ഫെബ്രുവരി മാസത്തെ പാപ്പായുടെ പ്രാർത്ഥനാ നിയോഗം: സമർപ്പിതർക്ക് വേണ്ടി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ധീരതയോടെ തങ്ങളുടെ ദൗത്യം തുടരുന്നവരെന്ന നിലയിൽ സമർപ്പിതർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തന്റെ പ്രാർത്ഥനാ നിയോഗത്തിലൂടെ പാപ്പാ കത്തോലിക്കാ വിശ്വാസികളെ ക്ഷണിച്ചു.
"സന്യാസിനി സഹോദരിമാരും, സമർപ്പിതരായ അൽമായ സ്ത്രീകളും ഇല്ലെങ്കിൽ സഭ എന്തായിരിക്കും? അവരില്ലാത്ത സഭയെ മനസ്സിലാക്കാൻ കഴിയില്ല" എന്ന് പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖല (Pope's Worldwide Prayer Network) പുറത്തിറക്കിയ ഫെബ്രുവരിയിലെ പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന നിയോഗത്തിലാണ് പാപ്പാ ഇങ്ങനെ വ്യക്തമാക്കിയത്.
ഇന്ന് മനുഷ്യകുലം നേരിടുന്ന വെല്ലുവിളികളോടു തങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ പ്രത്യുത്തരം നൽകാൻ കഴിയുമെന്ന് വിവേചിച്ചറിയാൻ എല്ലാ സമർപ്പിതരെയും പാപ്പാ പ്രോത്സാഹിപ്പിച്ചു. “ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും മനുഷ്യകടത്തുകാരാൽ അടിമകളാക്കപ്പെട്ട എല്ലാവരുമൊത്തു പ്രവർത്തിക്കാനും, സ്വാധീനം ചെലുത്താനും പ്രത്യേകിച്ച് ശക്തമായ സ്വാധീനം ചെലുത്താൻ അവരെ ഉദ്ബോധിപ്പിക്കുന്നു,” എന്ന് പാപ്പാ പറഞ്ഞു.
നീതിയുക്തമല്ലാത്ത പെരുമാറ്റം
തടസ്സങ്ങൾ നേരിടുമ്പോഴും മതബോധന അദ്ധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ വഴികാട്ടികൾ എന്നീ നിലകളിൽ തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവസ്നേഹത്തിന്റെയും അനുകമ്പയുടെയും സൗന്ദര്യം പ്രകടിപ്പിക്കുന്ന സന്യാസിനികൾക്ക് വേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു.
“ചില സന്ദർഭങ്ങളിൽ, സഭയ്‌ക്കുള്ളിൽ പോലും, സന്യാസിനികളോടു ന്യായരഹിതമായി പെരുമാറുമ്പോഴും, അവർ വളരെയധികം സേവനം ചെയ്യുമ്പോഴും സഭയിലെ പുരുഷ വിഭാഗം അവരെ അടിമത്തത്തിലേക്ക് ഒതുക്കി കളയുന്നു. ഈ സമയങ്ങളിൽ പോരാടാൻ താൻ അവരെ ക്ഷണിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഈ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, സമർപ്പിതരായ സ്ത്രീകൾ "നിരുത്സാഹപ്പെടരുത്" എന്ന് പാപ്പാ പറഞ്ഞു. “നിങ്ങൾ ചെയ്യുന്ന അപ്പോസ്തോലിക പ്രവൃത്തികളിലൂടെ ദൈവത്തിന്റെ നന്മയെ നിങ്ങൾ തുടർന്നും അറിയിക്കണമെന്നും എന്നാൽ അത് എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സമർപ്പണ സാക്ഷ്യത്തിലൂടെയായിരിക്കണം എന്നും പാപ്പാ ആവശ്യപ്പെട്ടു.
സമർപ്പിതർക്ക് സഭയുടെ നന്ദി
തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ധീരതയ്ക്കും ദൗത്യത്തിനും അഭിനന്ദനം അറിയിക്കാനും പാപ്പാ എല്ലാ കത്തോലിക്കരോടും അഭ്യർത്ഥിച്ചു. "നിങ്ങൾ എന്തായിരിക്കുന്നു, നിങ്ങൾ എന്താണ് ചെയ്യുന്നത്, നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു എന്നതിനെ പ്രതി" നന്ദി അർപ്പിക്കുന്നതായി പാപ്പാ അറിയിച്ചു.
വിളിയുടെ ചാലകശക്തി
സന്യാസിനി സഭാദ്ധ്യക്ഷരുടെ അന്തർദേശിയ സംഘടനയുടെ (യുഐഎസ്ജി) സഹകരണത്തോടെയാണ് ഈ മാസത്തേക്കുള്ള ഈ മാസത്തെ പ്രാർത്ഥനാ നിയോഗത്തിന്റെ വീഡിയോ നിർമ്മിച്ചതെന്ന് പ്രാർത്ഥനാ നിയോഗത്തെ കുറിച്ചുള്ള പത്രക്കുറിപ്പിൽ പറയുന്നു. ലോകമെമ്പാടുമുള്ള 630,000-ത്തിലധികം സന്യാസിനികളെ പ്രതിനിധീകരിക്കുന്ന 1,900-ലധികം സന്യാസിസനി സഭകളെ ഈ സംഘടന ഒരുമിച്ച് കൊണ്ടുവരുന്നു. ഫെബ്രുവരിയിലെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം സന്യാസിനികളെ സഭയ്ക്കായുള്ള സേവനത്തിൽ തുടരാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഐഎസ്ജി അധ്യക്ഷ സി.യൊളാന്താ കഫ്ക്കാ പറഞ്ഞു.
"എല്ലാവരും സഹോദരീസഹോദരന്മാരാകുന്ന ഒരു ലോകത്ത് സുവിശേഷത്തിന്റെ സന്തോഷത്തിലും പ്രത്യാശയിലും പങ്കുചേരാൻ തങ്ങളെ വിളിക്കുന്ന വിളിയുടെ ചലനാത്മകത [യുവജനങ്ങളുമായി] തങ്ങൾ പങ്കുവയ്ക്കുന്നുവെന്ന്" അവർ പറഞ്ഞു.
സന്യാസിനികളെ നന്നായി അറിയാനുള്ള അവസരം
പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ അന്തർദേശിയ ഡയറക്ടർ ഫാ. ഫ്രെഡറിക് ഫോർനോസ് എസ്.ജെ സഭയിലെ സമർപ്പിതരായ സ്ത്രീകളുടെ പ്രവർത്തനത്തെ പ്രശംസിച്ചു. തന്റെ സന്യാസ രൂപീകരണം അനേകം സന്യാസിനികളോടൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നമുക്കെല്ലാവർക്കും സന്യസിനികളെ അവരുടെ വൈവിധ്യത്തിൽ നന്നായി അറിയാനും സഭയുടെ ദൗത്യത്തിലും നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളിലും അവരുടെ സംഭാവനകൾ കണ്ടെത്താനുമുള്ള നല്ല അവസരമാണ്" ഫെബ്രുവരി മാസമെന്ന് പാപ്പാ സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: