നിണസാക്ഷികൾ ദൃശ്യ ഐക്യത്തിലേക്ക് ക്രൈസ്തവരെ ക്ഷണിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിണസാക്ഷികൾ എല്ലാ ക്രൈസ്തവസഭകൾക്കും അവകാശപ്പെട്ടവരാണെന്നും അവരുടെ രക്തസാക്ഷിത്വം ഭിന്നിപ്പുകളെ മറികടക്കുന്നതും ക്രിസ്തുശിഷ്യരുടെ ദൃശ്യ ഐക്യം പരിപോഷിപ്പിക്കാൻ സകല ക്രൈസ്തവരെയും ക്ഷണിക്കുന്നതുമാണെന്നും മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വിശുദ്ധ സോഫിയായുടെ തിരുന്നാളിൻറെ പശ്ചാത്തലത്തിൽ, ബൾഗറിയുടെ തലസ്ഥാനമായ സോഫിയായിലെ ഓർത്തഡോക്സ് ബസിലിക്കയിലേക്ക് വിശുദ്ധരായ ക്ലെമൻറിൻറെയും പൊത്തീത്തൂസിൻറെയും തിരുശേഷിപ്പുകൾ മാറ്റിയ സവിശേഷാവസരത്തോടനുബന്ധിച്ച്, ബൾഗറിയിയിലെ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് നെയൊഫിറ്റിന് (Neofit) നല്കിയ തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പാപ്പാ ഈ തിരുശേഷിപ്പുകൾ ബൾഗറിയിയിലെ ഓർത്തഡോക്സ് സഭയ്ക്കായി ഇക്കൊല്ലം ഫെബ്രുവരി 27-ന് (27/02/20) പാത്രിയാർക്കീസ് നെയൊഫിറ്റിന് (Neofit) കൈമാറിയതാണ്.
ഈ വിശുദ്ധർ രക്തസാക്ഷിത്വത്തിലൂടെ അനുഭവിച്ച സഹനങ്ങൾ രക്ത എക്യുമെനിസത്തിന് പോഷണമായി ഭവിക്കുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ പറയുന്നു.
നൂറ്റാണ്ടുകൾ കടന്നു പോയെങ്കിലും, വിശുദ്ധരായ ക്ലെമൻറും പൊത്തീത്തൂസും, നമുക്ക് ഇന്നും വാചാലമായ ഒരു മാതൃകയായി തുടരുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു.
ബൾഗേറിയായിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിൻറെ അദ്ധ്യക്ഷൻ ബിഷപ്പ് ക്രിസ്റ്റൊ പ്രൊയ്ക്കൊവ് ആണ് പാപ്പായുടെ ഈ സന്ദേശം വായിച്ചത്.
ഈ തിരുശേഷിപ്പുകൾ സമ്മാനിച്ചതിന് പാത്രിയാർക്കീസ് നെയൊഫിറ്റ് പാപ്പായ്ക്ക് നന്ദിയർപ്പിക്കുന്ന ഒരു സന്ദേശം സോഫിയയുടെ മെത്രാപ്പോലീത്തായുടെ വികാരി ബിഷപ്പ് പോളിക്കാർപ് തദ്ദവസരത്തിൽ വായിച്ചു.
ഈ സമ്മാനം വലിയൊരു ബഹുമതിയും ആത്മീയാന്ദവും ആണെന്ന് പാത്രിയാർക്കീസ് നെയൊഫിറ്റ് പറയുന്നു.
ബൾഗേറിയായിലെ ഓർത്തർഡോക്സ് സഭയ്ക്ക് മഹാ അനുഗ്രഹമാണ് ഈ തിരുശേഷിപ്പുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: