പാപ്പാ: അന്തർമതസംവാദം – ക്ഷമായാചനം
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സൈപ്രസ് പ്രക്ഷേപണ കോർപ്പറേഷനിലെ (CYBC) മാധ്യമ പ്രവർത്തകൻ കോൺസ്റ്റാന്തിനോസ് സിന്റാസ് അന്തർമതസംവാദത്തെക്കുറിച്ച് പാപ്പാ നടത്തിയ ശക്തമായ നിരീക്ഷണങ്ങളെയും ക്ഷമാപണങ്ങളെയും കേന്ദ്രീകരിച്ചാണ് ചോദിച്ചത്. ക്രൈസ്തവരുടെ ഇടയിലുള്ള വിഭാഗീയതയെക്കുറിച്ചാണ് തന്റെ സഹോദരനായ ഇയറോണിമോസിനോടു താൻ ക്ഷമാപണം നടത്തിയതെന്നും എല്ലാറ്റിലുമുപരിയായി കത്തോലിക്കർ കാരണക്കാരായ വിഭാഗീയതയ്ക്കായിരുന്നു തന്റെ ക്ഷമാപണം എന്നും ഉത്തരം പാപ്പാ നൽകി.
സ്വയംപര്യാപ്തതാ മനോഭാവം ക്ഷമ ചോദിക്കേണ്ട അവസരങ്ങളിൽ നമ്മുടെ വായടപ്പിച്ചു നിറുത്തും. എന്നാൽ എപ്പോഴും താൻ ഒരിക്കലും തളരാതെ ക്ഷമിക്കുന്ന ദൈവത്തെ ഓർമ്മിക്കുമെന്നും നമ്മളാണ് ക്ഷമ ചോദിക്കുന്നതിൽ ക്ഷീണിതരാകുന്നതെന്നും പാപ്പാ പറഞ്ഞു. ദൈവത്തോടു ക്ഷമ ചോദിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സഹോദരനോടു ക്ഷമ ചോദിക്കുന്നത്. കാരണം സഹോദരീ സഹോദരോടു ക്ഷമ ചോദിക്കുന്നതിൽ അപമാനവും ഗർവ്വഭംഗവും ഉണ്ട്. ഇന്നു സംഭവിക്കുന്ന ജീവനഷ്ടങ്ങൾക്കും യുദ്ധക്കൾക്കും മുന്നിൽ എങ്ങനെ ക്ഷമ ചോദിക്കാതിരിക്കാൻ കഴിയും പാപ്പാ ചോദിച്ചു. കുടിയേറ്റക്കാരുടെ ജീവനെടുത്ത കടലിലെ ദുരന്തങ്ങൾക്കും താൻ മാപ്പപേക്ഷിച്ചതായി പാപ്പാ പറഞ്ഞു.
ആദ്യ എക്യുമേനിക്കൽ സിനഡായ നിസേയായ്ക്ക് പതിനേഴ് നൂറ്റാണ്ടകൾക്കിപ്പുറം എക്യുമെനിക്കൽ പാത്രിയാർക്ക് ബർത്തലോമിയോയോടൊപ്പം 2025 ൽ ആഘോഷിക്കാൻ ക്രൈസ്തവരോടു നടത്തിയ അഭ്യർത്ഥനയെക്കുറിച്ചുള്ള ചോദ്യത്തിന് സഭയിലെ പുരോഹിത അൽമായ വേർതിരിവ് വെറും ഔദ്യോഗീക കർത്തവ്യനിർവ്വഹണത്തിനായി മാത്രമുള്ളതാണെന്നും സഭയുടെ ചാലകശക്തി സിനഡാലിറ്റിയാണെന്നും പാപ്പാ പറഞ്ഞു. പരസ്പരം ശ്രവിച്ച് മുന്നോട്ടു നീങ്ങുക എന്ന ഈ തത്വം ഓർത്തഡോക്സ്, പൗരസ്ത്യ സഭകൾ നിലനിർത്തി. എന്നാൽ പോൾ ആറാമൻ അതിനെ തിരിച്ചു കൊണ്ടുവരും വരെ ലത്തീൻ സഭ അക്കാര്യം മറന്നു കളഞ്ഞു. ഈ തത്വം വീണ്ടും ഒരു സ്വഭാവമാക്കാനുള്ള യാത്രയിലാണ് ഇപ്പോൾ തങ്ങളെന്ന് പാപ്പാ അറിയിച്ചു.
ക്രിസ്തുമസ് എന്ന പദപ്രയോഗം മാറ്റാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനം കാലത്തിന് അനുരൂപമല്ലാത്തത്
‘ക്രിസ്തുമസ് കാലം’ എന്നത് ‘ഒഴിവുകാലം’ എന്ന് മാറ്റാൻ ശ്രമിക്കുന്ന യൂറോപ്യൻ യൂണിയന്റെ രേഖയെക്കുറിച്ചുള്ള ചോദ്യത്തിന് അത് കാലത്തിന് അനുരൂപമല്ലാത്തതാണ് എന്നായിരുന്നു പാപ്പായുടെ പ്രതികരണം. ചരിത്രത്തിൽ ചില സ്വേച്ഛാധിപതികളും ഇങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അത് വിജയിച്ചില്ല എന്നും പാപ്പാ ഓർമ്മിപ്പിച്ചു. യൂറോപ്യൻ യൂണിയനോടു അതിന്റെ സ്ഥാപക പിതാക്കന്മാരുടെ ആദർശങ്ങളായ ഐക്യവും മഹത്വവും പിന്തുടരാനും ആദർശപരമായ കോളനിവൽക്കരണത്തിന്റെ പാത പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കാനും പാപ്പാ ആവശ്യപ്പെട്ടു. ക്രിസ്തുമസ് എന്ന പദം മാറ്റുക എന്നത് വെള്ളം കൂട്ടിയ മതനിരപേക്ഷതയായതിനാലാണ് കാലത്തിനനുരൂപമല്ലാത്തതെന്നു താൻ പറയുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: