തിരയുക

ഇറ്റലിയിലെ ലാംപദൂസയിൽ നടത്തിയ സന്ദർശനത്തിന്‍റെ ഏഴാം വാർഷികത്തിൽ സാന്താ മാർത്തയിൽ പാപ്പാ ദിവ്യബലിയർപ്പിക്കുന്നു... ഇറ്റലിയിലെ ലാംപദൂസയിൽ നടത്തിയ സന്ദർശനത്തിന്‍റെ ഏഴാം വാർഷികത്തിൽ സാന്താ മാർത്തയിൽ പാപ്പാ ദിവ്യബലിയർപ്പിക്കുന്നു... 

പാപ്പാ: യേശുവിന്‍റെ പ്രവാസകാലം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഇരുപത്തി നാലാം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്‍റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന'' ത്തിന്‍റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ '' ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

24. യേശുവിന്‍റെ പ്രവാസകാലം

സുവിശേഷം യേശുവിന്‍റെ ശൈശവകാലത്തെ പറ്റി ഒന്നും പറയുന്നില്ല. എന്നാൽ അവിടുന്ന് കൗമാരപ്രായത്തിലും യൗവനത്തിലുമായിരുന്ന കാലത്തുണ്ടായ പല സംഭവങ്ങളും അത് വിവരിക്കുന്നുണ്ട്. കർത്താവിന്‍റെ യൗവനകാലം  രണ്ടു സംഭവങ്ങൾക്കിടയിലാണെന്ന് വിശുദ്ധ മത്തായി പറയുന്നു: പ്രവാസത്തിനു ശേഷം കുടുംബം നസ്രത്തി ലേക്ക് തിരിച്ചു പോകുന്ന സംഭവവും, ജോർദാനിൽ വച്ച് നടന്ന യേശുവിന്‍റെ മാമ്മോദീസായും പരസ്യ ശുശ്രുഷയുടെ തുടക്കവും. ശിശു എന്ന നിലയിലുള്ള യേശുവിന്‍റെ അവസാന ചിത്രങ്ങൾ നമുക്ക് ലഭിക്കുന്നത് ഈജിപ്തിലെ ചെറിയ പ്രവാസിയായി കഴിയുന്ന കാലത്തേതും (cf.മത്താ2:14-15) പിതൃദേശമായ നസ്രത്തിൽ വന്നു വസിച്ച കാലത്തേതുമാണ്(cf.മത്താ2:19-23). യുവാവ് എന്ന നിലയിലുള്ള യേശുവിന്‍റെ പ്രഥമ ചിത്രം യോർദാൻ നദി തീരത്ത് ചാർച്ചകാരനായ സ്നാപക യോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിക്കാൻ തന്‍റെ ജനത്തിൽപ്പെട്ട ഏതൊരു അംഗത്തെയും പോലെ ജനക്കൂട്ടത്തിൽ നിൽക്കുന്ന ചിത്രമാണ്. (cf.മത്താ3:13-17). ."(കടപ്പാട് പി.ഒ.സി പ്രസദ്ധീകരണം).

ഇന്നു നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ യേശുവിന്‍റെ ശൈശവത്തിന്‍റെയും കൗമാരത്തിന്‍റെയും കാലഘട്ടത്തെക്കുറിച്ച് പാപ്പാ സംസാരിക്കുന്നു. ഈജിപ്തിൽ നിന്നും നസ്രത്രത്തിലേക്കുള്ള  തിരിച്ചുവരവിന്‍റെയും ജോർദാൻ നദിയിൽ വിശുദ്ധ സ്നാപക യോഹന്നാനിൽ നിന്നും സ്വീകരിക്കുന്ന മാമ്മോദീസയുടെയും ഇടയിലാണ് യേശുവിന്‍റെ ആ കാലഘട്ടം. ഈശോയുടെ ശൈശവത്തിലെ അവസാനത്തെ ചിത്രം കാണുന്നത് ഒരു കുഞ്ഞു അഭയാർത്ഥിയായി ഈജിപ്തിൽ കഴിഞ്ഞ ശേഷം നസ്രത്തിലേക്കുള്ള തിരിച്ചുവരവാണെന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നു.

അഭയാർത്ഥരായി ജീവിച്ച തിരുകുടുംബം

ഈശോയും തന്‍റെ ശൈശവത്തിൽ അഭയാർത്ഥിയായി ജീവിച്ചിട്ടുണ്ട്. സ്വന്തം നാടും, വീടും, സ്വ ജനത്തെയും വിട്ടു അന്യനാട്ടിൽ അഭയാർത്ഥിയായി ജീവിക്കേണ്ടിവരുന്ന ദുരന്തം ഈശോയും അവന്‍റെ മാതാപിതാക്കളും അനുഭവിച്ചു. രാത്രിയുടെ യാമങ്ങളിൽ കൊടും തണുപ്പിന്‍റെ അസ്വസ്ഥതകൾ അനുഭവിച്ചും, ബഹുദൂരമുഉള്ള യാത്രകളും അന്യനാട്ടിലെ ജീവിതവും തിരു കുടുംബവും ഏറ്റുവാങ്ങിയിരുന്നു.

വേരുകളിൽ നിന്നുള്ള അകല്‍ച്ചയും മടങ്ങിവരവും

ജീവിതയാത്രയിൽ നമ്മുടെ വേരുകളിൽ നിന്ന് നാം അകന്നു പോകേണ്ടിവരുന്ന ചില സന്ദർഭങ്ങൾ നമ്മിലും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ആ വേരിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം നമുക്കുണ്ടാകും. നമ്മുടെ ആത്മീയ ജീവിതത്തോടു ഈ അഭയാർത്ഥി ജീവിതത്തെ തുലനം ചെയ്യുമ്പോൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരു പ്രവാസ അനുഭവം ആവശ്യമുള്ളതായി തോന്നും. എല്ലാവരുടെയും ജീവിതത്തിൽ ഈ പ്രവാസജീവിതം വന്ന് കടന്നുപോകാറുണ്ട്. ദൈവമാകുന്ന വേരിൽ നിന്നും അകന്നുള്ള പ്രവാസി ജീവിതവും അവനിലേക്കുള്ള മടങ്ങി വരവും. നമ്മുടെ പൂർവ്വീകരായ ഇസ്രായേൽ ജനത്തിന്‍റെ ജീവിതത്തിൽ ഇത് ഏറ്റവും വ്യക്തമാണ്.

സുഭിക്ഷതയും, സൗഭാഗ്യവും, ശാരീരിക സുഖവും അവരെ ആകർഷിക്കുമ്പോൾ അന്യദേവന്മാരെ ആരാധിച്ചും, ദൈവം സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ പ്രമാണങ്ങളെ ലംഘിച്ചും അപകടങ്ങളിലേക്ക് ചെന്നപ്പോൾ ദൈവം അവരെ മറ്റുള്ള ജനതയുടെ മുന്നിൽ പ്രവാസികളായി ജീവിക്കാൻ അനുവദിക്കുന്നു. എങ്കിലും അവരുടെ അനുതാപ കണ്ണീർ ദൈവത്തിന്‍റെ ഹൃദയത്തെ നനയ്ക്കുമ്പോൾ ദൈവം അവരുടെ മടങ്ങിവരവിനെ ധൂർത്തപുത്രനെ സ്വീകരിച്ച പിതാവിനെപ്പോലെ കാത്തിരുന്നു സ്വീകരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു.

പ്രവാസിയാക്കപ്പെടുന്ന ദൈവം

നമ്മുടെ ജീവിതത്തിൽ നിന്നും ദൈവം ഒരിക്കലും അകന്നു പോകുന്നില്ല. പക്ഷേ സാഹചര്യങ്ങൾക്കനുസരിച്ച് നമ്മിൽ നിന്നും ദൈവത്തെ നാം അകറ്റി നിർത്തുന്നു. ദൈവം ഇല്ലാത്ത അവസ്ഥ മരണ വേദനയാണ്. ദൈവസാന്നിധ്യം കൂടെയുണ്ടായിരുന്നപ്പോഴെല്ലാം ഇസ്രായേൽ ജനം മറ്റു ജനങ്ങളുടെ മുൻപിൽ വലിയ ജനവും, യുദ്ധങ്ങളിൽ വിജയിക്കുന്ന ജനവുമായിരുന്നു. എന്നാൽ ദൈവസാന്നിധ്യത്തെ അവർ അകറ്റി നിർത്തിയപ്പോൾ മറ്റുള്ളവരെ ഭയന്ന് ജീവിക്കുന്ന, പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ജനമായി ജീവിക്കേണ്ടി വന്നു.

അകത്തുള്ള ദൈവരാജ്യത്തെ തിരിച്ചറിയണം

ദൈവത്തിൽനിന്നും അകുന്നു പോയ ഓരോ ആത്മീയ പ്രവാസിയുടെ അടുത്ത് ദൈവം തിരഞ്ഞെത്തുന്നു. ഇന്ന് നമ്മുടെ ജീവിതത്തെ പാപ്പയുടെ ഈ പ്രബോധനത്തിന്‍റെ വെളിച്ചത്തിൽ വിചിന്തനം ചെയ്യുമ്പോൾ നമ്മുടെ ജീവിതവും ദൈവമാകുന്ന വേരിൽ നിന്നും അകന്നു നിൽക്കുന്ന, വിദൂരങ്ങളിൽ അലഞ്ഞുതിരിയുന്ന, അപകടങ്ങളുടെ കെണിയിൽ ചെന്നു വീഴുന്ന സാഹചര്യങ്ങളിലാണോ എന്നും, ആത്മാവിന്‍റെ പ്രവാസത്തിലാണോ എന്ന് നമുക്ക് നമ്മോടു ചോദിക്കാം. നമ്മുടെ കൂടെയുള്ള ദൈവരാജ്യത്തെ നാം തിരിച്ചറിയണമെങ്കിൽ നമ്മുടെ അകത്തുള്ള ദൈവരാജ്യത്തെ നാം തിരിച്ചറിയണം. അതിന് വേര് വിട്ടോടിയാലും വേരിനെ അന്വേഷിച്ചുകൊണ്ടുള്ള മടങ്ങിവരവ് ഒരുപക്ഷേ നാം അതിനു സഹായിച്ചേക്കാം.

കാണാതെപോയ ആട് മുൾപ്പടർപ്പിന്‍റെ പ്രവാസത്തിൽ നിന്നും ആലയിലേക്ക് മടങ്ങിവന്നു. കാണാതെപോയ നാണയം ഏകാന്തതയുടെ പ്രവാസം വിട്ട് കൂട്ടത്തിലേക്ക് തിരികെയെത്തി. ധൂർത്ത പുത്രൻ പന്നിക്കൂടിന്‍റെ പ്രവാസത്തിൽ നിന്നും വീടിന്‍റെ വേരിലേക്ക് തിരിച്ചെത്തി. നാമാരും ദൈവമാകുന്ന വേരിൽ നിന്നും വിദൂരത്തിൽ അല്ല. ദൈവം നമ്മിൽ നിന്നും തന്നെ മാറ്റി നിറുത്തുന്നില്ല, ദൈവത്തെ നാം മാറ്റിയതാണ്. ദൈവത്തിന്‍റെ വിളി നമ്മുടെ ഉള്ളിൽ തന്നെ കേൾക്കുന്നുണ്ട്. മടങ്ങി വരവിന്‍റെ ക്ഷണമാണത്. യൗവനത്തിന്‍റെ ആവേശങ്ങൾക്കിടയിൽ  ദൈവമാകുന്ന വേരിൽ നിന്ന് അകന്നു പോകാനുള്ള പ്രവണതകളെ തിരിച്ചറിഞ്ഞ് യുവത്വത്തെ ദൈവസ്നേഹത്തിന്‍റെ വളക്കൂറുള്ള മണ്ണിൽ തിരിച്ചുനടാനുള്ള ഒരു ആഹ്വാനമായിരിക്കാം പാപ്പാ യേശുവിന്‍റെ ബാല്യകാലത്തെ പ്രവാസ ജീവിതത്തെയും തിരിച്ചുവരവിനെയും സൂചിപ്പിച്ചുകൊണ്ട് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2020, 12:17