തിരയുക

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയിൽനിന്ന് - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയിൽനിന്ന് - ഫയൽ ചിത്രം 

മാർപാപ്പായുടെ ബുഡാപെസ്റ്റ്, സ്ലോവാക്കിയ സന്ദർശനമാർഗരേഖ

അടുത്ത സെപ്റ്റംബർ 12 മുതൽ 15 വരെ നീളുന്ന, ബുഡാപെസ്റ്റിലേക്കും , സ്ലോവാക്കിയയിലേക്കുമുള്ള അപ്പസ്തോലിക യാത്രയുടെ മാർഗരേഖ പുറത്തിറങ്ങി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ 12ന്, അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിന്റെ അവസാനത്തിൽ, ബുഡാപെസ്റ്റിൽ വച്ച് നടക്കുന്ന വിശുദ്ധകുർബാന ആഘോഷവുമായി ബന്ധപ്പെട്ടാണ് മാർപാപ്പാ ബുഡാപെസ്റ്റിൽ എത്തിച്ചേരുക. അന്നേദിവസം രാവിലെ റോമിലെ ഫ്യുമിച്ചീനോ (Fiumicino) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന പാപ്പാ ഹങ്കറിയിലെ പ്രസിഡണ്ടും പ്രധാമന്ത്രിയും ഉൾപ്പെടെ, വിവിധ രാഷ്ട്രീയ, മത നേതാക്കളുമായി, പ്രത്യേകിച്ച് സഭാ എക്യൂമെനിക്കൽ സമിതികളുമായും, ചില യഹൂദമതസമൂഹങ്ങളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് നടക്കുന്ന വിശുദ്ധബലിയർപ്പണത്തിനുശേഷം മാർപാപ്പാ സ്ലൊവാക്യയിലേക്ക് യാത്രയാകും.

സെപ്റ്റംബർ പന്ത്രണ്ടാംതീയതി ഉച്ചതിരിഞ്ഞ് സ്ലോവാക്കിയയിലെ ബ്രാത്തിസ്ളാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഫ്രാൻസിസ് പാപ്പാ, പതിമൂന്നാം തീയതി വരെ തലസ്ഥാന നഗരത്തിൽ തുടരുകയും, അവിടെയും പ്രസിഡണ്ടും പ്രധാമന്ത്രിയും ഉൾപ്പെടെ, വിവിധ രാഷ്ട്രീയ, മത നേതാക്കളുമായും, തലസ്ഥാനത്തെ യഹൂദമതസമൂഹവുമായും കൂടിക്കാഴ്ച നടത്തുകയും, സഭൈക്യകൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്യും.

പതിനാലാം തീയതി, സ്ലോവാക്കിയയുടെ കിഴക്കൻനഗരമായ കോഷിത്സെയിലേക്ക് (Košice) പാപ്പാ പോകുകയും അവിടെ ബൈസന്റൈൻ ആരാധനാക്രമത്തിൽ വിശുദ്ധബലിയർപ്പിക്കുകയും ചെയ്യും. അന്നേദിവസം നാടോടികളായ ആളുകളുമായും, കുട്ടികളുമായും കണ്ടുമുട്ടിയതിനുശേഷം, പരിശുദ്ധ പിതാവ് തിരികെ തലസ്ഥാനനഗരമായ ബ്രാത്തിസ്ലാവയിലേക്ക് പോരും.

സെപ്റ്റംബർ 15ന്, ബ്രാത്തിസ്ളാവ നഗരത്തിനടുത്ത്, ഷഷ്ടിൻ (Šaštin) എന്ന സ്ഥലത്തുള്ള ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽവച്ച് മെത്രാന്മാരുമൊത്തുള്ള പ്രാർത്ഥനയ്ക്കുശേഷം വിശുദ്ധബലിയർപ്പിക്കുകയും, തുടർന്ന് ബ്രാത്തിസ്ളാവ വിമാനത്താവളം വഴി റോമിലെ ച്യമ്പീനോ (Ciampino) അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തുകയും, അവിടെനിന്ന് വത്തിക്കാനിലേക്ക് തിരികെയെത്തുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2021, 09:19