ഇറാക്കിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികൾക്ക് പാപ്പായുടെ തലോടലായി മാറി അപ്പോസ്തോലിക സന്ദർശനം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറാക്ക് സന്ദർശനത്തിന്റെ ഭാഗമായി മൊസൂളിലും ക്വരാഖോഷിലും ഇന്നലത്തെ ദിവസം മുഴുവനും പാപ്പാ ചിലവഴിച്ച സന്ദർശനത്തിന് ഒരു സാക്ഷ്യത്തിന്റെ വിലയാണുള്ളത്. രാജ്യത്തെ ക്രിസ്തീയ സാന്നിധ്യം ഏറ്റം കൂടുതലുള്ള ഇവിടെ നിന്നാണ് ആയിരക്കണക്കിന് ക്രിസ്ത്യാനികൾ വീടും തങ്ങൾക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മതഭ്രാന്തിന്റെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ഫ്രാൻസിസ് പാപ്പായെ സ്വാഗതം ചെയ്ത അമലോൽഭവമാതാവിന്റെ ദേവാലാലയം ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഒരു പരിശീലന കേന്ദ്രമായിരുന്നു. വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്താനെത്തിയ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ പകുതി നശിപ്പിക്കപ്പെട്ട വിശുദ്ധ യൗസേപ്പിന്റെ രൂപം മാത്രമല്ല അവരുടെ രക്തം ചിന്തിയുള്ള സാക്ഷ്യവുമുണ്ടായിരുന്നു എന്നും അന്ദ്രേയായുടെ മുഖപ്രസംഗം ചൂണ്ടിക്കാണിച്ചു.
ഭീകരവാദത്തിന്റെയും യുദ്ധത്തിന്റെയും നടുവിലും വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നമുക്ക് കാണാൻ കഴിയുന്നത് മരണത്തെ ജയിക്കുന്ന ജീവനാണ് എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ കെട്ടിടങ്ങളുടെ പുനരുദ്ധാരണം മാത്രമല്ല പ്രാഥമികമായി സമൂഹങ്ങളും, കുടുംബങ്ങളും യുവാക്കളും മുതിർന്നവരും തമ്മിലുള്ള ബന്ധമാണ് പുനരുദ്ധരിക്കേണ്ടതെന്നും അവരെ ഓർമ്മിപ്പിച്ചു. യുദ്ധവും ഭീകരവാദവും വെറുപ്പും നമ്മിൽ അവശേഷിപ്പിച്ചത് പൊളിഞ്ഞ കെട്ടിടങ്ങളൾ മാത്രമല്ല ഹൃദയത്തിൽ ആഴമായ മുറിവുകളാണെന്നും ക്ഷമിക്കാൻ കഴിഞ്ഞാലെ സ്നേഹത്തിൽ നിലനിൽക്കാനും ക്രൈസ്തവരായി തുടരാനും കഴിയുകയുള്ളൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചുവെന്നും അന്ദ്രേയാ വെളിപ്പെടുത്തി.
ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ആക്രമണം മൂലം പലായനം ചെയ്ത ക്രൈസ്തവർ അഭയം തേടിയ ഏർബിൽ നഗരത്തിൽ മറ്റു സമൂഹാംഗങ്ങളോടൊപ്പം പാപ്പായ്ക്ക് നൽകിയ ആഹ്ളാദപൂവ്വമായ വരവേല്പ് സകലരും വേണ്ടെന്ന് പാപ്പയെ ഉപദേശിച്ച ഈ യാത്രയ്ക്ക് നൽകിയ ഒരു മുദ്രയായിരുന്നു. എന്നാൽ, രക്തസാക്ഷികളുടെ രക്തത്തിൽ നിന്ന് പിറന്ന റോമിലെ സഭയുടെ മെത്രാന് ഇറാക്കിലെ തന്റെ മക്കളെ നിരാശരാക്കാൻ കഴിയില്ല എന്നും അവർക്ക് കരുതലിന്റെ തലോടലെത്തിക്കാൻ ഫ്രാൻസിസ് പാപ്പാ ഏറ്റം പ്രാധാന്യം നൽകിയ ഈ യാത്രയിൽ എല്ലാ അപായങ്ങളേയും അഭിമുഖീകരിച്ചുവെന്നും അന്ദ്രയാ തോർണിയെല്ലി മുഖപ്രസംഗത്തിൽ രേഖപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: