തിരയുക

ഫ്രാൻസീസ് പാപ്പാ “മേത്തെർ” (Meter) സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 15/05/2021 ഫ്രാൻസീസ് പാപ്പാ “മേത്തെർ” (Meter) സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 15/05/2021 

പാപ്പാ:ബാലപീഡനം "മാനസിക കൊലപാതകം"!

ശിശുക്കളോടും അശരണരോടുമുള്ള സഭയുടെ സ്നേഹത്തെ ദൃശ്യമാക്കിത്തീർക്കുന്നതാണ് "മേത്തെർ" സംഘടനയുടെ പ്രവർത്തനമെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഒരുതരം “മാനസിക കൊലപാതക”മാണെന്നും പലപ്പോഴും ബാല്യത്തെത്തന്നെ ഇല്ലായ്മ ചെയ്യലാണെന്നും മാർപ്പാപ്പാ.

കുട്ടികളുടെ സംരക്ഷണത്തിനും, ഇൻറർനെറ്റ് സംവിധാനങ്ങളിലൂടെ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരകളാക്കുന്നതിും കുട്ടികളുടെ ചിത്രങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനുമെതിരെ പോരാടുന്നതിനും വേണ്ടി 1989 മുതൽ ഇറ്റലിയുടെ വ്യവസ്ഥാപിത സുരക്ഷാ സംവിധാനങ്ങളോടു സഹകരിച്ചു പ്രവർത്തിക്കുന്ന “മേത്തെർ” (Meter) എന്ന സംഘടനയുടെ സ്ഥാപകാദ്ധ്യക്ഷനായ വൈദികൻ ഫൊർത്തുണാത്തൊ ദി നോത്തൊ (Don Fortunato Di Noto) ഉൾപ്പടെ അമ്പതോളം പ്രതിനിധികളെ ശനിയാഴ്ച (15/05/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ശിശുക്കളോടും അശരണരോടുമുള്ള സഭയുടെ സ്നേഹത്തെ ദൃശ്യമാക്കിത്തീർക്കുന്നതാണ് ഈ സംഘടനയുടെ പ്രവർത്തനമെന്ന് പാപ്പാ പറഞ്ഞു.

ഈ സംഘടനയെ ഒരു ഭവനത്തോടു ഉപമിക്കാമെന്നും, കാരണം, ഭവനം എന്നു പറയുമ്പോൾ, പ്രത്യേകിച്ച് ആശങ്കയുടെയും വേദനയുടെയും വേളകളിൽ, സ്നേഹോഷ്മളതയും വാത്സല്യവും ആർദ്രതയും ആവിഷ്കൃതമാകുന്ന കുടുംബത്തിൻറെതായ ഒരു പരിമളം ഉണ്ടെന്നും പാപ്പാ വിശദീകരിച്ചു. 

കുട്ടികളെ ബലിയാടുകളാക്കുന്ന പീഡനങ്ങൾ ദൗർഭാഗ്യവശാൽ ഇപ്പോഴും നടക്കുന്നതിനാൽ “മേത്തെർ” എന്ന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ പൂർവ്വോപരി ഇന്ന് അനിവാര്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുകയും കുട്ടികളെ വില്പനച്ചരക്കാക്കുകയും അവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുകയും ചെയ്യുക എല്ലാ രാഷ്ട്രങ്ങളുടെയും കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അയൽക്കാരനോടുള്ള സ്നേഹത്തെ ദൈവത്തിനു നമ്മോടും നമുക്കു ദൈവകത്തോടുമുള്ള സ്നേഹത്തിൽ നിന്ന് വേറിട്ടു നിറുത്താനാകില്ലെന്നും, ആകയാൽ “മേത്തറിൻറെ” അനുദിന പ്രവർത്തനങ്ങളെ ദൈവവുമായുള്ള ദൈനംദിന ബന്ധത്തിൽ, അതായത്, വ്യക്തിപരവും സാമൂഹ്യവുമായ പ്രാർത്ഥന, ദൈവവചന ശ്രവണം, വിശിഷ്യ, വിശുദ്ധകുർബ്ബാന എന്നിവയിൽ, വേരുറപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2021, 15:22