"എവഞ്ചേലി ഗൗദിയൂം"(Evangelii gaudium) ഉം, വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും
മുഖപ്രസംഗം - അന്ദ്രേയാ തൊർനിയേല്ലി
ശനിയാഴ്ച വൈകുന്നേരം മാൾട്ടയിലെ താ'പിനു തീർത്ഥാടന കേന്ദ്രത്തിൽ സന്നിഹിതരായിരുന്ന മൂവ്വായിരത്തോളം വരുന്ന ജനങ്ങളോടു ഫ്രാൻസിസ് പാപ്പാ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് സംസാരിച്ചു.
എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടു 7 പ്രാവശ്യം ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചാവർത്തിച്ച് "സുവിശേഷവൽക്കരണമാണ് സഭയുടെ സന്തോഷം" എന്നു പറഞ്ഞത് പലരുടേയും ഹൃദയത്തെ സ്പർശിച്ചു. ഓരോ ഖണ്ഡികയും പാപ്പാ അവസാനിപ്പിച്ചത് സുവിശേഷവൽക്കരണമാണ് സഭയുടെ സന്തോഷം എന്ന് ആവർത്തിച്ചു കൊണ്ടാണ്: 2013 നവംബറിൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ സഭയുടെ തലവൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ മാർഗ്ഗരേഖയായ അപ്പോസ്തലിക പ്രബോധനത്തിന്റെ ശീർഷകമാണ് Evangelium Gaudium.
അവശ്യ സ്വഭാവം
ഉൽഭവത്തിലേക്കുള്ള തിരിച്ചു പോക്ക്, വിദൂര ഭൂതകാലത്തിലേക്കുള്ള ഒരു അസാധ്യമായ മുങ്ങലല്ല, ഒരിക്കലും തിരിച്ചെത്താനാകാത്ത ഒരു കാലത്തിന്റെ ആദർശവൽക്കരണവുമല്ല എന്ന് പാപ്പാ പറഞ്ഞു. ഉൽഭവത്തിലേക്കുള്ള തിരിച്ചു പോക്ക് എന്നത് ഒഴിവാക്കാനാവാത്തവയിലേക്കുള്ള തിരിച്ചു പോക്കാണ്, അതായത് ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയത വീണ്ടെടുക്കലും വിശ്വാസത്തിന്റെ ഹൃദയത്തെ ശ്രദ്ധിച്ചു കേൾക്കലുമാണ്. വിശ്വാസത്തിന്റെ ഹൃദയം യേശുവുമായുള്ള നമ്മുടെ ബന്ധവും അവന്റെ സുവിശേഷം ലോകം മുഴുവനും പ്രഘോഷിക്കുകയുമാണ്. ഇതാണ് ഇതു മാത്രമാണ് അതിന്റെ ഒഴിച്ചുകൂടാനാവാത്ത സത്യമായ ഘടകം.
ശൂന്യമായ അരങ്ങ്
അതിനാൽ സഭയുടെ ആശങ്ക സമൂഹത്തിന്റെയും അതിന്റെ ശുശ്രൂഷകരുടേയും അന്തസ്സിനെ കുറിച്ചാവരുത്. അതിന്റെ സാമൂഹിക സ്വാധീനം, അതായത് 'ദ്രവ്യ', 'അധികാര ലോകത്തിലും സമൂഹത്തിലും' വേദികളിലുമുള്ള പ്രസക്തിയോ ആവരുത്. അത് 'സ്വാധീനത്തിന്റെ' ശ്രദ്ധ കിട്ടുന്നതുമായ ഇടങ്ങൾ തേടരുത്.
ജോസഫ് റാറ്റ്സിംഗർ വിളിച്ച " ശൂന്യമായ അരങ്ങാക്കുന്ന " അപകടം പതിയിരിക്കുന്ന ആരാധന ചടങ്ങുകളുടെ കൃത്യത തേടിയുള്ള ആരാധനയുടെ പരിഷ്കരണത്തിലുമാവരുത് സഭയുടെ ആശങ്ക.
നസ്രായനായ യേശുവിന്റെ ശിഷ്യരെ നയിച്ചതുപോലെ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഇന്നത്തെ സ്ത്രീ പുരുഷന്മാരെ ജീവിക്കുന്ന യേശുവുമായി കണ്ടുമുട്ടാൻ സഹായിച്ചുകൊണ്ട് പ്രഘോഷിക്കാനും സാക്ഷ്യം നൽകാനുമുള്ള ആഗ്രഹമാണ് ഇന്ന് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരെ നയിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ സഭയുടെ സന്തോഷം സുവിശേഷവൽക്കരണം നടത്തുന്നതിലാണ് അതായത് ക്രൈസ്തവ സന്ദേശത്തിന്റെ സന്തോഷം പരത്തുന്നതിൽ.
അപകടസാധ്യതകളിലേക്കുള്ള തുറവ്
റോമിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് 9 വർഷങ്ങൾക്ക് ശേഷം ഫ്രാൻസിസ് പാപ്പാ വീണ്ടും അദ്ദേഹത്തിന്റെ ഏറ്റം പ്രധാനപ്പെട്ടതും എന്നാൽ ഒരു പക്ഷേ ഏറ്റം കുറച്ച് മനസ്സിലാക്കപ്പെട്ടതുമായ Evangelii Gaudium എന്ന സന്ദേശത്തിലേക്ക് തിരിച്ചു വരുന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. അതിൽ അടങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ സന്ദേശം ചെറുത്തുനിൽപ്പ് നേരിട്ടു, അതിനെ പുണരുന്നു എന്ന് അവകാശപ്പെടുന്നവർക്കു പോലും അത് വെറുമൊരു മുദ്രാവാക്യമായി മാറുന്ന അപകട സാധ്യത നേരിടുന്നുമുണ്ട്. ഇത്തരത്തിൽ സുവിശേഷ പ്രഘോഷണം പോലും അതിന്റെ സ്വന്തം ഉപകരണങ്ങളാൽ മതപരമായ വിപണന ഘടനകളാലും തന്ത്രങ്ങളാലും കൂട്ടിലടക്കപ്പെടുന്നു. മുഴുവൻ സഭയ്ക്കും വേണമെന്ന് പാപ്പാ ശക്തമായി ആഗ്രഹിക്കുന്ന സിനഡൽ മാർഗ്ഗം പോലും സഭാപരമായ ഉദ്യോഗസ്ഥമേധാവിത്വം മൂലം, നമ്മെ നവീകരിച്ച ഒരു പ്രേഷിത ത്വരയിലേക്ക് ശ്രവിക്കുന്ന കർണ്ണപുടങ്ങളോടെ തുറവിലേക്ക് നയിക്കേണ്ടതിനു പകരം, വെറും സ്വാഭാവീകതയിലേക്ക് തരം താഴുന്ന അപകടത്തിൽ നിന്ന് മോചിതമല്ല.
സകലർക്കും സ്വാഗതം
സുവിശേഷത്തിന്റെ ചൈതന്യം എത്രമാത്രം ഫലപ്രദമായി സഭയിൽ വ്യാപിച്ചുകിടക്കുന്നു എന്നറിയാൻ ഒരു അത്യന്തികമാർഗ്ഗമുണ്ട് എന്ന് പാപ്പാ വിശദീകരിച്ചു. അത് സഹിക്കുന്നവർക്ക് സൗജന്യമായി നൽകുന്ന സേവനവും സ്വീകരണവുമാണ്. നൂറ്റാണ്ടുകളായി സുരക്ഷാ താവളമായി കണക്കാക്കി വരുന്ന ഒരു ദ്വീപും, വി. പൗലോസ് അപ്പോസ്തലൻ എത്തിയ, ആദിമ ക്രൈസ്തവരോടു അസാധാരണ ദയയോടെ പെരുമാറിയ ഇടവുമായ മാൾട്ടയിലെ വിശ്വാസികളോടാണ് പാപ്പാ സംസാരിച്ചത്.
സഭാ പിതാവായ വി.ജോൺ ക്രിസോസ്റ്റത്തിന്റെ വാക്കുകളെ പ്രതിധ്വനിപ്പിച്ചു കൊണ്ട്, "പുറത്ത് നമ്മുടെ സഹോദരീ സഹോദരരായ അനേകം പേർ ദാരിദ്ര്യവും അക്രമവും മൂലം ക്രൂശിക്കപ്പെടുകയും വേദനിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുമ്പോൾ നമുക്ക് നമ്മുടെ മനോഹരമായ ദേവാലയങ്ങളിൽ പരസ്പരം സ്വാഗതം ചെയ്യാൻ കഴിയില്ല " എന്ന് പാപ്പാ പറഞ്ഞു. തന്റെ വളരെ പ്രശസ്തമായ ഒരു സുവിശേഷ പ്രഘോഷണത്തിൽ വിശുദ്ധൻ പറഞ്ഞിട്ടുണ്ട്: "നിന്റെ രക്ഷകന്റെ ശരീരത്തെ ബഹുമാനിക്കാൻ നീ ആഗ്രഹിക്കുന്നുവോ? അത് നഗ്നമായി കാണുമ്പോൾ അതിനെ നിന്ദിക്കരുത്. പുറത്ത് അത് നഗ്നമായും തണുപ്പിൽ മരവിച്ചു മരിക്കുമ്പോൾ പള്ളിയിൽ അതിനെ പട്ടു വസ്ത്രങ്ങൾ കൊണ്ട് പൂജിക്കരുത്. "
ഇന്ന് രണ്ടായിരം വർഷങ്ങൾക്ക് മുമ്പു എന്ന പോലെ സഭയ്ക്ക് അവളുടെ വിശ്വാസത്തെ പരിശോധിക്കാൻ അതേ അത്യന്തിക പരീക്ഷണോപാധി തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്.
(പരിഭാഷ - സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: