ഇറാഖ് സന്ദർശനത്തിൽ നൽകിയ സംരക്ഷണത്തിന് പാപ്പാ പരിശുദ്ധകന്യകാമാതാവിന് നന്ദിയർപ്പിച്ചു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പാ ഇറാക്കിലേ തന്റെ അപ്പസ്തോലിക യാത്ര പൂർത്തിയാക്കി, ഇന്ന് മാർച്ച് എട്ടാം തിയതി തിങ്കളാഴ്ച ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പിന് ശേഷം രാവിലെ 9.40 ന് യാത്രതിരിച്ച പാപ്പാ ഇറ്റലിയിലെ സമയം ഉച്ചയോടെ 12.55 ന് റോമിലെ ചമ്പീനോ വിമാനത്താവളത്തിൽ വന്നിറങ്ങി വത്തിക്കാനിലേയ്ക്കു മടങ്ങി.
വത്തിക്കാനിലേക്കുള്ള യാത്ര മദ്ധ്യേ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമഥേയത്തിലുള്ള മേരീ മേജർ ബസിലിക്കയിലെത്തി സാലൂസ് പോപ്പുളി റൊമാനി എന്ന മാതാവിന്റെ ചിത്രത്തി൯ കീഴെയുള്ള അൾത്താരയിൽ ഇറാക്കിൽ നിന്നു കൊണ്ട് വന്ന പൂച്ചെണ്ട് സമർപ്പിക്കുകയും തന്റെ യാത്രയിൽ നൽകിയ സംരക്ഷണത്തിനും യാത്രയുടെ വിജയത്തിനും മാതാവിന് നന്ദി അർപ്പിക്കുകയും ചെയ്തു. ഇറാക്കിലേക്കുള്ള യാത്രയ്ക്ക് മുൻപും പരിശുദ്ധപിതാവ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. തന്റെ എല്ലാ വിദേശ യാത്രകൾക്ക് മുൻപും അതിനുശേഷവും ഫ്രാൻസിസ് പാപ്പാ ഈ മാതൃസന്നിധിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്ന പതിവുണ്ട്.
ഏകദൈവത്തിൽ വിശ്വസിക്കുന്ന മൂന്നു മതങ്ങളുടെ പിതാവായ അബ്രാഹാമിന്റെ നാട്ടിലേക്ക് ചരിത്രത്തിൽ ആദ്യമായെത്തിയ പാപ്പായാണ് ഫ്രാൻസിസ് പാപ്പാ. മാർച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച മുതൽ എട്ടാം തീയതി തിങ്കളാഴ്ച വരെയായിരുന്നു ഇറാക്കിലേക്കുള്ള പാപ്പായുടെ സന്ദർശനം. സമാധാനത്തിന്റെ ചിഹ്നമായ ഒലിവുശാഖയുമേന്തി പറക്കുന്ന പ്രാവിനെയും, “നിങ്ങളെല്ലാം സഹോദരന്മാരാണ്” എന്ന തിരുവചനത്തെ ആപ്തവാക്യമാക്കിയും സമാധാനത്തിനും സാർവ്വസാഹോദര്യ സഹവാസത്തിനുമായി പ്രയത്നിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മുപ്പത്തിമൂന്നാമത്തെ ചരിത്രപരമായ അപ്പോസ്തോലിക സന്ദര്‍ശനമാണ് ഫലദായകമായി പൂർത്തിയായത്.
അപ്പോസ്തലന്മാരുടെ കാലം തൊട്ടേ വിശ്വാസപാരമ്പര്യം കാത്തു വന്ന ഇറാക്കിലെ ക്രൈസ്തവരുടെ ഇന്നത്തെ തലമുറയ്ക്ക് അപ്പോസ്തലനായ പത്രോസിന്റെ പിൻഗാമിയുടെ വരവ് വിശ്വാസസാക്ഷ്യത്തിനു ബലമേകി. അവിടത്തെ ക്രൈസ്തവരുടെ സഹനത്തിന്റെ ഓരോ ഘട്ടങ്ങളിലും അവിടെയെത്താൻ ആഗ്രഹിച്ച പാപ്പാ തന്റെ ഇടയസന്ദർശനം വഴി അനുരഞ്ജനത്തിന്റെയും, പുനർനിർമ്മാണത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി മാറുകയാണ് ചെയ്തത്. ജോൺ പോൾ രണ്ടാമന്റെ കാലം മുതലുള്ള അവരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടു പിതാവായ അബ്രഹാമിന്റെ വിശ്വാസയാത്ര ആരംഭിച്ച ഊറിൽ നിന്നും വിവിധ മതവിശ്വാസികളൊത്ത് പ്രത്യേകിച്ച് മുസ്ലിം വിശ്വാസികളൊത്ത് പ്രാർത്ഥനയിൽ സഹോദരർ ഒരുമിച്ചു വസിക്കുന്നതിന് കാരണങ്ങൾ കണ്ടെത്താനും അങ്ങനെ കലഹങ്ങൾക്കും വർഗ്ഗ, വംശ വിഭാഗീയതകൾക്കും മേലേ സാമൂഹിക മാനുഷീക ബന്ധങ്ങളുടെ ഇഴകൾ പാകാനുള്ള സന്ദേശം മദ്ധ്യകിഴക്കൻ പ്രദേശത്തിനും ലോകം മുഴുവനും നൽകാനുള്ള ഒരു ദൗത്യമായിരുന്നു പാപ്പായുടെ ഈ യാത്ര.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: