പാപ്പായുടെ ചരിത്രപ്രധാന ഇറാക്ക് സന്ദർശനത്തിന് തിരശ്ശീല വീണു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ചരിത്രപ്രധാനമായൊരു പാപ്പാസന്ദർശനം പരിസമാപിച്ചിരിക്കുന്നു. യുദ്ധത്തിൻറെയും ഭീകരപ്രവർത്തനങ്ങളുടെയും മുറിവുകൾ പേറുന്ന ഒരു നാട്ടിൽ, ഇറാക്കിൽ, കോവിദ് 19 മഹാമാരിയുടേതുൾപ്പടെയുള്ള നിരവധിയായ പ്രതിസന്ധികളെ മറികടന്ന് സധൈര്യം കടന്നു ചെന്ന ഫ്രാൻസീസ് പാപ്പാ സമാധാനത്തിൻറെയും പ്രത്യാശയുടെയും കാരുണ്യത്തിൻറെയും സാമീപ്യത്തിൻറെയും സന്ദേശം ഇറാക്ക്ജനതയ്ക്ക്, എന്നല്ല, ലോകത്തിനുമുഴുവനും പകർന്നുകൊണ്ട് തിങ്കളാഴ്‌ച (08/03/21) ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ തിരിച്ചെത്തി.
പാപ്പായുടെ മുപ്പത്തിമൂന്നാമത്തെ വിദേശ അപ്പസ്തോലിക പര്യടനമായിരുന്നു ഇറാക്ക് സന്ദർശനം. വെള്ളിയാഴ്‌ചയാണ് (05/03/21) പാപ്പാ ഇറാക്കിൻറെ തലസ്ഥാനമായ ബാഗ്ദാദിൽ എത്തിയത്. ഈ ചതുർദിന അപ്പസ്തോലിക പര്യടനത്തിൽ പാപ്പാ ബാഗ്ദാദിനു പുറമെ, നജഫ്, നസ്സീറിയ, ഊർ, എർബിൽ, മൊസൂൾ, ഖരഖോഷ് എന്നീ നഗരങ്ങളിലും തൻറെ സാന്നിധ്യമറിയിച്ചു. 78 മണിക്കൂറോളം ദീർഘിച്ച ഈ സന്ദർശനത്തിൽ വ്യോമകരമാർഗ്ഗങ്ങളിലായി പാപ്പാ 7339 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
ഇറാക്കിനോട് വിട
തിങ്കളാഴ്ച രാവിലെ പാപ്പാ ബാഗ്ദാദിലെ അപ്പസ്തോലിക് നൺഷിയേച്ചറിൽ തനിച്ച് ദിവ്യബലിയർപ്പിച്ചു. പ്രാതലിനു ശേഷം പാപ്പാ അവിടെയുണ്ടായിരുന്ന മുപ്പതോളം പേരോട് വിടപറഞ്ഞു. ഇറാക്ക് സന്ദർശനത്തിൻറെ സ്മാരകമുദ്രയും ഒരു കാസയും പേപ്പൽ മുദ്രയുടെ ഒരു മൊസയ്ക്ക് ചിത്രവും പാപ്പാ അപ്പസ്തോലിക് നൺഷിയേച്ചറിനു സമ്മാനിച്ചു. അതിനുശേഷം പാപ്പാ 30 കിലോമീറ്ററോളം അകലെയുള്ള, ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു കാറിൽ യാത്രയായി. അപ്പോൾ ഇറാക്കിൽ സമയം, രാവിലെ 8.45 ആയിരുന്നു, ഇന്ത്യയിൽ 11.15. വിമാനത്താവളത്തിൽ എത്തിയ പാപ്പായെ ഇറാക്കിൻറെ പ്രസിഡൻറ് ബർഹം അഹമെദ് സലി ഖാസിമും (Barham Ahmed Salih Qassim) പത്നി സർബാഗ് സലിയും (Sarbagh Salih) ചേർന്ന് സ്വീകരിച്ച് വിശിഷ്ടാഥിതികൾക്കുള്ള ശാലയിലേക്കാനയിച്ചു. തുടർന്ന് പാപ്പായും പ്രസിഡൻറും ഒരു ദ്വിഭാഷിയുടെ സഹായത്തോടെ അല്പനേരം സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടു. പശ്ചാത്തലത്തിൽ വത്തിക്കാൻറെയും ഇറാക്കിൻറെയും പതാകകളും കാണാമായിരുന്നു. ഈ കൂടിക്കാഴ്ചാനന്തരം പ്രസിഡൻറും പ്രഥമ വനിതയും ചേർന്ന് പാപ്പായെ വ്യോമയാനത്തിനടുത്തേക്കാനയിച്ചു. ഇരുവരും മാറിമാറി പാപ്പായുമായി വിശേഷങ്ങൾ സ്നേഹപൂർവ്വം പങ്കുവയ്ക്കുന്നതും കാണാമായിരുന്നു. വിമാനത്തിനടുത്തേക്കുള്ള വഴിയിൽ വിരിച്ചിരുന്ന ചുവന്ന പരവതാനിക്കിരുവശവും സർക്കാർ-സഭാ പ്രതിനിധികളുൾപ്പടെ അണിനിരന്നിരുന്നവരെ പാപ്പാ അഭിവാദ്യം ചെയ്യുകയും അവരോട് കുശലം പറയുകയും ചെയ്തു. തദ്ദനന്തരം വിമാനപ്പടവുകളേറുന്നതിനു മുമ്പ് പാപ്പാ പ്രസിഡൻറിനും പത്നിക്കും ഹസ്തദാനമേകുകയും ഒരിക്കൽ കൂടി യാത്രപറയുകയും ചെയ്തു. പടവുകളേറി മുകളിലേത്തിയ പാപ്പാ തിരിഞ്ഞു നിന്ന് ആശീർവ്വാദം നല്കിയതിനു ശേഷമാണ് ആകാശനൗകയിലേക്കു പ്രവേശിച്ചത്. ഇറാക്കിലെ സമയം തിങ്കളാഴ്ച രാവിലെ 10-മണിയോടുത്ത് അൽ ഇത്താലിയയുടെ എയർബസ് 330 പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് റോമിലെ ചമ്പീനൊ വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു. 2947 കിലോമീറ്റർ ദൂരം തരണം ചെയ്യാൻ വിമാനം 5 മണിക്കൂറിലേറെ എടുത്തു.
ആകാശനൗകയിൽ നിന്ന് ആശംസകൾ
ഇറാക്ക്, ടർക്കി, ഗ്രീസ്, അൽബേനിയ, ഇറ്റലി എന്നീ നാടുകളുടെ മുകളിലൂടെയായിരുന്നു യാത്ര. യാത്രാവേളയിൽ ഓരോ രാജ്യത്തിൻറെയും മുകളിലുടെ വിമാനം പറക്കവെ പാപ്പാ, അതതുനാടിൻറെ തലവനും നാട്ടുകാർക്കും ആശംസ നേർന്നുകൊണ്ടുള്ള സന്ദേശം രാഷ്ട്രത്തവന് അയക്കുന്നുണ്ടായിരുന്നു.
തനിക്കേകിയ ഊഷ്മളവും ഉദാരവുമായ വരവേല്പിന് ഇറാക്കിൻറെ പ്രസിഡൻറിനും അന്നാട്ടുകാർക്കും നന്ദിയർപ്പിച്ചുകൊണ്ട് അയച്ച സന്ദേശത്തിൽ പാപ്പാ ശുഭാശംസകൾ നേരുകയും അന്നാടിൻറെ സമാധാനത്തിനും ഐക്യത്തിനും ഐശ്വര്യത്തിനും അത്യുന്നതനോടുള്ള പ്രാർത്ഥനകൾ ഉറപ്പുനല്കുകയും ചെയ്യുന്നു.
ടർക്കി, ഗ്രീസ്, അൽബേനിയ, ഇറ്റലി എന്നീ നാടുകളുടെ തലവന്മാർക്കും അയച്ച സന്ദേശങ്ങളിൽ പാപ്പാ രാഷ്ട്രത്തലവന്മാർക്കും അന്നാടുകളിലെ ജനങ്ങൾക്കും ആശംസകളും ദൈവികാനുഗ്രഹങ്ങളും നേർന്നു.
പാപ്പാ റോമിലെ ചമ്പീനൊ വിമാനത്താവളത്തിൽ
ഉച്ചതിരിഞ്ഞ് റോമിലെ ചമ്പീനൊ വിമാനത്താവളത്തിലിറങ്ങിയ പാപ്പാ അവിടെനിന്ന് 28 കിലോമീറ്റർ അകലെയുള്ള വത്തിക്കാനിൽ കാറിലാണ് എത്തിയത്. വിമാനത്താവളത്തിൽ നിന്നുള്ളയാത്രാവേളയിൽ പാപ്പാ റോമിലെ വിശുദ്ധ മേരിമേജർ ബസിലിക്കയിലെത്തുകയും അവിടെ, “റോമൻ ജനതയുടെ സംരക്ഷക” (സാളൂസ് പോപുളി റൊമാനി- Salus Populi Romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ സവിധത്തിലെത്തി കൃതജ്ഞത പ്രകാശിപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
പാപ്പായുടെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടന്ന പരിപാടികളിലൂടെ.........
ഞായറാഴ്ച പാപ്പാ സ്വയംഭരണപ്രദേശമായ ഇറാക്കി കുർദിസ്ഥാൻറെ തലസ്ഥാനമായ എർബിൽ, മൊസൂൾ, ഖരഖോഷ് എന്നീ നഗരങ്ങൾക്കായി നീക്കിവച്ചു. അന്നുച്ചതിരിഞ്ഞ് പാപ്പായുടെ പ്രധാന പരിപാടി എർബിലിലെ ഫ്രാൻസൊ ഹരീരി (Franso Hariri) സ്റ്റേഡിയത്തിൽ ദിവ്യപൂജാർപ്പണമായിരുന്നു.
ഫ്രാൻസൊ ഹരീരി (Franso Hariri) സ്റ്റേഡിയം
ഒരു പഴയ വിമാനത്താവളം ഉണ്ടായിരുന്നിടത്ത് 1956-ൽ പണികഴിപ്പിക്കപ്പെട്ടതാണ് ഈ സ്റ്റേഡിയം. 40000 പേരെ ഉൾക്കൊള്ളാൻ സ്ഥലസൗകര്യമുണ്ടായിരുന്ന ഈ സ്റ്റേഡിയം 1992-ൽ പുതുക്കി പണിതപ്പോൾ അത് 28000 മായി കുറഞ്ഞു. എന്നിരുന്നാലും ഇറാക്കിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ രണ്ടാം സ്ഥാനം ഇതിനുണ്ട്. 2001 വരെ ഈ സ്റ്റേഡിയം എർബിലിലെ സ്റ്റേഡിയം എന്നുമാത്രമായിരുന്നു അറിയപ്പെട്ടിരുന്ന ത്. എന്നാൽ ഈ സ്റ്റേഡിയത്തിൻറെ പുനർനിർമ്മിതിക്ക് സംഭാവനയേകിയ എർബിലിൻറെ ഗവർണ്ണർ ആയിരുന്ന ഫ്രാൻസൊ ഹരീരി വധിക്കപ്പെട്ടതിനെ തുടർന്നാണ് ഈ പേര് ഈ സ്റ്റേഡിയത്തിനു നല്കിയത്.
പാപ്പാ സ്റ്റേഡിയത്തിൽ
സ്റ്റേഡിയത്തിലെത്തിയ പാപ്പാ പേപ്പൽ വാഹനത്തിൽ ജനങ്ങളെ വലംവച്ചതിനു ശേഷമാണ് പൂജാവസ്ത്രങ്ങളണിയുന്നതിനായി പോയത്. തുടർന്ന് പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലേക്കു നീങ്ങിയപ്പോൾ പ്രവേശനഗാനം ഉയർന്നു. അൾത്താരവണക്കത്തിനും ധൂപാർപ്പണത്തിനും ശേഷം പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ആമുഖപ്രാർത്ഥനയോടെ ദിവ്യബലിക്ക് തുടക്കം കുറിച്ചു. വിശുദ്ധഗ്രന്ഥവായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.
സുവിശേഷ പ്രഭാഷണം: ക്രിസ്തു ദൈവത്തിൻറെ ശക്തിയും ജ്ഞാനവും
"ക്രിസ്തു ദൈവത്തിൻറെ ശക്തിയും ദൈവത്തിൻറെ ജ്ഞാനവുമാണ്" (1 കോറി 1:24) എന്ന് വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. യേശു ഈ ശക്തിയും ഈ ജ്ഞാനവും വെളിപ്പെടുത്തിയത്, സർവ്വോപരി, കരുണയും ക്ഷമയും കൊണ്ടാണ്. ശക്തിപ്രകടനങ്ങൾ വഴിയോ ഉന്നതത്തിൽ നിന്ന് ആജ്ഞാപിച്ചുകൊണ്ടോ, അല്ലെങ്കിൽ, സുദീർഘ പ്രസംഗങ്ങളോ അതുല്യമായ അറിവിൻറെ ആവിഷ്ക്കാരങ്ങളോ വഴി അത് ചെയ്യാൻ അവിടന്ന് തുനിഞ്ഞില്ല. കുരിശിൽ ജീവൻ നൽകിക്കൊണ്ടാണ് യേശു അത് നിറവേറ്റിയത്. പിതാവിൻറെ സ്നേഹത്തിൻറെ വിശ്വസ്തത അവസാനം വരെ നമുക്കു കാണിച്ചുതന്നുകൊണ്ട് അവിടന്ന് തൻറെ ജ്ഞാനവും ദിവ്യശക്തിയും വെളിപ്പെടുത്തി; തൻറെ ജനത്തെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുകയും സ്വാതന്ത്ര്യത്തിൻറെ പാതയിലൂടെ നയിക്കുകയും ചെയ്ത ഉടമ്പടിയുടെ ദൈവത്തിൻറെ വിശ്വസ്തത ആണ് അത്. (പുറപ്പാട് 20:1-2).
നമ്മൾ ശക്തരാണെന്നും നാം ജ്ഞാനികളാണെന്നും മറ്റുള്ളവരെ കാണിക്കണം എന്ന ചിന്തയുടെ കെണിയിൽ.... നമുക്ക് സുരക്ഷിതത്വം നൽകുന്ന ദൈവത്തിൻറെ വ്യാജരൂപങ്ങളായി നമ്മെ മാറ്റുന്ന കെണിയിൽ എത്ര എളുപ്പം വീണുപോകുന്നു (പുറപ്പാട് 20:4-5). വാസ്തവത്തിൽ, അത് നേരെ മറിച്ചാണ്, കുരിശിൽ യേശു വെളിപ്പെടുത്തിയ ദൈവത്തിൻറെ ശക്തിയും ജ്ഞാനവും നമുക്ക് ആവശ്യമാണ്. സുഖമാക്കപ്പെട്ട നമ്മുടെ മുറിവുകൾ അവിടന്ന് പിതാവിന് സമർപ്പിച്ചു (1 പത്രോസ് 2:24). ഇവിടെ ഇറാക്കിൽ, നിങ്ങളുടെ സഹോദരീസഹോദരന്മാരിലും, സുഹൃത്തുക്കളിലും, സഹപൗരന്മാരിലും എത്രപേരാണ് യുദ്ധത്തിൻറെയും അക്രമത്തിൻറെയും മുറിവുകൾ, ദൃശ്യവും അദൃശ്യവുമായ മുറിവുകൾ പേറുന്നത്! ഇവയോടും മറ്റ് വേദനാജനകങ്ങളായ കാര്യങ്ങളോടും മാനുഷികശക്തികൊണ്ടും, മാനുഷികമായ ബുദ്ധികൊണ്ടും പ്രതികരിക്കുക എന്ന പ്രലോഭനം ഉണ്ട്. എന്നാൽ, യേശു നമുക്ക് ദൈവത്തിൻറെ വഴി കാണിക്കുന്നു, താൻ നടന്നതും നാം പിൻചെല്ലാൻ അവിടന്ന് നമ്മെ വിളിക്കുന്നതുമായ വഴിയാണത്.
ഹൃദയശുദ്ധീകരണം
നാം ഇപ്പോൾ വായിച്ചുകേട്ട സുവിശേഷത്തിൽ (യോഹ 2:13-25), പണം മാറ്റുന്നവരെയും കച്ചവടക്കാരെയും യേശു ജറുസലേം ദേവാലയത്തിൽ നിന്നു പുറത്താക്കുന്നത് എങ്ങനെയാണെന്ന് നാം കാണുന്നു. എന്തുകൊണ്ടാണ് യേശു ഇത്രയും ശക്തവും പ്രകോപനപരവുമായ ഒരു പ്രവർത്തി ചെയ്തത്? എന്തുകൊണ്ടെന്നാൽ ആലയം ശുദ്ധീകരിക്കാൻ പിതാവ് അയച്ചതുകൊണ്ടാണ് അവിടന്ന് അങ്ങനെ ചെയ്തത്: ശിലാദേവാലയം മാത്രമല്ല, എല്ലാറ്റിനുമുപരിയായി നമ്മുടെ ഹൃദയം ശുദ്ധീകരിക്കാൻ. പിതാവിൻറെ ഭവനം ഒരു കമ്പോളമാകുന്നത് യേശുവിന് സഹിക്കാനാകില്ല (യോഹ 2:16), അതിനാൽ, നമ്മുടെ ഹൃദയം കലഹത്തിൻറെയും അസ്വസ്ഥതയുടെയും ആശയക്കുഴപ്പത്തിൻറെയും ഒരിടമായിരിക്കരുതെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. ഹൃദയം വൃത്തിയാക്കണം, അത് നേരെയാക്കാണം, ശുദ്ധീകരിക്കണം. എന്തിൽ നിന്ന്? അതിനെ കളങ്കപ്പെടുത്തുന്ന കാപട്യത്തിൻറെ ദ്വന്ദഭാവങ്ങളിൽ നിന്ന്. നമുക്കെല്ലാവർക്കും അവയുണ്ട്. ഹൃദയത്തിന് ഹാനിവരുത്തുകയും ജീവിതത്തെ മലിനമാക്കുകയും, പൊയ്മുഖമണിയിക്കുകയും ചെയ്യുന്ന രോഗങ്ങളാണ് അവ. ക്ഷണികങ്ങളായവയും താല്ക്കാലിക സൗകര്യങ്ങളും കൊണ്ട് ദൈവവിശ്വാസത്തെ കച്ചവടച്ചരക്കാക്കുന്ന വഞ്ചനാത്മകമായ സുരക്ഷിതത്വങ്ങളിൽ നിന്ന് നാം ശുദ്ധീകരിക്കപ്പെടേണ്ട ആവശ്യം നമുക്കുണ്ട്. അധികാരത്തിൻറെയും ധനത്തിൻറെയും ദോഷകരമായ നിർദ്ദേശങ്ങൾ നമ്മുടെ ഹൃദയത്തിൽ നിന്നും സഭയിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതുണ്ട്. ഹൃദയത്തെ ശുദ്ധീകരിക്കാൻ നമ്മുടെ കൈകളിൽ അഴുക്കു പുരളേണ്ടതുണ്ട്: ഉത്തരവാദിത്തബോധം തോന്നുകയും സഹോദരനും സഹോദരിയും കഷ്ടപ്പെടുമ്പോൾ നോക്കിനില്ക്കാതിരിക്കുകയും വേണം. എന്നാൽ ഹൃദയത്തെ എങ്ങനെ ശുദ്ധീകരിക്കാം? നമുക്ക് തനിച്ച് അതു സാധിക്കില്ല, നമുക്ക് യേശുവിനെ ആവശ്യമുണ്ട്. നമ്മുടെ തിന്മകളെ തരണം ചെയ്യാനും രോഗങ്ങളെ സുഖപ്പെടുത്താനും നമ്മുടെ ഹൃദയമാകുന്ന ആലയത്തെ പുനരുദ്ധരിക്കാനും അവിടത്തേക്കു ശക്തിയുണ്ട്.
നമ്മെ കൈവിടാത്ത ദൈവം - നാം ജീവൻ തുടിക്കുന്ന ആലയമാകണം
ഇതിന് സ്ഥിരീകരണമായും, തൻറെ അധികാരത്തിൻറെ അടയാളമായും യേശു പറയുന്നു: "നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക, മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ അത് പുനരുദ്ധരിക്കും" (യോഹന്നാൻ 2,19). തിന്മയുടെ പ്രവൃത്തികളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയൂ. മരിച്ച് ഉയിർത്തെഴുന്നേറ്റവനാണ് അവിടന്ന്. കർത്താവാണ് അവിടന്ന്. പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പാപത്തിൽ മരിക്കാൻ ദൈവം നമ്മെ അനുവദിക്കുന്നില്ല. നാം അവനോട് പുറംതിരിഞ്ഞുനിൽക്കുമ്പോഴും, അവൻ ഒരിക്കലും നമ്മെ തള്ളിക്കളയുന്നില്ല. മാനസാന്തരത്തിലേക്കും ശുദ്ധീകരണത്തിലേക്കും നമ്മെ വിളിക്കുന്നതിന് അവിടന്ന് നമ്മെ അന്വേഷിക്കുകയും പിന്തുടരുകയും ചെയ്യുന്നു. എസെക്കിയേലിൻറെ അധരത്തിലൂടെ കർത്താവ് അരുളിച്ചെയ്യുന്നു: “ദുഷ്ടൻ മരിക്കുന്നതിലല്ല, അവൻ ദുഷ്ടമാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം” (എസെക്കിയേൽ 33,11) സാഹോദര്യത്തിലും സേവനത്തിലും കരുണയിലും നാം രക്ഷിക്കപ്പെടണമെന്നും അവിടത്തെ സ്നേഹത്തിൻറെ ജീവനുള്ള ആലയമായി നാം മാറണമെന്നും കർത്താവ് ആഗ്രഹിക്കുന്നു.
യേശു നമ്മുടെ പാപങ്ങളിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുക മാത്രമല്ല, അവിത്തെ ശക്തിയിലും ജ്ഞാനത്തിലും പങ്കാളികളാക്കുകയും ചെയ്യുന്നു. ഭിന്നിപ്പിക്കുകയും എതിരാക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതായി വിശ്വാസത്തെയും കുടുംബത്തെയും സമൂഹത്തെയും മനസ്സിലാക്കുന്ന ഒരു രീതിയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു. ഇത്, എല്ലാവർക്കുമായി തുറന്നതും എറ്റവും ആവശ്യത്തിലിരിക്കുന്ന സഹോദരീസഹോദരന്മാരോട് കരുതലുള്ളതുമായ ഒരു സഭയെയും സമൂഹത്തെയും കെട്ടിപ്പടുക്കുന്നതിനാണ്. അതേ സമയം തന്നെ, അവസാനമില്ലാത്ത പ്രതികാരനടപടികളുടെ സർപ്പാളത്തിലേക്കു നമ്മെ തള്ളിവിടുന്ന വൈരനിര്യാതന പ്രലോഭനത്തെ ചെറുക്കാൻ നമുക്കു സാധിക്കുന്നതിന് നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
മതപരിവർത്തനമല്ല സാക്ഷ്യമേകലാണ് ദൗത്യം
മതപരിവർത്തനം നടത്താനല്ല, മറിച്ച് തൻറെ പ്രേഷിത ശിഷ്യരെന്ന നിലയിൽ, ജീവിതത്തെ മാറ്റാൻ സുവിശേഷത്തിന് ശക്തിയുണ്ടെന്ന് സാക്ഷ്യപ്പെടുത്താൻ വിളിക്കപ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാരെന്ന നിലയിൽ, നമ്മെ അവിടന്ന് പരിശുദ്ധാത്മാവിൻറെ ശക്തിയാൽ അയയ്ക്കുന്നു. ഉയിർത്തെഴുന്നേറ്റവൻ നമ്മെ ദൈവത്തിൻറെ സമാധാനത്തിൻറെയും കാരുണ്യത്തിൻറെയും ഉപകരണങ്ങളും പുതിയൊരു സാമൂഹ്യക്രമത്തിൻറെ ക്ഷമയും ധൈര്യവും ഉള്ള ശിൽപ്പികളും ആക്കുന്നു. അങ്ങനെ, പൗലോസപ്പസ്തോലൻ കൊറീന്ത്യരോട് പ്രവചിച്ചത് ക്രിസ്തുവിൻറെയും അവിടത്തെ ആത്മാവിൻറെയും ശക്തികൊണ്ട്, സംഭവിക്കുന്നു: “ദൈവത്തിൻറെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമുള്ളതും ദൈവത്തിൻറെ ബലഹീനത മനുഷ്യരെക്കാൾ ശക്തവുമാണ്” (1കോറിന്തോസ് 1:25). എളിയവരും സാധാരണക്കാരുമായ ആളുകൾ ഉൾക്കൊള്ളുന്ന ക്രൈസ്തവ സമൂഹങ്ങൾ സമാഗതമകുന്ന രാജ്യത്തിൻറെ, സ്നേഹത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും രാജ്യത്തിൻറെ അടയാളമായി മാറുന്നു.
നമ്മെ ഉയിർപ്പിക്കുന്ന ഉത്ഥിതൻ
"നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക, മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ അത് പുനരുദ്ധരിക്കും" (യോഹന്നാൻ 2,19).). തൻറെ ശരീരമാകുന്ന ആലയത്തെക്കുറിച്ച്, അങ്ങനെ, സഭയെക്കുറിച്ച് അവിടന്ന് പറയുകയായിരുന്നു. അനീതി, അനൈക്യം, വിദ്വേഷം എന്നിവ മൂലമുണ്ടായ നാശാവശിഷ്ടങ്ങളിൽ നിന്ന് നമ്മെയും നമ്മുടെ സമൂഹങ്ങളെയും തൻറെ പുനരുത്ഥാനത്തിൻറെ ശക്തിയാൽ, ഉയിർപ്പിക്കാൻ തനിക്കു കഴിയുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. ഇതാണ ഈ കുർബ്ബാനയിൽ നാം ആഘോഷിക്കുന്ന വാഗ്ദാനം. ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ കർത്താവിൻറെ നമ്മുടെ മദ്ധ്യേയുല്ള സാന്നിദ്ധ്യം നാം വിശ്വാസത്തിൻറെ കണ്ണുകളാൽ തിരിച്ചറിയുന്നു, അവടത്തെ വിമോചനദായക ജ്ഞാനത്തെ സ്വാഗതം ചെയ്യാനും അവിടത്തെ മുറിവുകളിൽ വിശ്രമിക്കാനും നമ്മുടെ ലോകത്തിലേക്ക് വരുന്ന അവിടത്തെ രാജ്യത്തെ സേവിക്കാൻ സൗഖ്യവും ശക്തിയും കണ്ടെത്താനും നാം പഠിക്കുന്നു. അവൻറെ മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചു (1 പത്രോസ് 2:24); അവൻറെ മുറിവുകളിൽ, പ്രിയ സഹോദരീസഹോദരന്മാരേ, അവിടത്തെ കരുണർദ്രസ്നേഹത്തിൻറെ പരിമളതൈലം നാം കണ്ടെത്തുന്നു. കാരണം, അവിടന്ന് മനുഷ്യരാശിയുടെ നല്ല സമറായക്കാരനാണ്, എല്ലാ മുറിവുകളിലും തൈലം പുരട്ടാനും വേദനാജനകമായ എല്ലാ ഓർമ്മകളും സുഖപ്പെടുത്താനും ഈ ദേശത്ത് സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും ഭാവിയ്ക്ക് പ്രചോദനമേകാനും അവിടന്ന് ആഗ്രഹിക്കുന്നു.
ജ്ഞാനപ്രഘോഷണം
ഇറാഖിലെ സഭ, ക്രിസ്തുവിൻറെ കാരുണ്യവും പാപമോചനവും പ്രത്യേകിച്ച്, ഏറ്റം ആവശ്യത്തിലിരിക്കുന്നവരിലേക്കെത്തിച്ചുകൊണ്ട്, ദൈവകൃപയാൽ, കുരിശിൻറെ ഈ അത്ഭുതകരമായ ജ്ഞാനം പ്രഘോഷിച്ചു, അതു തുടർന്നുകൊണ്ടിരിക്കുന്നു. വലിയ ദാരിദ്ര്യത്തിൻറെയും പ്രതിസന്ധികളുടെയും ഇടയിൽ പോലും, നിങ്ങളിൽ പലരും ദരിദ്രർക്കും യാതനകളനുഭവിക്കുന്നവർക്കും സമൂർത്ത സഹായം നല്കുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. നിങ്ങളോടു നന്ദി പറയുന്നതിനും വിശ്വാസത്തിലും സാക്ഷ്യത്തിലും നിങ്ങളെ സ്ഥിരീകരിക്കുന്നതിനും നിങ്ങളുടെ ഇടയിൽ തീർത്ഥാടനത്തിന് വരാൻ എന്നെ പ്രേരിപ്പിച്ചതിന് ഒരു കാരണം ഇതാണ്. ഇറാഖിലെ സഭ ജീവിച്ചിരിപ്പുണ്ടെന്നും ക്രിസ്തു തൻറെ വിശുദ്ധരും വിശ്വസ്തരുമായ ഈ ജനതയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ഇന്ന് എനിക്ക് കാണാനും തൊട്ടറിയാനും കഴിയുന്നു.
ഇറാക്ക് പരിശുദ്ധ കന്യകാ മറിയത്തിൻറെ മാതൃസംരക്ഷണയിൽ
പ്രിയ സഹോദരീസഹോദരന്മാരേ, തൻറെ പുത്രൻറെ പീഢാസഹനമരണങ്ങളിലും അവിടത്തെ പുനരുത്ഥാനത്തിൻറെ സന്തോഷത്തിലും പങ്കാളിയായ പരിശുദ്ധ കന്യാമറിയത്തിൻറെ മാതൃസംരക്ഷണയ്ക്ക് ഞാൻ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും ഭരമേൽപ്പിക്കുന്നു. അവൾ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ദൈവത്തിൻറെ ശക്തിയും ജ്ഞാനവുമായ ഈ ആ പുത്രനിലേക്ക് നമ്മെ നയിക്കുകയും ചെയ്യട്ടെ.
പാപ്പായുടെ സുവിശേഷപ്രഭാഷണാനന്തരം അറബി, ആംഗലം, കുർദ് തുടങ്ങിയ വിവിധഭാഷകളിലും നാട്ടുഭാഷകളിലും വിശ്വാസികളുടെ പ്രാർത്ഥനയായിരുന്നു. ദിവ്യബലിയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് എർബിൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് ബഷാർ മാത്തി വ്വാർദ (Bashar Matti Warda) പാപ്പായ്ക്ക് നന്ദിയർപ്പിച്ചു.
പാപ്പായുടെ ധീരമായ സന്ദർശനം
പാപ്പായുടെ ചരിത്രപരമായ ഈ ഇടയസന്ദർശനത്തിന് പാപ്പയുടെ ധൈര്യത്തിന് ആർച്ചുബിഷപ്പ് ബഷാർ മാത്തി വ്വാർദ നന്ദി പ്രകാശിപ്പിച്ചു.
കലാപകലുഷിതവും അക്രമഭരിതവും, അനന്തമായ വിവാദങ്ങൾ നിലനില്ക്കുന്നതും ജനങ്ങൾ യാതനകൾ അനുഭവിക്കുന്നതുമായ ഒരു നാട്ടിൽ കോവിദ് 19 മഹാമാരിയുടെയും ആഗോളപ്രതിസന്ധിയുടെയുമായ ഈ വേളയിൽ എത്തിയതിന് പാപ്പായോടുള്ള കൃതജ്ഞത ആവർത്തിച്ചു പ്രകടിപ്പിച്ച അദ്ദേഹം, ഈ ഇടയസന്ദർശനം “നിങ്ങൾ ഭയപ്പെടേണ്ട” എന്ന ക്രിസ്തു വചനം സമൂർത്തമാക്കിത്തീർത്തുവെന്നു പറഞ്ഞു.
ക്രിസ്തുവും പാപ്പായും തങ്ങളോടുകൂടെയുണ്ടെന്ന ബോധ്യം വെളിപ്പെടുത്തിയ അദ്ദേഹം പാപ്പായുടെ ധൈര്യം തങ്ങളിലേക്കൊഴുകുന്നുവെന്നു പ്രസ്താവിച്ചു.
കാതോലിക്കോസ് മാർ ഗീവർഗ്ഗീസ് മൂന്നാമൻ
വിശുദ്ധ കുർബ്ബാനയുടെ സമാപനത്തിൽ പാപ്പാ കിഴക്കിൻറെ അസ്സീറിയൻ സഭയുടെ പാത്രിയാർക്കീസ് കാതോലിക്കോസ് മാർ ഗീവർഗ്ഗീസ് മൂന്നാമനെ (Mar Gewargis III)അഭിവാദ്യം ചെയ്തു.
ഈ നഗരത്തിൽ വസിക്കുകയും തൻറെ സാന്നിദ്ധ്യത്താൽ നമ്മെ ആദരിക്കുകയും ചെയ്യുന്ന കിഴക്കൻ അസീറിയൻ സഭയുടെ കത്തോലിക്കാ-പാത്രിയർക്കീസ് മാർസ് ഗിവർഗ്ഗീസ് മൂന്നാമനെ താൻ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നുവെന്നു പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു: പ്രിയ സഹോദരാ, നന്ദി, നന്ദി! അങ്ങയോടൊപ്പം ഞാൻ വിവിധ ക്രൈസ്തവ സമൂഹങ്ങളിലെ അംഗങ്ങളെ ആലിംഗനം ചെയ്യുന്നു: ഇവിടെ ഈ ഒരേ മണ്ണിൽ പലരും രക്തം ചിന്തിയിട്ടുണ്ട്! എന്നാൽ നമ്മുടെ രക്തസാക്ഷികൾ ഒരുമിച്ച് വിളങ്ങുന്നു, ഒരേ ആകാശത്തിലെ നക്ഷത്രങ്ങൾ! അവിടെ നിന്ന് അവർ നമ്മോട്, സന്ദേഹം കൂടാതെ, ഐക്യത്തിൻറെ പൂർണ്ണതയിലേക്ക് ഒന്നിച്ച് നടക്കാൻ ആവശ്യപ്പെടുന്നു.
തൻറെ ഈ യാത്രയ്ക്കായി വളരെയധികം പരിശ്രമിച്ച ആർച്ച് ബിഷപ്പ് ബഷർ മാത്തി വ്വാർദയ്ക്കും, ബിഷപ്പ് നിസാർ സെമാനും എൻറെ ഇതര സഹോദര മെത്രാന്മാർക്കും ഇറാക്കിലേക്കുള്ള യാത്രയുടെ ഒരുക്കുന്നതിൽ പലവിധത്തിൽ സഹകരിച്ച എല്ലാവർക്കും, ഇറാക്കിൻറെ അധികാരികൾക്കും - എല്ലാവർക്കും - നിരവധി സന്നദ്ധപ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. എല്ലാവർക്കും നന്ദി! ഇപ്പോൾ, റോമിലേക്ക് പുറപ്പെടേണ്ട സമയം അടുത്തുകൊണ്ടിരിക്കുന്നു. എന്നാൽ ഇറാഖ് എപ്പോഴും എൻറെ ഹൃദയത്തിൽ ഉണ്ടായിരിക്കും. പ്രിയ സഹോദരീസഹോദരന്മാരേ, ആരെയും പിന്തള്ളാത്തതും ആരോടും വിവേചനം കാട്ടാത്തതുമായ സമാധാനത്തിൻറെയും സമൃദ്ധിയുടെയും ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
സഹകരണത്തിനായുള്ള അഭ്യർത്ഥന
വിവിധ മതവിഭാഗങ്ങളിലെ അംഗങ്ങളും, സന്മനസ്സുള്ള സകലരും പൊതുനന്മയുടെയും സമാധാനത്തിൻറെയും സേവനത്തിൽ സാഹോദര്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും ബന്ധങ്ങൾ സൃഷ്ടിക്കാൻ ഒരുമയോടെ സഹകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സലാം, സലാം, സലാം! ശുക്രാൻ! [നന്ദി] ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ! ദൈവം ഇറാക്കിനെ അനുഗ്രഹിക്കട്ടെ! അല്ലാഹുമക്കൂം! ദൈവം നിങ്ങളോടുകൂടെ
അബ്ദുള്ള കുർദിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തി
2015-ൽ യൂറോപ്പിലേക്കു കുടിയേറുന്നതിനുള്ള ശ്രമത്തിനിടയിൽ ബോട്ടുമുങ്ങി മരിക്കുകയും കടൽത്തീരത്തു കമിഴ്ന്നു കിടക്കുന്ന രീതിയിൽ മൃതദ്ദേഹം കണ്ടെത്തുകയും ചെയ്ത അലൻ കുർദി എന്ന സിറിയക്കാരനായിരുന്ന പിഞ്ചുകുഞ്ഞിൻറെ പിതാവ് അബ്ദുള്ള കുർദിയുമായി ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ വച്ച് പാപ്പാ കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിൻറെയും കുടുംബത്തിൻറെയും തീരാവേദനയിൽ പങ്കുചേരുകയും ചെയ്തു.
ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിലെ ദിവ്യപൂജാനന്തരം പാപ്പാ എർബിലിൽ നിന്ന് വിമാനത്തിൽ ബാഗ്ദാദിലേക്കു പുറപ്പെടുകയും അപ്പസ്തോലിക് നൺഷിയേച്ചറിലെത്തി രാതി വിശ്രമിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: