സഹനത്തിന്റെ നാട്ടിലെത്തിയ പാപ്പായുടെ ധീരതയ്ക്ക് കൽദായ സഭ ആർച്ച് ബിഷപ്പ് ബാഷർ വാർദ്ദ കൃതജ്ഞതയർപ്പിച്ചു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറാക്ക് സന്ദർശനത്തിന്റെ ഭാഗമായി ഏർബിൽ സ്റ്റേഡിയത്തിൽ പാപ്പാ അർപ്പിച്ച ദിവ്യപൂജയ്ക്ക് ശേഷം കൽദായ സഭയുടെ ആർച്ച് ബിഷപ്പ് ബാഷർ വാർദ്ദ പാപ്പായ്ക്ക് നന്ദിയർപ്പിച്ചു.
പ്രതിസന്ധിയുടെയും പകർച്ചവ്യാധിയുടെയും ഈ സമയത്ത് പ്രശ്നബാധിതവും, അക്രമം നിറഞ്ഞതും, തർക്കങ്ങൾ ഒരിക്കലും അവസാനിക്കാത്തതുമായ സഹനത്തിന്റെയും സ്ഥാനഭ്രംശങ്ങളുടേയും ഈ നാട്ടിലേക്കെത്താൻ പാപ്പാ കാണിച്ച ധൈര്യത്തിനാണ് ആദ്യം ആർച്ച് ബിഷപ്പ് ബാഷർ വാർദ്ദ നന്ദി പറഞ്ഞത്. ഇത് ഭയപ്പെടേണ്ട എന്ന ക്രിസ്തുവിന്റെ വാക്കുകൾ യാഥാർത്ഥ്യമാക്കുന്നു എന്നും ക്രിസ്തുവും പാപ്പായും തങ്ങളോടൊപ്പമുണ്ടെന്നും പാപ്പായുടെ ധൈര്യം തങ്ങളിലേക്ക് പകരുന്നത് തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പീഡിപ്പിക്കപ്പെടുന്നവർക്കും പാർശ്വവൽക്കരിക്കപ്പെടുന്നവർക്കും വേണ്ടിയുള്ള പാപ്പായുടെ പ്രാർത്ഥനയ്ക്കു നന്ദി പറഞ്ഞ അദ്ദേഹം തങ്ങളുടെ ഇരുളിന്റെ നേരത്തെല്ലാം പാപ്പാ തങ്ങളെ ഓർമ്മിച്ചതും തങ്ങൾക്കായി പ്രാർത്ഥിച്ചിരുന്നതും കൃതജ്ഞതയോടെ അനുസ്മരിച്ചു. ഈ തകർന്ന ലോകത്തെയും, നാടിനേയും പാപ്പായുടെ പ്രാർത്ഥനയിലൂടെ സമാധാനത്തിന്റെയും, വിനയത്തിന്റെയും, സമൃദ്ധിയുടേയും കാലത്തിലേക്ക്, ജീവന്റെ അന്തസ്സും ലക്ഷ്യവും നിലനിർത്തിക്കൊണ്ട് കൂട്ടിക്കൊണ്ട് പോകുന്നതിനും അദ്ദേഹം നന്ദിയർപ്പിച്ചു.
ഏർബിലേക്കും ഇറാക്കിലേക്കും ഫ്രാൻസിസ് പാപ്പാ കൊണ്ടുവന്ന സമാധാന സന്ദേശം പ്രത്യേകിച്ച് ഇറാക്കിലെ എല്ലാ ജനങ്ങൾക്കും നൽകിയ സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും സമ്മാനം തങ്ങളെല്ലാവരേയും ഇന്നു മുതൽ അനുദിനം ഉത്തരവാദിത്വത്തോടെ തങ്ങളുടെ ജീവിതം തുടരാൻ നിർബന്ധിക്കുന്നുവെന്നും പാപ്പായുടെ യാത്രകൾ സുരക്ഷിതമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെയും, പാപ്പായ്ക്ക് തുടർന്നുള്ള തങ്ങളുടെ പ്രാർത്ഥന വാഗ്ദാനവും ചെയ്തുകൊണ്ടാണ് ആർച്ച് ബിഷപ്പ് ബഷാർ വാർദ്ദ തന്റെ കൃതജ്ഞതാ പ്രകാശനം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: