തിരയുക

യുവാക്കളിൽനിന്ന് പരിസ്ഥിതിസ്നേഹം അഭ്യസിക്കുക: ഫ്രാൻസിസ് പാപ്പാ

സെപ്റ്റംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ വീഡിയോ സന്ദേശത്തിൽ, നമ്മുടെ ജീവിതശൈലിയെയും, ഭൂമിയിലെ വിഭവങ്ങൾ ഉപയോഗിക്കുന്ന രീതിയെയും കുറിച്ച് വിചിന്തനം നടത്താനും, അതിന്റെ ഫലമായി, ഉത്തരവാദിത്വപൂർണ്ണമായ പരിചരണം, ലളിതവും ചിലവുചുരുക്കിയുള്ളതുമായ ഒരു ജീവിതം, അപരബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഒരു മാറ്റത്തിന് തയാറാകാനും, ഇവയൊക്കെ എങ്ങനെ ജീവിക്കാമെന്ന് യുവജനങ്ങളിൽനിന്ന് പഠിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യുവജനങ്ങൾ പാരിസ്ഥിതിക പുരോഗതിയുടെയും സാമൂഹികപുരോഗതിയുടെയും പദ്ധതികൾ ഏറ്റെടുക്കാൻ ധൈര്യം കാണിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും, സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും പുരോഗതി ഒരുമിച്ചാണ് പോകുന്നതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സെപ്റ്റംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങൾ ഉൾക്കൊള്ളുന്ന സ്പാനിഷ് ഭാഷയിലുള്ള വീഡിയോസന്ദേശത്തിലാണ്, പരിസ്ഥിതിയുടെ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ പറഞ്ഞത്.

യുവജനങ്ങൾ ഭൂമിയുടെ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻപന്തിയിലാണെന്നും അതുകൊണ്ടുതന്നെ മുതിർന്ന ആളുകൾക്ക് യുവാക്കളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനാകുമെന്നും പാപ്പാ അഭിപ്രായപ്പെട്ടു.

യുവാക്കൾ നൽകുന്ന മാതൃക നമുക്ക് പ്രയോജനപ്പെടുത്താമെന്നും, ഇപ്പോഴത്തെ പ്രതിസന്ധികളുടെ സമയത്ത്, പ്രത്യേകിച്ച്, ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക പ്രതിസന്ധികളുടെ മുൻപിൽ, നമ്മുടെ ജീവിതശൈലിയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ ഭക്ഷണരീതികൾ, യാത്രാമാർഗ്ഗങ്ങൾ, ജലം ഉപയോഗിക്കുന്ന രീതി, ഊർജ്ജം, പ്ലാസ്റ്റിക്ക് എന്നിവയുടെ ഉപയോഗം, മറ്റ് ഭൗതികവസ്തുക്കളുടെ ഉപയോഗം ഇവയൊക്കെ ഭൂമിയുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുന്ന കാര്യങ്ങളാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"ഒരു മാറ്റത്തിനായി നമുക്ക് തീരുമാനിക്കാം, യുവാക്കളോടൊപ്പം കൂടുതൽ ലളിതവും, പരിസ്ഥിതിസൗഹൃദപരവുമായ ഒരു ജീവിതശൈലിയിലേക്ക് നമുക്ക് നീങ്ങാം" എന്നും പാപ്പാ ആഹ്വാനം ചെയ്തു.

യുവാക്കളിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, കൂടുതൽ ലളിതവും പരിസ്ഥിതിയെ പരിപാലിക്കുന്നതുമായ ഒരു ജീവിതത്തിനായുള്ള ധൈര്യപൂർണ്ണമായതും, എന്നാൽ നമുക്ക് ഇപ്പോൾ ആവശ്യമുള്ളതുമായ തീരുമാനങ്ങൾ നാമെല്ലാവരും എടുക്കാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും, യുവജനങ്ങൾ ഇങ്ങനെയൊരു മാറ്റത്തിന് തയ്യാറാണെന്നും പാപ്പാ പറഞ്ഞു. അവർ ബുദ്ധിശൂന്യരായതുകൊണ്ടല്ല, മറിച്ച് തങ്ങളുടെ ഭാവിയെക്കുറിച്ച് പ്രതിജ്ഞാബദ്ധരായതുകൊണ്ടാണ് ഇങ്ങനെ ഒരു മാറ്റത്തിന് അവർ തയ്യാറാകുന്നതെന്നും പാപ്പാ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് നമ്മുടെ തലമുറ ഇല്ലാത്ത ഒരു നാളെയിൽ, ഇന്നത്തെ യുവജനം അവകാശമാക്കാൻ പോകുന്ന ഈ ഭൂമിയെ മാറ്റിയെടുക്കാൻ അവർ തയ്യാറാകുന്നത് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2021, 16:39