ലോക യുവജന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ...(ഫയൽ ചിത്രം) ലോക യുവജന ദിനത്തിൽ ഫ്രാൻസിസ് പാപ്പാ...(ഫയൽ ചിത്രം) 

പാപ്പാ: യുവജനമേ, നിങ്ങൾ അമൂല്യരാണ്‌

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 122-123 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.

122. യുവജനമേ, നിങ്ങൾ അമൂല്യരാണ്‌

“യുവജനങ്ങളെ, ക്രിസ്തുവിന്റെ വാത്സല്യഭാജനങ്ങളെ, നിങ്ങൾ ക്രിസ്തുവിന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെടുന്നവരാണെങ്കിൽ എത്രയോ മൂല്യമുള്ളവരാണ്. പ്രിയ യുവജനമേ, "നിങ്ങൾ അമൂല്യരാണ്‌. നിങ്ങൾ വിൽക്കപ്പെടാനുള്ളവരല്ല! നിങ്ങൾ വാങ്ങിക്കപ്പെടാൻ അനുവദിക്കരുത്. നിങ്ങൾ വശീകരിക്കപ്പെടാൻ അനുവദിക്കരുത്. പ്രത്യയശാസ്ത്രപരമായ കോളനിവത്ക്കരണത്തിന്റെ രൂപങ്ങളാൽ നിങ്ങൾ അടിമകളാക്കപ്പെടരുത്. അവ നിങ്ങളുടെ തലയിൽ ആശയങ്ങൾ നിക്ഷേപിക്കുന്നു. അതിന്റെ ഫലമായി നിങ്ങൾ അവസാനം അടിമകളും ആസക്തരും ജീവിതത്തിൽ പരാജയപ്പെട്ടവരുമാകും. നിങ്ങൾ അമൂല്യരാണ്‌. നിങ്ങൾ ഇങ്ങനെ എപ്പോഴും ആവർത്തിക്കണം: ഞാൻ വിൽക്കപ്പെടാനുള്ള വ്യക്തിയല്ല, എനിക്ക് ഒരു വില നിശ്ചയിക്കപ്പെട്ടിട്ടില്ല. ഞാൻ സ്വന്തന്ത്രനാണ്.” യേശു നൽകുന്ന ഈ സ്വാതന്ത്യത്തോടെ സ്നേഹിക്കുക"

123. യുവജനമേ, ക്രൂശിതനിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക

"ക്രൂശിതനായ ക്രിസ്തുവിന്റെ വിരിച്ചു വയ്ക്കപ്പെട്ട കൈകളിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക. നിങ്ങൾ വീണ്ടും വീണ്ടും രക്ഷിക്കപ്പെടട്ടെ. നിങ്ങൾ നിങ്ങളുടെ പാപങ്ങൾ ഏറ്റ് പറയാൻ പോകുമ്പോൾ അവിടുത്തെ കാരുണ്യത്തിൽ ദൃഢമായി വിശ്വസിക്കുക. അത് നിന്നെ കുറ്റത്തിൽ നിന്ന് രക്ഷിക്കുന്നു. വലിയ സ്നേഹത്തോടെ പൊഴിയപ്പെട്ട അവിടുത്തെ രക്തത്തെപ്പറ്റി ധ്യാനിക്കുക. നീ അത് കൊണ്ട് ശുദ്ധീകരിക്കപ്പെടെട്ടെ. ഇങ്ങനെ നിനക്ക് പുതിയ വ്യക്തിയായി വീണ്ടും ജനിക്കാൻ കഴിയും.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

പ്രത്യയശാസ്ത്രകോളനിവത്ക്കരണത്തിന്റെ അടിമയാകരുത്

ഇന്നു നാം വിചിന്തനം ചെയ്യുന്ന ഭാഗത്ത് പ്രത്യയശാസ്ത്രകോളനിവത്ക്കരണത്തിന്റെ വിവിധ രൂപങ്ങളിൽ അടിമയാകരുത് എന്ന് ഓരോ യുവതീ-യുവാക്കളോടും പാപ്പാ ആവശ്യപ്പെടുന്നു. വിൽക്കപ്പെടാനോ, വാങ്ങിക്കപ്പെടാനോ, വശീകരിക്കപ്പെടാനോ അനുവദിക്കരുതെന്ന് പാപ്പാ അവരെ ഉദ്ബോധിപ്പിക്കുന്നു.അങ്ങനെ ചെയ്താൽ ആദർശങ്ങളുടെ അടിമകളും ആസക്തരും ജീവിതത്തിൽ പരാജിതരുമായിത്തീരുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.

"അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളിൽ അകപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ, ഭയപ്പെടുത്താനോ, പരിഹസിക്കാനോ ഉള്ള ആയുധങ്ങൾ എന്നപോലെ അവർ ചൂഷണം ചെയ്യപ്പെടുന്നു. അവരെ ഉപയോഗിക്കുന്നു. ഇതിലും മോശമായ മറ്റൊരു അവസ്ഥയുണ്ട്. അതായത് അവരിൽ അനേകർ വ്യക്താധിഷ്ഠിതവാദികളായി തീർന്ന് മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും, സാമ്പത്തിക ശക്തികളുടെയും മൃഗീയവും, നാശാത്മാകവുമായ തന്ത്രങ്ങൾ പ്രാവർത്തികമാക്കുവാനുള്ള എളുപ്പമുള്ള ലക്ഷ്യമായിത്തീരുന്നു"എന്ന് "ക്രിസ്തുസ് വിവിത്" എന്ന ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ എഴുപത്തിമൂന്നാം ഖണ്ഡികയിൽ പാപ്പാ പ്രബോധിപ്പിച്ചിരുന്നു.

ഈ പ്രബോധനത്തിന്റെ തന്നെ എഴുപത്തെട്ടാം ഖണ്ഡികയിൽ "അധികാരമുള്ള ആളുകൾ കുറെ സഹായം നൽകുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ അവയ്ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. ദരിദ്ര രാഷ്ട്രങ്ങളിൽ ചില സമ്പന്ന രാഷ്ട്രങ്ങളോ അന്താരാഷ്ട്ര ഏജൻസികളോ നൽകുന്ന സാമ്പത്തിക സഹായം സാധാരണയായി ലൈംഗീകത, വിവാഹം, ജീവിതം, സാമൂഹികനീതി എന്നിവയെ സംബന്ധിച്ച് പാശ്ചാത്യ വീക്ഷണങ്ങളുടെ സ്വീകരണത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. ചിന്താപരമായ ഈ കോളനിവൽക്കരണം യുവജനത്തിന് പ്രത്യേകമാംവിധം ദ്രോഹകരമാണ്. ചെറുപ്പക്കാരെ നിത്യമായ സംതൃപ്തിയിൽ കഴിയാൻ ഒരുതരം പരസ്യ ശൈലി എങ്ങനെ പഠിപ്പിക്കുന്നു എന്നും വലിച്ചെറിയൽ സംസ്കാരത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്നും നമുക്ക് നേരിട്ട് കാണാവുന്നതേയുള്ളൂ. ഈ വലിച്ചെറിയൽ സംസ്കാരത്തിൽ ചെറുപ്പക്കാർ സ്വയം ബഹിഷ്കൃതരായി പോവുകയാണ് " എന്ന് പാപ്പാ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോളനിവൽക്കരണത്തിന്റെ ചൂഷണങ്ങൾ

നിലവാരത്തിൽ "ദരിദ്രമെന്ന് " മുദ്രകുത്തി വികസനത്തിനുള്ള സഹായമെന്നപേരും പറഞ്ഞ് സമ്പന്ന രാഷ്ട്രങ്ങൾ ചൂഷണം ചെയ്തയിടങ്ങൾ അനവധിയാണ്. ലാഭകച്ചവട മന:സ്ഥിതികൾ മനുഷ്യനെ മഥിക്കുമ്പോൾ ചൂഷണങ്ങൾക്ക് ഉപവിയുടെ പുറം കുപ്പായമണിയിക്കാൻ മനുഷ്യന് മനക്കടി തോന്നാറില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് അധികാരത്തിലിരിക്കുന്ന പലരും ചെയ്യുന്ന സഹായങ്ങൾക്കുള്ളിൽ വലിയ വില കൊടുക്കേണ്ടി വരുന്ന ചരടുകൾ ഒളിഞ്ഞു കിടക്കുന്നത് പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്നത്. പല ദരിദ്ര രാഷ്ട്രങ്ങളിലേക്ക് സമ്പന്ന രാഷ്ട്രങ്ങളും അന്തർദേശീയ ഏജൻസികളും നടത്തുന്ന സാമ്പത്തീക സഹായങ്ങളിൽ കോളനീവൽക്കരണത്തിന്റെ മറ്റൊരു രൂപം മറഞ്ഞുകിടക്കുന്നത് വെളിപ്പെടുത്തുകയാണ് ഫ്രാൻസിസ് പാപ്പാ ചെയ്യുന്നത്. അതിൽ കൂടുതൽ അപകടകരം ആശയപരമായ കോളനിവൽക്കരണമാണ്.

യുവജനങ്ങളെ വാങ്ങാനും വിൽക്കാനും അനേകം സാഹചര്യങ്ങൾ ഇന്നത്തെ ലോകത്തിലുണ്ട്. പ്രത്യേകിച്ച് ആശയപരമായ കോളനിവത്ക്കരണത്തിന്റെ ഇരകളായി നമ്മുടെ യുവജനങ്ങൾ ഇന്ന് മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വാസത്തിന്റെ പാതയിൽ നിന്ന് വ്യതിചലിച്ച് പ്രത്യയശാസ്ത്രത്തിന്റെ കെണികളിൽ കുടുങ്ങിക്കിടക്കുന്ന യുവജനത്തെ സഭാ ആശങ്കയോടെ നോക്കുന്നുവെന്നും ആ പ്രത്യേക വലയത്തിൽ നിന്നും അവരെ രക്ഷിക്കാൻ സഭ അക്ഷീണം പ്രവർത്തിക്കുന്നുവെന്നുമുള്ളതിന് ഏറ്റവും വലിയ തെളിവാണ് വത്തിക്കാനിൽ 2018 ഒക്ടോബർ 3-28 വരെ നടന്ന യുവജന സിനഡ്.

ആധുനിക ലോകത്തിന്റെ നൂതന അടിമത്തം

പ്രത്യയശാസ്ത്രത്തിന്റെ കോളനിവത്ക്കരണത്തെ ആധുനിക ലോകത്തിന്റെ നൂതന അടിമത്തം എന്ന് പറയുന്നു. 2016 ഒക്ടോബറിൽ ജോർജ്ജിയയിൽ നൽകിയ ഒരു പ്രസംഗത്തിൽ പ്രത്യയശാസ്ത്രങ്ങൾകൊണ്ടുള്ള കോളനിവത്ക്കരണം "ദൈവദൂഷണ"മാണെന്ന് പാപ്പാ അപലപിച്ചു. ഇത്ര ഗൗരവമായും, ശക്തമായും എന്ത് കൊണ്ട് പാപ്പാ ഈ ആധുനിക അടിമത്തത്തെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവരുന്നു എന്ന് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം ഈ അടിമത്തം ഇന്നിന്റെയും നാളെയുടെയും വാഗ്ദാനങ്ങളായ യുവജനങ്ങളെയാണ് കാർന്നുതിന്നുകൊണ്ടിരിക്കുന്നത്  എന്നതിനാലാണെന്ന്.

സാംസ്ക്കാരികവും ആത്മീയവും വൈവിധ്യങ്ങളോടു അസഹിഷ്ണുതയുള്ളതും ദൈവത്തിൽ വിശ്വസിക്കുന്നവരെപ്പോലും പീഡിപ്പിക്കാൻ കഴിവുള്ളതുമാണ് പ്രത്യയശാസ്ത്രങ്ങൾ വഴിയുള്ള  കോളനിവത്ക്കരണമെന്ന് പാപ്പായ്ക്ക് നല്ല അവബോധമുണ്ട്. ഇവയിൽ നിന്ന് ഉരുത്തിരിഞ്ഞ ചില ആശയങ്ങൾ ആഗോളതലത്തിൽ വരുത്തിയ ചില സാംസ്കാരിക ചിന്താതല മാറ്റങ്ങളിലൂടെ ഒന്ന് കടന്നു പോകുന്നത് അറിയാതെ നാം ചെന്നുപെടുന്ന ചതിക്കുഴികൾ തിരിച്ചറിയാൻ ഇടയാക്കും.

ഗർഭഛിദ്രം

കൊലപാതകം ഒരു തിന്മയും പാപവുമായി എത്രയോ കാലം ലോകം പരിഗണിച്ചിരുന്നു. കുഞ്ഞുങ്ങളെ നശിപ്പിക്കുന്നതും കൊല്ലുന്നതും ഒരു തിന്മയല്ലാത്ത രീതിയിലേക്ക് നീങ്ങിയ നാളുകളിലല്ലേ നാം കഴിയുന്നത്. ഇന്ന് 60 രാജ്യങ്ങളിൽ ഗർഭച്ഛിദ്രം നിയമപരമാക്കി കഴിഞ്ഞു. കണക്കുകൾ വിശകലനം ചെയ്യുമ്പോൾ2015 നും 2019 നും ഇടയിൽ ഓരോ വർഷവും ഏകദേശം 121 ദശലക്ഷം ആസൂത്രിത ഗർഭധാരണങ്ങൾ നടക്കുന്നുവെന്നും ആസൂത്രിതമല്ലാത്ത ഗർഭധാരണങ്ങളിൽ 61% ഗർഭച്ഛിദ്രമാണെന്നും ഇത് പ്രതിവർഷം 73 ദശലക്ഷം അലസിപ്പിക്കലുകളായി കണക്കാക്കപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. ഇന്നത്തെ യുവജനങ്ങളിൽ ഈ ഘോരപാതകത്തെ വളരെ ലാഘവത്തോടെ കാണുന്ന എത്രയോ പേരുണ്ട്.

പുതുതാക്കാൻ ആഗ്രഹിക്കുന്ന സംസ്കാരം

"എല്ലാം പുതുതാക്കാൻ ആഗ്രഹിക്കുന്ന ഒരു പുതിയ സംസ്കാരം" സ്വയം അടിച്ചേൽപ്പിക്കുകയും ഒരു ജനതയുടെ പാരമ്പര്യങ്ങളെയും ചരിത്രത്തെയും മതത്തെയും ഇല്ലാതാക്കുകയും ചെയ്യുന്നതു നാം കാണുന്നുണ്ട്. ഇത്തരം ഒരു പ്രവണത നമ്മുടെ പരമ്പരാഗതമായ തലമുറകൾ തമ്മിലുള്ള ബന്ധത്തെയാണ് നശിപ്പിക്കുന്നത്. മുതിർന്നവർ വെറും ഉപയോഗശൂന്യരാണെന്നും, അവർ ലാഭത്തേക്കാൾ നഷ്ടമാണെന്നും, അവരുടെ വേദനകൾക്ക് വേഗം അന്ത്യം വരുത്തുന്നതാണ് ഉചിതമെന്നും ചിന്തിക്കുന്ന ഒരു ആശയപ്രത്യയശാസ്ത്രം നമ്മെ ദയാവധത്തിലേക്കും അതിന്റെ  നിയമ സാധ്യതകളിലേക്കും, നിയമവൽക്കരണത്തിലേക്കും നയിക്കുന്നു. ഇങ്ങനെ നമ്മൾ നമ്മുടെ തന്നെ വേരുകളോടുള്ള ബന്ധം അറുക്കുകയാണ് ചെയ്യുന്നത്.

ലിംഗ സിദ്ധാന്തം

ലിംഗ വ്യതാസത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഒരു പരിഹാരമല്ല മറിച്ച്‌ ഒരു പ്രശ്നമാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. കാരണം അത് പുരുഷനും സ്ത്രീയുമായുള്ള എല്ലാ വേർതിരിവുകളും ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഇത് ദൈവത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പദ്ധതിയെ തകിടം മറിക്കും. ലിംഗവ്യത്യാസത്തിൽ ഒരു പരസ്പരപൂരകത്വമുണ്ടെന്ന സത്യം നമുക്ക് മറയ്ക്കാൻ കഴിയില്ല. അത് സമൂഹത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായ കുടുംബത്തിന്റെ അടിത്തറയാണ്.

“ദാമ്പത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഒരു ആഗോള യുദ്ധമുണ്ട്. അവർ അതിനെ ആയുധങ്ങൾ കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് നശിപ്പിക്കുന്നത്. പ്രത്യയശാസ്ത്രപരമായ ചില ചിന്താ രീതികളാണ് അതിനെ നശിപ്പിക്കുന്നത്. പ്രത്യയശാസ്ത്ര കോളനിവൽക്കരണത്തിൽ നിന്ന് നമ്മൾ സ്വയം പ്രതിരോധിക്കേണ്ടതുണ്ട്,"  പാപ്പാ ഓർമ്മിപ്പിക്കുന്നു.

ആധുനീകം എന്ന മുദ്രകുത്തി നമ്മുടെ മുന്നിലേക്കു  ആകർഷണീയമായി അവതരിപ്പിക്കുന്ന ആശയങ്ങൾ അറിയാതെ നമ്മെ അടിമകളാക്കുന്നതിനെ തിരിച്ചറിയണമെന്ന് ഒരു മുന്നറിയിപ്പാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക്‌ നൽകുന്നത്. പാപ്പായുടെ മുന്നറിയിപ്പിനെ നമുക്ക് വെറുതെ തള്ളിക്കളയാൻ കഴിയില്ല കാരണം "യുവജനങ്ങൾ അമൂല്യരാണ്‌. വിൽക്കപ്പെടാനുള്ളവരല്ല! മറ്റുള്ളവരാൽ വാങ്ങിക്കപ്പെടാൻ അനുവദിക്കരുത്. വശീകരിക്കപ്പെടാൻ അനുവദിക്കരുത്. പ്രത്യയശാസ്ത്രപരമായ കോളനിവത്ക്കരണത്തിന്റെ രൂപങ്ങളാൽ യുവജനങ്ങൾ അടിമകളാക്കപ്പെടരുത്. അവ അവരുടെ തലയിൽ ആശയങ്ങൾ നിക്ഷേപിക്കുന്നു. അതിന്റെ ഫലമായി അവർ അവസാനം അടിമകളും ആസക്തരും ജീവിതത്തിൽ പരാജയപ്പെട്ടവരുമാകും. യുവജനങ്ങൾ അമൂല്യരാണ്‌" പാപ്പാ പറയുന്നു. കൂടാതെ നമുക്ക്  ഒരു വില നിശ്ചയിക്കപ്പെട്ടിട്ടില്ല. നാം  സ്വന്തന്ത്രരാണ്.” യേശു നൽകുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തോടെ നമുക്ക് പാപ്പാ പറയുന്നവ ശ്രവിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യാം.

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2022, 12:16