ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തുന്നു, ബുധൻ 30/09/2020 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള അങ്കണത്തിൽ പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തുന്നു, ബുധൻ 30/09/2020 

വിശ്വാസ വെളിച്ചത്താൽ സ്നേഹം സംക്രമിപ്പിക്കാൻ കഴിയട്ടെ, പാപ്പാ!

നിസ്സംഗത, ചൂഷണം, പ്രത്യേക താൽപ്പര്യങ്ങൾ എന്നിവയേക്കാൾ പങ്കാളിത്തം, പരിചരണം, ഉദാരത എന്നിവയ്ക്ക് പ്രചോദനമേകുന്ന നല്ല നയങ്ങളും സാമൂഹിക സംഘടനാ സംവിധാനങ്ങളും രൂപകൽപ്പന ചെയ്യുന്നതിന് നാം അടിയന്തിരമായി പ്രവർത്തിക്കേണ്ടയിരിക്കുന്നു, ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വേനൽക്കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് ശൈത്യം ക്രമേണ പിടിമുറുക്കുന്നതിൻറെ അടയാളങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്ന റോമിൽ പൊതുവെ നല്ല കാലാവസ്ഥ ആയിരുന്നു, സെപ്റ്റമ്പർ മാസത്തിലെ അവസാന ദിനമായിരുന്ന, ഈ ബുധനാഴ്ച (30/09/20). പതിവു പോലെ ഫ്രാൻസീസ് പാപ്പാ അന്നനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി ഇക്കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ, വത്തിക്കാൻ നഗരത്തിനകത്ത്, വിശുദ്ധ ദാമസൂസ് പാപ്പായുടെ നാമത്തിലുള്ള തുറസ്സായ അങ്കണത്തിമായിരുന്നു. പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ പതിവുവേദിയായ വിശുദ്ധ പത്രോസിൻറെ ചത്വരവുമായി തുലനം ചെയ്യുകയാണെങ്കിൽ ചെറിയൊരു നടുമുറ്റമാണിത്. കോവിദ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരുന്നു പൊതുദർശന പരിപാടി അരങ്ങേറിയത്. സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ ജനങ്ങളെ, അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോയ പാപ്പാ വേദിയിലെത്തിയതിനു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ, കോവിദ് 19 വസന്തയോടു നാം എപ്രകാരമായിരിക്കണം സുവിശേഷാധിഷ്ഠിതമായി പ്രതികരിക്കേണ്ടത് എന്നതിനെക്കുറിച്ച് ഇക്കഴിഞ്ഞ പൊതുകൂടിക്കാഴ്ചാ വേളകളിൽ നടത്തിയ പരിചിന്തനത്തിൻറെ അവസാനഭാഗത്തിലേക്കു കടന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണം: 

ആമുഖം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം !

പകർച്ചവ്യാധി എടുത്തു കാട്ടുന്നതും സുവ്യക്തമാക്കുന്നതുമായ ഒരു അസ്വാസ്ഥ്യത്താൽ വലയുന്ന ലോകത്തെ എങ്ങനെ സുഖപ്പെടുത്താമെന്നതിനെക്കുറിച്ച് ഇക്കഴിഞ്ഞ ആഴ്ചകളിൽ സുവിശേഷത്തിൻറെ വെളിച്ചത്തിൽ നമ്മങ്ങൾ ഒത്തൊരുമിച്ചു ചിന്തിക്കുകയുണ്ടായി. അസ്വാസ്ഥ്യം ഉണ്ടായിരുന്നു: എന്നാൽ മഹാമാരി അത് കൂടുതൽ എടുത്തുകാട്ടി, അനാവൃതമാക്കി. മാനവാന്തസ്സും പൊതുനന്മയും പരിപോഷിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ, ഔന്നത്യം, ഐക്യദാർഢ്യം, അധീനാവകാശസംരക്ഷണ തത്വം എന്നിവയുടെതായ വഴികളിലൂടെയാണ് നമ്മൾ സഞ്ചരിച്ചത്. യേശുശിഷ്യരെന്ന നിലയിൽ പാവങ്ങളുടെ പക്ഷം ചേർന്നും വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് പുനർവിചിന്തനം നടത്തിയും പൊതുഭവന പരിപാലനത്തിലൂടെയും അവിടത്തെ കാല്പാടുകൾ പിൻചെല്ലാൻ നമ്മൾ തീരുമനിച്ചു. നമ്മെ ദോഷകരമായി ബാധിച്ചിരിക്കുന്ന പകർച്ചവ്യാധിക്കിടയിൽ നമ്മൾ സഭയുടെ സാമൂഹ്യപ്രബോധനത്തിൽ അടിയുറച്ചു നില്ക്കുകയും വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയാൽ നയിക്കപ്പെടാൻ നാം സ്വയം അനുവദിക്കുകയും ചെയ്തു. വലിയ സ്വപ്നം കാണുന്നവരും ഭിന്നിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന  നീചത്വത്തിനു മുന്നിൽ സ്തംഭിച്ചു നില്ക്കാത്തവരും നൂതനവും മെച്ചപ്പെട്ടതുമായ ഒരു ലോകത്തിൻറെ നിർമ്മിതിക്ക് പ്രചോദനം പകരുന്നവരുമായ പരിവർത്തന പ്രവർത്തകരാകുന്നതിനുള്ള ശക്തമായ ഒരു സഹായം നാം ഇവിടെ കണ്ടെത്തി. 

യേശുവേകുന്ന സൗഖ്യപ്രദായക മാതൃക

നമ്മുടെ ഈ യാത്ര ഈ പ്രബോധന പരമ്പരയോടെ അവസാനിക്കരുത്. മറിച്ച്, ലോകത്തെ രക്ഷിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന “യേശുവിൽ നയനങ്ങളൂന്നി” (ഹെബ്രായർ 12,2) ഒത്തൊരുമിച്ചു നിരന്തരം മുന്നേറാൻ നമുക്കു സാധിക്കണം. സുവിശേഷം വെളിപ്പെടുത്തുന്നതുപോലെ, യേശു എല്ലാത്തരം രോഗികളെയും സുഖപ്പെടുത്തി (മത്തായി 9:35), അവിടന്ന് അന്ധർക്ക് കാഴ്ച നൽകി, മൂകർക്ക് സംസാര ശക്തിയും, ബധിരർക്കു കേൾവിയും അവിടന്നു പ്രദാനം ചെയ്തു. ശാരീരിക രോഗങ്ങളും ബലഹീനതകളും സുഖപ്പെടുത്തിയപ്പോൾ, അവിടന്ന്, പാപങ്ങൾ ക്ഷമിച്ചുകൊണ്ട്, യേശു എന്നും പൊറുക്കുന്നു, ആത്മാവിനെയും സുഖപ്പെടുത്തി, അതുപോലെ തന്നെ പാർശ്വവൽക്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള "സാമൂഹിക വേദനകളും" അവിടന്ന് സൗഖ്യമാക്കി. (കത്തോലിക്കാസഭയുടെ മതബോധനം, 1421). സകല സൃഷ്ടികളെയും നവീകരിക്കുകയും അനുരഞ്ജനപ്പെടുത്തുകയും ചെയ്യുന്ന യേശു, അവിടന്നു ചെയ്തതു പോലെ സ്നേഹിക്കാനും സൗഖ്യമാക്കാനും, വംശ, ഭാഷ, രാഷ്ട്ര ഭേദമന്യേ എല്ലാവരെയും പരിചരിക്കാനും ആവശ്യമായ ദാനങ്ങൾ നമുക്കേകുന്നു.

സൃഷ്ടികൾ സ്രഷ്ടാവിനെക്കുറിച്ചോതുന്നു

യഥാർത്ഥത്തിൽ ഇത് സാക്ഷാത്കൃതമാകേണ്ടതിന്, ഓരോ മനുഷ്യൻറെയും എല്ലാ സൃഷ്ടികളുടെയും സൗന്ദര്യത്തെക്കുറിച്ച് നമ്മൾ ധ്യാനിക്കുകയും ആ മനോഹാരിതയെ വിലമതിക്കുകയും വേണം. നാം ദൈവത്തിന്റെ ഹൃദയത്തിൽ ഗർഭം ധരിക്കപ്പെട്ടിരിക്കുന്നു. (എഫെസോസ് 1: 3-5). "നമ്മിൽ ഓരോരുത്തരും ദൈവത്തിൻറെ ചിന്തയുടെ ഫലമാണ്. നാം ഉണ്ടായിരിക്കണമെന്ന് ദൈവം തിരുമനസ്സായി, നാം ഓരോരുത്തരും സ്നേഹിക്കപ്പെടുന്നു, ഓരോവ്യക്തിയും ആവശ്യമുള്ളവനാണ്". കൂടാതെ, എല്ലാ സൃഷ്ടികൾക്കും സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് നമ്മോട് എന്തെങ്കിലും പറയാനുണ്ട് (ചാക്രിക ലേഖനം Laudato si ', 69. 239). ഈ സത്യം തിരിച്ചറിയുകയും എല്ലാ വ്യക്തികളുമായും എല്ലാ സൃഷ്ടികളുമായും ഉള്ള നമ്മുടെ സാർവത്രിക കൂട്ടായ്മയുടെതായ ഉറ്റ ബന്ധങ്ങൾക്ക് നന്ദി പറയുകയും ചെയ്യുന്നത്, "ഉദാരവും ആർദ്രഭരിതവുമായ പരിചരണം" സജീവമാക്കിത്തീർക്കുന്നു (ibid.220). ദരിദ്രരും കഷ്ടപ്പെടുന്നവരുമായ നമ്മുടെ സഹോദരീസഹോദരന്മാരിൽ സന്നിഹിതനായ ക്രിസ്തുവിനെ തിരിച്ചറിയാനും അവരെ കണ്ടുമുട്ടാനും അവരുടെ നിലവിളിയും ഭൂമിയുടെ രോദനവും കേൾക്കാനും ഇത് സഹായിക്കുന്നു (cf.ibid., 49).

പുതിയ വഴിയും ആത്മദാനവും

നൂതനമായൊരു മാർഗ്ഗം നമ്മോടാവശ്യപ്പെടുന്ന (ibid., 53),  ഈ നിലവിളിയുടെ ഫലമായ ആന്തരികമായൊരു പ്രചോദനത്താൽ നമുക്ക് നമ്മുടെ സിദ്ധികളും കഴിവുകളുമായുള്ള ബന്ധങ്ങളെ ശുദ്ധീകരിക്കുന്നതിന് സംഭാവന ചെയ്യാൻ സാധിക്കും (cf. ibid., 19). സമൂഹത്തെ പുനരുജ്ജീവിപ്പിക്കാനും "സാധരണത്വം" എന്ന് പറപ്പെടുന്നതിലേക്ക് മടങ്ങാതിരിക്കാനും അതു വഴി നമുക്കു സാധിക്കും. കാരണം ഈ സാധാരണത്വം ആതുരമാണ്. ഈ സാധാരണത്വം അനീതികൾ, അസമത്വങ്ങൾ, പാരിസ്ഥിതിക തകർച്ച എന്നിവയാൽ രോഗിഗ്രസ്തമായിരുന്നു. നാം വിളിക്കപ്പെട്ടിരിക്കുന്ന സാധാരണ നില ആകട്ടെ ദൈവരാജ്യമാണ്. അവിടെ "അന്ധർ കാഴ്ച വീണ്ടെടുക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധീകരിക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു" (മത്താ 11: 5 ). ദൈവരാജ്യത്തിൻറെ സ്വാഭാവികതയിൽ എല്ലാവർക്കു അപ്പം ലഭിക്കുന്നു, അത് ബാക്കിയാവുന്നു. സാമൂഹിക സംവിധാനത്തിൻറെ അടിത്തറ സംഭാവനചെയ്യുന്നതിലും, പങ്കുവയ്ക്കുന്നതിലും, വിതരണത്തിലും ആയിരിക്കും. അല്ലാതെ കൈവശപ്പെടുത്തുകയും ഒഴിവാക്കുകയും, സമാഹരിക്കുകയും ചെയ്യുന്നതിലല്ല (മത്താ 14: 13-21). ഒരു സമൂഹത്തെ, ഒരു കുടുംബത്തെ, ഒരു പ്രദേശത്തെ, ഒരു നഗരത്തെ, മുന്നോട്ടു നയിക്കുന്നത് ദാനം നല്കലല്ല മറിച്ച് ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന ആത്മദാനമാണ്. അത് സ്വാർത്ഥതയിലും സ്വന്തമാക്കാനുള്ള തത്രപ്പാടിലും നിന്ന് അകലുന്ന ഒരു പ്രക്രിയയാണ്. ക്രൈസ്തവികമായ ഈ ചെയ്തി യാന്ത്രികമല്ല പ്രത്യുത മാനുഷികമാണ്.

മാനവ-സാമൂഹ്യ-സാമ്പത്തികങ്ങളായ വൻ വൈറസുകൾക്കും മരുന്നു കണ്ടെത്തണം

ഒരു ചെറിയ വൈറസ് ആഴത്തിലുള്ള മുറിവുകൾ ഏല്പിക്കുന്നത് തുടരുകയും നമ്മുടെ ശാരീരികവും സാമൂഹികവും ആത്മീയവുമായ ബലഹീനതയെ  വെളിപ്പെടുത്തുകയും ചെയ്യുന്നു. ലോകത്ത് വാഴുന്ന വലിയ അസമത്വം അത് തുറന്നുകാട്ടി: അവസരം, വിഭവങ്ങൾ, ആരോഗ്യ പരിരക്ഷ, സാങ്കേതികവിദ്യ, തുടങ്ങിയവയുടെതായ അസമത്വം. ഈ അനീതികൾ സ്വാഭാവികമോ ഒഴിവാക്കാവുന്നതൊ അല്ല. അവ മനുഷ്യ സൃഷ്ടിയാണ്, അവ ആഴമേറിയ മൂല്യങ്ങളിൽ നിന്ന് വേർപെടുത്തിയ ഒരു വളർച്ചാ മാതൃകയിൽ നിന്നുദ്ഭൂതമായവയാണ്. ഇത് പലരുടെയും പ്രതീക്ഷകളെ ഊതിക്കെടുത്തുകയും അനിശ്ചിതത്വവും ദുരിതവും വർദ്ധമാനമാക്കുകയും ചെയ്തു. ഇക്കാരണത്താൽ, മഹാമാരിയിൽ നിന്ന് കരകയറാൻ, നമ്മൾ, കൊറോണ വൈറസിന് മാത്രമല്ല, മാനവ-സാമൂഹ്യ-സാമ്പത്തികങ്ങളായ വൻ വൈറസുകൾക്കും ചികിത്സ കണ്ടെത്തണം. തീർച്ചയായും, അനീതിപരവും അസ്ഥിരവുമായ ഒരു വികസനം അടിത്തറയായുള്ള ഒരു സമ്പദ്ഘടനാ മാതൃക നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാനാകില്ല. ചില വ്യാജ പ്രവാചകന്മാർ ഒരിക്കലും സഫലമാകാത്ത “അപ്രതീക്ഷിത ഫലങ്ങൾ” വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാനാകില്ല, അങ്ങനെ കാത്തിരിക്കയുമരുത്.

നിസ്സംഗത, ചൂഷണം, പ്രത്യേക താൽപ്പര്യങ്ങൾ എന്നിവയേക്കാൾ പങ്കാളിത്തം, പരിചരണം, ഉദാരത എന്നിവയ്ക്ക് പ്രചോദനമേകുന്ന നല്ല നയങ്ങളും സാമൂഹിക സംഘടനാ സംവിധാനങ്ങളും രൂപകൽപ്പന ചെയ്യുന്നതിനും നാം അടിയന്തിരമായി പ്രവർത്തിക്കേണ്ടയിരിക്കുന്നു. ആർദ്രതയോടെ നമുക്കു മുന്നേറാം. പിന്തുണയ്‌ക്കുന്നതും നീതിയുക്തവുമായ ഒരു സമൂഹം ആരോഗ്യകരമായ ഒരു സമൂഹമാണ്. “പിമ്പന്മാരെ” “മുമ്പന്മാരായി” കണക്കാക്കുന്ന, പങ്കാളിത്തസ്വഭാവമുള്ള ഒരു സമൂഹം കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നു. വൈവിധ്യത്തെ ആദരിക്കുന്ന ഒരു സമൂഹം ഏത് തരത്തിലുള്ള വൈറസിനെയുംകാൾ പ്രതിരോധശക്തി ഉള്ളതായിരിക്കും.

പരിശുദ്ധ മറിയത്തിന് സമർപ്പിതം രോഗശാന്തി യാത്ര

ഈ രോഗശാന്തി യാത്രയെ നമുക്ക് ആരോഗ്യനാഥയായ കന്യകാമറിയത്തിൻറെ സംരക്ഷണയ്ക്ക് ഭരമേല്പിക്കാം. സ്വന്തം ഉദരത്തിൽ യേശുവിനെ സംവഹിച്ച അവൾ ആത്മവിശ്വാസമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കട്ടെ. നമ്മുടെ ഇടയിലേക്കു വന്നുകൊണ്ട് ക്രിസ്തു ഈ ലോകത്തിൽ ഉദ്ഘാടനം ചെയ്ത ദൈവരാജ്യത്തിനു വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ പരിശുദ്ധാരൂപിയുടെ പ്രചോദനത്താൽ നമുക്കു സാധിക്കും. ഇരുളിൽ വെളിച്ചത്തിൻറെയും നിരവധിയായ അന്യായങ്ങൾക്കിടയിൽ നീതിയുടെയും, അനേകമായ സന്താപങ്ങൾക്കു മദ്ധ്യേ സന്തോഷത്തിൻറെയും രോഗങ്ങൾക്കും മരണങ്ങൾക്കുമിടയിൽ സൗഖ്യത്തിൻറെയും രക്ഷയുടെയും വിദ്വേഷത്തിനിടയിൽ ആർദ്രതയുടെയും രാജ്യമാണിത്. വിശ്വാസ വെളിച്ചത്തിൽ സ്നേഹം സംക്രമിപ്പിക്കാനും പ്രത്യാശ ആഗോളവത്ക്കരിക്കാനും ദൈവം നമ്മെ പ്രാപ്തരാക്കട്ടെ.   നന്ദി.

സമാപനാഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

വിശുദ്ധ ജെറോമിൻറെ പതിനാറാം ചരമശതാബ്ദിയും  “സാക്രെ സ്ക്രിപ്തുരെ അഫെക്തൂസ്” അപ്പസ്തോലിക ലേഖനവും

സഭാപാരംഗതനായ വിശുദ്ധ ജെറോമിൻറെ തിരുന്നാൾ തിരുസഭ ആചരിച്ച സെപ്റ്റമ്പർ 30-ന്, അതായത്, ഈ ബുധനാഴ്ച (30/09/20) താൻ  ഈ വിശുദ്ധൻറെ 16-ɔ൦ ചരമശതാബ്ദി ദിനത്തിൽ “സാക്രെ സ്ക്രിപ്തുരെ അഫെക്തൂസ്” (Sacrae Scripturae affectus) എന്ന അപ്പസ്തോലിക ലേഖനം ഒപ്പു വച്ചുവെന്ന് പാപ്പാ വെളിപ്പെടുത്തി.

സ്വജീവിതത്തിൻറെ കേന്ദ്രസ്ഥാനത്ത് ബൈബിൾ പ്രതിഷ്ഠിച്ച സഭയുടെ പിതാവും വേദപാരംഗതനുമായ ഈ മഹാ വിശുദ്ധൻറെ മാതൃക വേദപുസ്തകത്തോടുള്ള സ്നേഹവും ദൈവവചനത്തോടുള്ള വൈക്തികമായ സംഭാഷണത്തിൽ ജീവിക്കാനുള്ള അഭിലാഷവും നമ്മിലെല്ലാവരിലും നവീകരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2020, 14:20