ആർച്ച് ബിഷപ്പ് സിക്ലൂണ: പാപ്പാ മാൾട്ടാ സന്ദർശനത്തിൽ തീർച്ചയായും നമ്മെ അത്ഭുതപ്പെടുത്തും
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഏപ്രിൽ 2-3 തിയതികളിൽ തങ്ങളുടെ നാട്ടിലെത്തുന്ന പാപ്പായെ സ്വീകരിക്കാൻ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് മാൾട്ടയിലെ കത്തോലിക്കർ. അപ്പോസ്തോലിക യാത്രയ്ക്ക് മുമ്പായി മാൾട്ടയിലെ ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂണ പാപ്പായുടെ സന്ദർശനത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെ വത്തിക്കാൻ വാർത്താ വിഭാഗവുമായി പങ്കുവച്ചു.
"പരിശുദ്ധ പിതാവ് എപ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നമ്മെ ആശ്ചര്യപ്പെടുത്തുന്നു, യാത്രയ്ക്ക് ശേഷം നമുക്ക് പറയാൻ കഴിയും, അത് പരിപാടിയിൽ ഉണ്ടായിരുന്നില്ല, പക്ഷേ എന്നെ സ്പർശിച്ചത് അതാണ്" എന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനിടയിൽ അനുരഞ്ജനം
റഷ്യയുടെ യുക്രെയ്ൻ യുദ്ധം കാരണമുള്ള പ്രതിസന്ധിയുടെ നടുവിലാണ് പാപ്പായുടെ മാൾട്ടാ സന്ദർശനമെന്ന് സൂചിപ്പിച്ച ആർച്ച് ബിഷപ്പ്, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശം പാപ്പാ ലോകത്തിന് നൽകുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച ഫ്ലോറിയാനാ നഗരത്തിൽ ദിവ്യബലിയർപ്പിക്കും. അന്നത്തെ സുവിശേഷത്തിൽ പാപിനിയായി പിടിക്കപ്പെട്ട സ്ത്രീ യേശുവിൽ ദൈവത്തിന്റെ കരുണ കണ്ടെത്തുന്ന സംഭവമാണ് വിവരിക്കുന്നത്. അത് ഈ പ്രതിസന്ധിയിൽ നമ്മുടെയൊക്കെ ദൈവത്തോടുള്ള അനുരഞ്ജനത്തിനുള്ള ആവശ്യകതയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
"ലോകം മുഴുവൻ അനുരഞ്ജനത്തിന്റെ സുവിശേഷത്തിന്, വിധിക്കാതെ ഒരു പുതിയ തുടക്കത്തിന് സാധ്യത നൽകുന്ന യേശുക്രിസ്തുവിന്, ചെവി കൊടുക്കേണ്ട സാഹചര്യത്തിലാണ് മാൾട്ടയിൽ നിന്ന് മാൾട്ടക്കാരോടും ലോകം മുഴുവനോടും പാപ്പാ പ്രസംഗിക്കുവാൻ പോവുന്നത്. "
പ്രവാചക ശബ്ദം
സഭാപുരോഹിതരിൽ ചിലർക്കെതിരെ ലൈംഗീകചൂഷണത്തിനിരയായ ഒരു കൂട്ടം പേർ ആരോപണമുന്നയിച്ചതിനെ തുടർന്ന്
2010ൽ മാൾട്ട സന്ദർശിച്ച തന്റെ മുൻഗാമി ബനഡിഡിക്ട് പതിനാറാമൻ പാപ്പായുടെ കാലടികൾ പിൻതുടരുകയാണ് ഫ്രാൻസിസ് പാപ്പാ. പാപ്പായുടെ സന്ദർശനത്തിനു മുമ്പേ മാൾട്ടയിലെ സഭ ഔദ്യോഗികമായ ക്ഷമാപണം ഇറക്കുകയും ബനഡിക്ട് പതിനാറാമൻ പാപ്പാ അവരിൽ 8 പേരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ലൈംഗീകചൂഷണ കേസുകളുമായി ബന്ധപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളും പുതിയ മാർഗ്ഗരേഖകളും ശ്രദ്ധാപൂർവ്വം പ്രാവർത്തികമാക്കുകയാണ് മാൾട്ടിലെ സഭ എന്ന് ആർച്ച് ബിഷപ്പ് സിക്ലൂണ പറഞ്ഞു. ഈ ആഴ്ചയിൽ ഫ്രാൻസിസ് പാപ്പാ കാനഡയിൽ നിന്നുള്ള തദ്ദേശിയ സമൂഹത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും അതിൽ കാനഡയിലെ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ചൂഷണങ്ങളുടെ ഇരകളുമായി സംസാരിക്കുകയും ചൂഷണങ്ങൾ അതിജീവിച്ചവരോടുള്ള തന്റെ കരുതൽ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
"പ്രാദേശിക സഭകൾ പാപ്പായുടെ നേതൃത്വത്തിന്റെ ശബ്ദം ശ്രവിക്കാതെയും ഇപ്പോൾ വളരെ വ്യക്തമായി നൽയിട്ടുള്ള മാർഗ്ഗരേഖകൾ പിന്തുടരാതെയും അത് നടപ്പിലാക്കാതെയും, പാപ്പായ്ക്ക് തനിച്ച് ഇത് ചെയ്യാൻ കഴികയില്ല" എന്നും സഭ അതിജീവിച്ചവരോടും സമൂഹത്തോടും സംവാദിക്കാനും പഠിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. " ഇത് ശരിയാക്കാൻ വേറൊരു വഴിയുമില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
നിറയെ ആശ്ചര്യങ്ങൾ
മാൾട്ടയിലെ പാപ്പായുടെ സന്ദർശനത്തിന്റെ പ്രധാന ഭാഗം എന്തായിരിക്കും എന്ന് ചോദിച്ചതിന് പരിശുദ്ധ കുർബ്ബാനയാണ് എല്ലാ അപ്പോസ്തോലിക യാത്രയുടെയും പ്രധാന നിമിഷമെന്ന് അദ്ദേഹം അടിവരയിട്ടു. എങ്കിലും ഫ്രാൻസിസ് പാപ്പാ തന്റെ നൈസർഗ്ഗീകമായ ആംഗ്യ വിക്ഷേപങ്ങളാൽ എഴുതപ്പെട്ട വാക്കുകളേക്കാൾ ശക്തമായി കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിന് പേരുകേട്ടതാണ്. പാപ്പാ എപ്പോഴും നിറയെ ആശ്ചര്യങ്ങൾ നൽകുന്നയാളാണ് അതിനാൽ "തിങ്കളാഴ്ച, ഇതെല്ലാം കഴിയുമ്പോൾ എന്തു പറയാനാകും എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്, എല്ലാം നന്നായി പോകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം." ആർച്ച് ബിഷപ്പ് സിക്ലൂണ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: