ഇറാക്ക് സന്ദർശനം: രാജ്യാദ്ധ്യക്ഷന്മാർക്ക് പാപ്പായുടെ ആശംസകൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മാർച്ച് അഞ്ചാം തിയതി വെള്ളിയാഴ്ച മുതൽ മാർച്ച് എട്ട് തിങ്കളാഴ്ച്ച വരെയാണ് പാപ്പാ തന്റെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്തോലിക സന്ദർശനം ഇറാക്കിലേക്ക് നടത്തിയത്.യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഇറാക്ക് ജനതയെ "നിങ്ങളെല്ലാം സഹോദരന്മാരാണ് " എന്ന ആപ്തവാക്യവുമായാണ് പാപ്പാ സന്ദർശിച്ചത്.
തന്റെ സന്ദർശനം പൂർത്തിയാക്കി വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ പാപ്പാ ഇറാക്ക് റിപ്പബ്ലിക്ക് പ്രസിഡണ്ട് ബർഹം സാലിഹിന് അയച്ച സന്ദേശത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, ആതിഥ്യമര്യാദയ്ക്കും അദ്ദേഹത്തിനും, ഇറാക്കിലെ ജനങ്ങൾക്കും നന്ദി പറഞ്ഞ പാപ്പാ രാജ്യത്തിന്റെ സമാധാനത്തിനും, ഐക്യത്തിനും, അഭിവൃദ്ധിക്കും വേണ്ടി ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുകയും ദൈവത്തിന്റെ അനുഗ്രഹങ്ങൾ അവർക്കുവേണ്ടി യാചിക്കുന്നു എന്നറയിക്കുകയും ചെയ്തു.
പാപ്പയും കൂട്ടരും സഞ്ചരിച്ച വിമാനം ഇറാക്ക്, തുർക്കി, ഗ്രീസ്, അൽബേനിയ, ഇറ്റലി എന്നീ രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നാണ് റോമിലെത്തിയത്. ഈ രാജ്യങ്ങളിലെ രാഷ്ട്രപതിമാരെ അഭിസംബോധന ചെയ്തുകൊണ്ടു പാപ്പാ തന്റെ ആശംസയും പ്രാർത്ഥനയും അറിയിച്ച് സന്ദേശമയച്ചു.
ഇറ്റലി പ്രസിഡന്റ് സെർജോ മത്തരെല്ലായോടു ഇറാഖിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയിൽ ക്രൈസ്തവരെയും, മറ്റു മത പ്രതിനിധികളെയും കണ്ടുമുട്ടാൻ തനിക്ക് കഴിഞ്ഞുവെന്നും വീണ്ടും ആഴപ്പെടുത്തേണ്ട പ്രതിബദ്ധത സാക്ഷ്യപ്പെടുത്തിക്കൊണ്ടു പങ്ക് വയ്ക്കലിന്റെ അരൂപിയിൽ സംവാദത്തിന്റെയും ഐക്യത്തിന്റെയും യാത്രയായിരുന്നു ഇത് എന്നും സൂചിപ്പിച്ച പാപ്പാ അദ്ദേഹത്തിനും പ്രിയപ്പെട്ട ഇറ്റലിയിലെ ജനതയ്ക്കും തന്റെ പ്രത്യേക പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ആശീർവാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: