തിരയുക

ഫ്രാൻസിസ് പാപ്പാ ഗ്രീസ് രാഷ്‌ട്രപതി മന്ദിരത്തിൽ നടത്തിയ പ്രസംഗത്തിനിടയിൽ ഫ്രാൻസിസ് പാപ്പാ ഗ്രീസ് രാഷ്‌ട്രപതി മന്ദിരത്തിൽ നടത്തിയ പ്രസംഗത്തിനിടയിൽ 

ഫ്രാൻസിസ് പാപ്പാ സൈപ്രസിൽനിന്ന് ഗ്രീസിലെത്തി: മുപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ തുടർച്ച

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയഞ്ചാം അപ്പസ്തോലിക യാത്രയിൽ ഡിസംബർ മൂന്നാം തീയതി ഉച്ചമുതൽ നാലാം തീയതി ഉച്ചവരെയുള്ള കൂടിക്കാഴ്ച്ചകളുടെയും പ്രഭാഷണങ്ങളുടെയും ലഘുവിവരണം.
പാപ്പായുടെ യാത്രാവിവരണത്തിന്റെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഡിസംബർ രണ്ടാം തീയതി മുതൽ ആറാം തീയതി വരെ നീളുന്ന സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്‌തോലിക യാത്രയുടെ തുടർവിവരണമാണ് ഇവിടെ സംക്ഷിപ്തരൂപത്തിൽ നൽകിയിരിക്കുന്നത്.

യാത്രയുടെ ഇതുവരെയുള്ള സംക്ഷിപ്തരൂപം

ഡിസംബർ രണ്ട് മൂന്ന് നാല് തീയതികളിലാണ് ഫ്രാൻസിസ് പാപ്പാ സൈപ്രസിൽ ഉണ്ടായിരുന്നത്.

ഇന്ത്യയിലെ സമയവുമായി നോക്കുമ്പോൾ മൂന്ന് മണിക്കൂർ മുപ്പതു മിനിറ്റ് പിറകിലാണ് സൈപ്രസിലെയും ഗ്രീസിലേയും സമയം.

ഡിസംബർ രണ്ടിന് രാവിലെ വത്തിക്കാനിൽ നിന്ന് യാത്ര പുറപ്പെട്ട്, സൈപ്രസിലെത്തിയ ഫ്രാൻസിസ് പാപ്പാ,  ഉച്ചകഴിഞ്ഞ് നാലുമണിക്ക്, അവിടെയുള്ള സമർപ്പിതസമൂഹവുമായി മാറോണീത്ത സഭയുടെ നിക്കോസിയായിലെ കൃപയുടെ മാതാവ് എന്ന നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വച്ച് സംസാരിച്ചു. പിന്നീട് അന്നുതന്നെ വൈകുന്നേരം ആറുമണിക്ക് സൈപ്രസ് പ്രെസിഡണ്ടിന്റെ കൊട്ടാരത്തിൽ വച്ച്, രാഷ്ട്രീയ അധികാരികളുമായും, പൊതുസമൂഹപ്രതിനിധികളുമായും, സൈപ്രസിലേക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തി.

ഡിസംബർ മൂന്നിന് രാവിലെ ഒൻപത് മണിക്ക് ഫ്രാൻസിസ് പാപ്പാ സൈപ്രസിലെ ഓർത്തഡോക്സ്‌ സഭയുടെ നിക്കോസിയയിലുള്ള കത്തീഡ്രലിൽ വച്ച് ഓർത്തഡോക്സ്‌ സഭാസിനഡുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പത്തുമണിക്ക് നിക്കോസിയയിൽത്തന്നെയുള്ള ജി.എസ്.പി. സ്റ്റേഡിയത്തിൽവച്ച് പാപ്പാ വിശുദ്ധ കുർബാനയർപ്പിച്ചു. ഇതുവരെയുള്ള വിവരണങ്ങളാണ് നാം കഴിഞ്ഞ ദിവസങ്ങളിലെ പ്രക്ഷേപണങ്ങളിലൂടെ ശ്രവിച്ചത്.

ഡിസംബർ മൂന്നിന് ഉച്ചതിരിഞ്ഞ് പ്രാദേശികസമയം നാലുമണിക്ക് സൈപ്രസിൽ, ഫ്രാൻസിസ് പാപ്പാ, അഭയാർഥികളുടെ കൂടി സാന്നിധ്യത്തിൽ നടത്തിയ എക്യൂമെനിക്കൽ പ്രാർത്ഥനയുടെയും, സൈപ്രസിൽനിന്നും ഗ്രീസിലേക്കുള്ള യാത്രയുടെയും,  ഡിസംബർ നാലാം തീയതി രാവിലെ 11.45 ന് ഗ്രീസിൽ രാഷ്ട്രീയ അധികാരികളുമായും, പൗരസമൂഹപ്രതിനിധികളുമായും, ഗ്രീസിലേക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ച്ചകളുടെയും പ്രഭാഷണങ്ങളുടെയും ലഘുവിവരണമാണ് ഇന്നത്തെ പ്രക്ഷേപണത്തിൽ വത്തിക്കാൻ റേഡിയോ പങ്കുവയ്ക്കുന്നത്.

സഭൈക്യസംഭാഷണം

ഡിസംബർ മൂന്നിന് ഉച്ചതിരിഞ്ഞ് മൂന്ന് അൻപതോടെ, സൈപ്രസിലെ നൂൺഷ്യേച്ചർ നിലനിൽക്കുന്ന അതെ സമുച്ചയത്തിൽ വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിലേക്ക് പാപ്പാ പോയി. നിക്കോസിയ നഗരത്തിന്റെ പഴയ മതിലുകൾക്കുള്ളിലാണ് 1642-ൽ പണിയപ്പെട്ട ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. പിന്നീട് 1900-ത്തിലും 1989-ലും പുനർനിർമ്മിക്കപ്പെട്ട ഈ ദേവാലയത്തോട് ചേർന്ന് ഫ്രാൻസിസ്കൻ വൈദികരുടെ ഒരു ആശ്രമവുമുണ്ട്.

സൈപ്രസിലെ കത്തോലിക്കാ വിശ്വാസികൾക്ക് പ്രധാനപ്പെട്ട ഈ ദേവാലയത്തിലെത്തിയ വലിയ ഇടയനെ ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് അഭിവന്ദ്യ പിയർബാത്തിസ്ത്ത പിസ്സബാല്ല സ്വീകരിച്ചു. അഭിവന്ദ്യ പാത്രിയർക്കീസിന്റെ സ്വാഗതപ്രസംഗത്തിന് ശേഷം എഫേസൂസുകാർക്കുള്ള ലേഖനത്തിന്റെ രണ്ടാമദ്ധ്യായം പതിമൂന്ന് മുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങൾ ഇംഗ്ലീഷിൽ വായിക്കപ്പെട്ടു. വിഭജിച്ചിരുന്ന ജനങ്ങളെ, അകൽച്ചകൾ ഇല്ലാതാക്കി, പരിശുദ്ധാത്മാവിന്റെ അലയങ്ങളായി മാറ്റുന്ന ക്രിസ്തുവിനെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ എഴുതിയതാണ് ഈ ഭാഗം. അതിനെത്തുടർന്ന്, സൈപ്രസിലെ കാരിത്താസ് സംഘടനയുടെ ഒരു അംഗത്തിന്റെ സാക്ഷ്യവും ഉണ്ടായിരുന്നു. സംഗീതം ഇടകലർന്ന പ്രാർത്ഥനകൾക്ക് ശേഷം, വിവിധയിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരായ നാല് ചെറുപ്പക്കാർ തങ്ങളുടെ ജീവിതത്തെക്കുറിച്ച് സാക്ഷ്യം നൽകി.

എക്യൂമെനിക്കൽ സംഗമത്തിന്റെ പ്രധാനഭാഗമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണമായിരുന്നു പിന്നീട്.

സഹോദര്യത്തിലും സൗഹൃദത്തിലും ഈ ഭൂമിയിൽ സാധ്യമാകേണ്ട ജീവിതത്തെക്കുറിച്ചുള്ള പാപ്പായുടെ അർത്ഥസമ്പുഷ്ടമായ പ്രഭാഷണത്തിന് ശേഷം, സഭൈക്യപ്രാർത്ഥനയും തുടർന്ന് കർത്തൃപ്രാർത്ഥനയും നടന്നു. തുടർന്ന് പരിശുദ്ധ പിതാവ് എല്ലാവർക്കും ആശീർവാദം നൽകി. നൂറുകണക്കിന് കുടിയേറ്റക്കാരായ വ്യക്തികളാണ് ദേവാലയത്തിൽ ഉണ്ടായിരുന്നത്. സമ്മേളനം ഏതാണ്ട് ഒരു മണിക്കൂറിലധികം നീണ്ടു.

ദേവാലയത്തിലെ ചടങ്ങുകളെത്തുടർന്ന് അവിടെയുള്ള സമർപ്പിതരുമായി നടന്ന സ്വകാര്യകാഴ്ചയ്ക്ക് ശേഷം തിരികെ നൂൺഷ്യേച്ചറിലെത്തിയ പാപ്പാ അത്താഴം കഴിച്ചതിന് ശേഷം രാത്രി വിശ്രമിച്ചു.

ഗ്രീസിലേക്കുള്ള യാത്ര

ഈ അപ്പസ്തോലിക യാത്രയിൽ സൈപ്രസിലെ അവസാന ദിനമായ ഡിസംബർ നാലിന് രാവിലെ 6.30-ന് നൂൺഷ്യേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, അവിടെയുള്ള ആളുകളോടും, നൂൺഷ്യേച്ചറിന്റെ അഭ്യുദയകാംക്ഷികളോടും യാത്രപറഞ്ഞ്, 8.15 ന് ലാർണക്കയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. അമ്പതു കിലോമീറ്ററുകൾ അകലെയാണ് വിമാനത്താവളം. 9.10-നു വിമാനത്താവളത്തിലെത്തിയ പാപ്പായെ സൈപ്രസിന്റെ പ്രസിഡന്‍റ് നിക്കോസ് അനസ്ത്യാസ്യാദെസ് അവിടെയുള്ള വി.ഐ.പി. ശാലയിൽ സ്വീകരിച്ചു. ഇരുവരുമായുള്ള സ്വകാര്യസംഭാഷണത്തിന് ശേഷം പുറത്തിറങ്ങിയ പാപ്പായ്ക്ക് സൈനികോപചാരം നൽകപ്പെട്ടു. അവിടെയുണ്ടായിരുന്ന വിവിധ പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച പാപ്പാ പ്രാദേശികസമയം രാവിലെ ഒൻപതരയോടെ, സൈപ്രസിലെ ലാർണക്ക വിമാനത്താവളത്തിൽനിന്നും, 895 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ഗ്രീസിലെ ഏഥൻസ് വിമാനത്താവളത്തിലേക്ക് യാത്രയായി. ഒരു മണിക്കൂർ നാല്പത് മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം 11.10 ന് പാപ്പാ ഗ്രീസിലെ മണ്ണിലിറങ്ങി.

ഗ്രീസ്

ഏതാണ്ട് ഒരു കോടിയിലധികം ജനങ്ങളുള്ള ഗ്രീസിൽ ഏതാണ്ട് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം കത്തോലിക്കാരുണ്ട്. അതിരൂപതകളും, രൂപതകളും മറ്റുമായി പതിനൊന്ന് സഭാഘടകങ്ങൾ ഇവിടെയുണ്ട്. 79 ഇടവകകളും 94 വൈദികരും, നൂറിലധികം സന്ന്യാസിനീസന്ന്യാസിമാരും ഗ്രീസിലെ കത്തോലിക്കാസഭയിലുണ്ട്. 2016 ഏപ്രിൽ മാസത്തിലും ഫ്രാൻസിസ് പാപ്പാ ഗ്രീസ് സന്ദർശിച്ചിരുന്നു.

ഏഥൻസ് വിമാനത്താവളത്തിൽ, ഔദ്യോഗിക ചടങ്ങുകൾക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഭാഗത്താണ് പാപ്പായെയും വഹിച്ചുകൊണ്ടുള്ള വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ പാപ്പായെ ഗ്രീസിലേക്കുള്ള അപ്പസ്തോലിക് നൂൺഷ്യോയും ഗ്രീസിലെ പ്രോട്ടോകോൾ വിഭാഗം മേധാവിയും വിമാനത്തിലേക്ക് കയറി പാപ്പായ്ക്ക് അഭിവാദനമർപ്പിച്ചു. 2017-ൽ ഗ്രീസിലേക്ക് ഫ്രാൻസിസ് പാപ്പാ നിയമിച്ച അഭിവന്ദ്യ സാവിയോ ഹോൺ തായ് ഫായ് ആണ് അവിടുത്തെ അപ്പസ്തോലിക് നൂൺഷ്യോ.

ഗ്രീസിന്റെ വിദേശകാര്യമന്ത്രിയാണ് പാപ്പായെ വിമാനത്തിന് താഴെ സ്വീകരിക്കാനെത്തിയത്. പരമ്പരാഗത വേഷം ധരിച്ച കുട്ടികൾ പാപ്പായ്ക്ക് പുഷ്പങ്ങൾ സമ്മാനിച്ചു.

പതിവ് സൈനികോപചാരങ്ങൾക്കും വിവിധ പ്രതിനിധിസംഘങ്ങളുടെ പരിചയപ്പെടുത്തലുകൾക്കും ശേഷം, 11.35-ഓടെ പാപ്പാ വിമാനത്താവളത്തിൽനിന്നും മുപ്പത്തിയൊന്ന് കിലോമീറ്ററുകൾ അകലെ ഏഥൻസിലുള്ള രാഷ്ട്രപതിഭവനിലേക്ക് യാത്രതിരിച്ചു.

ഏഥൻസ് നഗരം.

ഏതാണ്ട് മുപ്പത്തിയൊന്ന് ലക്ഷം ആളുകൾ താമസിക്കുന്ന ഏഥൻസ് ഗ്രീസിന്റെ തലസ്ഥാനനഗരമാണ്. ഏജീന ഉൾക്കടലും മലനിരകളും അതിരുതീർക്കുന്ന വൃത്താകൃതിയിലുള്ള ഒരു സമതലത്തിലാണ് ഈ അതിപുരാതന നഗരം സ്ഥിതി ചെയ്യുന്നത്. ക്രിസ്തുവിന് മൂന്ന് സഹസ്രാബ്ദങ്ങൾക്ക് മുൻപുതന്നെ ഇവിടെ ആളുകൾ താമസിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. പൗരാണികസങ്കല്പങ്ങളിലെ അഥീന ദേവതയിൽനിന്നാണ് ഏഥൻസ് നഗരത്തിന് അതിന്റെ പേര് ലഭിച്ചത്. കലയ്ക്കും തത്വശാസ്ത്രത്തിനും പേരുകേട്ട രാജ്യമായ ഗ്രീസിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രമാണ് ഏഥൻസ്.

ഏഥൻസ് അതിരൂപത

ഏതാണ്ട് നാല്പത്തിയേഴായിരം ചതുരശ്രകിലോമീറ്ററുകളോളം ചുറ്റളവുള്ള ഒരു അതിരൂപതയാണ് ഏഥൻസ്. ഈ മഹാനഗരത്തിലെ കത്തോലിക്കാസമൂഹത്തിന് പരിശുദ്ധ സിംഹാസനം, ഏഥൻസ് അതിരൂപത പുനഃസ്ഥാപിച്ചുനൽകിയത് 1875 ജൂലൈ 23-നാണ്. അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തെയോദോറോസ് കൊന്തിദിസ് ആണ്. ഏതാണ്ട് അറുപത്തിയൊന്ന് ലക്ഷത്തിൽപ്പരം ആളുകൾ ഈ അതിരൂപതയുടെ അതിർത്തികൾക്കുള്ളിൽ താമസിക്കുന്നുണ്ട്. ഇവരിൽ ഏതാണ്ട് ഒരുലക്ഷത്തോളം പേർ കത്തോലിക്കാ വിശ്വാസികളാണ്. പതിനാല് ഇടവകകളും മറ്റൊരു ദേവാലയവുമുള്ള ഇവിടെ പതിനെട്ട് ഇടവകവൈദികരും, പതിനേഴ് മറ്റ് വൈദികരും, അഞ്ച് സ്ഥിരം ഡീക്കന്മാരുമുണ്ട്. പുരുഷസന്യാസസഭാ അംഗങ്ങളായി മുപ്പത്തിനാല് പേരും സന്ന്യാസിനികളായി മുപ്പത്തിയെട്ടു പേരും ഇവിടെയുണ്ട്.

പ്രെസിഡന്റിന്റെ കൊട്ടാരം.

1897-ൽ പണിയിക്കപ്പെട്ട ഒരു കൊട്ടാരമാണ് ഗ്രീസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതി. 1913-വരെ കിരീടാവകാശിയുടെ ഔദ്യോഗിക വസതിയായിരുന്നു, ഏഥൻസ് നഗരത്തിന്റെ ഹൃദയഭാഗത്ത്, പാർലമെന്റ് മന്ദിരത്തിനും, ദേശീയോദ്യാനത്തിനും സമീപത്തായി സ്ഥിതിചെയ്യുന്ന ഈ കെട്ടിടം. വലിയൊരു പൂന്തോട്ടമുൾപ്പെടെ, ഏതാണ്ട് ആറര ഏക്കറോളം വരുന്ന ഒരു സ്ഥലത്താണ് ഇതുള്ളത്.

പ്രെസിഡന്റുമായുള്ള കൂടിക്കാഴ്ച

ഉച്ചയ്ക്ക് 12 മണിയോടെ രാഷ്ട്രപതിഭവനിലെത്തിയ പാപ്പായെ ഗ്രീസ് പ്രസിഡന്റ് ശ്രീമതി എക്കത്തരീനി സക്കെല്ലാറോപുളു സ്വീകരിച്ചു. ഗ്രീസ് പ്രെസിഡന്റായി 2020 ജനുവരിയിൽ തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സക്കെല്ലാറോപുളു, ഗ്രീസിന്റെ ചരിത്രത്തിലെ ആദ്യ വനിതാപ്രെസിഡെന്റാണ്. ഏഥൻസിലെ കാപ്പോഡിസ്ട്രിയാന നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ ഇദ്ദേഹം, തുടർന്ന് പാരീസിലെ സോർബോണ യൂണിവേഴ്സിറ്റിയിൽനിന്ന് ഭരണഘടനാ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമത്തിൽ ഉപരിപഠനം നടത്തി.

ഔദ്യോഗിക ഫോട്ടോയ്ക്കും, സൈനികോപചാരത്തിനും ശേഷം, ഇരുരാഷ്ട്രങ്ങളുടെയും ദേശീയഗാനാലാപനവും, പ്രതിനിധികളുടെ പരിചയപ്പെടുത്തലും നടന്നു.

12.15 മുതൽ ഫ്രാൻസിസ് പാപ്പായും ഗ്രീസ് പ്രെസിഡന്റും തമ്മിൽ സ്വകാര്യകൂടിക്കാഴ്‌ച നടത്തി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച

12.30 മുതൽ ഗ്രീസിന്റെ പ്രധാനമന്ത്രി ശ്രീ. കിരിയാകോസ് മിത്‍സോതാകീസുമായും പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തി. ഏഥൻസിൽനിന്നും, അമേരിക്കയിലെ ഹാർവാർഡ് യുണിവേഴ്സിറ്റിയിൽനിന്നും സാമൂഹ്യശാസ്ത്രത്തിൽ ബിരുദവും, ഹാർവാർഡ് യുണിവേഴ്സിറ്റിയിൽനിന്നും അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ച് ബിരുദാനന്തരബിരുദവും നേടിയ ഇദ്ദേഹം അവിടെനിന്നുതന്നെ MBA-യും കരസ്ഥമാക്കിയിട്ടുണ്ട്. 2003 മുതൽ സജീവരാഷ്ട്രീയത്തിലുള്ള ഇദ്ദേഹം 2019 ജൂലൈ മാസത്തിലാണ് ഗ്രീസിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രധാനമന്ത്രിയുമായുള്ള സ്വകാര്യകൂടിക്കാഴ്ചയ്ക്ക് ശേഷം പ്രെസിഡന്റിനൊപ്പം ഒന്നാം നിലയിൽ തിരികെയെത്തിയ ഫ്രാൻസിസ് പാപ്പാ, ഉച്ചയ്ക്ക് 12.45-ന്, രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ വച്ച് ഗ്രീസിലെ രാഷ്ട്രീയ അധികാരികളോടും, പൗരസമൂഹപ്രതിനിധികളോടും, ഗ്രീസിലേക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളോടുമായി പൊതുപ്രഭാഷണം നടത്തി.

പാപ്പായുടെ പ്രഭാഷണത്തിന് ശേഷം, ഗ്രീസ് പ്രസിഡന്റും പാപ്പായും അവിടെയുള്ള ബൈസന്റൈൻ ശാലയിൽ എത്തുകയും പ്രധാന അതിഥികൾ ഓർമ്മക്കുറിപ്പുകൾ എഴുതുന്ന ഗ്രന്ഥത്തിൽ പാപ്പാ ഒപ്പിടുകയും, പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് ഉച്ചതിരിഞ്ഞ് ഒന്ന് പതിനഞ്ചിന് പാപ്പാ രാഷ്ട്രപതിഭവനിൽനിന്ന് ഏകദേശം ആറുകിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക് നൂൺഷ്യേച്ചറിലേക്ക് യാത്രയായി.

ഉച്ചഭക്ഷണത്തിന് ശേഷം 3.45-ന് ഫ്രാൻസിസ് പാപ്പാ ഗ്രീസ് ഓർത്തോഡോക്‌സ് അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ഇറോനിമോസ് രണ്ടാമൻ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി അപ്പസ്തോലിക് നൂൺഷ്യേച്ചറിൽനിന്ന് ഏഴു കിലോമീറ്ററുകളോളം അകലെയുള്ള  ഓർത്തോഡോക്‌സ് അതിരൂപതാകേന്ദ്രത്തിലേക്ക് പോയി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2021, 13:40