പാപ്പാ ഗ്രീസിൽ, ഓർത്തൊഡോക്സ് സഭാതലവനെയും അഭയാർത്ഥികളെയും സന്ദർശിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ ഗ്രീസിൽ നടത്തിയ ഇടയസന്ദർശനത്തിൻറെ ശനിയാഴ്ച ഉച്ചതിരിഞ്ഞും ഞായറാഴ്ച രാവിലെയും നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം
ഫ്രാൻസീസ് പാപ്പാ തൻറെ മുപ്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. ഡിസമ്പർ 2-ന് (02/12/21) വ്യാഴാഴ്ച സൈപ്രസിലെത്തിയ പാപ്പാ നാലാം തീയതി ശനിയാഴ്ച (04/12/21) രാവിലെ ഈ ഇടയസന്ദർശനത്തിൻറെ രണ്ടാമത്തേതും അവസാനത്തേതുമായ വേദിയായ ഗ്രീസിലേക്കു വിമാനം കയറി. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ടുള്ള വ്യോമയാനം, അന്ന് രാവിലെ പ്രാദേശിക സമയം 11 മണി കഴിഞ്ഞപ്പോൾ ഗ്രീസിൻറെ തലസ്ഥാനമായ എതൻസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താണിറങ്ങി. ഗ്രീസ് സമയത്തിൽ ഇന്ത്യയെക്കാൾ 3 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്.
വിമാനത്താവളത്തിലെ സ്വീകരണം, ഏതൻസിൽ രാഷ്ട്രപതി മന്ദിരത്തിൽ ഔപചാരിക വരവേല്പ്, അവിടെ വച്ച് പ്രസിഡൻറ് എക്കത്തെറിനി സകെല്ലോറൊപൊല്യുയുമായുള്ള സൗഹൃദകൂടിക്കാഴ്ച, പ്രധാനമന്ത്രി കിറിയാക്കോസ് മിത്സൊതാക്കിസുമായുള്ള നേർക്കാഴ്ച, അധികാരവൃന്ദവും പൗരസമൂഹ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച എന്നീ പരിപാടികൾക്കു ശേഷം പാപ്പാ ഏതൻസിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിലെത്തി ഉച്ചഭക്ഷണം കഴിച്ചു. അതിനു ശേഷം പാപ്പായുടെ പരിപാടി ഏതൻസിൻറെയും ആകമാന ഗ്രീസിൻറെയും ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത ഇയെറൊണിമോസ് ദ്വിതീയനുമായുള്ള സൗഹൃദ കൂടിക്കാഴ്ച ആയിരുന്നു.
പാപ്പാ ഗ്രീസിലെ ഓർത്തൊഡോക്സ് അതിമെത്രാസന മന്ദിരത്തിൽ
ഏതൻസിലെ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 7 കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന ഗ്രീക്ക് ഓർത്തൊഡോക്സ് അതിമെത്രാസനമന്ദിരത്തിൽ വച്ചായിരുന്നു മെത്രാപ്പോലീത്ത ഇയെറൊണിമോസ് ദ്വിതീയനുമായുള്ള കൂടിക്കാഴ്ച. മറിയത്തിൻറെ മംഗളവാർത്ത മെത്രാപ്പോലിത്തൻ കത്തീദ്രലിൽ നിന്ന് എതാണ്ട് 200 മീറ്റർ അകലെയാണ് അതിമെത്രാസന അരമന.
മെത്രാപ്പോലിത്ത ഇയെറൊണിമോസ് ദ്വിതീയൻ
ഏതൻസിൻറെയും ആകമാന ഗ്രീസിൻറെയും മെത്രാപ്പോലിത്തയായ ഇയെറൊണിമോസ് ദ്വിതീയന് (Ieronymos II) 83 വയസ്സ് പ്രായമുണ്ട്. 1938-ൽ അൽബേനീയൻ വംശ കുടുംബത്തിൽ, പുരാതന ഗ്രീസിലെ ബെയോത്സിയയിൽ ആണ് ജനിച്ചത്. ഏതൻസിലെ സർവ്വകലാശാലയിൽ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾക്കുശേഷം അദ്ദേഹം പുരാവസ്തുവിജ്ഞാനീയത്തിലും ബിരുദം നേടുകയും ഏതൻസിലെ സർവ്വകലാശാലയിൽ പുരാവസ്തു വിഭാഗത്തിൽ സഹായിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് ജോലി ഉപേക്ഷിച്ച് 1967-ൽ പൗരോഹിത്യം സ്വീകരിച്ച ഇയെറൊണിമോസ് ദ്വിതീയൻ രൂപതാവികാരി, മഠാധിപതി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2008 ഫെബ്രുവരി 7-നായിരുന്നു അദ്ദേഹം ഏതൻസിൻറെയും ആകമാന ഗ്രീസിൻറെയും മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കൊല്ലം ആ മാസം തന്നെ പതിനാറാം തീയതി ആയിരുന്നു അദ്ദേഹത്തിൻറെ സ്ഥാനാരോഹണം. കുടിയേറ്റക്കാരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ള മെത്രാപ്പോലീത്ത ഇയെറൊണിമോസ് ദ്വിതീയൻ ലെസ്വോസ് ദ്വീപിലെ മോറിയ അഭയാർത്ഥി പാളയം ഫ്രാൻസീസ് പാപ്പായോടും കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലോമെയൊ ഒന്നാമനോടുമൊപ്പം 2016 ഏപ്രിൽ 16-ന് സന്ദർശിച്ചിട്ടുണ്ട്. ഈ മൂന്നു ക്രൈസ്തവനേതാക്കളും ഒരു സംയുക്ത പ്രഖ്യാപനം തദ്ദവസരത്തിൽ ഒപ്പുയ്ക്കുകയും ചെയ്തു.
പാപ്പായ്ക്ക് സ്വീകരണം
അതിമെത്രാസന അരമനയുടെ മുന്നിൽ കാറിൽ വന്നിറിങ്ങിയ പാപ്പായെ അതിരൂപതാ വികാരിയും രണ്ടു പുരോഹിതരും ചേർന്നു സ്വീകരിച്ച് അകത്തേക്കാനയിച്ചു. അകത്തു പ്രവേശിച്ച പാപ്പായെ വാതിൽക്കൽ വച്ചുതന്നെ മെത്രാപ്പോലീത്ത ഇയെറൊണിമോസ് ദ്വിതീയൻ അദ്ദേഹത്തിൻറെ അടുത്ത സഹകാരികളോടു ചേർന്നു വരവേറ്റു. തുടർന്ന് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ ചിത്രത്തിനു മുന്നിൽ നിന്നു മൗനപ്രാർത്ഥന നടത്തി. തുടർന്ന് പാപ്പാ മെത്രാപ്പോലീത്തായോടൊപ്പം അരമനയുടെ ഒന്നാമത്തെ നിലയിലേക്കു പോകുകയും സ്വകാര്യസംഭാഷണത്തിലേർപ്പെടുകയും ചെയ്തു. അതിനു ശേഷം ഇരുവരും തങ്ങളുടെ കൂടെയുണ്ടായിരുന്നവരോടപ്പം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചാവേദിയായിരുന്ന ശാലയിൽ പ്രവേശിച്ച ഇരുവരും സുവിശേഷം ചുംബിക്കുകയും ആസനസ്ഥരാകുകയും ചെയ്തു. തുടർന്ന് ഗ്രീക്ക് ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത ഇയെറോണിമോസ് ദ്വിതീയൻ പാപ്പായെ സ്വാഗതം ചെയ്തു.
സാഹോദര്യാരൂപിയോടും ആദരവോടുംകൂടെയാണ് പാപ്പായ്ക്ക് ഗ്രീസിലെ സഭയുടെ ആസ്ഥാനത്ത് ഊഷ്മള വരവേല്പേകുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഗ്രീസിനെ സംബന്ധിച്ചു മാത്രമല്ല, കോവിദ് 19 മഹാമാരി ലോകത്തിനു തന്നെ പ്രതിസന്ധിയുളവാക്കിയിരിക്കുന്ന ഒരു വേളയിലാണ് പാപ്പായെ തങ്ങൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. സഭയുടെയും ശാസ്ത്രത്തിൻറെയും കൈകോർത്തുള്ള സമാധാനപരമായ നീക്കം ഈ മഹാമാരിയോടുള്ള പോരാട്ടത്തിന് സഹായകമായിട്ടുണ്ടെന്നും സംഭാവനയേകിയിട്ടുണ്ടെന്നും അതു തുടരുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ന് ലോകത്തിനു മൊത്തത്തിൽ ആവശ്യമായിരിക്കുന്നത് എന്താണോ അതിന് ക്രൈസ്തവനേതാക്കളായ നാമെല്ലാവരും ഒത്തൊരുമിച്ച് സാക്ഷ്യം വഹിക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങളിൽ പാപ്പാ ചെലുത്തുന്ന പ്രത്യേക ശ്രദ്ധയെക്കുറിച്ച് സൂചിപ്പിച്ച മെത്രാപ്പോലിത്ത അത് സാന്ത്വനദായകമാണെന്ന് പറഞ്ഞു. അഭയാർത്ഥികളുടെ ഉദ്ഗ്രഥനവും അവരെ സ്വീകരിക്കലും ലക്ഷ്യം വച്ചുകൊണ്ട് പാപ്പാ ഇക്കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാര്യങ്ങളോടുള്ള തൻറെ മതിപ്പും അദ്ദേഹം രേഖപ്പെടുത്തി. ഊർജ്ജോല്പാദന രംഗത്ത് മുൻപന്തിയിൽ നില്ക്കുന്ന രാജ്യങ്ങളുടെ നേതാക്കളുടെ ദീർഘവീക്ഷണ രഹിതമായ നയങ്ങളെ അപലപിക്കുന്നതിൽ തന്നോടൊന്നു ചേരണമെന്ന് മെത്രാപ്പോലിത്ത പാപ്പായോട് അഭ്യർത്ഥിക്കുകയും ചെയ്തു. ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസത്തിലുള്ള ഐക്യത്തെ സംബന്ധിച്ച സുവിശേഷ സന്ദേശത്തിൻറെ യോഗ്യനും എളിയവനുമായ സേവകനെ തങ്ങൾ പാപ്പായിൽ കാണുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാപ്പായ്ക്ക് ആരോഗ്യവും പാപ്പാ ഏറ്റെടുത്തിരിക്കുന്ന, ക്രൈസ്തവൈക്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള വലിയ ശുശ്രൂഷാദൗത്യത്തിനു മേൽ പ്രകാശവും സർവ്വനന്മകളുടെയും ദാതാവയ ദൈവം ചൊരിയട്ടെയെന്നും എല്ലാ ദൗത്യങ്ങളിലേക്കുമുള്ള വഴിയിൽ ശക്തി പകരുകയും ചെയ്യട്ടെ എന്നുമുള്ള ആശംസയോടെയാണ് തൻറെ സ്വാഗത വാക്കുകൾ ഗ്രീക്ക് ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത ഇയെറോണിമോസ് ദ്വിതീയൻ ഉപസംഹരിച്ചത്.
മെത്രാപ്പോലീത്തായ്ക്ക് പാപ്പായുടെ സമ്മാനം
അദ്ദേഹത്തിൻറെ വാക്കുകളെ തുടർന്ന് പാപ്പായുടെ മറുപടി പ്രസംഗമായിരുന്നു. ഈ പ്രഭാഷണത്തിനുശേഷം പാപ്പാ മെത്രാപ്പോലീത്തായ്ക്ക് സമ്മാനം നല്കി. 424 താളുകളുള്ള “കോഡെക്സ് പാവുളി” (CODEX PAULI) ആയിരുന്നു സമ്മാനം. കൂടാതെ ഉണ്ണിയേശുവുമൊത്തുള്ള പരിശുദ്ധ അമ്മയുടെ ചിത്രത്തിൽ അണിയിക്കുന്നതിനുള്ള രണ്ടു കിരീടങ്ങളും പാപ്പാ നല്കി.
അതിനുശേഷം ഇരുവിഭാഗങ്ങളുടെയും പ്രതിനിധിസംഘങ്ങളെ പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു. തുടർന്ന് പാപ്പായും മെത്രാപ്പോലിത്തായും വിശിഷ്ടാതിഥികൾ ഓർമ്മക്കുറിപ്പ് രേഖപ്പെടുത്തുന്ന ഗ്രന്ഥം സൂക്ഷിച്ചിരിക്കുന്ന ശാലയിലേക്കു പോകുകയും പാപ്പാ അതിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു:
“ക്രിസ്തുവിൽ ഒരു തീർത്ഥാടകനും സഹോദരനും എന്ന നിലയിൽ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. നമ്മുടെ പൊതുവായ അപ്പോസ്തോലിക വേരുകളെ കുറിച്ച് ഞാൻ ചിന്തിക്കുന്നു, പരിശുദ്ധാരൂപിയുടെ വഴികളിലൂടെ ഒരുമിച്ച് പ്രയാണം ചെയ്യുന്നതിന് നമ്മെ സഹായിക്കാൻ ഞാൻ റൂഹായോടു പ്രാർത്ഥിക്കുന്നു.”
അതിനുശേഷം പാപ്പായും കൂടിക്കാഴ്ചാ വേളയിൽ സന്നിഹിതരായിരുന്ന എല്ലാവരും ചേർന്നുള്ള ഫോട്ടൊ എടുത്തു. കൂടിക്കാഴ്ച അവസാനിച്ചതിനെ തുടർന്ന് പാപ്പാ അവിടെ നിന്ന് എതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ള കത്തീദ്രലിലേക്ക് കാറിൽ യാത്രയായി. ഗ്രീസിലെ കത്തോലിക്കാ മെത്രാന്മാരും വൈദികരും സന്ന്യാസീസന്ന്യാസിനികളും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കുള്ള വേദി ഒരുക്കിയിരുന്നത് ഈ കത്തീദ്രലിലാണ്.
ഏതൻസിലെ കത്തോലിക്കാ കത്തീദ്രൽ
ഏതൻസിൻറെ പ്രഥമ മെത്രാനായിരുന്ന വിശുദ്ധ ഡയോനിഷ്യസ് ദി അരിയോപഗൈറ്റിന് പ്രതിഷ്ഠിതമാണ് ഏതൻസിലെ ഈ കത്തോലിക്കാ കത്തീദ്രൽ. ഈ കത്തീദ്രലിൻറെ നിർമ്മാണ ചരിത്രം 1853 വരെ പിന്നോട്ടു പോകുന്നതാണ്. 1865-ലാണ് ദേവാലയത്തിൻറെ പണി പൂർത്തിയായത്. ഈ കത്തീദ്രൽ ഏതൻസ് അതിരൂപതയുടെ ആസ്ഥാനവുമാണ്. ആർച്ചുബിഷപ്പ് തെയൊദോറോസ് കൊന്തീദിസ് (Theodoros Kontidis) ആണ് അതിരൂപതാദ്ധ്യക്ഷൻ.
കത്തീദ്രലിൽ വൈദികരും സമർപ്പിതരുമൊത്ത് പാപ്പാ
ഗ്രീസിലെ കത്തോലിക്കാ മെത്രാന്മാരും വൈദികരും സന്ന്യാസീസന്ന്യാസിനികളും മതബോധകരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി കത്തീദ്രൽ ദേവലയത്തിനരികെ കാറിൽ വന്നിറങ്ങിയ പാപ്പാ നടന്ന് ദേവാലയ വാതിൽക്കൽ എത്തിയപ്പോൾ ഏതൻസ് അതിരൂപതയുടെ ആർച്ചുബിഷപ്പ് തെയൊദോറോസ് കൊന്തീദിസ് സ്വീകരിച്ചു. തുടർന്ന് പാപ്പാ ഇടവക വൈദികൻ പിടിച്ചിരുന്ന കുരിശുരൂപം ചുംബിക്കുകയും, ഹന്നാൻ ജലം, അതായത്, വിശുദ്ധ ജലം കൊണ്ട് തൻറെയും സമീപത്തുണ്ടായിരുന്നവരുടെയും നെറ്റിയിൽ കുരിശു വരയ്ക്കുകയും അതു തളിക്കുകയും ചെയ്തതിനുശേഷം ദേവാലയത്തിൽ പ്രവേശിക്കുകയും അൾത്താരയുടെ മുന്നിൽ ഒരുക്കിയിരുന്ന ഇരിപ്പിടത്തിൽ ആസനസ്ഥനാകുകയും ചെയ്തു. ഈ സമയം മുഴുവൻ ദേവലായ ഗായക സംഘത്തിൻറെ സ് തുതി ഗീതം ഉയരുന്നുണ്ടായിരുന്നു. പ്രവേശന ഗാനം അവസാനിച്ചപ്പോൾ ഏതൻസ് അതിരൂപതയുടെ മുന്നദ്ധ്യക്ഷനും അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനുമായ ആർച്ചുബിഷപ്പ് സെവസ്ത്യാനോസ് റൊസൊലാത്തോസ് പാപ്പായ്ക്ക് സ്വാഗതമോതി. ആർച്ചുബിഷപ്പിൻറെ സ്വാഗതവാക്കുകളെ തുടർന്ന് ഒരു സന്ന്യാസിനിയുടെയും ഒരു അത്മായവിശ്വാസിയുടെയും സാക്ഷ്യമായിരുന്നു.
സാക്ഷ്യങ്ങൾ - സന്ന്യാസിനിയുടെ സാക്ഷ്യം
തനിക്ക് 14 വയസ്സുള്ളപ്പോളാണ് സമർപ്പിതജീവിതാന്തസ്സിലേക്കുള്ള ദൈവവിളി ലഭിച്ചതെന്ന് മരിയ വിർഗെൻ എന്ന കന്യാസ്ത്രി തൻറെ സാക്ഷ്യത്തിൽ വെളിപ്പെടുത്തി. ഈ ജീവിത തിരഞ്ഞെടുപ്പ് തൻറെ ആശയമായിരുന്നില്ലെന്നും അത് ദൈവത്തിൽ നിന്നുള്ളതാണെന്നും എന്നതിന് തനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ ആ സന്ന്യാസിനി തൻറെ ദൈവവിളിയുടെ പരിപോഷണത്തിൻറെ വിവിധ ഘട്ടങ്ങളെക്കുറിച്ചും, അവതരിച്ച വചനത്തിൻറെ നാമത്തിലുള്ള സന്ന്യാസിനി സമൂഹത്തിൽ ചേർന്നതിനെക്കുറിച്ചും താൻ തീനോസ് ദ്വീപിൽ പ്രേഷിതശുശ്രൂഷയ്ക്കായി എത്തിച്ചേർന്നതിനെക്കുറിച്ചും പരാമർശിച്ചു. കുഞ്ഞുങ്ങളിലും യുവജനത്തിലും മുതിർന്നവരിലും വിശുദ്ധിക്കായുള്ള അഭിവാഞ്ഛയുടെ വിത്തുകൾ പാകിക്കൊണ്ടുള്ള കാരുണ്യ പ്രവർത്തനത്തിലൂടെ തങ്ങളുടെ സന്ന്യാസിനി സമൂഹം മാംസം ധരിച്ച വചനത്തെ മാനുഷിക കാര്യങ്ങളിൽ സമൂർത്തമാക്കിത്തീർക്കാൻ പരിശ്രമിക്കുന്നുവെന്നും അതാണ് തങ്ങളുടെ സിദ്ധിയെന്നും ഈ സന്ന്യാസിനി വെളിപ്പെടുത്തി.
അല്മായ വിശ്വാസിയുടെ സാക്ഷ്യം
പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിക്ക് പേരുകേട്ട തീനോസ് ദ്വീപു നിവാസിയായ താൻ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതെന്നും തൻറെ ഭാര്യ ഓർത്തോഡോക്സ് സഭാംഗമാണെന്നും എന്നാൽ തങ്ങളുടെ മക്കൾ കത്തോലിക്കാ വിദ്യാലയങ്ങളിൽ പഠിക്കുകയും ഞായറാഴ്ചക്കുർബ്ബാനകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും അവർ കൂദാശകൾ സ്വീകരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാൽ 17 വയസ്സായപ്പോൾ അവർ മതപരമായ അനുഷ്ഠാനങ്ങളിൽ നിന്നു അകന്നു തുടങ്ങുകയും തൻറെ ചോദ്യങ്ങൾക്കു മുന്നിൽ നിസ്സംഗത കാട്ടുകയും ചിലപ്പോൾ അസ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും എന്നാൽ താൻ കത്തോലിക്കാ വിശ്വാസത്തിൽ തന്നെ തുടരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
മക്കളെ വളർത്തുന്നതിൽ എവിടെയാണ് പിഴച്ചെതെന്നും എന്താണ് താൻ ചെയ്യാതിരുന്നതെന്നും സ്വയം ചോദിച്ചുകൊണ്ട് താൻ തന്നെത്തന്നെ കുറ്റപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മക്കളോടു കലഹിച്ചതുകൊണ്ട് പ്രശ്നപരിഹൃതിയുണ്ടാകില്ലെന്നും അവരോടു സംസാരിക്കാനും എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്ന് അവരോടുതന്നെ ചോദിക്കാനുമാണ് തൻറെ കുമ്പസാരക്കാരൻ ഉപദേശിച്ചതെന്നും തൻറെ ചോദ്യത്തിനു മക്കൾ നല്കിയ ഉത്തരം തങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ കാലം മാറിയെന്നും വ്യത്യസ്തമായ ഒന്നാണ് തങ്ങൾ സഭയോടു ആവശ്യപ്പെടുന്നതെന്നുമായിരുന്നെന്നും തന്നോടു ഭയപ്പെടേണ്ടെന്നും താൻ പഠിപ്പിച്ചതുപോലെ അവർ ഒറ്റക്കെട്ടാണെന്നും അവർ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.
സന്ന്യാസിനിയും അൽമായനും തങ്ങളുടെ സാക്ഷ്യങ്ങൾക്കു ശേഷം പാപ്പയുടെ സമീപത്തെത്തി അനുഗ്രഹവും ഉപഹാരമായി ജപമാലയും സ്വീകരിക്കുകയും ചെയ്തു. ഈ സാക്ഷ്യങ്ങൾക്കു ശേഷം പാപ്പായുടെ പ്രഭാഷണമായിരുന്നു. പാപ്പായുടെ പ്രസംഗത്തെ തുടർന്ന് ഒരു മതബോധക കർത്തൃ പ്രാർത്ഥനയ്ക്ക് ആമുഖമായി ഏതാനും കാര്യങ്ങൾ അവതരിപ്പിക്കുകയും തുടർന്ന് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രസ്തുത പ്രാർത്ഥന എല്ലാവരും ഒരുമിച്ചു ചൊല്ലുകയും ചെയ്തു. അതിനു ശേഷം പാപ്പാ സമാപനാശീർവ്വാദം നല്കി. തുടർന്ന് പാപ്പാ തൻറെ അടുത്തേയ്ക്കു വന്ന മെത്രാന്മാരെ ഒരോരുത്തരായി അഭിവാദ്യം ചെയ്യുകയും കൂടിക്കാഴ്ചയ്ക്ക് സമാപനം കുറിക്കുകയും ചെയ്തുകൊണ്ട് വേദി വിട്ട് അവർക്കിടയിലൂടെ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് കത്തീദ്രലിന് പുറത്തേയ്ക്കു പോയി. പുറത്ത് ജനങ്ങൾ ആനന്ദാരവങ്ങൾ ഉയർത്തി പാപ്പായെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അവരെ കരമുയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് കാറിൽ കയറിയ പാപ്പാ നേരെ പോയത് 6 കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കാണ്. അവിടെ വച്ച് പാപ്പാ ഗ്രീസിലെ ഈശോസഭാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. തുടർന്ന് അത്താഴം കഴിച്ച് ശനിയാഴ്‌ച രാത്രി വിശ്രമിച്ചു.
ഇടയസന്ദർശനത്തിൻറെ ഉപാന്ത്യദിനം
പാപ്പായുടെ മുപ്പത്തിയഞ്ചാം വിദേശ അപ്പസ്തോലിക പര്യടനത്തിലെ ഉപാന്ത്യദിനമായിരുന്നു അഞ്ചാം തീയതി ഞായറാഴ്ച (05/12/21). പാപ്പായുടെ അന്നത്തെ പ്രധാന പരിപാടി രാവിലെ, ലെസ്വാസ് ദ്വീപിൽ മോറിയ അഭയാർത്ഥി പാളയ സന്ദർശനമായിരുന്നു. അന്നു വൈകുന്നേരം “മെഗറോൺ കൺസേർട്ട് ഹാൾ”-ൽ ദിവ്യബലി, അപ്പൊസ്തോലിക് നൺഷിയേച്ചറിൽ സൗഹൃദസന്ദർശനത്തിനെത്തുന്ന ആകമാന ഗ്രീസിൻറെ ഓർത്തൊഡോക്സ് മെത്രാപ്പോലീത്ത ഇയെറോണിമോസ് രണ്ടാമനുമായുള്ള കൂടിക്കാഴ്ച എന്നിവയായിരുന്നു.
ഞായറാഴ്‌ച രാവിലെ പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 22 കിലോമീറ്ററിലേറെ അകലെ സ്ഥിതിചെയ്യുന്ന, ഏതൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ പോയി. മൈറ്റലീൻ എന്നും അറിയപ്പെടുന്ന ലെസ്വോസ് ദ്വീപായിരുന്നു പാപ്പായുടെ ലക്ഷ്യം. 250 കിലോമീറ്റർ അകലെയുള്ള ആ ദ്വീപിലേക്ക് വിമാനമാർഗ്ഗം പുറപ്പെട്ട പാപ്പാ 55 മിനിറ്റു ആകാശയാത്രയ്ക്കു ശേഷം അവിടെ എത്തി.
ഗ്രീസിലെ മൂന്നാമത്തെ വലിയ ദ്വീപാണ് ലെസ്വാസ്. ഇവിടത്തെ നിവാസികളുടെ സംഖ്യ 1 ലക്ഷത്തി 15000-ത്തോളം വരും. ലെസ്വാസിൻറെ തലസ്ഥാന നഗരവും പ്രധാന തുറമുഖവും മൈറ്റലീൻ ആണ്. ഈ പ്രദേശം ഉൾക്കൊള്ളുന്ന അതിരൂപത നക്സോസ് ആണ്. 1377 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന അറുപതിനായിരത്തിലേറെ നിവാസികളിൽ കത്തോലിക്കർ 5000 മാത്രമാണ്. ഇവർ 27 ഇടവകകളിലായി തിരിക്കപ്പെട്ടിരിക്കുന്നു. 11 രൂപതാവൈദികരും 4 സന്ന്യസ്ത വൈദികരും ഇവരുടെ അജപാലനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നു. ആർച്ചുബിഷപ്പ് ജോസിഫ് പ്രിന്തേസിസ് (Josif Printezis ) ആണ് അതിരൂപതാദ്ധ്യക്ഷൻ.
അഭയാർത്ഥി കേന്ദ്രം
2020 സെപ്റ്റമ്പറിൽ അഗ്നിബാധമൂലം നശിച്ചതിനെ തുടർന്ന് വീണ്ടും സജ്ജമാക്കിയ മോറിയ അഭയാർത്ഥി പാളയം സന്ദർശിക്കാനാണ് പാപ്പാ എത്തിയത്. മോറിയ ഗ്രാമത്തിനു പുറത്ത് മൈറ്റിലിനടുത്താണ് ഈ അഭയയാർത്ഥി കേന്ദ്രം. ഫ്രാൻസീസ് പാപ്പാ 2016 ഏപ്രിലിൽ പഴയ അഭയാർത്ഥി കേന്ദ്രം സന്ദർശിച്ചിട്ടുണ്ട്. മൈറ്റലിൻ റിസെപ്ഷൻ ആൻറ് ഐഡൻറിഫിക്കേഷൻ സെൻറർ എന്ന് നാമകരണം ചെയ്തിരിക്കുന്ന അഭയാർത്ഥികേന്ദ്രത്തിലേക്കു വന്ന പാപ്പാ അതിനരികെ കാറിൽ വന്നിറങ്ങുകയും ഈ കേന്ദ്രത്തിൻറെ പ്രവേശന കവാടം വരെയുള്ള ദൂരം മുഴുവൻ വഴിയരികിൽ നിന്നിരുന്നവരെ തൊട്ടു തലോടി കുശലം പറഞ്ഞ് കടന്നുപോകുകയും ചെയ്തു. അപ്പോൾ പാപ്പായുടെ സാന്ത്വന വാത്സല്യ സാമീപ്യം അനുഭവിച്ചറിഞ്ഞവരുടെ ഹൃദയാനന്ദം അവരുടെ കണ്ണുകളിലും മുഖത്തും വിളങ്ങുന്നതു കാണാമായിരുന്നു. ഇടയ്ക്കുവച്ച് വീണ്ടും കാറിലേറിയ പാപ്പാ അഭയാർത്ഥി ക്യാമ്പിനകത്തേക്ക് സാവധാനം നീങ്ങി. വേദിക്കരികിൽ പാപ്പാ കാറിൽ നിന്നിറങ്ങിയപ്പോൾ ഗ്രീസിൻറെ പ്രസിഡൻറ് ശ്രീമതി ഇക്കത്തെരീനി സകെല്ലറൊപുലുവിൻറെ സാന്നിധ്യത്തിൽ അഭയാർത്ഥികളായ രണ്ടു ബാലികകൾ പാപ്പായെ പൂച്ചെണ്ടുകൾ നല്കി സ്വീകിച്ചു. അപ്പോൾ ഗായക സംഘത്തിൻറെ സ്വാഗതഗാനം മുഴങ്ങി. പാപ്പാ സാവധാനം നടന്ന് ഒരു കൂടാരത്തിൽ ഒരുക്കിയിരുന്ന വേദിയലെത്തി. ഇരുന്നൂറോളം പേർ അവിടെ സന്നിഹിതരായിരുന്നു. ഇടയ്ക്ക് പാപ്പാ ഗായകസംഘത്തോടുള്ള തൻറെ മതിപ്പ് കൈയ്യുയർത്തി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഗാനനാന്തരം പ്രസിഡൻറ് ശ്രീമതി ഇക്കത്തെരീനി പാപ്പായെ സ്വാഗതം ചെയ്തു.
അതിയായ ആനന്ദത്തോടെയാണ് താൻ ഫ്രാൻസീസ് പാപ്പയെ ലെസ്വാസ് ദ്വീപിലേക്കു സ്വാഗതം ചെയ്യുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു. പാപ്പാ രണ്ടാം തവണാണ് അവിടെ എത്തുന്നതെന്നും ദ്വീപുനിവാസികൾ അഭയാർത്ഥികളോടു ധാരണ പുലർത്തുകയും അവരോടു ഐക്യകാർഢ്യം പ്രകടിപ്പിക്കുകയും പ്രതികൂലാവസ്ഥകളിലും തങ്ങളുടെ ധാർമ്മിക ചുമതല അവർ നിറവേറ്റുകയും ചെയ്തിട്ടുണ്ടെന്നും പ്രസിഡൻറ് ശ്രീമതി ഇക്കത്തെരീനി അനുസ്മരിച്ചു.
പ്രസിഡൻറിൻറെ വാക്കുകളെ തുടർന്ന് ആർച്ചുബിഷപ്പ് ജോസിഫ് പ്രിന്തേസിസ് പാപ്പായെ സ്വാഗതം ചെയ്തു. അതിനു ശേഷം ഒരു അഭയാർത്ഥിയുടെയും ഒരു സന്നദ്ധസേവകൻറെയും സാക്ഷ്യമായിരുന്നു.
ക്രിസ്റ്റ്യൻ താങ്കൊ മുക്കായ
കോംഗൊ റിപ്പബ്ലിക്ക് സ്വദേശിയായ 30 വയസ്സുള്ള കുടുംബസ്ഥനായ ക്രിസ്റ്റ്യൻ താങ്കൊ മുക്കായ എന്ന അഭയാർത്ഥി തങ്ങളുടെ കാര്യത്തിൽ പാപ്പാ കാണിക്കുന്ന പിതാവിനടുത്ത ഔത്സുക്യത്തിന് നന്ദി പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നതെന്നും അവ വർണ്ണനാതീതങ്ങളാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. യൂറോപ്പിൽ ശോഭനമായൊരു ഭാവിയും സുരക്ഷിത സ്ഥാനവും കണ്ടെത്താൻ അഭയാർത്ഥികൾക്കാകുമെന്ന് പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ലെൻ മിയാക്കിം
സാക്ഷ്യമേകിയ ലെൻ മിയാക്കിം എന്ന ലെസ്വാസ് സ്വദേശിയായ സന്നദ്ധ സേവകൻ പാപ്പായുടെ സാന്നിദ്ധ്യത്തിന് നന്ദി പ്രകാശിപ്പിച്ചു.
ഇവിടെ പുതിയൊരു ജീവിതം, അന്തസ്സാർന്ന ജീവിതം തേടിയെത്തുന്നവർക്കു നേരെ ഈ ദ്വീപു നീട്ടുന്ന സൗഹൃദത്തിൻരെ കരം അവരുടെ ലക്ഷ്യം പ്രാപിക്കുന്നതിന് അവർക്ക് സഹായകമാകും എന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.
ഈ സക്ഷ്യത്തിനു ശേഷം ഒരു ഗാനം ആലപിക്കപ്പെട്ടു. ഗാനം അവസാനിച്ചപ്പോൾ പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്തു.
പ്രഭാഷണാനന്തരം പാപ്പാ ത്രികാലജപം നയിച്ചു. അതിനുശേഷം അഭയാർത്ഥികളായ കുട്ടികൾ പാപ്പായ്ക്ക് ഒരു സമ്മാനം നല്കി. പാപ്പാ അവർക്കും ചെറു സമ്മാനങ്ങൾ നല്കി. അതിനു ശേഷം പാപ്പാ വേദിവിട്ടു.തുടർന്ന് പാപ്പാ ഏതാനും അഭയാർത്ഥികളെ അവർ താമസിക്കുന്നിടത്തെത്തി സന്ദർശിച്ചതിനു ശേഷമാണ് അഭയാർത്ഥി ക്യാമ്പിൽ നിന്ന് തിരികെപ്പോയത്.
അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്കു പോയ പാപ്പാ അവിടെനിന്ന് എതൻസിലേക്കു വിമാനം കയറി. ഏതൻസിലെത്തിയ പാപ്പാ വിമാനത്തവാളത്തിൽ നിന്ന് അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോയി. അവിടെ ആയിരുന്നു പാപ്പായ്ക്ക് ഉച്ചവിരുന്നു ഒരുക്കിയിരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: