വിശുദ്ധിയിലേക്കുളള വിളി: കരുണയിലൂടെ സുവിശേഷത്തിന് സാക്ഷ്യം നല്‍കുക
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
മൂന്നാമത്തെ അദ്ധ്യായം:
അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.
ലോകത്തോടുള്ള സ്നേഹം ദൈവം നമ്മിലൂടെ വെളിപ്പെടുത്തുന്നു
107. തങ്ങളുടെ ജീവിതങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് സത്യമായും ആഗ്രഹിക്കുന്നവർ, വിശുദ്ധിയിൽ വളരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ തങ്ങളുടെ കാരുണ്യ പ്രവർത്തികളിൽ ലക്ഷ്യം വയ്ക്കുന്നവരും, ഉറച്ചുനിൽക്കുന്നവരുമാകണം. കൊൽക്കത്തായിലെ വിശുദ്ധ തെരേസ ഇത് വ്യക്തമായി മനസ്സിലാക്കി: "എനിക്ക് നിരവധി മാനുഷിക കുറവുകളും വീഴ്ചകളുമുണ്ട്... എന്നാൽ ദൈവം കനിവോടെ ഞങ്ങളെ ഉപയോഗിക്കുന്നു. എന്നെയും നിന്നെയും ഈ ലോകത്തിൽ അവിടുത്തെ സ്നേഹവും അനുകമ്പയുമാക്കുവാൻ അവിടുന്ന് നമ്മുടെ പാപങ്ങളും കഷ്ടപ്പാടുകളും വേദനകളും ഏറ്റെടുക്കുന്നു. ലോകത്തെ സ്നേഹിക്കുവാനും അതിനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് കാണിക്കുവാനും അവിടുന്ന് നമ്മെ ആശ്രയിക്കുന്നു. നാം നമ്മുടെ കാര്യത്തിൽ മാത്രം വളരെയധികമായി ഉത്കണ്ഠയുള്ളവരായാൽ മറ്റുള്ളവർക്കായി ഒട്ടും സമയം ലഭിക്കുകയില്ല."
മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. ജനനം മുതൽ മരണം വരെയുള്ള യാത്രയിലും അതിന് ശേഷമുള്ള ജീവിതത്തിലും മറ്റുള്ളവരുടെ സഹായവും പ്രാർത്ഥനയും സാമീപ്യവും നമുക്കാവശ്യമാണ്.പലപ്പോഴും നാം അത് മറന്നു പോകുകയും ഈ സമൂഹത്തോടും മനുഷ്യരോടും നന്ദിയില്ലാത്തവരായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ ഭാഗത്തിൽ മാർപാപ്പാ, ദൈവം മറ്റുള്ളവരോടു തന്‍റെ സ്നേഹത്തെയും കരുണയെയും പ്രകടിപ്പിക്കാൻ നമ്മോടു ആവശ്യപ്പെടുന്നുവെന്ന് വിശുദ്ധ മദർ തെരേസാ പറയുന്നതിനെ ചൂണ്ടി കാണിക്കുമ്പോൾ നമ്മൾ മറ്റുള്ളവർക്ക് ചെയ്യുന്ന ഓരോ നന്മ പ്രവർത്തിയും, അപരനോടു കാണിക്കുന്ന അനുകമ്പയും ദൈവത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും അവിടുത്തെ സ്നേഹത്തിന്‍റെ ആഴവും, നീളവും വീതിയും, ഉയരവും കാണിച്ചു കൊടുക്കുന്ന ഉപകരണങ്ങളും അടയാങ്ങളുമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ നാം നമ്മുടെ കാര്യങ്ങളിൽ മാത്രം ഉത്ക്കണ്ഠയുള്ളവരായാൽ മറ്റുള്ളവർക്കായി നമുക്ക് ഒട്ടും സമയം ലഭിക്കുകയില്ലെന്ന് പാപ്പാ വ്യക്തമാക്കുന്നു. നമുക്ക് ലഭിച്ചിരിക്കുന്നത് ഈ ഒരൊറ്റ ജന്മമാണ്. ഈ ജന്മത്തിൽ നമുക്ക് നൽകാനാവുന്ന നന്മകളെ നൽകുവാൻ നാം കടപ്പെട്ടിരിക്കുന്നു. ഈ ലോകം വിട്ട് പോകുമ്പോൾ ഈ ലോകത്തിന് എന്തെങ്കിലും വിട്ട് പോകുവാൻ നമുക്ക് കഴിയണം. മറ്റുള്ളവരുടെ കണ്ണുനീരിന് കാരണമാകാതെ അവരുടെ വീണുടയുന്ന കണ്ണുനീർത്തുള്ളികൾക്ക് സാന്ത്വനപൂർവ്വം കൂട്ടിരിക്കുവാൻ നമുക്ക് കഴിയുമെങ്കിൽ യഥാർത്ഥത്തിൽ അഗതികളോടും, അനാഥരോടും, രോഗികളോടും കരുണ കാണിച്ച ക്രിസ്തു ശിഷ്യരായി നാം തീരുകയാണ്. ഇതാണ് നമ്മുടെ വിളിയും ദൗത്യവും. അത് കൊണ്ടാണ് സുവിശേഷത്തിന്‍റെ ഹൃദയം കരുണയാണെന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിച്ചത്. ഇന്ന് കരുണയില്ലാതെ പ്രവർത്തിക്കുന്നതിൽ നമുക്ക് അനുതാപമൊന്നുമില്ല. നമ്മുടെ സഹജീവികളോടുള്ള നമ്മുടെ ഇടപ്പെടലുകളെ അനുദിനം നാം വിചിന്തനം ചെയ്യുകയാണെങ്കിൽ നമുക്ക് നമ്മുടെ പ്രവർത്തനത്തിൽ അടങ്ങിയിരിക്കുന്നതും വെളിപ്പെടുത്തപ്പെടുന്നതുമായ നിയോഗശുദ്ധിയും മനോഭാവത്തെയും വ്യക്തമായി തിരിച്ചറിയുവാൻ കഴിയും.
നമ്മുടെ സന്തോഷങ്ങൾക്ക് മാത്രം പ്രധാന്യം നൽകുമ്പോൾ മറ്റുള്ളവരോടുള്ള കരുതൽ നഷ്ടപ്പെടുന്നു
108. സന്തോഷം മാത്രമാണ് പരമോന്നത ജീവിത പ്രമാണം എന്ന ‘ഹിഡാണിസവും’ ഉപഭോക്തൃഭാവവും നമ്മുടെ പതനത്തിനു കാരണമായിത്തീരും. എന്തെന്നാൽ നാം നമ്മുടെ സന്തോഷത്താൽ മാത്രം നയിക്കപ്പെടുമ്പോൾ നമ്മുടെ കാര്യങ്ങളിലും അവകാശങ്ങളിലും മാത്രം വളരെ അധികമായി തത്പരരാകും; സ്വയം സന്തോഷിക്കുവാനുള്ള സമയത്തിനായി മാത്രം ആഗ്രഹിക്കുന്നവരാകും. നമ്മെ അസംതൃപ്തരും, ശക്തിക്ഷയിച്ചവരും, എല്ലാം ഉടനെ സാധിക്കുന്നതിനായി ഉത്കണ്ഠപ്പെടുന്നവരും ആകുന്ന ഉപഭോഗ സമൂഹത്തിന്‍റെ ജ്വരബാധിച്ച ആഗ്രഹങ്ങളെ നിഹനിക്കുവാൻ വേണ്ട ഒരു ജീവിത ലാളിത്യം വളർത്തിയെടുക്കുവാൻ നമുക്കായില്ലെങ്കിൽ ദരിദ്രരോടു ആത്മാർത്ഥമായി കരുതൽ നമ്മിലുണ്ടാകുന്നതിനോ പ്രകടിപ്പിക്കുവാനോ നമുക്ക് നന്നേ ബുദ്ധിമുട്ടാകും. അതുപോലെ, നാം ഉപരിവിപ്ലവങ്ങളായ വിവരണങ്ങളിലും, ഉടനടിയുള്ള ആശയവിനിമയത്തിലും, നാമമാത്രമായ സത്യത്തിലും കുടുങ്ങുമ്പോൾ നാം നമ്മുടെ സമയം പാഴാക്കുന്നവരും നമ്മുടെ സഹോദരീസഹോദരന്മാരുടെ ശാരീരിക വേദനകളോടു അനാസ്ഥ യുള്ളവരുമായിത്തീരുമെന്നു വരികിലും പ്രവർത്തനങ്ങളുടെ ഈ ചുഴലിക്കാറ്റിന് മദ്ധ്യേയും, വ്യത്യസ്ഥവും കൂടുതൽ ആരോഗ്യകരവും ആനന്ദകരവുമായ ജീവിതം വാഗ്ദാനം ചെയ്തുകൊണ്ട് സുവിശേഷം ശക്തമായി മുഴങ്ങുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു.
ഈ പ്രബോധനത്തിൽ നമ്മുടെ സന്തോഷങ്ങൾക്ക് മാത്രം പ്രധാന്യം നൽകി ജീവിക്കുമ്പോൾ നമുക്ക് മറ്റുള്ളവരോടുള്ള കരുതൽ നഷ്ടപ്പെടുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകുന്നു. ദരിദ്രർ എപ്പോഴും നമ്മോടു കൂടെയുണ്ടെന്ന് ക്രിസ്തു തന്നെ പറയുന്നു. ആ ദരിദ്രരോടു ആത്മാർത്ഥമായ കരുതൽ ഉണ്ടാകുന്നതിന് ജീവിത ലാളിത്യം ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും ഓരോ ദിവസവും അപ്രതീക്ഷിതമായ വളർച്ചയിലേക്കും വികസനത്തിലേക്കും നീങ്ങുമ്പോൾ വേദനിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിൽ മാത്രം ഒരു പുരോഗതിയും കാണുവാൻ സാധിക്കുന്നില്ല. ദരിദ്രർ എന്നും ദരിദ്രരായിത്തന്നെ ജീവിച്ച് മരിക്കുന്നു. പാവപ്പെട്ടവർക്ക് അവകാശപ്പെട്ട സമ്പത്തും, ആരോഗ്യവും ,അവകാശങ്ങളും കവർന്നെടുക്കുന്ന മനുഷ്യർ പാവപ്പെട്ടവരുടെ അത്യാവശ്യങ്ങളിൽ പോലും അവരെ സഹായിക്കുവാൻ വൈമനസ്യം കാണിക്കുന്നത് ദൈവനീതിയുടെ മുന്നിൽ തീർച്ചയായും കൊണ്ട് വരപ്പെടുമെന്ന് നാം മറക്കരുത്. സമൂഹത്തിൽ നാം കാണുന്ന എല്ലാ അടിച്ചമർത്തലുകളുടെയും മുന്നിലും പിന്നിലും അനീതിയുടെയും, സ്വാർത്ഥതയുടെയും കറുത്ത മുഖങ്ങൾ മറഞ്ഞിരിക്കുന്നു. സ്വയം സന്തോഷിക്കുവാനും, സ്വന്തം ജീവിതത്തെ ഭദ്രപ്പെടുത്തുന്നതിന് വേണ്ടി നാമമാത്രമായ സത്യത്തിലും കുടുങ്ങുമ്പോൾ മറ്റുള്ളവർക്ക് നന്മ ചെയ്യുവാൻ ദൈവം നമുക്ക് നൽകിയ സമയത്തെ നാം പാഴാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം കരയുന്ന സഹോദരങ്ങളുടെ വേദനകളോടു അനാസ്ഥയുള്ളവരായി തീരുന്നവരാകുമെന്ന് പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു.
അഷ്ടസൗഭാഗ്യങ്ങളിലൂടെ സാക്ഷ്യം നല്‍കുക
109.വിശുദ്ധരുടെ ശക്തമായ സാക്ഷ്യം സുവിശേഷഭാഗ്യങ്ങളാലും അന്ത്യവിധിയുടെ മാനദണ്ഡങ്ങളാലും പരിശീലിപ്പിക്കപ്പെട്ട തങ്ങളുടെ ജീവിതങ്ങളിലൂടെ അവർ വെളിപ്പെടുത്തുന്നു. എണ്ണത്തിൽ പരിമിതവും നേർവഴികൾക്കുള്ളതുമാണ് യേശുവിന്‍റെ വാക്കുകൾ; എന്നുവരികിലും പ്രായോഗികവും എല്ലാവർക്കും വേണ്ടിയുള്ളതുമാണവ. എന്തെന്നാൽ ക്രൈസ്തവവിശ്വാസം എല്ലാറ്റിനുമുപരി പരിശോധിക്കുവാൻ ഉദ്ദേശിചുള്ളതു തന്നെയാണ്. അത് ധ്യാനത്തിനും മനനത്തിനും ഉപയോഗിക്കാനാവുന്നതാണെങ്കിലും നമ്മുടെ അനുദിന ജീവിതത്തിൽ കൂടുതൽ നന്നായി ജീവിക്കാൻ സഹായിക്കുന്നതിനാണത്. ഈ മഹനീയമായ ബൈബിൾ ഭാഗങ്ങൾ അടുക്കലടുക്കൽ വീണ്ടും വീണ്ടും വായിക്കുവാനും അവയോടു ജീവിതത്തെ തുലനം ചെയ്ത് നോക്കുവാനും, പ്രാർത്ഥിക്കുവാനും, അവയുൾക്കൊള്ളുവാനും ഞാൻ ശിപാര്‍ശ ചെയ്യുന്നു. അവ നമ്മെ യഥാർത്ഥമായി ആനന്ദമുള്ളവരാക്കിത്തീർക്കും.
“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ അവസാന ഭാഗത്തിൽ പാപ്പാ ഈ അദ്ധ്യായത്തിന്‍റെ സംഗ്രഹമായി സുവിശേ ഷത്തിൽ ക്രിസ്തു പഠിപ്പിക്കുന്ന അഷ്ടസൗഭാഗ്യങ്ങളെ ആവർത്തിച്ച് വായിച്ച് ധ്യാനിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും ആഹ്വാനം ചെയ്യുന്നു. കാരണം അവ നമുക്ക് യഥാർത്ഥമായ സന്തോഷം പ്രദാനം ചെയ്യും. ലോകം സൗഭാഗ്യമെന്ന് കരുതുന്ന പലതും സ്വർഗ്ഗത്തിന്‍റെ മുന്നിൽ ദൗർഭാഗ്യങ്ങളാണ്. കാരണം സ്വർഗ്ഗത്തിന്‍റെ കണ്ണുകളും, കാഴ്ച്ചപ്പാടുകളും കരുണയ്ക്ക് പ്രാധാന്യം നൽകുമ്പോൾ ലോകം വില നൽകുന്നത് സ്വാർത്ഥതയ്ക്കാണ്.അഷ്ട സൗഭാഗ്യങ്ങൾ നമുക്ക് കുരിശിലൂടെയും, വീഡനങ്ങളിലൂടെയും ആത്മരക്ഷ സാധ്യമാക്കിത്തരുന്നു. ഈ സാധ്യതകളെ സാധനകളാക്കി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാനും വിശുദ്ധിയിലേക്കുള്ള വിളിയിൽ വിശ്വസ്ഥരായിരിക്കാനും പാപ്പായുടെ ഈ പ്രബോധനങ്ങൾ നമ്മെ സഹായിക്കട്ടെ!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: