യേശുവിൻറെ പ്രസംഗവും അത്ഭുത സൗഖ്യദാനവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 മഹാമാരിമൂലമുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (31/01/21) വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ ആയിരുന്നു ത്രികാലപ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (31/01/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം 1,21-28 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിനവലംബം.
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:
യേശുവിൻറെ ആധികാരികതയുടെ ആവിഷ്ക്കാരം
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
ഇന്നത്തെ സുവിശേഷഭാഗം (മർക്കോസ് 1:21-28) യേശുവിൻറെ ശുശ്രൂഷയുടെ തനതായ ഒരു ദിവസത്തെക്കുറിച്ച് വിവരിക്കുന്നു, എന്നാലത്, വിശിഷ്യ, വിശ്രമത്തിനും പ്രാർത്ഥനയ്ക്കുമുള്ള സാബത്തു ദിനമാണ്, അന്ന്, ആളുകൾ സിനഗോഗിൽ പോകുമായിരുന്നു. കഫർണാമിലെ സിനഗോഗിൽ, യേശു തിരുവെഴുത്തുകൾ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. സന്നിഹിതരായിരുന്നവർ അവിടത്തെ സംസാരരീതിയിൽ ആകർഷിതരായി; അവരുടെ വിസ്മയം വളരെ വലുതായിരുന്നു, കാരണം അത് നിയജ്ഞരുടേതിൽനിന്ന് വ്യത്യസ്തമായ ഒരു അധികാരത്തെ പ്രകടമാക്കുന്നതായിരുന്നു (മർക്കോസ് 1:22). അതിനുപുറമെ, പ്രവൃത്തികളിലും താൻ ശക്തനാണെന്ന് യേശു വെളിപ്പെടുത്തുന്നു. വാസ്തവത്തിൽ, സിനഗോഗിലുള്ള ഒരു മനുഷ്യൻ യേശുവിനെ നോക്കി, അവിടന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണെന്ന് പറയുന്നു; അവിടന്ന് അശുദ്ധാത്മാവിനെ തിരിച്ചറിയുകയും ആ മനുഷ്യനിൽ നിന്ന് പുറത്തു പോകാൻ അതിനോട് കൽപ്പിക്കുകയും അങ്ങനെ അതിനെ പുറത്താക്കുകയും ചെയ്യുന്നു (മർക്കോസ് 1:23-26).
യേശുവിൻറെ ചെയ്തികളുടെ സവിശേഷ ഘടകങ്ങൾ
യേശുവിൻറെ പ്രവർത്തനത്തിൻറെ രണ്ട് സവിശേഷ ഘടകങ്ങൾ ഇവിടെ കാണാം: പ്രസംഗവും, രോഗശാന്തിയേകുന്ന അത്ഭുതപ്രവർത്തിയും: അവിടന്നു പ്രസംഗിക്കുകയും സൗഖ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഈ രണ്ട് വശങ്ങളും സുവിശേഷകനായ മർക്കോസിൻറെ വിവരണത്തിൽ തെളിഞ്ഞു നില്ക്കുന്നു. എന്നാൽ ഏറ്റവും കൂടുതൽ എടുത്തുകാട്ടിയിരിക്കുന്നത് പ്രസംഗമാണ്; ഭൂതോച്ചാടനം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് അവിടത്തെ അതുല്യമായ “അധികാര”ത്തിൻറെയും പ്രബോധനത്തിൻറെയും സ്ഥിരീകരണമായിട്ടാണ്. യേശു, മുൻ പാരമ്പര്യങ്ങളും കൈമാറിക്കിട്ടിയ നിയമങ്ങളും ആവർത്തിക്കുന്ന നിയമജ്ഞരെപ്പോലെയല്ല പ്രത്യുത, സ്വന്തം അധികാരത്തോടെ, സ്വന്തം പ്രബോധനമാണ് യേശു പ്രസംഗിക്കുന്നത്.
പ്രവർത്തനനിരതമായ യേശു വചനം
പ്രശസ്ത ഗായികയായ മീന പാടിയതുപോലെ, വാക്കുകൾ, വാക്കുകൾ, വാക്കുകൾ, വാക്കുകൾ മാത്രം ആവർത്തിക്കുകയായിരുന്നു നിയമജ്ഞർ. അവ അങ്ങനെയായിരുന്നു, വെറും വാക്കുകൾ. മറിച്ച്, യേശുവിൽ വാക്കിന് അധികാരമുണ്ട്. യേശു ആധികാരികതയുള്ളവനാണ്. ഇത് ഹൃദയത്തെ സ്പർശിക്കുന്നു. സംസാരിക്കുന്ന ദൈവത്തിൻറെ അതേ അധികാരമാണ് യേശുവിൻറെ പ്രബോധനത്തിനുള്ളത്; വാസ്തവത്തിൽ, ഒരൊറ്റ ആജ്ഞയിലൂടെ അവിടന്ന് പിശാചുബാധിതനെ അനായാസകരമായി മോചിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. എന്തുകൊണ്ടാണത്? കാരണം, അവിടത്തെ വചനം പറയുന്നതുപോലെ ചെയ്യുന്നു. കാരണം അവിടന്നാണ് ആത്യന്തിക പ്രവാചകൻ. എന്നാൽ, അവിടന്ന് അന്ത്യ പ്രവാചകനാണെന്ന് ഞാൻ പറയാൻ കാരണം എന്താണ്? മോശയുടെ വാഗ്ദാനം നമുക്കോർക്കാം. മോശ പറയുന്നു: “എനിക്കു ശേഷം എന്നെപ്പോലെയുള്ള ഒരു പ്രവാചകൻ വരും - എന്നെപ്പോലെ! - അവൻ നിങ്ങളെ പഠിപ്പിക്കും "(നിയമാവർത്തനം 18:15). മോശ യേശുവിനെ അന്തിമ പ്രവാചകനായി പ്രഖ്യാപിക്കുന്നു. ഇക്കാരണത്താലാണ് [യേശു] മനുഷികമായ അധികാരത്താലല്ല, മറിച്ച് ദൈവിക അധികാരത്തോടെ സംസാരിക്കുന്നത്, എന്തെന്നാൽ അവിടത്തേക്ക് അന്ത്യ പ്രവാചകനാകാനുള്ള അധികാരമുണ്ട്, അതായത്, നമ്മെ രക്ഷിക്കുന്ന ദൈവപുത്രൻ നമ്മെയെല്ലാം സുഖപ്പെടുത്തുന്നു.
സൗഖ്യദായക പ്രവൃത്തി
രണ്ടാമത്തെ ഘടകമായ സൗഖ്യമാക്കൽ, ക്രിസ്തുവിൻറെ പ്രസംഗത്തിൻറെ ലക്ഷ്യം, മനുഷ്യനിലും ലോകത്തിലുമുള്ള തിന്മയെ പരാജയപ്പെടുത്തുകയാണെന്ന് കാണിക്കുന്നു. അവിടത്തെ വചനം സാത്താൻറെ രാജ്യത്തിനെതിരെ നേരിട്ട് വിരൽ ചൂണ്ടുകയും സാത്താനെ പ്രതിസന്ധിയിലാക്കുകയും പിന്നോട്ട് തള്ളിവിടുകയും ലോകം വിട്ടുപോകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. പിശാചുബാധിതനായ, പീഢിതനായ ആ മനുഷ്യൻ കർത്താവിൻറെ കല്പന കേട്ടയുടൻ വിമാചിതനാകുകയും പുതിയ വ്യക്തിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. കൂടാതെ, യേശുവിൻറെ പ്രസംഗം ലോകത്തിൻറെയും തിന്മയുടെയും യുക്തിക്ക് എതിരാണ്: അവിടത്തെ വചനങ്ങൾ വസ്തുക്കളുടെ തെറ്റായ ഒരു ക്രമത്തിൻറെ തകിടം മറിയലായി കാണപ്പെടുന്നു. ബാധകേറിയവനിൽ ഉള്ള സാത്താൻ യേശുവിൻറെ സാമീപ്യം അനുഭവപ്പെട്ടപ്പോൾ അലറിക്കൊണ്ട് ചോദിക്കുന്നു: “നസ്രായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്?” (മർക്കോസ് 1:24). ഈ പ്രയോഗങ്ങൾ കാണിക്കുന്നത് യേശുവും സാത്താനും തമ്മിലുള്ള വൈക്ഷണ്യത്തെയാണ്: അവർ രണ്ടുപേരും തീർത്തും വ്യത്യസ്തമായ രണ്ടു തട്ടിലാണ്. അവർക്കിടയിൽ പൊതുവായി ഒന്നുമില്ല; അവർ പരസ്പരം എതിരാണ്. ആധികാരികനായ യേശു, തൻറെ പ്രാമാണ്യത്താൽ ആളുകളെ ആകർഷിക്കുന്ന, മോചനദായകനായ പ്രവാചകനും, സൗഖ്യദായക ദൈവപുത്രനായ വാഗ്ദത്ത പ്രവാചകനുമാണ്. യേശുവിൻറെ ആധികാരികമായ വാക്കുകൾ നാം ശ്രവിക്കുന്നുണ്ടോ? അവിടത്തെ പ്രാമാണികവാക്കുകൾ ശ്രവിക്കുന്നതിനായി ദിവസവും വായിക്കുന്നതിനുവേണ്ടി ചെറിയൊരു സുവിശേഷഗ്രന്ഥം കീശയിലൊ കൈസഞ്ചിയിലൊ എല്ലായ്പോഴും കൊണ്ടുനടക്കാൻ നിങ്ങൾ മറന്നുപോകരുത്.
സൗഖ്യത്തിനായി പ്രാർത്ഥിക്കാം
നമുക്കെല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്, നാമെല്ലാവരും പാപികളാണ്, നമുക്കെല്ലാവർക്കും ആത്മീയ രോഗങ്ങളുണ്ട്. നമുക്ക് യേശുവിനോട് അപേക്ഷിക്കാം: “യേശുവേ, നീ പ്രവാചകനാണ്, ദൈവപുത്രനാണ്, ഞങ്ങളെ സുഖപ്പെടുത്താൻ വാഗ്ദാനം ചെയ്യപ്പെട്ടവനാണ്. എന്നെ സൗഖ്യമാക്കൂ!". നമ്മുടെ പാപങ്ങളും തിന്മകളും ഇല്ലാതാക്കുന്നതിനായി യേശുവിനോട് പ്രാർത്ഥിക്കുക.
പരിശുദ്ധ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം
കന്യാമറിയം, എല്ലായ്പ്പോഴും, യേശുവിൻറെ വാക്കുകളും പ്രവർത്തികളും ഹൃദയത്തിൽ സൂക്ഷിക്കുകയും പൂർണ്ണ സന്നദ്ധതയോടും വിശ്വസ്തതയോടും കൂടി അവിടത്തെ അനുഗമിക്കുകയും ചെയ്തു. അവിടത്തെ രക്ഷയുടെ അടയാളങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചറിയാൻ കഴിയുന്നതിനുവേണ്ടി അവിടത്തെ ശ്രവിക്കാനും അനുഗമിക്കാനും, ഞങ്ങളെയും സഹായിക്കേണമെ.
യേശുവിൻറെ സമർപ്പണത്തിരുന്നാൾ
ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ ഫെബ്രുവരി 2-ന് (02/02/21) തിരുസഭ യേശുവിൻറെ സമർപ്പണത്തിരുന്നാൾ ആചരിക്കുന്നത് അനുസ്മരിച്ചു.
യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ച ആ ദിവസത്തിലാണ്, വൃദ്ധരായ ശിമയോനും അന്നയും പരിശുദ്ധാത്മാവിനാൽ പ്രബുദ്ധരായി, യേശുവിൽ മിശിഹായെ തിരിച്ചറിഞ്ഞതെന്ന് പപ്പാ പറഞ്ഞു.
വൃദ്ധജനങ്ങളിൽ ഇന്നും പരിശുദ്ധാരൂപി ജ്ഞാന ചിന്തകളും വചനങ്ങളും ഉണർത്തുണ്ടെന്നും അവരുടെ സ്വരം ദൈവസ്തുതി ആലപിക്കുന്നതിനാലും ജനതകളുടെ വേരുകൾ കാത്തുസൂക്ഷിക്കുന്നതിനാലും അമൂല്യങ്ങളാണെന്നും പാപ്പാ പ്രസ്താവിച്ചു.
വാർദ്ധക്യം ഒരു ദാനമാണെന്നും, ജീവിതത്തിൻറെയും വിശ്വാസത്തിൻറെയും അനുഭവം യുവജനത്തിനു പകർന്നു നല്കുന്നതിന് മുത്തശ്ശീമുത്തശ്ശന്മാർ തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നും വൃദ്ധജനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മുത്തശ്ശീ മുത്തശ്ശമ്മാരെയും വേരുകൾ കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നതിലടങ്ങിയിരിക്കുന്ന സമ്പന്നതയും നാം പലപ്പോഴും മറന്നുപോകുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.
മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും ഒരു ലോകദിനം
ഇക്കാരണത്താൽ താൻ മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനും വേണ്ടിയുള്ള ഒരു ലോക ദിനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കയാണെന്ന് പാപ്പാ വെളിപ്പെടുത്തി.
യേശുവിൻറെ മുത്തശ്ശീമുത്തശ്ശന്മാരായ വിശുദ്ധരായ യൊവാക്കിമിൻറെയും അന്നയുടെയും തിരുന്നാളിനോടടുത്ത്, അനുവർഷം ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആയിരിക്കും ആഗോളസഭയിൽ ഈ ദിനം ആചരിക്കുകയെന്നും പാപ്പാ പ്രഖ്യാപിച്ചു.
മുത്തശ്ശീമുത്തശ്ശന്മാർ കൊച്ചുമക്കളുമായും പേരക്കുട്ടികൾ മുത്തശ്ശീമുത്തശ്ശന്മാരുമായും കൂടിക്കാഴ്ച നടത്തേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ പറയുന്നു.
ഫെബ്രുവരി 2 വാസ്തവത്തിൽ മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഉത്സവമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
കുഷ്ഠരോഗീദിനം
ജനുവരി 31-ന് ലോക കുഷ്ഠരോഗീദിനം ആചരിക്കപ്പെടുന്നതും പാപ്പാ അനുസ്മരിച്ചു.
റവൂൾ ഫൊള്ളെറൊ അറുപതുവർഷം മുമ്പാരംഭിച്ച ഈ ദിനാചരണം അദ്ദേഹത്തിൻറെ മാനവസേവന പ്രവർത്തനങ്ങളിൽ നിന്നു പ്രചോദനമുൾക്കൊണ്ട വിവിധ സംഘടനകൾ മുന്നോട്ടുകൊണ്ടുപോകുന്നുവെന്നു് പാപ്പാ സന്തുഷ്ടി പ്രകടിപ്പിച്ചു.
കുഷ്ഠ രോഗികളുടെ ചാരെ താനുണ്ടെന്ന് വെളിപ്പെടുത്തിയ പാപ്പാ അവർക്കായി സേവനമനുഷ്ടിക്കുന്നവർക്കും പ്രേഷിതർക്കും സന്നദ്ധ സേവകർക്കും പ്രചോദനം പകരുകകയും ചെയ്തു.
ഏറ്റവും ദുർബ്ബലരായ ആളുകൾക്ക് ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് കോവിദ് 19 മഹാമാരി സ്ഥിരീകരിച്ചുവെന്ന് പാപ്പാ പറഞ്ഞു.
കുഷ്ഠരോഗികളെ ചികിത്സിക്കുന്നതിനും അവരെ സാമൂഹിക ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിൽ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവർ പങ്കുചേരുമെന്ന തൻറെ പ്രതീക്ഷ പാപ്പാ വെളിപ്പെടുത്തുകയും ചെയ്തു.
റോം രൂപതയുടെ കത്തോലിക്കാ പ്രവർത്തനപ്രസ്ഥാനത്തിലെ ബാലികാബാലന്മാരെ പാപ്പാ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്തു.
സമാപനാഭിവാദ്യം
എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: