“നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം
- ഫാദർ വില്യം നെല്ലിക്കൽ
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ഉയിർപ്പു ഞായർ പ്രഭാതപൂജ അർപ്പിച്ചശേഷം അതേ വേദിയിൽനിന്നുകൊണ്ടാണ് ലോകം അനുഭവിക്കുന്ന ഒരു മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 4, ഞായറാഴ്ച പ്രാദേശിക സമയം 12 മണിക്ക് ഓൺ-ലൈനായി പാപ്പാ സന്ദേശം നല്‍കിയത്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ ഏറെ പ്രൗഢമായും വൻജനാവലിയുടെ സാന്നിദ്ധ്യത്തിലും നടന്നിരുന്ന പരിപാടിയാണ് വൈറസ്ബാധമൂലം പ്രാതിനിധ്യസ്വഭാവമുള്ള ഒരു ചെറിയ വിശ്വാസസമൂഹത്തോടൊപ്പം ഇപ്പോൾ മാധ്യമങ്ങളിലൂടെ നടത്തിയത്. “ഊർബി എത് ഔർബി” സന്ദേശങ്ങൾ ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രമുള്ള ലോകശ്രദ്ധ ആകർഷിക്കുന്ന പരിപാടിയാണ്.
1. ക്രൂശിതനായ ക്രിസ്തു ഉത്ഥാനം ചെയ്തു...!
ഉത്ഥാനമഹോത്സവത്തിന്‍റെ മംഗളങ്ങൾ എല്ലാവർക്കും നേർന്നുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. “ക്രൂശിതനായ യേശു അവിടുന്നു പറഞ്ഞിട്ടുള്ളതുപോലെ ഉത്ഥാനം ചെയ്തിരിക്കുന്നു,” ഈ പ്രഭണിതം സഭയുടെ പ്രകമ്പംകൊള്ളുന്ന ക്രിസ്തുവിന്‍റെ തിരുവുത്ഥാന വിളമ്പരമാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ഈസ്റ്റർസന്ദേശം ഒരു മായാമോഹനവും അത്ഭുതകരവുമായ വെളിപ്പെടുത്തലല്ല. നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമകരമായ അവസ്ഥയിൽനിന്ന് രക്ഷപ്പെടുവാനുള്ള വഴി അത് ചൂണ്ടിക്കാട്ടുന്നുമില്ല. സാമൂഹിക-സാമ്പത്തിക പ്രതിസന്ധി തുടരുമ്പോഴും, മഹാവ്യാധി പടർന്നു പിടിക്കുകയാണ്. ഭൂരിപക്ഷംവരുന്ന പാവങ്ങളായ ജനങ്ങളാണ് എവിടെയും ക്ലേശിക്കുന്നത്. ഇതൊക്കെയാണെങ്കിലും ലോകത്തുള്ള സായുധ സംഘർഷങ്ങൾ ഒന്നും അവസാനിക്കുന്നുമില്ല. രാജ്യങ്ങൾ ആയുധക്കോപ്പുകൾ സംഭരിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് വിവാദത്തിന് വഴിതെളിക്കാൻ സാദ്ധ്യതയുണ്ടെന്ന് പാപ്പാ താക്കീതുനല്കി.
2. പ്രത്യാശയുടെ സന്ദേശം
ഇക്കാര്യത്തെക്കുറിച്ച് കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാൽ സങ്കീർണ്ണമായ യാഥാർത്ഥ്യത്തിനു മുന്നിൽ മനുഷ്യർ നിരാശപ്പെടുത്തുമ്പോഴും, പ്രത്യാശ നല്കുന്ന സംഭവമാണ് സംക്ഷിപ്തമായ ഉയിർപ്പു സന്ദേശം, “ക്രൂശിതനായ ക്രിസ്തു ഉയിർത്തിരിക്കുന്നു.” അത് നമ്മോട് പറയുന്നത് മാലാഖമാരെക്കുറിച്ചും ഭൂതങ്ങളെക്കുറിച്ചുമല്ല, മറിച്ച് മുഖവും പേരുമുള്ള, മാംസവും അസ്ഥിയുമുള്ള യേശു എന്ന മനുഷ്യനെക്കുറിച്ചാണ്. ദൈവപുത്രനായ ക്രിസ്തുവാണ് താനെന്ന് അവകാശപ്പെട്ടതിന്‍റെ പേരിൽ പൊന്തിയൂസ് പീലാത്തോസിന്‍റെ ഭരണത്തിൻ കീഴിൽ ക്രൂശിതനായ യേശു, മൂന്നാം ദിവസം ഉയിർത്തുവെന്ന് സുവിശേഷവും തിരുവെഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു. ഇത് അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് മുമ്പേ പറഞ്ഞിരുന്നതാണെന്നും സുവിശേഷം എടുത്തുപറയുന്നുണ്ട്.
മരിച്ചവരിൽനിന്ന് ഉയിർത്തത് മറ്റാരുമല്ല, ക്രൂശിതനായ യേശുവാണ്. പിതാവായ ദൈവം തന്‍റെ പുത്രനെ ഉയിർപ്പിച്ചത് അവിടുന്നു തന്‍റെ തിരുവുള്ളം നിറവേറ്റിയതിനാലാണ്. നമ്മുടെ ബലഹീനതകളും ദൗർബല്യങ്ങളും, എന്തിന് മരണംപോലും യേശു സ്വയം വരിച്ചു. നമ്മുടെ പാപഭാരവും യാതനകളും അവിടുന്ന് സ്വയം സഹിച്ചു. ഇതു കാരണമാണ് പിതാവായ ദൈവം അവിടുത്തെ ഉയിർപ്പിച്ചത്. അതിനാൽ യേശു ക്രിസ്തു ഇപ്പോൾ എക്കാലവും ജീവിക്കുന്നു. അവിടുന്ന് നമ്മുടെ നാഥനായി വാഴുന്നു.
പ്രധാനപ്പെട്ട ഒരു വിശദാംശം ഉത്ഥാനംചെയ്ത ക്രിസ്തുവിന്‍റെ ദൃക്സാക്ഷികൾ നല്‍കുന്നുണ്ട്. പാദങ്ങളിലും കൈകളിലും വിലാവിലും അവിടുത്തെ മുറിവുകൾ ഉയിർപ്പിനു ശേഷവുമുണ്ട്. നമ്മളോടുള്ള - മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്‍റെ ശാശ്വതമായ മുദ്രയാണ് ഈ മുറിപ്പാടുകൾ. വേദനാജനകമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവർക്കും, ശരീരത്തിലാണെങ്കിലും മനസ്സിലാണെങ്കിലും ഈ തിരുമുറിവുകളിൽ അഭയം കണ്ടെത്താം. അതിലൂടെ നമ്മെ ഒരിക്കലും നിരാശരാക്കാത്ത പ്രത്യാശയുടെ അനുഗ്രഹം സ്വീകരിക്കുവാനും സാധിക്കുമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.
3. ഒരു മഹാവ്യാധിയുടെ പീഡകൾ
മഹാവ്യാധിയുടെ പീഡകൾ തുടർന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഉത്ഥിതനായ ക്രിസ്തു പ്രത്യാശയാണ് - കോവിഡ് രോഗബാധിതർക്കും പ്രിയപ്പെട്ടവരെ നഷ്ടമായവർക്കും അത് ഒരുപോലെയാണ്. ദൈവം അവർക്ക് സാന്ത്വനം നല്‍കട്ടെ. ഡോക്ടർമാരുടേയും നഴ്സുമാരുടേയും ധീരമായ ശ്രമങ്ങൾക്ക് അവിടുന്നു പിൻബലം നല്കുമാറാകട്ടെ. എല്ലാവർക്കും, പ്രത്യേകിച്ച് നമുക്കിടയിലുള്ള തീരെ ബലഹീനരായവർക്ക് സഹായം ആവശ്യമുണ്ട്. ആവശ്യമായ പരിചരണം ലഭിക്കാൻ അവർക്ക് അവകാശമുവുണ്ട്.
മഹാവ്യാധിയോട് പോരാടുവാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു ഈ സന്ദർഭത്തിൽ ഇത് കൂടുതലായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തിൽ കുത്തിവയ്പുകൾ അത്യന്താപേക്ഷിതമായ ആയുധമാണെന്ന് പാപ്പാ പ്രസ്താവിച്ചു. എല്ലാ രാജ്യാന്തര സമൂഹങ്ങളോടും താൻ അഭ്യർത്ഥിക്കുകയാണ്, അതിനാൽ ആഗോള ഉത്തരവാദിത്വത്തിന്‍റെ ആർജ്ജവത്തോടെ കുത്തിവയ്പു-മരുന്നു വിതരണത്തിലുള്ള തടസ്സങ്ങൾ നീക്കാൻ പ്രതിബദ്ധത കാട്ടണമെന്നും, പ്രത്യേകിച്ചും ദരിദ്രരാഷ്ട്രങ്ങൾക്ക് അത് വേഗത്തിൽ ലഭ്യമാക്കണമെന്നും പാപ്പാ അപേക്ഷിച്ചു.
4. മറ്റു ജീവിതക്ലേശങ്ങൾ
തൊഴിൽ നഷ്ടമായവർക്കും, ഗുരുതരമായ സാമ്പത്തിക വിഷമതകൾ അനുഭവിക്കുന്നവർക്കും, മതിയായ സാമൂഹിക സുരക്ഷിതത്വത്തിന്‍റെ അഭാവമുള്ളവർക്കും ക്രൂശിതനും ഉത്ഥിതനുമായ ദൈവം സമാശ്വാസമാണ്. അന്തസ്സുറ്റ ഒരു ജീവിതനിലവാരം കൈവരിക്കുന്നതിന് എല്ലാവർക്കും, പ്രത്യേകിച്ച് ഏറ്റവും അശരണരായ കുടുംബങ്ങൾക്ക് സഹായം നല്കുവാൻ അവിടുന്ന് ഭരണാധികാരികളേയും അധികൃതരേയും പ്രചോദിപ്പിക്കണമേയെന്ന് പാപ്പാ പ്രാർത്ഥിച്ചു. കാരണം നിരാശയിൽ കഴിയുന്നവരുടേയും പാവങ്ങളായവരുടേയും എണ്ണം ഈ മഹാവ്യാധിമൂലം ഭീമമായി ലോകത്തു വർദ്ധിച്ചുവെന്ന ദുഃഖസത്യവും പാപ്പാ ചൂണ്ടിക്കാട്ടി.
5. ഹായ്ത്തിയെ അനുസ്മരിച്ചു
“എല്ലാ വിഭാഗക്കാരായ പാവങ്ങളും പ്രത്യാശയോടെ അവരുടെ ജീവിതങ്ങൾ പുനരാവിഷ്ക്കരിക്കണം,” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ ഹായിത്തിയിൽ പ്രസ്താവിച്ചത് പാപ്പാ ഉദ്ധരിച്ചു. ഹായിത്തിയിലെ ജനങ്ങൾ ഇന്നും ജീവിതക്ലേശങ്ങളിൽ അമർന്നുപോകാതെ ആത്മവിശ്വാസത്തോടും പ്രത്യാശയോടുംകൂടെ ഭാവിയിലേയ്ക്കു തിരിയണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
6. മ്യാന്മാറിലെ യുവജനങ്ങൾക്കൊപ്പം
നീണ്ടകാലം ഇപ്പോൾ വിദ്യാലയങ്ങളിൽപ്പോകാതെയും കൂട്ടുകാരില്ലാതെയും ഒറ്റപ്പെട്ടും അടച്ചുപൂട്ടിയും ജീവിക്കുമ്പോൾ തങ്ങളുടെ വളർച്ചയുടെ ഘട്ടത്തിൽ യുവജനങ്ങൾക്കും കുട്ടികൾക്കും അവരുടെ സമപ്രായക്കാരായ കൂട്ടുകാരുടെ സാന്നിദ്ധ്യവും സാമീപ്യവും ആവശ്യമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. മാധ്യമ ശ്രൃംഖലകളിലൂടെ മാത്രമുള്ള അയാഥാർത്ഥ്യമായ ബന്ധങ്ങൾക്ക് അർത്ഥമില്ലെന്നു പ്രസ്താവിച്ച പാപ്പാ, ലോകത്തുള്ള സകല യുവജങ്ങൾക്കും, പ്രത്യേകിച്ച് ജനാധിപത്യ സംവിധാനങ്ങൾ മ്യാന്മാറിൽ പുനർസ്ഥാപിക്കുവാൻവേണ്ടി പോരാടുന്ന യുവജനങ്ങളുടെ ചാരത്ത് താനുണ്ടെന്നും പ്രസ്താവിച്ചു. വെറുപ്പിനെ സ്നേഹംകൊണ്ടേ കീഴടക്കാനാകൂവെന്നും, അതിനാൽ എവിടെയും നീതിക്കായുള്ള പോരാട്ടത്തിന്‍റെ ശബ്ദവും സമാധാന പൂർണ്ണവുമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
7. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും
യുദ്ധത്തിൽനിന്നും കൊടും പട്ടിണിയിൽനിന്നും ഒളിച്ചോടുന്ന അഭയാർത്ഥികൾക്ക് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദിവ്യപ്രഭ നവജീവന്‍റെ പ്രത്യാശപകരട്ടെയെന്നു തുടർന്ന് ആശംസിച്ചു. കാൽവരിയിലിയേക്കുള്ള തന്‍റെ യാത്രയിൽ ശാരീരികവും മാനസികവുമായ വേദനയാൽ മുഖം വികൃതമായും കുരിശിന്‍റെ ഭാരത്താൽ പ്രഭ മങ്ങിയിരുന്നത് വേദനിക്കുന്ന അഭയാർത്ഥികളിൽ കാണുവാൻ സാധിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ലോകം ഉത്ഥാനനാളിൽ ആഘോഷിക്കുന്ന മരണത്തിന്‍റെമേലുള്ള ജീവന്‍റെ വിജയംപോലെ വേദനിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യത്തിന്‍റേയും മാനവ സാഹോദര്യത്തിന്‍റേയും പിൻതുണ ഉണ്ടാവണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. യഥാർത്ഥമായ ജീവിതക്ലേശങ്ങളാൽ അഭയാർത്ഥികളും കുടിയേറ്റക്കാരുമായി രാജ്യാതിർത്തികൾ കടന്നെത്തുന്നവരെ സ്വീകരിക്കുന്ന ഭരണാധികാരികൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.
8. ഓടി രക്ഷപ്പെടുന്ന സിറയൻ ജനത
സിറിയയിലെ സംഘർഷാവസ്ഥയിൽനിന്നും ഒളിച്ചോടുന്നു ആയിരങ്ങളെ ലെബനോനും ജോർദ്ദാനും സ്വീകരിക്കുന്നതിലുള്ള ചാരിതാർത്ഥ്യവും പാപ്പാ ഫ്രാൻസിസ് വാക്കുകളിൽ രേഖപ്പെടുത്തി. ആയിരങ്ങൾ മനുഷ്യത്വത്തിന് ഇണങ്ങാത്ത അധോഗതിയിൽ ജീവിക്കേണ്ടി വരുന്ന അവസ്ഥയിലാക്കിയ യുദ്ധവും കലാപവും കീറിമുറിച്ച സിറിയയിലെ സായുധപോരാട്ടങ്ങൾക്ക് നമ്മുടെ സമാധാനമായ ക്രിസ്തു അറുതിവരുത്തട്ടെയന്നും പാപ്പാ പ്രാർത്ഥിച്ചു.
9. ലബനോന്‍റെ ദുഃഖം
അനിശ്ചിതത്വത്തിന്‍റേയും ജീവിത ക്ലേശങ്ങളുടേയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ലബനോൺ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സഹായത്താൽ സമാശ്വാസം അനുഭവിക്കുകയും, രാജ്യാന്തര സമൂഹത്തിൽനിന്നും ലഭിക്കുന്ന പിൻതുണയോടെ ദൈവനിയോഗത്താൽ കൂട്ടായ്മയുടേയും സഹവർത്തിത്വത്തിന്‍റേയും സാന്ത്വത്തിന്‍റേയും ഒരു നാടായിരിക്കുവാനുള്ള കൃപ അവർക്കു നല്കണമേയെന്നും പാപ്പാ പ്രാർത്ഥിച്ചു.
10. യമനും ലിബിയയും
യെമന്‍റെ പൊള്ളയായ നിശ്ശബ്ദത കാതടപ്പിക്കുന്നതും ഉതപ്പുനല്കുന്നതുമാണ്. ഒരു പതിറ്റാണ്ടു നീണ്ട രക്തച്ചൊരിച്ചിലും സായുധ പോരാട്ടവും കെട്ടടങ്ങുന്ന ലിബിയയിലും ഇന്ന് പ്രത്യാശയ്ക്കു വക നല്‍കുന്നുണ്ടെന്നു പാപ്പാ സൂചിപ്പിച്ചു.
സംഘട്ടനങ്ങൾ ഫലത്തിൽ ഇല്ലാതാക്കാൻ വഴിതെളിച്ച എല്ലാ കക്ഷികളും കൈകോർത്ത് കലാപങ്ങളാൽ ക്ഷീണിതരായ ജനങ്ങൾ ഇനിയെങ്കിലും സമാധാനം ആസ്വദിക്കുകയും അവരവരുടെ രാജ്യങ്ങൾ പുനരാവിഷ്ക്കരിക്കുവാൻ ഇടയാവട്ടെയെന്നും പാപ്പാ ആശംസിച്ചു.
11. വിശുദ്ധനാടിനെക്കുറിച്ച്
ഉയിർപ്പിനെക്കുറിച്ചുള്ള ചിന്ത നമ്മെ ജരൂസലത്തേയ്ക്കാണ് സ്വാഭാവികമായും നയിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. വിശുദ്ധനാട്ടിൽ സമാധാനം വളരണമെന്നും, അക്രമവും സായുധപോരാട്ടങ്ങളും വെടിഞ്ഞ് പലസ്ഥീൻ ഇസ്രായേൽ - സ്വതന്ത്രമായ രണ്ടും അയൽരാജ്യങ്ങളായി വളരാൻ ഇടയാകട്ടെയുന്നും പാപ്പാ തുറന്നു പ്രസ്താവിച്ചു.
12. ഇറാഖിലെ ജനങ്ങൾ
തുടർന്ന് മാർച്ചു മാസത്തിൽ താൻ സന്ദർശിച്ച ഇറാഖിനെക്കുറിച്ചായിരുന്നു പരാമർശം. സമാധാന വഴികളിൽ ഇറാഖി ഇനിയും വളർന്ന്, എല്ലാ ജനതകളെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയുംചെയ്യുന്ന, പ്രത്യേകിച്ച് നാടുകടത്തപ്പെട്ടവരെ ആശ്ലേഷിക്കുന്ന ഒരു നല്ല മാനവസമൂഹമാവട്ടെ അത്, ഇറാഖെന്ന് പാപ്പാ ആശംസിച്ചു.
13. കറുത്ത ഭൂഖണ്ഡം
ആഫ്രിക്കൻ ജനത ഉത്ഥിതനായ ക്രിസ്തുവിന്‍റെ കരുത്ത് ആശ്ലേഷിച്ച് രാജ്യാന്തര ഭീകര സംഘങ്ങളിൽനിന്നും ആഭ്യന്തര കലാപങ്ങളിൽനിന്നും സംരക്ഷികപ്പെടണമെന്നും, സാഹേൽ, നൈജീരിയ, തീഗ്രേ, കാബോ ദെൽഗാദോ എന്നീ രാജ്യങ്ങളെ പേരെടുത്തു പറഞ്ഞ് പാപ്പാ പ്രാർത്ഥിച്ചു. കൂടാതെ അന്നാടുകളിൽ മനുഷ്യാവകാശവും ജീവനോടുള്ള ആദരവും സാഹോദര്യവും സംവാദവും വർദ്ധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
14. യുദ്ധക്കൊതി അവസാനിപ്പിക്കണമെന്ന്...
തുടർന്ന് ലോകത്തു നടമാടുന്ന യുദ്ധങ്ങൾ ഇല്ലാതാകാൻ മനുഷ്യരുടെ യുദ്ധശൗര്യം കുറക്കണമേയെന്നാണു പ്രാർത്ഥിച്ചതും ആശംസിച്ചതും. ഉക്രെയിൻ, നഗോർണോ-കാരാബാക് എന്നീ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളാൽ തടങ്ങലിലാക്കപ്പെട്ടവർ മോചിതരാകണമെന്നും, രാഷ്ട്രത്തലവന്മാരുടെ നവമായ സായുധനീക്കങ്ങൾക്കുള്ള ത്വര ഇല്ലാതാക്കണമേയെന്നും ആശംസിച്ചു.
ഏപ്രിൽ 4, യുഎൻ കുഴിബോംബിന്, mine bombs എതിരായ രാജ്യാന്തര ദിനം ആചരിക്കുമ്പോൾ, നിർദ്ദോഷികളുടെ ജീവൻ അപഹരിക്കുകയും വിനാശം വിതയ്ക്കുകയും ചെയ്യുന്ന ആയുധങ്ങൾ ഇല്ലാതാക്കി ലോകത്തെ ജീവന്‍റെ പാതയിൽ നയിക്കണമേയെന്ന് പാപ്പാ പ്രാർത്ഥിച്ചു. മാരാകായുധങ്ങൾ ഇല്ലാത്തൊരു ലോകം എത്രയോ സുന്ദരമായിരിക്കുമെന്നും പാപ്പാ ഉണർത്തിച്ചു.
15. മതസ്വാതന്ത്ര്യം മാനിക്കപ്പെടണം
ഈ വർഷം ഉയിർപ്പ് ആഘോഷത്തിനുപോലും സ്വാതന്ത്ര്യമില്ലാതെ ദേവാലയ ശുശ്രൂഷകൾ മുടങ്ങിയ നിരവധി രാജ്യങ്ങളുണ്ട്. ആരാധനയ്ക്കും മതസ്വാന്ത്ര്യത്തിനുമുള്ള വിലക്കുകൾ മാറ്റി ന്യായമായി പ്രാർത്ഥിക്കുവാനും ദൈവത്തെ സ്തുതിക്കുവാനുമുള്ള സ്വാതന്ത്ര്യം ജനതകൾക്കു നല്കണമെന്ന് പാപ്പാ പൊതുവായി അഭ്യർത്ഥിച്ചു.
വിവിധ തരത്തിലുള്ള ജീവിതക്ലേശങ്ങൾ അനുഭവിക്കുന്ന ഇക്കാലഘട്ടത്തിൽ, ക്രിസ്തുവിന്‍റെ മുറിവുകളാൽ സൗഖ്യപ്പെട്ടവരാണ് ക്രൈസ്തവ മക്കൾ എന്ന പത്രോശ്ലാഹായുടെ ആദ്യലേഖനത്തിലെ വചനം പാപ്പാ ഉദ്ധരിച്ചു (1 പത്രോസ് 2, 24). ഉത്ഥിതന്‍റെ ആത്മീയ കരുത്തിനാൽ ജീവിതവ്യഥ്യകളെ രൂപാന്തരപ്പെടുത്തിയവരാണ് ക്രൈസ്തവമക്കൾ. അതിനാൽ മരണത്തിന്മേൽ ജീവനും, വിലാപത്തിൽ സമാശ്വാസവും ആർജ്ജിക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കുരിശിനെ ആശ്ലേഷിച്ച ക്രിസ്തുവിന്‍റെ ആത്മീയശക്തിയാൽ മാനുഷിക യാതനകൾക്ക് അർത്ഥം കണ്ടെത്തുന്ന സൗഖ്യദാനത്തിന്‍റെ ചൈതന്യം ലോകത്ത് എവിടെയും പ്രബലപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. എന്നിട്ട് സകലർക്കും സമാധാനപൂർണ്ണമായ ഈസ്റ്റർ ആശംസകൾ നേർന്നു.
16. ദണ്ഡവിമോചന ഫലപ്രാപ്തി
പാപ്പായുടെ സന്ദേശത്തിന് നന്ദിപറഞ്ഞ കർദ്ദിനാൾ സംഘത്തലവൻ, അഭിവന്ദ്യ കർദ്ദിനാൾ ബത്തീസ്ത റേ, വിവിധ മാധ്യമങ്ങളിലൂടെയും അല്ലാതെ നേരിട്ടും ഒരുക്കത്തോടെ പങ്കെടുത്ത എല്ലാവർക്കും പൂർണ്ണദണ്ഡവിമോചന പ്രാപ്തിയുള്ള അപ്പസ്തോലിക ആശീർവ്വാദം നല്കണമേയെന്ന് അഭ്യർത്ഥിച്ചു. കൂടാതെ സഭയെയും ലോകത്തെയും സമാധാനത്തിന്‍റെ വഴികളിൽ നയിക്കാൻ ആവശ്യമായ കരുത്തും ആയുസ്സും ആയുരാരോഗ്യവും പാപ്പായ്ക്കു നല്കണമെയെന്നു പ്രാർത്ഥിക്കണമെന്നും എല്ലാവരെയും ഓർപ്പിച്ചു. തുടർന്ന് പാപ്പാ അപ്പസ്തോലിക ആശീർവ്വാദം നല്കിയതോടെയാണ്... 2021-ലെ ഈസ്റ്റർ ഊർബി എത് ഓർബി, നഗരത്തിനും ലോകത്തിനും എന്ന സന്ദേശ പരിപാടി സമാപിച്ചത്.
ഗാനം ആലപിച്ചത് കെസ്റ്ററും ബിജു നാരായണനുമാണ്. ഗാനരചന പ്രഫസർ മാത്യു ഉലകംതറ, സംഗീതം ജെറി അമൽദേവ്.
ഉത്ഥാനമഹോത്സവ നാളിൽ പാപ്പാ ഫ്രാൻസിസ് നല്കിയ "ഊർബി എത് ഓർബി" പരിപാടിയുടെ റിപ്പോർട്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: