തിരയുക

2020.08.15 Angelus 2020.08.15 Angelus 

സാഹോദര്യത്തില്‍ ജീവിക്കാതെ ചന്ദ്രനില്‍പ്പോയാലും എന്തുകാര്യം?

സ്വര്‍ഗ്ഗാരോപണത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥന സന്ദേശം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ആഗസ്റ്റ് 15-Ɔο തിയതി ശനിയാഴ്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍  വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് പാപ്പാ ഫ്രാന്‍സിസ് പ്രത്യക്ഷപ്പെട്ടു. ജനങ്ങള്‍ക്കൊപ്പം ചൊല്ലിയ ത്രികാലപ്രാര്‍ത്ഥനയിലെ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പരാമര്‍ശിച്ചത്.

1. ആദ്യകാല്‍വയ്പ്പ് മാനവകുലത്തിന്‍റെ കുതിപ്പ്
ചന്ദ്രപ്രതലത്തില്‍ മനുഷ്യന്‍റെ ആദ്യത്തെ കാലുകുത്തല്‍ മാനവകുലത്തിന്‍റെ വലിയ കുതിപ്പാണ്! ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയ ദിവസംമുതല്‍ കേള്‍ക്കുന്ന വിഖ്യാതമായ ഈ വാക്യത്തോടെയാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനയുടെ സന്ദേശം ആരംഭിച്ചത്. തീര്‍ച്ചയായും ചന്ദ്രയാത്രയും ചന്ദ്രോപഗ്രഹത്തിലെ കാലുകുത്തലും മാനവചരിത്രത്തിലെ നാഴികക്കല്ലാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ ഭൂമിയില്‍ സഹോദരങ്ങള്‍ക്കൊപ്പം തന്‍റെ എളിയ ജീവിതം സ്നേഹത്തിലും ലാളിത്യത്തിലും ജീവിച്ച യേശുവിന്‍റെ അമ്മ, കന്യകാനാഥ തന്‍റെ ജീവിതാന്ത്യത്തില്‍ നേരിട്ടു സ്വര്‍ഗ്ഗത്തിലാണ് കാലുകുത്തിയതെന്നത് വിശ്വാസസത്യമാണ്. ഉടലോടും ആത്മാവോടുംകൂടെ സമ്പൂര്‍ണ്ണയായിട്ടാണ് മറിയം സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോപിതയായത്. നസ്രത്തിലെ എളിയ കന്യകയുടെ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കുതിപ്പ്, മാനവകുലത്തിന്‍റെ ആത്മീയമായ കുതിപ്പാണെന്ന് പാപ്പാ വിശേഷിപ്പിച്ചു. അതിനാല്‍ ഭൂമിയില്‍ സഹോദരങ്ങളോടു ചേര്‍ന്നു ജീവിക്കാത്തവര്‍ ചന്ദ്രനില്‍ പോയിട്ടോ വലിയകാര്യങ്ങള്‍ ചെയ്തതുകൊണ്ടോ എന്തുകാര്യമെന്ന ചോദ്യമാരാഞ്ഞുകൊണ്ടാണ് പ്രഭാഷണത്തിനു തുടക്കമിട്ടത്.

2. മറിയം മനുഷ്യകുലത്തിന്‍റെ ഉഷഃകാലതാരം
ഭൂമിയില്‍ തന്‍റെ തിരുക്കുമാരനോടൊപ്പം സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സുവിശേഷം പങ്കുവച്ച മറിയം സ്വര്‍ഗ്ഗാരോപിതയായെങ്കില്‍, അത് നിങ്ങള്‍ക്കും എനിക്കും, മനുഷ്യകുലത്തിനു മുഴുവന്‍ പ്രത്യാശപകരുന്ന സംഭവമാണെന്ന് പാപ്പാ വ്യക്തമാക്കി. അങ്ങനെ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം മനുഷ്യകുലത്തിന് പ്രത്യാശയാണ്. ദൈവത്തിന് നാമും മറിയത്തെപ്പോലെ പ്രിയപ്പെട്ടവരാണ്. നാം മറിയത്തെപ്പോലെ സ്വര്‍ഗ്ഗാരോപിതരാകേണ്ടവരാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. നമ്മുടെ ശരീരങ്ങള്‍ വൃഥാ മണ്‍മറഞ്ഞുപോകുവാനോ, കാറ്റില്‍ പറന്നു പോകുവാനോ ദൈവം അനുവദിക്കുകയില്ലെന്ന് പാപ്പാ പ്രസ്താവിച്ചു. ദൈവം ഒന്നിനെയും നിസ്സാരമായി തള്ളുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. മറിയം നമുക്കു മാതൃകയാണ്. ഈ ജീവിതയാത്രയില്‍ നാം ഉഴലുന്നതിന്‍റെ പൊരുള്‍ നമുക്ക് മറിയത്തില്‍ കണ്ടെത്താം. ഇവിടെ ഭൂമിയില്‍ നാം ഒന്നും നേടാനോ കീഴടക്കുവാനോ പോകുന്നില്ല. ഇവിടെ എല്ലാം മാഞ്ഞുപോകും മറഞ്ഞുപോകും. എന്നാല്‍  ദൈവത്തില്‍ എല്ലാം നിത്യവും ശാശ്വതവുമാണ്. അവിടുന്നിലായിരിക്കണം നമ്മുടെ പരമമായ ലക്ഷ്യം. രക്ഷയുടെ ജീവിതവഴിയെ നമ്മെ നയിക്കുന്ന ഉഷഃകാലതാരമാണ് മറിയം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍  പഠിപ്പിക്കുന്നതുപോലെ, ദൈവജനത്തിന്‍റെ തീര്‍ത്ഥാടനത്തില്‍ മറിയം നമ്മുടെ ഉറപ്പുള്ള പ്രത്യാശയും സമാശ്വാസവുമായി പ്രശോഭിക്കുന്നു (തിരുസഭ 68).

3. താഴ്മയെ വലിമയാക്കുന്ന ദൈവം

എന്താണ് ഇന്ന്, സ്വര്‍ഗ്ഗാരോപണത്തിരുനാളില്‍ പരിശുദ്ധ കന്യകാമിറയം നമുക്കു തരുന്ന സന്ദേശം? ഇന്നത്തെ ദിവ്യബലിയുടെ സുവിശേഷ ഭാഗത്ത് നാം മറിയത്തിന്‍റെ സ്തോത്രഗീതമാണ് ധ്യാനിക്കുന്നത്. എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്ന (ലൂക്കാ 1, 46). മഹത്വപ്പെടുത്തുക, magnify… എന്നാല്‍ വന്‍കാര്യങ്ങള്‍ ചെയ്യുക എന്നാണ് അര്‍ത്ഥം. മറിയത്തിന്‍റെ ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞുനില്ക്കെ, അവള്‍ നന്മചെയ്തു ജീവിച്ചു. ദൈവത്തിനു പ്രീതികരമായി ജീവിച്ചു. എന്നാല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍  ഉണ്ടാകുമ്പോള്‍ നമ്മളോ, ഭയന്ന് അതില്‍ത്തന്നെ മുങ്ങിത്താഴുകയാണ്. എന്നാല്‍ മറിയം ഭയന്നില്ല, മറിച്ച് ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചു. ദൈവം മഹത്തമനാണെന്ന് മറിയം ഏറ്റുപാടി. ആ സ്തുതിപ്പോടെ അവള്‍ സ്വര്‍ഗ്ഗീയാനന്ദത്താല്‍ പൂരിതയായി. പ്രശ്നങ്ങളില്‍ നിന്നല്ല, നാം അര്‍പ്പിക്കുന്ന പ്രത്യാശയുടെ കാരണമായ ദൈവത്തില്‍നിന്നാണ് നമുക്ക് ആനന്ദം ലഭിക്കുന്നത്. കാരണം ദൈവം ശക്തനാണ്. അവിടുന്ന് വിനീതരെ താഴ്മയോടെ തൃക്കണ്‍പാര്‍ക്കുന്നു.

4. ദൈവത്തിന് ഇടം നല്കുമ്പോള്‍
സംഭവിക്കുന്ന വിസ്മയങ്ങള്‍

യഥാര്‍ത്ഥത്തില്‍ തന്‍റെ വിനീതഭാവം മനസ്സിലാക്കിയ മറിയമാണ്, ദൈവം തന്നില്‍ ചെയ്ത മഹത്തായ കാര്യങ്ങളെ പ്രകീര്‍ത്തിച്ചത് (49). അപ്രതീക്ഷിതമായി തന്നില്‍ ഉത്ഭവമെടുക്കുന്ന ജീവനാണ് അത് ആദ്യമായി അവള്‍ ഗ്രഹിച്ചത്. കന്യകയായിരുന്നിട്ടും അവള്‍ ദൈവകൃപയാല്‍ ഗര്‍ഭംധരിച്ചു. അതുപോലെ തന്‍റെ ചാര്‍ച്ചക്കാരി എലിസബത്ത് വന്ധ്യയെന്നു കരുതിയിരുന്നിട്ടും വാര്‍ദ്ധക്യത്തില്‍ ഒരു കുഞ്ഞിന്‍റെ അമ്മയായി. സ്വയം വലിയവരെന്നു നടിക്കാതെ ജീവിതത്തില്‍ ദൈവത്തിന് ഇടം നല്കുന്ന എളിയ ദാസരിലൂടെ ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദൈവം തന്നില്‍ വര്‍ഷിച്ച ദാനത്തിന് മേരി ദൈവത്തെ സ്തുതിക്കുന്നു.

5. നന്ദിയുള്ളവരായി ജീവിക്കാം
അവസാനമായി പാപ്പാ ചോദിച്ചത്, മനുഷ്യരായ നാം ദൈവത്തെ സ്തിതിക്കുന്നുണ്ടോയെന്നായിരുന്നു? അവിടുന്ന് നമുക്കായി അനുദിനം ചെയ്യുന്ന നന്മകള്‍ക്കും വലിയകാര്യങ്ങള്‍ക്കും നന്ദിപറയുന്നുണ്ടോ? അവിടുന്നു നമ്മോടു കാണിക്കുന്ന ക്ഷമയ്ക്കും കാരുണ്യത്തിനും നന്ദിയുള്ളവരാണോ? അവിടുത്തെ അമ്മയെ നമുക്കും മദ്ധ്യസ്ഥയും വഴികാട്ടിയുമായി നല്കിയതിനും, ജീവിതവഴികളില്‍ കൂടെയുള്ള നമ്മുടെ സഹോദരങ്ങള്‍ക്കും, നമുക്കായി തുറന്നിട്ടുള്ള സ്വര്‍ഗ്ഗീയ ജീവനും നന്ദിയുള്ളവരായിരിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

6. മറിയത്തെപ്പോലെ ദൈവത്തെ സ്തുതിക്കാം!
ദൈവിക നന്മകള്‍ മറന്നു ജീവിക്കുന്നവരുടെ ഹൃദയങ്ങള്‍ ചെറുതാണ്. മറിച്ച് മറിയത്തെപ്പോലെ ദൈവത്തെ സ്തുതിക്കുന്നവരായാല്‍ നമ്മുടെ ജീവിത ചുവടുവയ്പ്പുകള്‍ മുന്നോട്ടായിരിക്കും. നമ്മുടെ ഹൃദയങ്ങള്‍ വിശാലമാകും. ജീവിതാനന്ദം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് പാപ്പാ പ്രസ്താവിച്ചു. സ്വര്‍ഗ്ഗോന്മുഖരായി ജീവിക്കുവാനും, അനുദിനം ദൈവികനന്മകള്‍ക്ക് നന്ദിയുള്ളവരായി ജീവിക്കുവാനുമുള്ള കൃപയ്ക്കായ് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതിലായ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ആമുഖമായുള്ള പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2020, 14:32