പാറി പറക്കും പറവകൾ! പാറി പറക്കും പറവകൾ! 

ലളിതമായ അസ്തിത്വത്താൽ, ജീവജാലങ്ങൾ, ദൈവത്തെ മഹത്വപ്പെടുത്തുന്നു!

"ഭൗമ മണിക്കൂർ" ആചരണം, പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തിനു മുന്നിൽ സകല ജീവജാലങ്ങൾക്കും മൂല്യമുണ്ടെന്ന് നാം അംഗീകരിക്കേണ്ടതിൻറെ പ്രാധാന്യം മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

അനുവർഷം മാർച്ചു മാസത്തിലെ അവസാന ശനിയാഴ്ച പ്രാദേശിക സമയം രാത്രി 8.30 മുതൽ ഒരു മണിക്കൂർ വിളക്കുകൾ അണച്ച് “ഭൗമ മണിക്കൂർ” ആചരിക്കുന്നതിനോടനുബന്ധിച്ച് ഈ ശനിയാഴ്‌ച (27/03/21) “ഭൗമമണിക്കൂർ” (#EarthHour), “ലൌദാത്തൊസീ” (#LaudatoSi) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“മറ്റു ജീവജാലങ്ങൾക്ക് ദൈവമുമ്പാകെ ഒരു മൂല്യമുണ്ടെന്ന് തിരിച്ചറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു, അവയുടെ ലളിതമായ അസ്തിത്വം വഴി അവ അവിടത്തെ ധന്യമാക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു, എന്തെന്നാൽ, കർത്താവ് തൻറെ പ്രവൃത്തികളിൽ സന്തോഷിക്കുന്നു (സങ്കീ 104,31)” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ കുംഭഗോപുരത്തെയും മുഖപ്പിനെയും പ്രദീപ്തമാക്കുന്ന വിളക്കുകൾ, “ഭൗമമണിക്കൂർ” ആചരണത്തിൻറെ ഭാഗമായി,  ശനിയാഴ്‌ച (27/03/21) രാത്രി പ്രാദേശിക സമയം രാത്രി 8.30 മുതൽ 9.30 വരെ അണയ്ക്കും.

2007-ൽ  ആസ്ത്രേലിയായിലെ സിഡ്നിയിലാണ് “ഭൗമമണിക്കൂർ” ആചരണത്തിന് തുടക്കമിട്ടത്. പ്രകൃതിക്കായുള്ള ആഗോള നിധിയുടെ (World Wide Fund for Nature -WWF)) ആഭിമുഖ്യത്തിലാണ് ഈ ആചരണം നടക്കുന്നത്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2021, 16:45