ആരോഗ്യ പ്രവർത്തകരുടെ കരങ്ങൾ ദൈവപിതാവിൻറെ കാരുണ്യഹസ്തങ്ങളുടെ അടയാളമായി പരിണമിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആരോഗ്യ മേഖലയിൽ നിരവധി ചുവടുകൾ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും എല്ലാ രോഗികൾക്കും ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്ന് മാർപ്പാപ്പാ.
ഇക്കൊല്ലം ഫെബ്രുവരി 11-ന്, ലൂർദ്ദുനാഥയുടെ തിരുന്നാൾ ദിനത്തിൽ സഭ ആചരിക്കുന്ന ലോക രോഗീദിനത്തിന് ചൊവ്വാഴ്‌ച (04/01/22) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6,36). ജീവകാരുണ്യയാത്രയിൽ, നിങ്ങൾ, വേദനയനുഭവിക്കുന്നവരുടെ ചാരെ ആയിരിക്കുക എന്ന പ്രമേയത്തിൽ കേന്ദ്രീകൃതമായ ഈ സന്ദേശം പാപ്പാ ലൊറേത്തൊ നാഥയുടെ തിരുന്നാൾദിനത്തിൽ അതായത് ഇക്കഴിഞ്ഞ ഡിസമ്പർ 10-ന് ഒപ്പുവച്ചതാണ്.
പിതാവിനെപ്പോലെ കാരുണ്യമുള്ളവർ; യേശു, പിതാവിൻറെ കാരുണ്യം; ക്രിസ്തുവിൻറെ പീഢിത ഗാത്രത്തിൽ സ്പർശിക്കുക; ചികിത്സാലയങ്ങൾ കാരുണ്യഭവനങ്ങൾ; അജപാലന കരുണ: സാന്നിധ്യവും സാമീപ്യവും എന്നിങ്ങനെ അഞ്ച് ഉപശീർഷകങ്ങളിലായിട്ടാണ് ഈ സന്ദേശത്തിൻറെ ഉള്ളടക്കം പാപ്പാ അവതരിപ്പിച്ചിരിക്കുന്നത്.
വലിയ ദാരിദ്ര്യത്തിൻറെയും പാർശ്വവൽക്കരണത്തിൻറെയും ഇടങ്ങളിലും സാഹചര്യങ്ങളിലും എല്ലാ രോഗികൾക്കും അവർക്ക് ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കേണ്ടതിന് ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പാപ്പാ പറയുന്നു.
പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാനുള്ള യേശുവിൻറെ ക്ഷണം ആരോഗ്യപ്രവർത്തകരെ സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യം കൈവരിക്കുന്നുവെന്ന് പാപ്പാ പറയുന്നു.
സ്നേഹത്തോടും ആധികാരികതയോടും കൂടി അവർ ചെയ്യുന്ന സേവനം തൊഴിൽപരമായ പരിധികളെ ഉല്ലംഘിക്കുകയും ഒരു ജീവിത കർത്തവ്യമായി പരിണമിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ക്രിസ്തുവിൻറെ പീഢിത ഗാത്രത്തെ സ്പർശിക്കുന്ന അവരുടെ കരങ്ങൾ പിതാവിൻറെ കരുണാർദ്ര കരങ്ങളുടെ അടയാളമായി ഭവിക്കുമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
ചികിത്സയ്ക്കായി സാധാരണ ഔഷധങ്ങൾ പോലും ലഭ്യമല്ലാത്ത ഇടങ്ങളെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ ഈ പശ്ചാത്തലത്തിൽ കത്തോലിക്കാ ആരോഗ്യകേന്ദ്രങ്ങളുടെ പ്രാധാന്യം അടിവരയിട്ടു കാട്ടുന്നു. എല്ലാ രോഗികൾക്കും ചികിത്സ ലഭിക്കാനുള്ള അവകാശത്തെക്കുറിച്ചും പാപ്പാ പരാമർശിക്കുന്നുണ്ട്.
രോഗികളുടെയും അവരെ പരിചരിക്കുന്നവരുടെയും കാര്യത്തിൽ ശ്രദ്ധചെലുത്തേണ്ടതിനെക്കുറിച്ച് കത്തോലിക്കാ ആരോഗ്യപ്രവർത്തന കേന്ദ്രങ്ങളിലും പൗരസമൂഹത്തിലും അവബോധം വളർത്തിയെടുക്കുന്നതിന് മൂന്നു പതിറ്റാണ്ട് മുമ്പ്, അതായത്, 1992 മെയ് 13-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ് സാർവ്വത്രികസഭയിൽ ലോക രോഗീദിനം ഏർപ്പെടുത്തിയതെന്ന് ഫ്രാൻസീസ് പാപ്പാ തൻറെ സന്ദേശത്തിൻറെ തുടക്കത്തിൽ അനുസ്മരിക്കുന്നുണ്ട്.
മുപ്പതാം ലോക രോഗീദിനാചരണത്തിൻറെ സമാപനാഘോഷവേദി പെറുവിലെ അരേക്കിപ്പയായി നിശ്ചയിച്ചിരുന്നെങ്കിലും, കോവിദ് 19 മഹാമാരി മൂലം അത് ഇത്തവണ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലായിരിക്കുമെന്ന് പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: