ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ പൊതുദർശനം അനുവദിക്കുന്നു, 14/10/20 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ പൊതുദർശനം അനുവദിക്കുന്നു, 14/10/20 

പാപ്പാ: പ്രാർത്ഥന, രക്ഷയുടെ പാതയും ആരംഭവും!

"സങ്കീർത്തനങ്ങൾ, മനുഷ്യരായ നാം ദൈവത്തോടു സംസാരിക്കാൻ ഉപയോഗിക്കുന്ന ദൈവവചനമാണ്", ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (14/10/20) റോമിൽ മഴയായിരിക്കുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്തും, ഈ ദിനങ്ങളിൽ പൊതുവെ കാലാവസ്ഥ മോശമായിരുന്നതിനാലും ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി, കഴിഞ്ഞാഴ്ചയിലെന്ന പോലെ തന്നെ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്ത്, പോൾ ആറാമൻ പാപ്പായുടെ നാമത്തിലുള്ള അതിവിശാലമായ ശാലയായിരുന്നു.

കോവിദ് 19 പകർച്ചവ്യാധിയുടെ സംക്രമണം, മറ്റു പലരാജ്യങ്ങളിലുമെന്നപോലെ ഇറ്റലിയിലും, ഒരിടവേളയ്ക്കു ശേഷം, വീണ്ടും ശക്തിപ്രാപിച്ചുവരുന്ന പശ്ചാത്തലത്തിൽ, സർക്കാർ, പ്രതിരോധ നടപടികൾ പൂർവ്വാധികം കർശനമാക്കിക്കൊണ്ടിരിക്കയാണ്.  ആകയാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരുന്നു പൊതുദർശന പരിപാടി അരങ്ങേറിയത്. സന്നിഹിതരായിരുന്ന വിവിധരാജ്യക്കാരായ ജനങ്ങളെ, അഭിവാദ്യം ചെയ്തുകൊണ്ടു കടന്നുപോയ പാപ്പാ വേദിയിലെത്തിയതിനു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം ആയിരുന്നു. തദ്ദനന്തരം പാപ്പാ കഴിഞ്ഞയാഴ്ച പ്രാർത്ഥനയെ അധികരിച്ചു പുനരാരംഭിച്ച പ്രബോധന പരമ്പര സങ്കീർത്തന ഗ്രന്ഥത്തെ അവലംബമാക്കി തുടർന്നു.  

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തിൻറെ സംഗ്രഹം: വൈവിധ്യമാർന്ന പ്രാർത്ഥനകൾ അടങ്ങിയ സങ്കീർത്തന ഗ്രന്ഥം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം !

ബൈബിൾ വായിക്കുമ്പോൾ, പലതരം പ്രാർഥനകളിലൂടെ നാം നിരന്തരം കടന്നുപോകുന്നു. എന്നാൽ പ്രാർത്ഥന മാത്രം ഉൾക്കൊള്ളുന്ന ഒരു പുസ്തകം, പ്രാർത്ഥന ഉരുവിടുന്നവരായ അനേകരുടെ മാതൃദേശം, പരിശീലന കേന്ദ്രം, ഭവനം ആയി മാറിയ, ഒരു പുസ്തകം, നാം കാണുന്നു. ഇതാണ് സങ്കീർത്തന ഗ്രന്ഥം.

ഇത് ജ്ഞാനപുസ്തകങ്ങളുടെ ഭാഗമാണ്, കാരണം അത് ദൈവവുമായുള്ള സംഭാഷണാനുഭവത്തിലൂടെ "പ്രാർത്ഥിക്കാനുള്ള അറിവ്" പകർന്നു തരുന്നു. സങ്കീർത്തനങ്ങളിൽ എല്ലാ മാനുഷിക വികാരങ്ങളും നാം കാണുന്നു: അതായത്, സന്തോഷങ്ങൾ, വേദനകൾ, സംശയങ്ങൾ, പ്രതീക്ഷകൾ, നമ്മുടെ ജീവിതത്തെ ബാധിക്കുന്ന കൈപ്പ് തുടങ്ങിയവ. ഓരോ സങ്കീർത്തനവും "എല്ലാ അവസ്ഥകളിലുള്ള മനുഷ്യർക്കും എക്കാലത്തെയും മനുഷ്യർക്കും യഥാർഥത്തിൽ പ്രാർത്ഥിക്കാൻ കഴിയുന്ന തരത്തിൽ സന്തുലിതമാണ് " എന്ന് കത്തോലിക്കാസഭയുടെ മതബോധനം ഉദ്ബോധിപ്പിക്കുന്നു (മതബോധനം, 2588). സങ്കീർത്തനങ്ങൾ വായിക്കുകയും ആവർത്തിച്ചു പാരായണം ചെയ്യുകയും ചെയ്യുന്നതിലൂടെ നാം പ്രാർത്ഥനാശൈലി പഠിക്കുന്നു. ദൈവത്തെ സതുതുക്കുകയും അവിടത്തേക്കു നന്ദി പ്രകാശിപ്പിക്കുകയും അവിടത്തോട് അപേക്ഷിക്കുകയും സന്തോഷസന്താപങ്ങളിൽ അവിടത്തെ വിളിക്കുകയും ചെയ്യേണ്ടതെങ്ങനെയെന്നും, അവിടത്തെ അത്ഭുതപ്രവർത്തികളും നിയമവും വിവരിക്കേണ്ടതെങ്ങനെയെന്നും എല്ലാ സ്ത്രീപുരുഷന്മാരെയും പഠിപ്പിക്കുന്നതിനു വേണ്ടി, പിതാവായ ദൈവം, തൻറെ ആത്മാവിനാൽ  ദാവീദ് രാജാവിൻറെയും ഇതര അപേക്ഷകരുടെയും ഹൃദയത്തിൽ അവ സന്നിവേശിപ്പിച്ചു. ചുരുക്കത്തിൽ, സങ്കീർത്തനങ്ങൾ, മനുഷ്യരായ നാം ദൈവത്തോടു സംസാരിക്കാൻ ഉപയോഗിക്കുന്ന ദൈവവചനമാണ്.

സങ്കീർത്തനങ്ങളിൽ ഉയരുന്ന ചോദ്യം

സൗന്ദര്യാത്മകമോ അഭൗമികമോ ആയ അനുഭവവുമായി പ്രാർത്ഥനയെ കൂട്ടിക്കുഴയ്ക്കുന്നവരെയും, അലൗകികരും അമൂർത്തരുമായവരെയും അല്ല ഈ പുസ്തകത്തിൽ നാം കണ്ടുമുട്ടുക. സങ്കീർത്തനങ്ങൾ മേശപ്പുറത്ത് ജന്മം കൊണ്ട ലിഖിതങ്ങളല്ല, മറിച്ച് സജീവാസ്തിത്വത്തിൽ നിന്ന് ഉത്ഭവിക്കുന്ന, പലപ്പോഴും, നാടകീയമായ പ്രാർത്ഥനകളാണ്. സങ്കീർത്തന പ്രാർത്ഥന ചൊല്ലണമെങ്കിൽ നാം എന്താണൊ അത് ആയിരുന്നാൽ മതി. മാംസരക്തങ്ങളുള്ള അപേക്ഷകരുടെ സ്വരം അവയിൽ നാം ശ്രവിക്കുന്നു. സകലരുടെയും ജീവിതം പോലെ തന്നെ പ്രശ്നങ്ങളും കഷ്ടപ്പാടുകളും അനിശ്ചിതത്വങ്ങളും നിറഞ്ഞതാണ് അവരുടെ ജീവിതം. സങ്കീർത്തകൻ ഈ യാതനയെ സമൂലം എതിർക്കുന്നില്ല, അത് ജീവിത്തിൽ അടങ്ങിയിരിക്കുന്നതാണെന്ന് അവനറിയാം. എന്നിരുന്നാലും, സങ്കീർത്തനങ്ങളിൽ കഷ്ടപ്പാടുകൾ ഒരു ചോദ്യമായി രൂപാന്തരപ്പെടുന്നു.

“എപ്പോൾ വരെ?"

ആ പുസ്തത്തിൻറെ ഒരോ ഭാഗത്തു കൂടെയും കടന്നുപോകുന്ന, നിലയ്ക്കാത്ത രോദനമെന്ന പോലെ, നിരവധി ചോദ്യങ്ങൾ‌ക്കിടയിൽ, ഒരു ചോദ്യം ഉണ്ട്, “എപ്പോൾ വരെ?". ഓരോ വേദനയും ഒരു മോചനം ആവശ്യപ്പെടുന്നു, ഓരോ കണ്ണുനീരും സാന്ത്വനം യാചിക്കുന്നു, ഓരോ മുറിവും രോഗശാന്തി കാത്തിരിക്കുന്നു, ഓരോ ദുരാരോപണവും ആരോപണമുക്തിയും പ്രതീക്ഷിക്കുന്നു.

ദൈവസന്നധിയിൽ വിലപ്പെട്ടവനായ മനുഷ്യൻ

ഇത്തരം ചോദ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നതിലൂടെ, സങ്കീർത്തനങ്ങൾ നമ്മെ സഹനത്തിന് വഴങ്ങിക്കൊടുക്കരുതെന്ന് പഠിപ്പിക്കുകയും, സൗഖ്യപ്പെടുത്താത്ത  ജീവിതം രക്ഷ പ്രാപിക്കില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. മാനവാസ്തിത്വം ഒരു ശ്വാസമാണ്, അവൻറെ ആയുസ് ക്ഷണികമാണ്, എന്നാൽ ദൈവസന്നിധിയിൽ താൻ വിലപ്പെട്ടവനാണെന്ന് പ്രാർത്ഥിക്കുന്നയാൾക്ക് അറിയാം. അതിനാൽ രോദനത്തിന് അർത്ഥമുണ്ട്. ഇത് സുപ്രധാനമാണ്. ദൈവതിരുമുന്നിൽ വിലപ്പെട്ടവരാണ് നമ്മൾ എന്ന ബോധ്യത്താലാണ് നാം അവിടത്തോടു പ്രാർത്ഥിക്കുന്നത്. ഈ അവബോധം നമ്മിലുളവാക്കുന്നത് പരിശുദ്ധാരൂപിയാണ്.

വിവിധങ്ങളായ വേദനകളാൽ ഉയരുന്ന രോദനം

സങ്കീർത്തനങ്ങളിലെ പ്രാർത്ഥന ഈ രോദനത്തിൻറെ സാക്ഷ്യമാണ്: ബഹുവിധ നിലവിളിയാണത്. കാരണം ജീവിതത്തിൽ വേദന, രോഗത്തിൻറെ, വിദ്വേഷത്തിൻറെ, യുദ്ധത്തിൻറെ, പിഢനത്തിൻറെ, അവിശ്വാസത്തിൻറെ, അങ്ങനെ, നിരവധി രൂപങ്ങൾ കൈക്കൊള്ളുന്നു. “നിന്ദനത്തിൻറ” പാരമ്യമായ മരണം വരെ അതെത്തുന്നു. സങ്കീർത്തനത്തിൽ മൃത്യു മനുഷ്യൻറെ യുക്തിരഹിത ശത്രുവായി പ്രത്യക്ഷപ്പെടുന്നു. ഏതു കുറ്റകൃത്യമാണ്, ഉന്മൂല നാശവും അന്ത്യവുമുൾക്കൊള്ളുന്ന ഇത്ര ക്രൂരമായ ശിക്ഷ അർഹിക്കുന്നത്? സകല മാനവയത്നവും വിഫലമാകുന്നിടത്ത് ദൈവത്തിൻറെ ഇടപെടൽ സങ്കീർത്തനത്തിൽ അപേക്ഷകൻ അഭ്യർത്ഥിക്കുന്നു. അതുകൊണ്ടാണ് പ്രാർത്ഥന, അതിൽത്തന്നെ, രക്ഷയുടെ മാർഗ്ഗവും രക്ഷയുടെ ആരംഭവും ആയി ഭവിക്കുന്നത്. 

സഹനങ്ങൾ സകലർക്കും

എല്ലാവരും, ദൈവത്തിൽ വിശ്വസിക്കുന്നവരും അവിടത്തെ തള്ളിക്കളയുന്നവരും, ഈ ലോകത്തിൽ കഷ്ടപ്പെടുന്നു. എന്നാൽ സങ്കീർത്തനത്തിൽ വേദന ഒരു ബന്ധമായിത്തീരുന്നു,...ആ രോദനത്തിന് അർത്ഥവും ലക്ഷ്യവും ഇല്ലാതിരിക്കാനാകില്ല. നാം അനുഭവിക്കുന്ന വേദനകൾ പോലും ഒരു സാർവത്രിക നിയമത്തിൻറെ  പ്രത്യേക വിഷയം മാത്രമല്ല: അവ എല്ലായ്പ്പോഴും "എന്റെ" കണ്ണുനീർ ആണ്. കണ്ണുനീർ സാർവ്വത്രികമല്ല, അത് എൻറേതാണ്. ഒരോ വ്യക്തിക്കും അവനവൻറെ കണ്ണുനീരുണ്ട്. എൻറെ കണ്ണുനീരും എൻറെ വേദനകളുമാണ് പ്രാർത്ഥനാപൂർവ്വം മുന്നേറാൻ എന്നെ പ്രേരിപ്പിക്കുന്നത്. എൻറെ കണ്ണുനീർ എൻറേതു മാത്രമാണ്, എൻറെ വേദന എൻറേതാണ്, എൻറെ സഹനം എൻറെ സ്വന്തമാണ്.

ഞാൻ ഈ ശാലയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഞാൻ കോമൊ രൂപതയിൽ അജപാലനസേവനത്തിനിടെ വധിക്കപ്പെട്ട വൈദികൻറെ മാതാപിതാക്കളെ കാണുകയുണ്ടായി. ആ മാതാപിതാക്കൾ പൊഴിച്ച കണ്ണുനീർ അവരുടേതു മാത്രമാണ്. പാവപ്പെട്ടവർക്കായി സേവനം ചെയ്യവേ സ്വപുത്രൻ ജീവൻ നല്കിയത് കണ്ട ആ മാതാവും പിതാവിനും അറിയാം അവർ എത്രമാത്രം വേദനിച്ചുവെന്ന്.  വേദനിക്കുന്നവരെ ആശ്വസിപ്പിക്കേണ്ടിവരുമ്പോൾ നമുക്കു വാക്കുകൾ കിട്ടുന്നില്ല. അതിനു കാരണം നമുക്കു അവരുടെ വേദനയിലേക്കിറങ്ങാൻ കഴിയുന്നില്ല എന്നതു തന്നെ. അതിനു കാരണം അവരുടെ വേദന അവരുടേതു മാത്രമാണ്. അവരുടെ കണ്ണീർ അവരുടേതു മാത്രമാണ്. 

ദൈവത്തിനുവേണ്ടിയുള്ള മനുഷ്യരുടെ എല്ലാ വേദനകളും പവിത്രമാണ്. അപേക്ഷകൻ 56-ɔ൦ സങ്കീർത്തനത്തിൽ ഇങ്ങനെ പ്രാർഥിക്കുന്നു: “എൻറെ അലയുന്ന ചുവടുകൾ അവിടന്ന് എണ്ണിയിട്ടുണ്ട്. എൻറെ കണ്ണീർക്കണങ്ങൾ അങ്ങ് അങ്ങയുടെ കുപ്പിയിൽ ശേഖരിച്ചു. അവ അങ്ങയുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?” (വാക്യം 9). ദൈവമുമ്പാകെ നാം അപരിചിതരോ സംഖ്യകളോ അല്ല. നമ്മൾ മുഖങ്ങളും ഹൃദയങ്ങളുമാണ്, ഓരോന്നും പേരെടുത്ത് അവിടന്ന് അറിയുന്നു.

ദൈവത്തിൻറെ വാതി. സദാ തുറന്നുകിടക്കുന്നു

സങ്കീർത്തനങ്ങളിൽ, വിശ്വാസി ഒരു ഉത്തരം കണ്ടെത്തുന്നു. മനുഷ്യൻറെ എല്ലാ വാതിലുകളും അടഞ്ഞുകിടക്കുന്നതായി കാണപ്പെട്ടാലും ദൈവത്തിൻറെ വാതിൽ തുറന്നിരിക്കുന്നുവെന്ന് അവനറിയാം. ലോകം മുഴുവൻ ശിക്ഷാവിധി പുറപ്പെടുവിച്ചാലും, ദൈവത്തിൽ രക്ഷയുണ്ട്.

“കർത്താവ് ശ്രവിക്കുന്നു”: ചിലപ്പോൾ പ്രാർത്ഥനയിൽ ഇത് മാത്രം അറിഞ്ഞാൽ മതിയാകും. പ്രശ്നങ്ങൾ എല്ലായ്പ്പോഴും പരിഹരിക്കപ്പെടുന്നില്ല. പ്രാർത്ഥിക്കുന്നവർ വ്യാമോഹിതരാകുന്നില്ല: ഇഹത്തിൽ ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ, യാതൊരു പരിഹാരവുമില്ലാതെ, കിടക്കുന്നുവെന്ന് അറിയാം; കഷ്ടപ്പാടുകൾ നമ്മോടൊപ്പമുണ്ടാകും, ഒരു പോരാട്ടം ജയിച്ചുകഴിഞ്ഞാൽ, നമ്മെ കാത്തിരിക്കുന്ന മറ്റുള്ളവ  ഉണ്ടാകും. എന്നിരുന്നാലും, നമ്മൾ ശ്രവിക്കപ്പെടുകയാണെങ്കിൽ എല്ലാം കൂടുതൽ സഹനീയങ്ങളായി ഭവിക്കുന്നു.

നമ്മുടെ വേദനകളിൽ കണ്ണീർ പൊഴിക്കുന്ന ദൈവം

സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം, ഓർമിക്കപ്പെടാതെ പരിത്യക്തത സഹിക്കേണ്ടിവരുന്നതാണ്. ഇതിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് പ്രാർത്ഥനയായണ്. കാരണം, ദൈവത്തിൻറെ പദ്ധതി നമുക്ക് പലപ്പോഴും സംഭവിക്കുന്നതു പോലെ,   മനസ്സിലായില്ലെന്നു വരാം. പക്ഷേ, നമ്മുടെ നിലവിളി ഇവിടെ നിശ്ചലമായിപ്പോകുന്നില്ല: അവ പിതാവിനടുത്ത ഹൃദയമുള്ള ദൈവത്തിങ്കലേക്ക് ഉയരുന്നു. കഷ്ടതയനുഭവിക്കുകയും മരിക്കുകയും ചെയ്യുന്ന ഓരോ മകനും മകൾക്കുമായി സ്വയം നിലവിളിക്കുന്ന  പിതാവാണ് അവിടന്ന്. ദൈവം കരയുന്നു, നമ്മുടെ വേദന     ഓർത്തു കരയുന്നു. യേശു എൻറെ വേദനയോർത്തു കരയുന്നു എന്ന ചിന്തതന്നെ സാന്ത്വനദായകമാണ്. നാം അവിടന്നു  മായുള്ള ബന്ധത്തിൽ നിലനില്ക്കുകയാണെങ്കിൽ, ജീവിതത്തിൽ നമുക്ക്  കഷ്ടപ്പാടുകളുണ്ടാകും, എന്നാൽ നന്മയുടെ വലിയൊരു ചക്രവാളം തുറക്കപ്പെടുകയും നാം അതിൻറെ പൂർത്തീകരണത്തിലേക്ക് നീങ്ങുകയും ചെയ്യും. ധൈര്യമായിരിക്കുക, പ്രാർത്ഥനയിൽ മുന്നേറുക. യേശു എന്നും നമ്മുടെ ചാരെയുണ്ട്.   നന്ദി.

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ കോവിദ് 19 രോഗസംക്രമണം തടയുന്നതിനായി എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുകയും എല്ലാവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2020, 14:08