ജൂബിലി വർഷത്തിലെ മിഷനറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനകൾ മെയ് 9-ലേക്ക് മാറ്റി റോം രൂപത
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2025 മാർച്ച് 24-ന് നടക്കേണ്ടിയിരുന്ന മുപ്പത്തിമൂന്നാമത് മിഷനറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനാദിനം മെയ് മാസത്തിലേക്ക് മാറ്റിയതായി റോം രൂപത അറിയിച്ചു. എക്യൂമെനിക്കൽ പ്രാർത്ഥനാസയാഹ്നം നടക്കുന്ന മെയ് 9-ന്, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസലിക്കയിൽ വച്ചായിരിക്കും ജൂബിലി വർഷത്തിലെ മിഷനറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനകൾ നടക്കുക. മാർച്ച് 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് റോം വികാരിയാത്ത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
തിന്മയുടെ മുന്നിലും, വിശ്വാസത്താൽ ധൈര്യപ്പെട്ടും, പ്രത്യാശയുടെ വെളിച്ചത്തിലും, ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയുടെ പേരിൽ കൊല്ലപ്പെട്ട കത്തോലിക്കാ, ഓർത്തഡോക്സ്, എവഞ്ചേലിക്കൽ സഭകളിൽനിന്നുള്ള ക്രൈസ്തവരക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രത്യേക സായാഹ്നപ്രാർത്ഥനകളാണ് മെയ് ഒൻപതിന് റോമിൽ നടക്കുക.
രക്തത്തിന്റെ എക്യൂമെനിസത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പലവട്ടം പ്രസ്താവനകൾ നടത്തിയതിന്റെയും, രണ്ടായിരത്തിൽ ജൂബിലി വർഷത്തിൽ, കൊളോസിയത്തിൽ വച്ച് നടന്ന വലിയ പ്രാർത്ഥനാസമ്മേളനത്തിൽ ഇതേക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സംസാരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് 2025-ലെ ജൂബിലി വർഷത്തിലെ രക്തസാക്ഷിഅനുസ്മരണപ്രാർത്ഥനാ ചടങ്ങുകൾ, എക്യൂമെനിക്കൽ പ്രാർത്ഥനകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് നടത്താൻ റോം രൂപത തീരുമാനിച്ചത്.
1993-ൽ ആരംഭിച്ച മിഷനറി രക്തസാക്ഷി അനുസ്മരണദിനം നാളിതുവരെ മാർച്ച് 24-നാണ് ആചരിക്കപ്പെട്ടിരുന്നത്. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ചടങ്ങുകൾ എക്യൂമെനിക്കൽ പ്രാധാന്യത്തോടെ മെയ് മാസത്തിൽ നടത്താൻ റോം രൂപത തീരുമാനിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: