ഫ്രാൻസീസ് പാപ്പാ ഗ്രീസിൽ, ഏതൻസിലെ രാഷ്ട്രപതി മന്ദിരത്തിൽ വച്ച് രാഷ്ട്രാധികാരികളെയും നയതന്ത്രപ്രതിനിധികളെയും പൗരസമൂഹ പ്രതിനിധികളെയും സംബോധന ചെയ്യുന്നതിനെത്തുന്നു, സമീപത്ത്, പ്രസിൻറ് ശ്രീമതി കാത്തെറീൻ സകെല്ലാരൊപൗലൗ, 04/12/21 ഫ്രാൻസീസ് പാപ്പാ ഗ്രീസിൽ, ഏതൻസിലെ രാഷ്ട്രപതി മന്ദിരത്തിൽ വച്ച് രാഷ്ട്രാധികാരികളെയും നയതന്ത്രപ്രതിനിധികളെയും പൗരസമൂഹ പ്രതിനിധികളെയും സംബോധന ചെയ്യുന്നതിനെത്തുന്നു, സമീപത്ത്, പ്രസിൻറ് ശ്രീമതി കാത്തെറീൻ സകെല്ലാരൊപൗലൗ, 04/12/21  

പാപ്പാ: ആത്മീയതയും സംസ്‌കാരവും നാഗരികതയും വഴിഞ്ഞൊഴുകുന്ന ഗ്രീസ്!

ഡിസമ്പർ 2-ന് (02/12/21) ആരംഭിച്ച, വിദേശ അജപാലന സന്ദർശനത്തിൽ ആദ്യ വേദിയായ സൈപ്രസിൽ നിന്ന് ശനിയാഴ്ച (04/12/21) ഗ്രീസിലെത്തിയ ഫ്രാൻസീസ് പാപ്പാ, അന്നുതന്നെ അന്നാടിൻറെ തലസ്ഥാന നഗരിയായ എതൻസിൽ, രാഷ്ട്രപതി മന്ദിരത്തിൽ വച്ച് രാജ്യാധികാരികളും പൗരസമൂഹത്തിൻറെ പ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗ്രീസിൻറെ അധികാരികളോടും പൗരസമൂഹ പ്രതിനിധികളോടും നയതന്ത്ര പ്രതിനിധികളോടും പാപ്പാ നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ: 

ഏതൻസ് നഗരത്തിലായിരിക്കുക ഒരു ബഹുമതി

തനിക്കേകിയ ഊഷ്മള വരവേല്പിന് ഗ്രീസിൻറെ പ്രസിഡൻറിനും അന്നാട്ടിലെ മുഴുവൻ പൗരജനത്തിനും നന്ദി പ്രകാശിപ്പിക്കുകയും മഹത്തായ ഈ നഗരത്തിൽ, ഏതൻസിൽ. ആയിരിക്കുകയെന്നത് ഒരു ആദരവാണ് എന്ന് പ്രസ്താവിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ ഗ്രീസിലെ തൻറെ കന്നി പ്രഭാഷണത്തിന് തുടക്കം കുറിച്ചത്.

പാപ്പായുടെ യാത്രയുടെ തീർത്ഥാടക മാനം

ആത്മീയതയും സംസ്‌കാരവും നാഗരികതയും നിറഞ്ഞൊഴുകുന്ന ഈ ഇടങ്ങളിലേക്ക് താൻ എത്തിയിരിക്കുന്നത് ഒരു തീർത്ഥാടകനായിട്ടാണെന്നും സഭാപിതാവായ വിശുദ്ധ ഗ്രിഗറി നസിയാൻസന് ഏതൻസിൽ ഉത്തേജനം പകർന്ന അതേ ആനന്ദം നുകരാനാണ് താൻ വന്നിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ജ്ഞാനം വളർത്തുകയും അതിൻറെ സൗന്ദര്യം പങ്കുവയ്ക്കുകയും ചെയ്യുന്നതിൻറെ സന്തോഷമായിരുന്നു അതെന്ന് പാപ്പാ വിശദീകരിച്ചു.

അനന്തതോന്മുഖം ആനന്ദം

ആകയാൽ ആ സന്തോഷം വൈക്തികവും ഒറ്റപ്പെട്ടതുമല്ല, മറിച്ച്, വിസ്മയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതും, അനന്തത ലക്ഷ്യം വയ്ക്കുകയും സമൂഹത്തിലേക്ക് തുറക്കുകയും ചെയ്യുന്നതാണെന്നും ഇവിടെ നിന്ന് സർവ്വത്ര വ്യാപിച്ച ജ്ഞാനപൂർവകമായ ഒന്നാണ് ഈ സന്തോഷമെന്നും, ഏഥൻസും ഗ്രീസും ഇല്ലെങ്കിൽ, ഇന്ന് യൂറോപ്പും ലോകവും എന്തായിരിക്കുന്നുവോ അതായിരക്കില്ലയെന്നും ജ്ഞാനവും സന്തോഷവും കുറഞ്ഞവയായിപ്പോയേനെയെന്നും പാപ്പാ പറഞ്ഞു. ഇവിടെ നിന്നാണ് മാനവികതയുടെ ചക്രവാളങ്ങൾ പരന്നത്. നഗരത്തിൻറെ ഏറ്റവും ഉയർന്ന ഭാഗമായ അക്രോപോളിസിൽ നില്ക്കാനും ഇവിടെ നിന്ന് മേലോട്ടു നോക്കാനും ഞാനും ക്ഷണിക്കപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നുന്നു, പാപ്പാ തുടർന്നു.

സ്വർഗ്ഗത്തിൻറെ ആവശ്യകതയ്ക്ക് മങ്ങലേല്പിക്കുന്ന പ്രവണത  

സഹസ്രാബ്ദങ്ങളായി അവിടെ വന്നിറങ്ങിയ യാത്രക്കാർക്ക് ദൂരെ നിന്ന് ദൃശ്യമായ അക്രോപോളിസ്    ദൈവികതയെക്കുറിച്ചുള്ള കാതലായ സംശോധക ബിന്ദുവായിരുന്നു. ചക്രവാളങ്ങൾ ഉന്നതത്തിലേക്ക് വ്യപിപ്പിക്കാനുള്ള ആഹ്വാനമാണ്: ഒളിമ്പസ് പർവ്വതത്തിൽ നിന്ന് അക്രോപോളിസ് മുതൽ അതോസ് പർവ്വതം വരെ, മുകൾത്തട്ടിലേക്ക് ജീവിതയാത്ര ലക്ഷ്യമാക്കാൻ ഗ്രീസ് എല്ലാ കാലത്തെയും മനുഷ്യനെ ക്ഷണിക്കുന്നു. ദൈവത്തിലേക്ക്, കാരണം നമുക്ക് യഥാർത്ഥ മനുഷ്യരാകാൻ അലൗകികത ആവശ്യമാണ്. ഇന്ന്, ഇവിടെ നിന്ന് ഉയിർകൊണ്ട പാശ്ചാത്യ രാജ്യങ്ങളിൽ, അനേകായിരങ്ങളായ ലോകകാര്യവ്യഗ്രതകളുടെയും അതിരുകടന്ന ഉപഭോഗത്തിൻറെ അദമ്യമായ അത്യാഗ്രഹത്തിൻറെയും കെണിയിൽ പെട്ട് സ്വർഗ്ഗത്തിൻറെ ആവശ്യകതയ്ക്ക് മങ്ങലേല്പിക്കുന്ന പ്രവണത കാണപ്പെടുമ്പോൾ ഈ സ്ഥലങ്ങൾ നമ്മെ അനന്തതയാലും അസ്തിത്വത്തിൻറെ സൗന്ദര്യത്താലും വിശ്വാസത്തിൻറെ ആനന്ദത്തലും വിസ്മയാധീനരാകാൻ ക്ഷണിക്കുന്നു. പാശ്ചാത്യപൗരസ്ത്യദേശങ്ങളെയും വിശുദ്ധസ്ഥലങ്ങളെയും യുറോപ്പിനെയും, ജറുസലേമിനെയും റോമിനെയും കൂട്ടിയിണക്കിയ സുവിശേഷ പാതകൾ ഇവിടെ നിന്നു കടന്നുപോയി. മനുഷ്യസ്‌നേഹിയായ ദൈവത്തിൻറെ സുവിശേഷം ലോകത്തിലെത്തിക്കുന്നതിനായി ആ സുവിശേഷങ്ങൾ എഴുതിയത് ഗ്രീക്കിലാണ്,  വചനം, ലോഗോസ്, സ്വയം ആവിഷ്ക്കരിക്കുന്നതിന് ഉപയോഗിച്ച അനശ്വര ഭാഷ, മനുഷിക ജ്ഞാനത്തിൻറെ ഭാഷ ദൈവിക ജ്ഞാനത്തിൻറെ ശബ്ദമായി പരിണമിച്ചു.

അപരനിലേക്കു നീളുന്ന നോട്ടം 

എന്നാൽ ഈ നഗരത്തിൽ,  നോട്ടം മുകളിലേക്കു മാത്രല്ല അപരനിലേക്കും നീളുന്നു. ഏതൻസിന് അഭിമുഖമായുള്ളതും ജനതകൾക്കു മദ്ധ്യേ പാലമായിത്തീരുന്നതിന് മദ്ധ്യധരണീസ്ഥിതവുമായ ഈ ദേശത്തിൻറെ വിളിയ്ക്ക് ദിശയേകുന്നതുമായ കടൽ ഇതു നമ്മെ ഓർമ്മിപ്പിക്കുന്നു. 

ജാനധിപത്യം

ഇന്ന്, യൂറോപ്യൻ ഭൂഖണ്ഡത്തിൽ മാത്രമല്ല, പലയിടത്തും ജനാധിപത്യത്തിൻറെ ഒരു പിൻവലിയൽ കാണപ്പെടുന്നത് ആശങ്കാജനകമാണെന്ന വസ്തുതയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഇവിടെ എല്ലാവരുടെയും പങ്കാളിത്തവും ഇടപെടലും  ആവശ്യമാണ് എന്നും പരിശ്രമവും ക്ഷമയും അനിവാര്യമായ ഒന്നാണതെന്നും പാപ്പാ പറയുന്നു. എല്ലാവരുടെയും പങ്കാളിത്തം ഒരു അടിസ്ഥാന ആവശ്യമാണെന്നും അത് പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കാൻ മാത്രമല്ല, അത് നമ്മൾ ആരാണെന്നതിനോട് പ്രതികരിക്കുന്നതിനും അതു കൂടിയേതീരൂ എന്നും പാപ്പാ വ്യക്തമാക്കുന്നു.

ധ്രൂവീകരണം എന്ന വിപത്ത്  

ധ്രുവീകരണം എന്ന അപകടത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ യൂറോപ്പിൻറെ സ്ഥാപക പിതാക്കന്മാരിൽ ഒരാൾ അതിനുള്ള മറുമരുന്നായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് ഉദ്ധരിച്ചു: "ആരൊക്കെ ഇടത്തോട്ടും വലത്തോട്ടും പോകുന്നു എന്നതിനെക്കുറിച്ച് ധാരാളം സംസാരമുണ്ട്, പക്ഷേ നിർണ്ണായകമായ കാര്യം മുന്നോട്ട് പോകുകയാണ്, മുന്നേറുക എന്നതിനർത്ഥം സാമൂഹിക നീതിയോന്മുഖമായി ചരിക്കുക എന്നാണ് "(A. DE GASPERI, മിലാൻ പ്രസംഗം, ഏപ്രിൽ 23, 1949). ഈ അർത്ഥത്തിലുള്ള ചുവടുമാറ്റം അനിവാര്യമാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. പക്ഷം ചേരുന്നതിൽ നിന്ന് പങ്കാളിത്തത്തിലേക്കു കടക്കാൻ പരസ്പരം സഹായിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ഊന്നിപ്പറഞ്ഞു.

ഇന്നിൻറെ വെല്ലുവിളികൾ

കാലാവസ്ഥ, പകർച്ചവ്യാധി, പൊതു വിപണി, എല്ലാറ്റിനുമുപരിയായി വ്യാപകമായ ദാരിദ്ര്യം എന്നിവയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഇവയെല്ലാം സമൂർത്തമായും സജീവമായും സഹകരിക്കാൻ നമ്മോടാവശ്യപ്പെടുന്ന വെല്ലുവിളികളാണെന്ന് ഓർമ്മിപ്പിച്ചു. കോവിദ് 19 മഹാമാരി വലിയൊരു വിപത്താണ് ഉളവാക്കിയിരിക്കുന്നതെന്നും അതു നമ്മെ നാം ബലഹീനരും പരസ്പരം ആവശ്യമുള്ളവരുമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. ഗ്രീസിലും ഈ മഹാമാരിക്കെതിരെ പ്രതിരോധകുത്തിവയ്പ്പ് പ്രചാരണപരിപാടി ആവശ്യമാണ് എന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ക്രൈസ്തവ സ്നേഹം, സഹോദര്യം

ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ്, ഗ്രീസിലെ താൽക്കാലിക സർക്കാർ കത്തോലിക്കരെ സംബോധന ചെയ്ത ഹൃദയസ്പർശിയായ വാക്കുകൾ പാപ്പാ അനുസ്മരിച്ചു: "ക്രിസ്തു അയൽക്കാരനെ സ്നേഹിക്കാൻ കൽപ്പിച്ചു. എന്നാൽ, ആചാരങ്ങളിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഞങ്ങളുടെ സഹപൗരൻമാരായ നിങ്ങളേക്കാൾ അയൽക്കാരായി ഞങ്ങൾക്ക് ആരുണ്ട്? നമുക്ക് ഒരേയൊരു മാതൃരാജ്യമാണുള്ളത്, നമ്മൾ ഒരൊറ്റ ജനതയാണ്; ഞങ്ങൾ ക്രിസ്ത്യാനികൾ വിശുദ്ധ കുരിശിനാൽ നമ്മൾ ക്രിസ്ത്യാനികൾ സഹോദരങ്ങളാണ്”. വിശ്വാസത്താലും ക്രൈസ്തവ പാരമ്പര്യങ്ങളാലും അനുഗ്രഹീതമായ ഈ രാജ്യത്ത് കുരിശടയാളത്തിൻ കീഴിൽ സഹോദരങ്ങളായിരിക്കുകയെന്നത്, എല്ലാവരേയും തൻറെ കാരുണ്യത്താൽ ആശ്ലേഷിക്കുന്ന ആ ദൈവത്തിൻറെ നാമത്തിൽ എല്ലാ തലങ്ങളിലും കൂട്ടായ്മ വളർത്തിയെടുക്കാൻ ക്രിസ്തുവിൽ എല്ലാ വിശ്വാസികളെയും ഉദ്ബോധിപ്പിക്കുന്നു എന്നു പാപ്പാ പറഞ്ഞു. ആ ജനതയുടെ പ്രതിബദ്ധതയ്ക്ക് നന്ദി പറഞ്ഞ പാപ്പാ,  തുറന്ന മനോഭാവം പുലർത്തുന്നതിലും ഉൾക്കൊള്ളുന്നതിലും നീതിയിലും മുന്നോട്ട് പോകാൻ ഗ്രീസിനെ പ്രാപ്തമാക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു

ഗ്രീസ് നല്കുന്ന സന്ദേശം 

ഉന്നതത്തിലേക്കും അപരനിലേക്കും നോക്കാനുള്ള ഒരു സന്ദേശം, സ്വേച്ഛാധിപത്യത്തിൻറെ പ്രലോഭനങ്ങളെ പ്രജാധിപത്യംകൊണ്ട് നേരിടാനുള്ള സന്ദേശം, സ്വാർത്ഥപരമായ നിസ്സംഗതയെ,    അപരനെയും പാവപ്പെട്ടവനെയും സൃഷ്ടിയെയും പരിപാലിച്ചുകൊണ്ട് ചെറുക്കാനുള്ള സന്ദേശം ഈ നഗരത്തിൽ നിന്ന്, നാഗരികതയുടെ ഈ പിള്ളതൊട്ടിലിൽ നിന്ന് ഉയർന്നിട്ടുണ്ട്, സദാ ഉയരുന്നുണ്ട്. നമ്മുടെ കാലത്തിനും യൂറോപ്പിനും ആവശ്യമായ നവീകരിക്കപ്പെട്ട മാനവികതയ്‌ക്ക് അത്യന്താപേക്ഷിതമായ മൂലക്കല്ലുകൾ ആണ് അവ. ഓ തെയോസ് നാ എവ്ലോഗി തിൻ എല്ലാദ! - ദൈവം ഗ്രീസിനെ അനുഗ്രഹിക്കട്ടെ! ഈ വാക്കുകളോടെയാണ് പാപ്പാ തൻറ പ്രഭാഷണം അവസാനിപ്പിച്ചത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2021, 13:54