ഗ്രീസ്: കുടിയേറ്റക്കാർക്കായി ശക്തമായി സംസാരിച്ച് ഫ്രാൻസിസ് പാപ്പ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ലെസ്ബോയിൽ നടത്തിയ തന്റെ പ്രഭാഷണത്തിൽ പാപ്പാ, അവിടെയെത്തിയ ഗ്രീസിന്റെ പ്രെസിഡന്റിന്റെ സാന്നിധ്യത്തിനും, അവിടെ പറയപ്പെട്ട നല്ല വാക്കുകൾക്കും നന്ദി പറഞ്ഞു. വീണ്ടും താൻ ഇവിടെ വന്നത്, നിങ്ങളെ കാണാനും, നിങ്ങളോട് ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന് പറയാനുമാണ് എന്ന് അവിടെ കൂടിയിരുന്ന കുടിയേറ്റക്കാരായ ആളുകളോട് വ്യക്തമാക്കി. നിങ്ങളെ ഭയപ്പെടുന്നവർ, നിങ്ങളുടെ കണ്ണുകളോ, നിങ്ങളുടെ മുഖമോ, നിങ്ങളുടെ മക്കളെയോ കണ്ടിട്ടില്ലെന്നും, കുടിയേറ്റം, മധ്യപൂർവ്വദേശങ്ങളുടെയോ വടക്കേ ആഫ്രിക്കയുടെയോ, ഗ്രീസിന്റെയോ യൂറോപിന്റെയോ മാത്രം പ്രശ്നമല്ല, ഇത് ലോകത്തിന്റെ പ്രശ്നമാണ് എന്ന എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ അഞ്ചു വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു.
കുടിയേറ്റവും പൊതുവായ ഉത്തരവാദിത്വവും
കുടിയേറ്റം ലോകത്തിന്റെ മുഴുവൻ പ്രശ്നമാണ്. ഇപ്പോൾ എല്ലാവരെയും പ്രതിസന്ധിയിലാക്കിയ മഹാമാരിക്ക് മുന്നിൽ, നാമെല്ലാവരും ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്. ഇതുപോലെയുള്ള വലിയ പ്രശ്നങ്ങൾ ഒന്നിച്ചാണ് നേരിടേണ്ടതെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. എന്നാൽ കുടിയേറ്റമെന്ന യാഥാർത്ഥ്യത്തിനുനേരെ പലപ്പോഴും ആളുകൾ കണ്ണടയ്ക്കുന്നതു പോലെയാണ് തോന്നുന്നത്. പക്ഷെ അവിടെയും മനുഷ്യജീവനും, ആളുകളുമാണുള്ളത്. പാവങ്ങളെ തിരസ്കരിക്കുമ്പോൾ സമാധാനമാണ് തിരസ്കരിക്കപ്പെടുന്നത്. ദുർബലരും, ദരിദ്രരുമായ മനുഷ്യരിൽനിന്ന് തങ്ങളെത്തന്നെ രക്ഷിച്ചെടുക്കാൻ മാത്രം ശ്രമിക്കുന്നതും, കുടിയേറാൻ ശ്രമിക്കുന്നവരുടെ ഉത്തരവാദിത്വം ഓരോരുത്തരും മറ്റുള്ളവരിലേക്ക് നല്കാൻ ശ്രമിക്കുന്നതും ശരിയായ നടപടിയല്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സ്വാർത്ഥതയിൽനിന്ന് അപരനിലേക്ക്
നിങ്ങളുടെ ജീവിതചരിത്രം ഞങ്ങളുടേതുകൂടിയാക്കാനും, നിങ്ങൾക്ക് നേരെ പുറംതിരിക്കരുതെന്നുമാണ് നിങ്ങളുടെ കണ്ണുകളും മുഖവും ഞങ്ങളോട് പറയുന്നത്. മറ്റുള്ളവരെ ഒഴിവാക്കുന്ന സ്വാർത്ഥതയിൽനിന്ന് മാറി, മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുന്നിൽ അടഞ്ഞ ഹൃദയത്തോടെ നിൽക്കാതിരിക്കാനും ഞങ്ങൾക്ക് സാധിക്കട്ടെയെന്നാണ് ഈ ഞായറാഴ്ച താൻ പ്രാര്ഥിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. മൃദുലമായ കൈയുറകൾ അണിഞ്ഞ് മറ്റുള്ളവരെ മരണത്തിലേക്ക് തള്ളിവിടുന്ന വിധികൾ പുറപ്പെടുവിക്കുന്ന മനസ്ഥിതിയെ മറികടക്കാനും, അവനവനെത്തന്നെ എല്ലാത്തിന്റെയും അളവുകോലായി കാണുന്ന ചിന്താഗതിയെ എതിർക്കാനും എല്ലാവർക്കും സാധിക്കട്ടെ എന്നും പാപ്പാ ആശംസിച്ചു.
ഇനിയും മതിയാകാത്ത മാനവികത
അഞ്ചുവർഷങ്ങൾക്ക് മുൻപ് ലെസ്ബോയിൽ, അഭിവന്ദ്യ ബർത്തലോമിയോ ഇറോനിമോസ് എന്നീ പിതാക്കന്മാരോടൊപ്പം വന്നത് അനുസ്മരിച്ച പാപ്പാ, ഇനിയും കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിൽ ആവശ്യത്തിന് മാറ്റങ്ങൾ വന്നിട്ടില്ല എന്ന് പറഞ്ഞു. പലരും കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിലും, അവരെ സമൂഹത്തോട് കൂട്ടിച്ചേർക്കുന്നതിലും ശ്രദ്ധാലുക്കളാണെന്നത് മറക്കുന്നില്ലെന്നും, അങ്ങനെ സേവനം ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്ക് നന്ദി പറയുന്നു എന്നും പറഞ്ഞ പാപ്പാ, പൊതുഖജനാവിലെ പണമെടുത്ത് മതിലുകൾ പണിയുന്നത് സങ്കടകരമാണെന്ന് വ്യക്തമാക്കി. ആളുകളെ തടഞ്ഞുനിറുത്തുക എന്നതിനേക്കാൾ, ഒരിക്കലും അടിച്ചമർത്താനാകാത്ത മൂല്യമുള്ള മനുഷ്യജീവിതത്തെ വിലവയ്ക്കുകയും, നിയമം അനുവദിക്കുന്നിടത്തോളം, മറ്റുള്ളവരെ സംരക്ഷിക്കുന്നതിനുവേണ്ടി ഒരുമിക്കുകയുമാണ് വേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചു.
തുറന്ന മനോഭാവം വളർത്തുക
പ്രത്യയശാസ്ത്രപരമായി കുടിയേറ്റത്തെയും മറ്റു കാര്യങ്ങളെയും എതിർക്കുന്നതിനു പകരം യാഥാർത്ഥ്യങ്ങളിൽനിന്ന് ആരംഭിച്ച്, ഇപ്പോഴും ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയാണ് ആവശ്യം. പല രീതികളിലുമുള്ള വ്യവഹാര, സാമ്പത്തിക കരാറുകളുടെ ഭാഗമായി മനുഷ്യരിൽ ഭീതി ജനിപ്പിക്കുന്നതും, രാഷ്ട്രീയ ഉദ്ദേശങ്ങൾക്ക് വേണ്ടി പാവപ്പെട്ട മനുഷ്യരെ ഉപയോഗിക്കുന്നതും നേരിടേണ്ട പ്രശ്നങ്ങളാണ്. എന്നാൽ ഇതേ മനോഭാവത്തോടെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതിനെതിരെയോ, പലപ്പോഴും സാമ്പത്തികസഹായം നൽകി യുദ്ധങ്ങൾ നടത്തുന്നതോ നേരിടുന്നില്ല എന്നതും കാണാവുന്നതാണ്. സമൂഹങ്ങൾക്കുള്ളിൽനിന്ന് തന്നെ ആരംഭിച്ച് ഉയർന്ന ഒരു വീക്ഷണത്തോടുകൂടി, ആളുകളെ സമൂഹത്തിലേക്ക് സംയോജിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.
ഉത്തരവാദിത്വമുള്ള ജനമാകുക
പുതിയൊരു തുടക്കത്തിന് ആഗ്രഹമുണ്ടെങ്കിൽ കുട്ടികളുടെ മുഖത്തേക്കാണ് നോക്കേണ്ടതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. നമ്മുടെ മനസാക്ഷിയോട്, ഞങ്ങൾക്കായി ഏത് രീതിയിലുള്ള ലോകമാണ് നിങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നത് എന്ന ഒരു ചോദ്യം അവരിൽനിന്നും വരുന്നുണ്ട്. കടൽത്തീരങ്ങളിൽ മരിച്ചുകിടക്കുന്ന അവരുടെ ശരീരങ്ങളുടെ ചിത്രങ്ങളിൽനിന്ന് നമുക്ക് ഓടിപ്പോകാനാകില്ല. ഈ കടൽത്തീരം, കൽഫലകങ്ങളില്ലാത്ത ഒരു ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. "നമ്മുടെ കടൽ" എന്നറിയപ്പെട്ടിരുന്ന ഈ കടൽ "മരണത്തിന്റെ കടൽ" എന്നറിയപ്പെടരുത്. ഓർമകളുടെ ഈ കടൽ മറവിയുടെ കടലാകരുത്. സംസ്കാരത്തിന്റെ മുങ്ങിമരണം നമുക്ക് അവസാനിപ്പിക്കാം.
ദൈവം മനുഷ്യനായ തീരം
ഇവിടുത്തെ കടലിന്റെ തീരത്താണ് ദൈവം മനുഷ്യനായതെന്ന് പറഞ്ഞ പാപ്പാ, ദൈവം നമ്മെ മക്കളെന്ന നിലയിലും സഹോദരങ്ങളെന്ന നിലയിലുമാണ് സ്നേഹിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയുള്ള മനുഷ്യരെ നിസ്സംഗതയോടെ കൈവെടിയുകയും തിരമാലകൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുമ്പോൾ, ദൈവത്തെയാണ് നാം നിന്ദിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ചിലപ്പോഴെങ്കിലും ക്രൈസ്തവികതയുടെ പേര് പറഞ്ഞാണ് ഇത് സംഭവിക്കുന്നതെന്ന് പറഞ്ഞു. എന്നാൽ വിശ്വാസം കരുണയും അനുകമ്പയുമാണ് ആവശ്യപ്പെടുന്നത്. നല്ല സമരിയക്കാരനിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്ന യേശു, അപരിചിതനിലും, അഭയാർത്ഥിയിലും, നഗ്നനിലും, ദരിദ്രനിലും താൻ ഉണ്ടെന്ന് ഉറപ്പിച്ചു പറയുന്നു.
പരിശുദ്ധ അമ്മയും ജീവനും
പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയുടെ ചിന്തയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. സഹോദരങ്ങളുടെ കഷ്ടപ്പാടുകളിലേക്ക് നമ്മുടെ കണ്ണുകള മാതാവ് തുറക്കട്ടെ എന്ന് പറഞ്ഞ പപ്പാ, പരിശുദ്ധ അമ്മ ഗർഭിണിയായ എലിസബത്തിനെ കാണുവാൻ പോയ കാര്യം ഉദ്ധരിച്ചുകൊണ്ട്, ഗർഭിണികളായ എത്രയോ അമ്മമാർ, കാലത്തിന് മുൻപും, യാത്രയുടെ ഇടയിലും, മരണത്തെ കണ്ടുമുട്ടി എന്ന് ഓർമ്മിപ്പിച്ചു. മനുഷ്യരിൽ ദൈവമക്കളെ കാണുവാനും സ്വീകരിക്കപ്പെടേണ്ട സഹോദരീസഹോദരന്മാരെ കാണുവാനും ദൈവമാതാവ് നമ്മെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. ആശയങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും മുന്നിൽ മനുഷ്യനെന്ന യാഥാർത്ഥ്യത്തെ പ്രതിഷ്ഠിക്കാനും കഷ്ടപ്പെടുന്നവരിലേക്ക് വേഗത്തിൽ ചുവടുവെക്കാനും സർവ്വപരിശുദ്ധയായ മറിയം നമ്മെ പഠിപ്പിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: