ടാൻസാനിയയിൽ പുതിയ ഒരു രൂപത കൂടി സ്ഥാപിതമായി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രതിസന്ധികൾക്ക് നടുവിലും, വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുന്ന ആഫ്രിക്കയിലെ ടാൻസാനിയ രാഷ്ട്രത്തിൽ പുതിയായതായി ഒരു രൂപത കൂടി ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ചു. ദാർ-എസ്-സലാം അതിരൂപതയെയും മൊറോഗോറോ രൂപതയെയും വിഭജിച്ചുകൊണ്ടാണ്, ബാഗമോയോ എന്ന പുതിയ രൂപതയ്ക്ക് രൂപം നൽകിയിരിക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായി, ഇതുവരെ പെർഡിസസിന്റെ ബിഷപ്പും ദാർ-എസ്-സലാമിന്റെ സഹായമെത്രാനുമായിരുന്ന മോൺസിഞ്ഞോർ സ്റ്റെഫാനോ ലാമെക് മുസോംബയെ പാപ്പാ നിയമിച്ചു.
പുതിയതായി സ്ഥാപിക്കപ്പെട്ട രൂപതയിൽ ആകെ തൊണ്ണൂറ്റി രണ്ടായിരത്തി മുന്നൂറ്റി നാൽപ്പത്തിയഞ്ച് അംഗങ്ങളാണ് കത്തോലിക്കരായിട്ടുള്ളത്. 22 ഇടവകകൾ രൂപതയിൽ ഇപ്പോൾ നിലവിലുണ്ട്.
1969 സെപ്റ്റംബർ മാസം 25 നു ജനിച്ച മോൺസിഞ്ഞോർ സ്റ്റെഫാനോ ലാമെക് മുസോംബ, മൊറൊഗോറോയിലെ ജോർദാൻ സർവകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും ബിരുദം നേടിയ ശേഷം റോമിലെ അഗസ്റ്റീനിയൻ സർവകലാശാലയിൽ നിന്നും പട്രോളജിയിൽ ലൈസൻഷ്യേറ്റും പൂർത്തിയാക്കി. അഗസ്റ്റീനിയൻ സഭാംഗമായ അദ്ദേഹം 2003 ലാണ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. തുടർന്ന് , 2021 ൽ ദാർ-എസ്-സലാമിന്റെ സഹായമെത്രാനായി അഭിഷിക്തനായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: