൃദയത്തിന്റെ ഭാഷ മനസിലാക്കുവാനോ, ഹൃദയത്തിനു ശ്രദ്ധ ചെലുത്തുവാനോ നാം ശ്രമിക്കുന്നില്ല എന്ന സന്താപകരമായ അവസ്ഥയെയും ലേഖനം എടുത്തു കാണിക്കുന്നു.
എന്നാൽ എല്ലാറ്റിനും അർത്ഥം നൽകുന്നതും, നമ്മിൽ ദിശാബോധം ഉണർത്തുന്നതും, സമന്വയത്തിന്റെ വിശാലലോകത്തെ മനുഷ്യജീവിതത്തിൽ വരച്ചുകാണിക്കുന്നതും ഹൃദയമാണ്. അല്ലെങ്കിൽ വിപണിയിൽ നാം കച്ചവടക്കാരും, വിപണന വസ്തുക്കളുമായി തരംതാഴ്ത്തപ്പെടുന്നു. എന്നാൽ ഹൃദയം മുൻപോട്ടുവയ്ക്കുന്നത്, വിപണനത്തിന്റെ നശ്വരതയല്ല മറിച്ച് ബന്ധങ്ങളുടെ അനശ്വരതയാണ്. അതുകൊണ്ടാണ് ചാക്രികലേഖനത്തിന്റെ ആദ്യഭാഗത്ത്, ഹൃദയത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് ഇപ്രകാരം പറയുന്നത്, മനുഷ്യവ്യക്തിയുടെ ഏകീകരണത്തിന്റെ കേന്ദ്രം ഹൃദയമാണ് എന്ന്.
അനുകരണത്തിന്റെ നിഴലിൽ വഞ്ചനയുടെ പ്രലോഭനങ്ങൾ നിറഞ്ഞ ഒരു ലോകത്തിൽ, ആത്മാർത്ഥതയുടെ വിളനിലമായി ചാക്രികലേഖനം അവതരിപ്പിക്കുന്നത് ഹൃദയത്തെയാണ്. പരസ്പരം ഏകീകരിച്ചുകൊണ്ട് രണ്ടുപേർക്കിടയിൽ ആത്യന്തികമായ ഒരു സ്നേഹബന്ധം സൃഷ്ടിക്കുന്നത് ഹൃദയമാണ്. മനുഷ്യഹൃദയങ്ങൾക്കിടയിലുള്ള ഈ ബന്ധത്തിന്റെ മൂർത്തീമത്ഭാവം എന്നാൽ അനുഭവിക്കുവാൻ സാധിക്കുന്നത് യേശുവിന്റെ തിരുഹൃദയവുമായുള്ള ബന്ധം ഊഷ്മളമാക്കുമ്പോഴാണ്.
സ്നേഹത്തിന്റെയും നീതിയുടെയും രാജ്യം കെട്ടിപ്പടുക്കുവാൻ ഇപ്രകാരം, മനുഷ്യർതമ്മിലും, ദൈവവുമായുള്ള ഹൃദയബന്ധം കെട്ടിപ്പടുക്കണം. പരിശുദ്ധ പിതാവ് പഴയനിയമത്തിൽ സംഖ്യയുടെ പുസ്തകത്തെ ആസ്പദമാക്കി ഹൃദയൈക്യഭാവത്തെ വർണ്ണിക്കുന്നുവെങ്കിലും, പുതിയനിയമത്തിൽ ഹൃദയത്തിന്റെ ദൈവീകഭാവത്തെ എടുത്തു കാണിക്കുവാൻ ഉപയോഗിക്കുന്ന ജീവിതമാതൃക കന്യകാമറിയത്തിന്റേതാണ്. എല്ലാം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ധ്യാനിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതം, ഹൃദയത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുവാൻ ഏറ്റവും മികച്ച ഉദാഹരണമാണ്. ദൈവീക രഹസ്യങ്ങളെയും, മാനുഷിക ബന്ധങ്ങളെയും കൂട്ടിയിണക്കുവാൻ ഹൃദയത്തെ മാറ്റിവച്ച പരിശുദ്ധ അമ്മ. അതിനാൽ ഹൃദയത്തെ കറയറ്റ രീതിയിൽ കാത്തുസൂക്ഷിക്കേണ്ടുന്ന കാര്യത്തെയും പാപ്പാ അടിവരയിടുന്നു. വത്തിക്കാൻ സൂനഹദോസിന്റെ പഠനരേഖയിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്:
"സമകാലിക ലോകം അനുഭവിക്കുന്ന അസന്തുലിതാവസ്ഥ മനുഷ്യന്റെ ഹൃദയത്തിൽ വേരൂന്നിയ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു". അതുകൊണ്ടാണ് പാപ്പാ ഇങ്ങനെ ആഹ്വാനം ചെയ്തത്: "ദൈവം നമ്മെ സ്നേഹിക്കുന്നത് വാക്കുകൾ കൊണ്ടല്ല, മറിച്ച് അവൻ നമ്മെ സമീപിക്കുകയും നമ്മോടുള്ള അടുപ്പത്തിൽ സാധ്യമായ എല്ലാ ആർദ്രതയോടും കൂടി തന്റെ സ്നേഹം നമുക്ക് നൽകുകയും ചെയ്യുന്നു". അതുകൊണ്ട് ഈ സ്നേഹത്തിന്റെ ഉറവിടമായ അവന്റെ ഹൃദയത്തിലേക്ക് തീര്ത്ഥാടനം നടത്തുവാനാണ് ഈ ആദ്യ ആദ്യ ഖണ്ഡികകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഹൃദയത്തിനു ഒന്നിനെയും മറയ്ക്കുവാൻ സാധിക്കുന്നില്ല, മറിച്ച് തുറന്ന ഒരു പുസ്തകമായിട്ടാണ് പാപ്പാ ഹൃദയത്തെ അവതരിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ പൂർണ്ണത വെളിവാക്കപ്പെടുന്നതും അവന്റെ ഹൃദയത്തിന്റെ ഭാഷയിലൂടെയാണ്. പൊളളയായ വാക്കുകൾ കൊണ്ട്, വാക്ചാതുര്യത്താൽ മറ്റുള്ളവരെ കബളിപ്പിക്കുന്ന ഒരു ലോകത്തിൽ സത്യത്തിന്റെ സാക്ഷികളും, സ്നേഹത്തിന്റെ പ്രവാചകരുമാകുവാൻ ഹൃദയത്തിന്റെ പ്രാധാന്യം ഉണരുന്നവരായി നാം മാറണമെന്നാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത്.
ഞാൻ ആരാണ്? ഞാൻ എന്താണ് അന്വേഷിക്കുന്നത്? എന്റെ ജീവിതത്തിന് എന്ത് അർത്ഥമാണ് ഞാൻ ആഗ്രഹിക്കുന്നത്? എന്റെ തിരഞ്ഞെടുപ്പുകൾ അല്ലെങ്കിൽ എന്റെ പ്രവൃത്തികൾ,എപ്രകാരമുള്ളതാണ്? ഈ ലോകത്ത് എന്തിനാണ് എന്റെ അസ്തിത്വം? ദൈവത്തിന്റെ മുന്നിൽ ഞാൻ ആരാണ് ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് നമ്മെ സഹായിക്കുന്നതു ഈ ഹൃദയത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിലൂടെയാണ് സാധ്യമാകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: