പാപ്പാ: അനാരോഗ്യപരമായ ഒരു ലോകത്തിൽ ആരോഗ്യപരമായ ഒരു ജീവിതം അസാധ്യം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കോൺസ്റ്റാന്റിനോപ്പിൾ സഭാ തലവൻ പരിശുദ്ധ ബർത്തലോമിയോയ്ക്കും അവരുടെ പരിശുദ്ധ സിനഡിനും തങ്ങളോടൊപ്പമായിരിക്കാൻ അവരെ അയച്ചതിനും അവരുടെ സന്ദർശനത്തിനും നന്ദി രേഖപ്പെടുത്തി.
നമ്മെ എല്ലാവരേയും ബാധിച്ച കോവിഡിന്റെ പ്രതിസന്ധിയിൽ നിന്ന് ഇനിയും പുറത്തുവരാൻ ലോകം കഷ്ടപ്പെടുന്ന പശ്ചാത്തലത്തിലാണ് തിരുനാളാഘോഷങ്ങൾ എങ്കിലും അതിനേക്കാൾ മാരകമായ പ്രതിസന്ധി കോവിഡ് നൽകിയ പാഠങ്ങളിൽ നിന്ന് നാം പഠിക്കാത്തതാണ് എന്ന് പാപ്പാ ഖേദം പ്രകടിപ്പിച്ചു. അനാരോഗ്യപരമായ ഒരു ലോകത്തിൽ ആരോഗ്യപരമായ ഒരു ജീവിതം അസാധ്യമാണെന്നും എവിടെയാണ് നമുക്ക് തെറ്റിയെതെന്നും കണ്ടുപിടിക്കാനുള്ള എളിയ പാഠമാണ് കോവിഡ് നൽകുന്നത്. എന്നാൽ ആഗോള അനീതിയോടും ദരിദ്രരുടെ നിലവിളിയോടും ഭൂമിയുടെ അപകടകരമായ ആരോഗ്യത്തോടും പ്രതികരിക്കാതെ നമ്മുടെ വ്യാജ സുരക്ഷിതത്വങ്ങളിൽ ആശ്രയിച്ചുകൊണ്ടു സ്വന്തം സമ്പാദ്യവും താല്പര്യങ്ങളും പിൻചെല്ലുന്ന നമ്മുടെ പഴയ സാധാരണതകളിലേക്ക് തിരിച്ചു പോകാൻ കഴിയുമെന്നു കരുതുന്നത് ഒരു വിവേകശൂന്യമായ മുഖാവരണമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ഇവയെല്ലാം ക്രൈസ്തവരായ നമ്മോടു പറയുന്നത് ഒന്നും സംഭവിക്കാത്തതുപോലെ പഴയതുതന്നെ ചെയ്തു കൊണ്ടു മുന്നോട്ടു പോകാമോ എന്ന് ചിന്തിക്കാനും ഈ പ്രതിസന്ധിയുടെ വെല്ലുവിളികൾ ഏറ്റെടുക്കാനുമാണ്. പ്രതിസന്ധി എന്ന പദത്തിൽ യഥാർത്ഥത്തിൽ നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ ഒരു വിധി ഉൾപ്പെടുന്നുണ്ട്, തളിക്കളയേണ്ട പതിരിൽ നിന്ന് ധാന്യം വേർതിരിക്കുന്ന കർഷകനെക്കുറിച്ചാണ് പുരാതനമായി ഇത് ഉപയോഗിച്ചിരുന്നത്. അതുപോലെ ഇന്നത്തെ പ്രതിസന്ധി നമ്മെ നമ്മൾ ചെയ്യുന്നവയിലെല്ലാം കടന്നു പോകുന്നതും നിലനിൽക്കുന്നതും തമ്മിൽ തിരിച്ചറിയാനും, വിവേചിച്ചറിയാനും അരിച്ചെടുക്കാനും കഴിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വി. പൗലോസപ്പോസ്തലൻ പഠിപ്പിക്കുന്നതു പോലെ സ്നേഹമാണ് നിലനിൽക്കുന്നതെന്നും മറ്റുള്ളതെല്ലാം കടന്നു പോകുമെന്നും (1 Cor 13, 8) നമ്മൾ വിശ്വസിക്കുന്നു. നമ്മുടെ വ്യക്തിപരമായ വികാരങ്ങളിലും ആഗ്രഹങ്ങളിലും അടഞ്ഞ കാല്പനീക സ്നേഹത്തിനപ്പുറം യേശുവിന്റെ മാതൃകയിലുള്ള മൂർത്തമായ സ്നേഹമാണ് നിലനിൽക്കുക. ഈ സ്നേഹത്തിന്റെ വിത്താണ് മണ്ണിൽ വീണലിഞ്ഞ് ജീവൻ നൽകുന്നതെന്നും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. ആ സ്നേഹം സകലതും വഹിക്കും, വിശ്വസിക്കും, പ്രത്യാശിക്കും, സഹിക്കും. (വാക്യം 5.7) സുവിശേഷം വാഗ്ദാനം ചെയ്യുന്ന ഫലഭൂയിഷ്ഠത ഉദാരമായി മറ്റുള്ളവരോടൊപ്പം പങ്കുവയ്ക്കുന്നവർക്കും എളിമയാർന്ന സേവന മനോഭാവത്തോടെ സമൃദ്ധമായും സ്വാതന്ത്ര്യത്തോടെയും വിതക്കുന്നവർക്കുമാണ്, ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു.
പരിപൂർണ്ണ ഐക്യത്തിന്റെ പാതയിലുള്ള ക്രൈസ്തവരായ നമുക്ക് ഈ പ്രതിസന്ധിയെ ഗൗരവപരമായി കാണുക എന്നാൽ എങ്ങനെ മുന്നോട്ട് പോകണമെന്ന അന്വേഷണമാണ്. എല്ലാ പ്രതിസന്ധിയും ഒരു നാൽകവലയാണ്. ഇവിടെ നമ്മുടെ സ്വന്തം സുരക്ഷിതത്വവും ഇഷ്ടവും തേടി നമുക്ക് ഉൾവലിയാം അല്ലെങ്കിൽ മറ്റുള്ളവർക്കായി തുറക്കാം. ഇവിടെ അപകടമുണ്ട് എന്നാൽ ദൈവത്തിന്റെ കൃപയുടെ ഫലങ്ങളുമുണ്ട് എന്ന് പറഞ്ഞു കൊണ്ട് പുരാതന മുൻവിധികളെ തകർത്ത്, ദോഷകരമായ വൈരാഗ്യങ്ങളെ മറികടന്ന് ആത്മാവിന്റെ സഹായത്തോടെ നമ്മുടെ ഐക്യശ്രമങ്ങൾക്ക് കൂടുതൽ പ്രചോദനമേകാനുള്ള സമയം അതിക്രമിച്ചില്ലേ എന്ന് പാപ്പാ ചോദ്യമുന്നയിച്ചു. സ്നേഹവും സത്യവുമാർന്ന ചർച്ചകളിലൂടെ, നമ്മൾ പരിഹരിക്കേണ്ട വ്യത്യാസങ്ങളെ അവഗണിക്കാതെ, ഒരുമിച്ച് നടന്ന് സഭകൾ തമ്മിലുള്ള ബന്ധങ്ങളുടെ ഒരു പുതിയ ഘട്ടം ആരംഭിക്കാനും മുന്നോട്ട് പോകാനും പരസ്പരം ഉത്തരവാദിത്വം വഹിക്കാനും സന്നദ്ധരാകാനുള്ള സമയം അതിക്രമിച്ചില്ലേ എന്നും ഫ്രാൻസിസ് പാപ്പാ സംശയം പ്രകടിപ്പിച്ചു. വൈവിധ്യങ്ങളിൽ നിന്ന് ഐക്യം തീർക്കുന്ന ദൈവത്തിന്റെ സർഗ്ഗാത്മക സ്നേഹമായ പരിശുദ്ധാത്മാവിനോടു വിധേയത്വമുള്ളവരായാൽ ഒരു പുതിയ സാഹോദര്യത്തിന്റെ വഴി അവൻ തുറന്നു തരുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രൈസ്തവർ തമ്മിലുള്ള വളരുന്ന ഐക്യത്തിന്റെ സാക്ഷ്യം കൂടുതൽ സർവ്വലൗകീക സാഹോദര്യം പ്രോൽസാഹിപ്പിക്കാനും പഴയ പിഴകളെ അനുരഞ്ജിപ്പിക്കാനും പല സ്ത്രീപുരുഷന്മാർക്കും പ്രത്യാശയുടെ അടയാളമാകും. മറ്റു മതപാരമ്പര്യങ്ങളുമായുള്ള സംവാദത്തിൽ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള അടുത്ത സഹകരണം ഒരു പ്രവാചക ചിഹ്നമായിരിക്കുമെന്നു ഇത്തരം സംവാദങ്ങളിൽ മുൻ നിരയിലുള്ള ശ്രേഷ്ഠനായ ഇമ്മാനുവലിന്റെ പേര് പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.
അവരുടെ സാന്നിദ്ധ്യത്തിന് നന്ദി പറയുകയും തന്റെ സത്യസഹോദരനായി കാണുകയും ചെയ്യുന്ന പരിശുദ്ധ ബർത്തോലോമിയയ്ക്ക് ഹൃദയംഗമവും ബഹുമാന പുരസരവുമായ അഭിവാദനങ്ങൾ ഫ്രാൻസിസ് പാപ്പാ അർപ്പിക്കുകയും ചെയ്തു. അടുത്ത ഒക്ടോബറിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന്റെ 13 വർഷങ്ങൾക്ക് നന്ദി പറയാനുള്ള അവസരവും അദ്ദേഹത്തിന്റെ റോമിലേക്കുള്ള വരവും കാത്തിരിക്കയാണ് താനെന്ന് അദ്ദേഹത്തെ അറിയിക്കാനും ഫ്രാൻസിസ് പാപ്പാ അവരോടു ആവശ്യപ്പെട്ടു. അപ്പോസ്തലന്മാരിലെ രാജകുമാരൻമായ വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും, അന്ത്രയാസിന്റെയും മാധ്യസ്ഥം വഴി സർവ്വശക്തനായ ദൈവം തന്റെ കരുണയിൽ നമ്മെ അനുഗ്രഹിച്ച് അവന്റെ ഐക്യത്തോടു അടുപ്പിക്കട്ടെ എന്നനുഗ്രഹിച്ചും അവരുടെ പ്രാർത്ഥനയിൽ തനിക്കും ഒരിടം നൽകണമെ എന്നഭ്യർത്ഥിച്ചും കൊണ്ടാണ് പരിശുദ്ധ പിതാവ് ഉപസംഹരിച്ചത്.
റോമാ സഭയുടെ മദ്ധ്യസ്ഥരായ വി.പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിൾ സഭയിലെ ഒരു പ്രതിനിധി സംഘം റോമിൽ എത്തുന്നതും കോൺസ്റ്റാന്റിനോപ്പിൾ സഭാ മദ്ധ്യസ്ഥനായ വി. അന്ത്രയാസിന്റെ തിരുനാളിൽ സഹോദര സഭയായ റോമിലെ സഭാ പ്രതിനിധികൾ അവിടെയെത്തുന്നതും പരമ്പരാഗതമായ ഒരു ആചാരമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: