“ദിയക്കൊണീ ദെ ല ബൊത്തെ”  സംഘടനയിലെ അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ “ദിയക്കൊണീ ദെ ല ബൊത്തെ” സംഘടനയിലെ അംഗങ്ങളെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  

പാപ്പാ: കല, സൃഷ്ടിയുടെ മനോഹാരിതയ്ക്ക് പൂർണ്ണതയേകുന്നു!

“ദിയക്കൊണീ ദെ ല ബൊത്തെ”(Diaconie de la beauté) എന്ന പേരിലുള്ള പ്രസ്ഥാനത്തിൻറെ നൂറോളം പ്രതിനിധികളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രകൃതിയുടെയും അതിലുള്ള സകലത്തിൻറെയും സൗന്ദര്യത്തിൻറെ ശില്പികളും അതിൻറെ സംരക്ഷകരും ആകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

 “ദിയക്കൊണീ ദെ ല ബൊത്തെ”(Diaconie de la beauté) എന്ന പേരിലുള്ള പ്രസ്ഥാനത്തിൻറെ നൂറോളം പ്രതിനിധികളെ വ്യാഴാഴ്‌ച (17/02/22) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

കലാപരമായ ഒരു തൊഴിൽ, വിശ്വാസത്താൽ പ്രചോദിതമാകുമ്പോൾ, ഒരർത്ഥത്തിൽ സൃഷ്ടിയുടെ മനോഹാരിതയ്ക്ക് പൂർണ്ണതയേകുകയും അതിൻറെ ഉറവിടമായ ദൈവിക സ്നേഹത്തെ മനുഷ്യർക്ക് ഉപരിവ്യക്തമായി കാട്ടിക്കൊടുക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദൈവവും മനുഷ്യനും സൃഷ്ടിയും തമ്മിൽ ഒന്നിപ്പിക്കുകയും ഒരു ലയം തീർക്കുകയും ചെയ്തുകൊണ്ട് സൗന്ദര്യം കൂട്ടായ്മയ്ക്ക് ജന്മമേകുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തു ഭരമേല്പിച്ച സന്ദേശം പകർന്നു നല്കുന്നതിന് സഭയ്ക്ക് കല ആവശ്യമാണെന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ പാപ്പാ അനുസ്മരിക്കുകയും ചെയ്തു.

സഭയിൽ കലാകാരന്മാർക്ക് സൗന്ദര്യവും സൗന്ദര്യത്തിന് കലാകാരന്മാരെയും വീണ്ടെടുത്തു നല്കുക എന്ന ലക്ഷ്യത്തോടെ 2012 ഒക്ടോബറിൽ വത്തിക്കാനിൽ, നവസുവിശേഷവത്ക്കരണത്തെ അധികരിച്ചു നടന്ന സിനഡുവേളയിൽ ജന്മം കൊണ്ടതാണ് ഈ പ്രസ്ഥാനം, “ദിയക്കൊണീ ദെ ല ബൊത്തെ”.

സംഗീതജ്ഞരും, ചിത്രകാരന്മാരും, ശില്പികളും, വാസ്തുശിലിപികളും ചലച്ചിത്രകലാകാരന്മാരും, നടീനടന്മാരും, നർത്തകരും ഉൾപ്പടെ വിവിധ കലാരംഗങ്ങളിലുള്ളവർ ഇതിൽ അംഗങ്ങളാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2022, 15:07