തിരയുക

പാപ്പാ: വ്യക്തികളെ കണക്കുകളായല്ല, മനുഷ്യരായും സഹോദരീ സഹോദരരായും കരുതണം

മാൾട്ടയിലെ ഹൽ ഫാർ നഗരത്തിൽ ജോൺ ഇരുപത്തിമൂന്നാമന്റെ നാമത്തിലുള്ള പീസ് ലാബ് സെന്ററിൽ വച്ച് ഫ്രാൻസിസ് പാപ്പാ അവിടെയുള്ള കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നൽകിയ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അവരോടൊപ്പം സമയം പങ്കിടാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം അറിയിച്ച പാപ്പാ തങ്ങളുടെ ജീവിത സാക്ഷ്യം വിവരിച്ച ദാനിയേലിനും സിറിമാനും നന്ദി പറഞ്ഞു. സുരക്ഷിതമായ ഒരിടം തേടി പിറന്ന നാട് വിട്ടു പോകാൻ നിർബന്ധിതരാകുന്ന  നിരവധി പേരുടെ സ്വരമായിരുന്നു അവരെന്നും തന്റെ സാമിപ്യമറിയിക്കാനും അവരുടെ മുഖം കാണാനും അവരുടെ കണ്ണുകളിലേക്ക് നോക്കാനുമാണ് താൻ അവിടെ വന്നതെന്നും പാപ്പാ പറഞ്ഞു.  ഇറ്റലിയിലെ ലാംപെദൂസ സന്ദർശിച്ച ദിവസം മുതൽ, കുടിയേറ്റക്കാരായ അവരെ മറന്നിട്ടില്ല, അവർ തന്റെ ഹൃദയത്തിലും, പ്രാർത്ഥനയിലും എന്നുമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വി. പൗലോസ് അപ്പോസ്തോലനും കൂട്ടുകാരും കപ്പലപകടത്തെത്തുടർന്ന് മാൾട്ടയിൽ എത്തിയപ്പോൾ അവരെ "അസാധാരണ കരുണയോടെ " (അപ്പോസ്തല പ്രവർത്തനം 28, 2) സ്വീകരിച്ച സംഭവത്തിൽ നിന്നും  പ്രചോദനം ഉൾക്കൊണ്ട തന്റെ അപ്പോസ്തലിക യാത്രയ്ക്ക് തിരഞ്ഞെടുത്ത ലോഗോയുടെ അർത്ഥം പാപ്പാ വിവരിച്ചു. കരുണ മാത്രമല്ല, അസാധാരണമായ മനുഷ്യത്വവും, പ്രത്യേകമായ പരിചരണവും വി. ലൂക്കാ തന്റെ പുസ്തകത്തിൽ അനശ്വരമാക്കാൻ ആഗ്രഹിച്ചു. അതിനാൽ മാൾട്ട എപ്പോഴും തങ്ങളുടെ കരയിലെത്തുന്നവർക്ക് ഒരു സത്യമായ സുരക്ഷാ തീരമായിരിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

ഈ വർഷങ്ങളിൽ കപ്പലപകടങ്ങൾ മെഡിറ്ററേനിയൻ കടലിൽ ആയിരക്കണക്കിനു സ്ത്രീ പുരുഷൻമാരും കുട്ടികളും അനുഭവിച്ചതും പലർക്കും അത് ദുരന്തമായി മാറിയതുമാണ്. ഇത് കുടിയേറ്റക്കാരെ മാത്രമല്ല നമ്മെയെല്ലാവരെയും ഭീഷണിപ്പെടുത്തുന്ന  സംസ്കാരത്തിന്റെ തന്നെ കപ്പലപകടമാണ് എന്ന് പാപ്പാ അടിവരയിട്ടു. കരുണയോടും മനുഷ്യത്വത്തോടും കൂടി പെരുമാറുന്നതാണ് ഈ നാഗരികതയുടെ കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി. വ്യക്തികളെ കണക്കുകളായല്ല, മനുഷ്യരായും സഹോദരീ സഹോദരരായും അവരുടെ വ്യക്തിപരമായ ചരിത്രത്തോടും കൂടെ അവരായിരിക്കുന്ന യാഥാർത്ഥ്യത്തോടെ കരുതുകയാണ് വേണ്ടതെന്ന് പാപ്പാ പറഞ്ഞു.

അവരുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ ഇന്ന് യുക്രെയ്നിൽ നിന്നു  പലായനം ചെയ്യുന്നവരുടെ മാത്രമല്ല ഏഷ്യയിലും, ആഫ്രിക്കയിലും, അമേരിക്കകളിലും നിന്ന് സുരക്ഷ തേടി പലായനം ചെയ്തവരേയും ഓർമ്മിപ്പിക്കുന്നു എന്നും അവരെയും തന്റെ ചിന്തകളിലും പ്രാർത്ഥനയിലും താൻ സ്മരിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

കുറച്ചു കാലം മുമ്പ് ഇവിടെ നിന്ന് തനിക്ക് കിട്ടിയ കത്തിൽ തന്റെ കുടുംബവും നാടും വേരുകളും നഷ്ടപ്പെട്ട കഥ വിവരിച്ചിരുന്നത് അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, സ്വന്തം വേരുകളിൽ നിന്ന് വേർപെടേണ്ടി വരുന്നവരിലെ മുറിവുകൾ ഉണങ്ങാൻ കാലങ്ങൾ വേണ്ടിവരുമെന്നും ഓർമ്മിച്ചു. അവ ഉണക്കാൻ അവരെ ശ്രവിക്കാനും, മനസ്സിലാക്കാനും, അനുധാവനം ചെയ്യാനും അംഗീകരിക്കാനും കഴിയുന്ന മനുഷ്യകരുണയുടെ ആനുഭവം ആവശ്യമാണ്. അതിനാൽ ഇത്തരം സ്ഥാപനങ്ങൾ മാനുഷിക ദയയുടെ ഇടങ്ങളായിരിക്കേണ്ടത് എത്ര പ്രാധാന്യമർഹിക്കുന്നതാണ് എന്ന് പാപ്പാ സൂചിപ്പിച്ചു.

കുടിയേറ്റം  ഒരുപാട് സംഘർഷങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ട് എങ്കിലും ഓരോ ഭൂഖണ്ഡങ്ങളിലും വ്യക്തികളും സമൂഹങ്ങളും ഈ വെല്ലുവിളി ഏറ്റെടുക്കുകയും, കുടിയേറ്റത്തെ, നാഗരികതയെ തന്നെ ചോദ്യം ചെയ്യുന്ന കാലത്തിന്റെ അടയാളമായി കാണുന്നവരുമുണ്ട്. ക്രൈസ്തവരായ നമുക്ക്  അത്   "ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു " (മത്താ 25,35)   എന്നു പറഞ്ഞ യേശുവിന്റെ സുവിശേഷത്തോടുള്ള വിശ്വസ്ഥതയാണ്. ഇത് സമയവും, ക്ഷമയും എല്ലാറ്റിലും ഉപരിയായി സാമിപ്യവും, മയവും, കരുണയും ഒരുമിപ്പിച്ച ദൈവത്തിന്റെ സ്നേഹം പോലുള്ള സ്നേഹവും കൊണ്ടേ സാധ്യമാവൂ എന്നും പാപ്പാ അറിയിച്ചു.

കുടിയേറ്റക്കാരായി വന്ന അവർ സ്വയം അനുഭവിച്ച മാനുഷിക കരുണയുടെയും സാഹോദര്യത്തിന്റെയും സാക്ഷികളും വക്താക്കളുമായി മാറി ഇവിടെയും എവിടെയാണോ ദൈവം ആവശ്യപ്പെടുന്നത് അവിടെയും മറ്റുള്ളവരെ സ്വീകരിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് പാപ്പാ അവരോടു പങ്കുവച്ചു. സാഹോദര്യവും സാമൂഹിക സൗഹൃദവുമാണ് മാർഗ്ഗം, ഇതിലാണ്  ആഗോളവൽക്കരിക്കപ്പെട്ട മനുഷ്യ കുടുംബത്തിന്റെ ഭാവി, പാപ്പാ വിശദീകരിച്ചു. അവർ പങ്കുവച്ച സാക്ഷ്യങ്ങളിൽ നിന്നുള്ള അവരുടെ സ്വപ്നങ്ങളിൽ മുഴങ്ങി നിന്ന സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളെയും, മനുഷ്യാന്തസ്സും എടുത്തു പറഞ്ഞു കൊണ്ട് നിരാശരാവാതെ കുടിയേറ്റവും അഭയാർത്ഥികളും ഉയർത്തുന്ന വെല്ലുവിളികളോടു ദയയോടും മനുഷ്യത്വത്തോടും കൂടി പ്രതികരിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. സാമൂഹ്യ സൗഹൃദവും, കൂടിക്കാഴ്ചയുടെ സംസ്കാരവും ശക്തമാക്കാനും അവ പരിപൂർണ്ണമല്ലയെങ്കിലും അവ സമാധാനത്തിന്റെ പരീക്ഷണശാലകളാണ്, പാപ്പാ കൂട്ടിച്ചേർത്തു.

ഈ സ്ഥാപനം ജോൺ ഇരുപത്തിമൂന്നാമന്റെ നാമം പേറുന്നതിനാൽ പാപ്പായുടെ പാച്ചേം ഇൻ തേറിസ്  എന്ന ചാക്രിക ലേഖനത്തിന്റെ സമാധാന സ്ഥാപനത്തെക്കുറിച്ചു വിവരിക്കുന്ന 171 ആം ഖണ്ഡികയും പാപ്പാ ഉദ്ധരിച്ചു.

തുടർന്ന് അവരൊരുമിച്ച് പരിശുദ്ധ കന്യകയുടെ ചിത്രത്തിനു മുന്നിൽ പ്രത്യാശയുടെ  പ്രതീകമായ തിരിതെളിച്ച്,  സ്രഷ്ടാവായ ദൈവത്തോടുള്ള മനോഹരമായ ഒരു പ്രാർത്ഥനയോടെയാണ് പാപ്പാ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2022, 13:28