ചെറിയ ആജഗണമേ ഭയപ്പെടേണ്ട: ഗ്രീസിലെ കത്തോലിക്കാരോട് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അഭിവന്ദ്യ പിതാക്കന്മാരെയും സമർപ്പിതരെയും മറ്റെല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, അഭിവന്ദ്യ റൊസോലാത്തൊസ് പിതാവിന്റെ സ്വാഗതത്തിനും, അവിടെ സാക്ഷ്യം നൽകിയ ഒരു സമർപ്പിതയ്ക്കും റോക്കോസ് എന്ന വ്യക്തിക്കും നന്ദി പറഞ്ഞു.
പാശ്ചാത്യസംസ്കാരത്തിന്റെ ഈറ്റില്ലം
പാശ്ചാത്യസംസ്കാരത്തിന്റെ അടിത്തറ കെട്ടിപ്പടുത്ത ഗ്രീസിൽ വച്ച് നിങ്ങളെ കണ്ടുമുട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ പാപ്പാ, കവിതകളും സാഹിത്യവും, തത്വശാസ്ത്രവും, കലകളും ഇല്ലായിരുന്നെങ്കിൽ മനുഷ്യന്റെ അസ്തിത്വത്തിന്റെ പലവശങ്ങളും അറിയാനോ ജീവിതത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ വേദനയെക്കുറിച്ചോ, മരണത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുകയില്ലായിരുന്നു എന്ന വിശദീകരിച്ചു.
വിശുദ്ധ പൗലോസും ഗ്രീസും
ക്രൈസ്തവമതത്തിന്റെ ആദ്യഘട്ടത്തിൽ ഗ്രീസിലെ സംസ്കാരവും ക്രൈസ്തവവിശ്വാസവും തമ്മിൽ ബന്ധിപ്പിക്കുന്നതിന് വിശ്വാസത്തിന്റെ ഒരു പരീക്ഷണശാല തുടങ്ങിയത് ഇവിടെയുണ്ടായ സഭാപിതാക്കന്മാരാണെന്ന് പറഞ്ഞ പാപ്പാ, എന്നാൽ ക്രിസ്തീയതയും ഗ്രീക്ക് സംസ്കാരവും തമ്മിലുള്ള ആദ്യ കണ്ടുമുട്ടൽ നടക്കുന്നത് ഏഥൻസിൽ എത്തി പ്രഭാഷണം നടത്തിയ വിശുദ്ധ പൗലോസിലൂടെയാണെന്ന് വ്യക്തമാണെന്ന് പറഞ്ഞു. അന്നത്തെ വിജ്ഞാനികൾ എന്ന് കരുതിയിരുന്നവർ അദ്ദേഹത്തെ ആരെയോപ്പഗാസിലേക്ക് കൊണ്ടുപോയി. ഈ ഒരു സംഭവത്തെപ്പറ്റി നമുക്ക് ചിന്തിക്കുകയും, നമ്മുടെ ഇപ്പോഴത്തെ വിശ്വാസത്തിന്റെ വിപുലീകരണത്തിന് ഉതകുന്ന, വിശുദ്ധ പൗലോസിന്റെ രണ്ടു മനോഭാവങ്ങൾ നമുക്ക് പരിശോധിക്കാമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
പൗലോസിന്റെ വിശ്വാസം
പൗലോസിന്റെ ആദ്യ മനോഭാവം വിശ്വാസത്തിന്റേതാണ്. തെസ്സലോനിക്കയിൽനിന്ന് രാത്രി പലായനം ചെയ്യേണ്ടിവന്ന പൗലോസ് അപ്പസ്തോലൻ, ഇപ്പോൾ ഏഥൻസിൽ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ജ്ഞാനികളെന്നു കരുതുന്നവർ ആരെയോപ്പഗാസിൽ അദ്ദേഹത്തെ എത്തിച്ച്, ആളുകളുടെ നല്ല വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നവൻ എന്ന കുറ്റപ്പെടുത്തലുമായി നിൽക്കുമ്പോൾ, പൗലോസ് പതറുന്നില്ല. അവന് തുണയായി നിൽക്കുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്.
നമ്മുടെ സമൂഹത്തിലും ഇതുപോലെ സംഭവിക്കാം. നാം എണ്ണത്തിൽ കുറവായിരിക്കാം, നമുക്കും വിജയസാധ്യതകൾ വിരളമായിരിക്കാം. എന്നാൽ, ദൈവം നമ്മുടെ ഒന്നുമില്ലായ്മയിലും പ്രവർത്തിക്കാൻ കഴിവുള്ളവനാണ്.
തുറന്ന മനോഭാവം
പൗലോസിലുള്ള രണ്ടാമതൊരു മനോഭാവം ആതിഥ്യത്തിന്റേതാണ്. സുവിശേഷവത്കരണത്തിന് ആവശ്യമായ ആന്തരികമനോഭാവമാണത്. മറ്റൊരാളുടെ ജീവിതത്തെ അധീനപ്പെടുത്താനല്ല, മറിച്ച് അവരുടെ അസ്തിത്വത്തിന്റെ നിലത്ത് സുവിശേഷത്തിന്റെ വിത്തുകൾ വിതയ്ക്കാനാണ് ശ്രമിക്കേണ്ടത്. ദൈവം ഇതിനകം മറ്റുള്ളവരിൽ വിതച്ച വിത്തുകളെ തിരിച്ചറിയാനും സ്വീകരിക്കാനും സാധിക്കണം. സുവിശേഷവത്കരണം എന്നത് ഒഴിഞ്ഞ ഒരു പത്രം നിറയ്ക്കുന്നതുപോലെയുള്ള ഒരു പ്രവർത്തിയല്ല, മറിച്ച് ദൈവം മുൻപുതന്നെ ആരംഭിച്ച പദ്ധതികളെ വെളിവാക്കുകയാണ് എന്നതാണ്. മറ്റുള്ളവർ ചെയ്യുന്നത് തെറ്റാണെന്ന് പറയുകയല്ല, മറിച്ച് അവരിലുള്ള മതബോധത്തെ അംഗീകരിക്കുകയാണ് പൗലോസ് ചെയ്യുന്നത്.
ധൈര്യത്തോടെ വിശ്വാസം ജീവിക്കുക
വിശുദ്ധ പൗലോസിന്റെ ഉദ്‌ബോധനം കേട്ട വളരെ കുറച്ചു പേരാണ് അദ്ദേഹത്തെ പിഞ്ചെന്നത്. അവരിൽ ദയനീഷ്യസ് എന്നയാളും ദാമാരിസ് എന്ന സ്ത്രീയും ഉണ്ടായിരുന്നു (Act 17,34). ഈ കത്തീഡ്രൽ വിശുദ്ധ ദയനീഷ്യസിന്റെ നാമധേയത്തിലുള്ളതാണ്. ഇത് ഒരു ചെറിയ ഓർമ്മ മാത്രമാണ്, എന്നാൽ ദൈവം അന്നത്തെ ചെറിയ ആരംഭം മുതൽ ഇന്നുവരെയുള്ള ചരിത്രത്തിന്റെ ഇഴകൾ നെയ്യുന്നത് ഇങ്ങനെയാണ്. ദൈവം നിങ്ങളിൽ പ്രവർത്തിച്ച വിശ്വാസത്തിന്റെ പരീക്ഷണശാല വിശുദ്ധ പൗലോസിന്റെ മേൽപ്പറഞ്ഞ രണ്ടു മനോഭാവങ്ങളോടെ, അതായത് വിശ്വാസത്തിലും, മറ്റ് ആശയങ്ങളെ സ്വീകരിക്കുന്നതിലും, നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ എന്ന് പപ്പാ ആശംസിച്ചു. അങ്ങനെ സുവിശേഷം സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവമായി ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നാശംസിച്ച പാപ്പാ, ഗ്രീക്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: