തിരയുക

പാപ്പാ ബുദാപെസ്റ്റിൽ പാപ്പാ ബുദാപെസ്റ്റിൽ 

പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക യാത്രയുടെ ആദ്യഭാഗമായി ബുദാപെസ്റ്റിലെത്തി

പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തിനാലാമത് അപ്പസ്തോലികയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ വത്തിക്കാനിൽനിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നാല് ദിവസം നീളുന്ന അപ്പസ്തോലികയാത്രയുടെ ആദ്യപടിയായി ഫ്രാൻസിസ് പാപ്പാ ഇന്ന് സെപ്റ്റംബർ 12 ഞായറാഴ്ച ബുദാപെസ്റ്റിലെത്തി. അവിടെ നടക്കുന്ന അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിന്റെ സമാപനചടങ്ങിൽ സംബന്ധിക്കുന്നതിനായാണ് അദ്ദേഹം ബുദാപെസ്റ്റിലെത്തിയത്.

ഇന്ന് രാവിലെ ഏതാണ്ട് അഞ്ചുമണിയോടെ വത്തിക്കാനിലെ സാന്താമാർത്താ ഭവനത്തിൽനിന്ന് പുറപ്പെട്ട ഫ്രാൻസിസ് പാപ്പാ റോമിലെ ഫ്യുമിച്ചീനോ (Fiumicino) അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാവിലെ 6 മണിക്ക് അല്ലിത്താലിയാ വിമാനം A320 ൽ ബുദാപെസ്റ്റിലേക്ക് യാത്രയായി. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ യാത്രയ്ക്കുശേഷം പ്രാദേശികസമയം 7.42ന് വിമാനം ബുദാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

വിമാനത്താവളത്തിൽ പാപ്പായെ സ്വീകരിക്കാൻ തദ്ദേശീയപരമ്പരാഗതവേഷം ധരിച്ച രണ്ട് കുട്ടികൾക്കൊപ്പം, ഹങ്കറിയിലെ ഉപപ്രധാനമന്ത്രി സ്സോൾട്ട് സെംയേൻ (Zsolt Semjén), ഹങ്കറിയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് മൈക്കിൾ ബ്ലും (Archbishop Michael Blume) തുടങ്ങിയവർ ഉണ്ടായിരുന്നു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ  പിയേത്രോ പരോളിനും (Cardinal Pietro Parolin), വത്തിക്കാൻ വിദേശകാര്യാലയത്തിന്റെ തലവൻ ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ക്കുമൊപ്പം (Archbishop Paul Richard Gallagher)  ഹങ്കറിയിലെ പ്രസിഡണ്ട് യാനോസ് ആദെർ (János Áder) പ്രധാമന്ത്രി വിക്റ്റർ ഓർബാൻ (Viktor Orbán), ഉപപ്രധാനമന്ത്രി സ്സോൾട്ട് സെംയേൻ (Zsolt Semjén) എന്നിവരുമായി പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തി. ബുദാപെസ്റ്റിലെ ഫൈൻ ആർട്സ് മ്യുസിയത്തിലെ റൊമാനിക് ശാലയിൽ വച്ചാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്. ഇതേത്തുടർന്ന്, ഇതേ മ്യുസിയത്തിലെ നവോത്ഥാന ശാലയിൽ വച്ച് ഹംഗറിയിലെ മെത്രാന്മാരുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. തുടർന്ന് വിവിധ മത നേതാക്കളുമായും, പ്രത്യേകിച്ച് സഭാ എക്യൂമെനിക്കൽ സമിതികളുമായും, അവിടെയുള്ള യഹൂദമതസമൂഹങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2021, 11:49