തിരയുക

മാൾട്ടാ അജപാലനസന്ദർശനം - ഒരു പുനരവലോകനം!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (06/04/22) ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലതന്നെയായിരുന്നു. പാപ്പാ  ഈ ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതാരയിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും ആനന്ദം കരഘോഷവും ആരവങ്ങളുമായി അന്തരീക്ഷത്തിൽ അലതല്ലി. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 9 മണി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. അതിനു ശേഷം പാപ്പാ, താൻ , ഏപ്രിൽ 2,3 തീയതികളിൽ, അതായത്, കഴിഞ്ഞ ശനി, ഞായർ ദിനങ്ങളിൽ മാൾട്ടിയിൽ നടത്തിയ ഇടയസന്ദർശനം  പുനരവലോകനം ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

മാൾട്ടയുടെ പ്രാധാന്യം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, എല്ലാവർക്കും സ്വാഗതം!

കഴിഞ്ഞ ശനിയും ഞായറും ഞാൻ മാൾട്ടയിലായിരുന്നു: ഏറെ നാളുകൾക്കു മുമ്പ് ആസൂത്രണം  ചെയ്തിരുന്ന ഒരു അപ്പസ്തോലിക യാത്ര. കോവിദ് മഹാമാരി മൂലം രണ്ടു വർഷം മുമ്പ് മാറ്റിവച്ചതായിരുന്നു അത്. മദ്ധ്യധരണ്യാഴിയിലെ ഒരു ദ്വീപായിരുന്നിട്ടും, മാൾട്ടയ്ക്ക് അതിവേഗം സുവിശേഷം ലഭിച്ചുവെന്ന് പലർക്കും അറിയില്ല. അന്നാട്ടിൽ അങ്ങനെ സുവിശേഷം എത്തിയതിനു എന്താണ് കാരണം?  അതിനു കാരണം, പൗലോസ് അപ്പോസ്തലൻ അന്നാടിൻറെ തീരത്തിനടുത്തായി കപ്പലപകടത്തിൽ പെടുകയും ഏന്നാൽ അദ്ദേഹം കപ്പലിലുണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. കപ്പലിൽ ഇരുനൂറ്റിയെഴുപതിലധികം ആളുകൾ ഉണ്ടായിരുന്നു. മാൾട്ടയിലെ ജനങ്ങൾ അവരെയെല്ലാം "അനന്യസാധാരണമായ കാരുണ്യത്തോടെ" സ്വീകരിച്ചുവെന്ന് നടപടിപ്പുസ്തകം പറയുന്നു (28,2). ഞാൻ എൻറെ യാത്രയുടെ മുദ്രാവാക്യമായി തിരഞ്ഞെടുത്തത് ഈ വാക്കുകൾ തന്നെയാണ്:"അനന്യസാധാരണമായ മാനവികതയോടെ”. കാരണം ഈ വാക്കുകൾ, കുടിയേറ്റക്കാരുടെ പ്രതിഭാസത്തെ നേരിടാൻ മാത്രമല്ല, അതിലുപരി, പൊതുവെ, ലോകം കൂടുതൽ സാഹോദര്യമുള്ളതും ഉപരി ആവാസയോഗ്യവും ആകേണ്ടതിനും, നാം ഗ്രഹിച്ചതുപോലെ, ഒരേ നൗകയിലായ നമ്മൾ നമുക്കെല്ലാവർക്കും ഭീഷണിയായ തകർച്ചയിൽ നിന്ന് രക്ഷപ്പെടുന്നതിനും പിൻചെല്ലേണ്ടുന്ന വഴി കാണിച്ചുതരുന്നു. ഈ സാഹചര്യത്തിൽ, മാൾട്ട ഒരു സുപ്രധാന ഇടമാണ്.

ഭൂമിശാസ്ത്രപരം

സർവ്വോപരി ഭൂമിശാസ്ത്രപരമായി, യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിലുള്ളതും ഏഷ്യയെയും സ്പർശിക്കുന്നതുമായ കടലിൻറെ മധ്യഭാഗത്തുള്ള സ്ഥാനം പരിഗണച്ചാണിത്. ഒരു നിശ്ചിത പ്രദേശത്ത് അടിക്കുന്ന കാറ്റിൻറെ ഗതിവേഗം ഉറവിടം തുടങ്ങിയവയെ സൂചിപ്പിക്കുന്ന ചിത്രിത ചിഹ്നമായ, എതാണ്ട്, “വിൻറ് റോസ്” പോലെയാണ് ജനങ്ങളും സംസ്കാരങ്ങളും കണ്ടുമുട്ടുന്ന മാൾട്ട; മദ്ധ്യധരണ്യാഴി പ്രദേശത്തെ 360 ഡിഗ്രിയിൽ, അതായത്, മൊത്തത്തിൽ,  നിരീക്ഷിക്കുന്നതിനുചിതമായ ഒരു സവിശേഷ ബിന്ദുവാണ് ഈ നാട്. ഇന്ന് നമ്മൾ പലപ്പോഴും “ഭൗമരാഷ്ട്രതന്ത്രത്തെ”ക്കുറിച്ച് (ജിയോപൊളിറ്റിക്സ്) സംസാരിക്കുന്നു, എന്നാൽ നിർഭാഗ്യവശാൽ, പ്രബലമായ യുക്തി, സാമ്പത്തികവും പ്രത്യയശാസ്ത്രപരവും സൈനികവുമായ സ്വാധീനത്തിൻറെ വ്യാപ്തി വർദ്ധമാനമാക്കിക്കൊണ്ട് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള, ഏറ്റവും ശക്തമായ രാഷ്ട്രങ്ങളുടെ തന്ത്രങ്ങളാണ്. ഈയൊരു പശ്ചാത്തലത്തിൽ, മാൾട്ട പ്രതിനിധീകരിക്കുന്നത്, ചെറു രാഷ്ട്രങ്ങളുടെ, ചെറുതെങ്കിലും, ചരിത്രത്താലും നാഗരികതയാലും സമ്പന്നവും മറ്റൊരുയുക്തിയിലേക്കു നയിക്കാൻ കഴിവുറ്റതുമായ നാടുകളുടെ, അവകാശങ്ങളെയും ശക്തിയെയുമാണ്. ഈ വേറിട്ട യുക്തി, നാം ഇപ്പോൾ കാണുന്നതു പോലുള്ള, വൻശക്തികളുടെ കോളണിവാഴ്ചയക്ക് വിരുദ്ധമായ ആദരവിൻറെയും സ്വാതന്ത്ര്യത്തിൻറെയും, വൈവിധ്യങ്ങളുടെ മൈത്രിയുടെയുമാണ്.  രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സമാധാനത്തിൻറെ ഒരു പുത്തൻ ചരിത്രത്തിന് അടിത്തറയിടാൻ ഒരു ശ്രമം നടന്നു, എന്നാൽ, നാം പാഠം പഠിക്കുന്നില്ല,  ദൗർഭാഗ്യവശാൽ വൻ ശക്തികളുടെ മത്സരത്തിൻറെ പഴയ ചരിത്രംതന്നെ തുടർന്നു. കൂടാതെ, ഇന്ന് ഉക്രൈയിനിൽ നടക്കുന്ന യുദ്ധത്തിൽ, ഐക്യരാഷ്ട്രസഭയുടെ   നിസ്സഹായവസ്ഥയ്ക്ക് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്.

കുടിയേറ്റ മാനം

രണ്ടാമത്തെ കാര്യം: കുടിയേറ്റ പ്രതിഭാസത്തെ സംബന്ധിച്ചിടത്തോളം മാൾട്ട ഒരു സുപ്രധാന സ്ഥലമാണ്. യോഹന്നാൻ ഇരുപത്തിമൂന്നാമൻറെ നാമത്തിലുള്ള  അഭയകേന്ദ്രത്തിൽ വച്ച് ഞാൻ നിരവധി കുടിയേറ്റക്കാരെ കണ്ടുമുട്ടി, അവർ ഭയാനകമായ യാത്രകൾക്ക് ശേഷം ദ്വീപിൽ എത്തിച്ചേർന്നവരാണ്. അവരുടെ സാക്ഷ്യങ്ങൾ കേൾക്കുന്നതിൽ നാം മടുക്കരുത്, കാരണം, പലപ്പോഴും മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വികലമായ കാഴ്ചപ്പാടിൽ നിന്ന് പുറത്തുകടക്കാനും മുഖങ്ങളും കഥകളും മുറിവുകളും സ്വപ്നങ്ങളും പ്രതീക്ഷകളും തിരിച്ചറിയാനും അതിലൂടെ മാത്രമേ കഴിയുകയുള്ളൂ. ഓരോ കുടിയേറ്റക്കാരനും അതുല്യനാണ്, സ്വന്തമായ അന്തസ്സും വേരുകളും സംസ്കാരവും ഉള്ള ഒരു വ്യക്തിയാണ് അവൻ. അവരിലോരോരുത്തരും, ഓരോ കുടിയേറ്റക്കാരനെയും സ്വാഗതം ചെയ്യുന്നതിലടങ്ങിയിരിക്കുന്ന പ്രശ്നങ്ങളേക്കാൾ വലിയ സമ്പന്നത  സംവഹിക്കുന്നു. കുടിയേറ്റങ്ങളാൽ രൂപംകൊണ്ടതാണ് യൂറോപ്പ് എന്നത് നാം മറന്നുപോകരുത്.

സ്വാഗതം ചെയ്യലിൻറെ ആസൂത്രിത മാനം

തീർച്ചയായും, ആതിഥ്യം സംഘടിതമാകണം എന്നത് സത്യമാണ്, അത് നിയന്ത്രിക്കപ്പെടണം, ആദ്യം, വളരെ നേരത്തെ തന്നെ, അത് അന്താരാഷ്ട്ര തലത്തിൽ ഒരുമിച്ച് ആസൂത്രണം ചെയ്യണം. കുടിയേറ്റ പ്രതിഭാസത്തെ അടിയന്തരാവസ്ഥയിലേക്ക് ചുരുക്കരുത്, അത് നമ്മുടെ കാലഘട്ടത്തിൻറെ അടയാളമാണ്. അപ്രകാരം അതു വായിക്കുകയും വ്യാഖ്യാനിക്കുകയും വേണം. അത് സംഘർഷത്തിൻറെ അടയാളമോ സമാധാനത്തിൻറെ അടയാളമോ ആയി ഭവിക്കാം. അത് നമ്മൾ എങ്ങനെ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു, അത് നമ്മെ ആശ്രയിച്ചിരിക്കുന്നു. മാൾട്ടയിലെ ജോൺ ഇരുപത്തിമൂന്നാമൻ കേന്ദ്രത്തിന് ജീവൻ നൽകിയ ആൾ ക്രൈസതവ തിരഞ്ഞെടുപ്പ് നടത്തി, ഇക്കാരണത്താൽ അതിനെ ആ വ്യക്തി "പീസ് ലാബ്" എന്ന് വിളിച്ചു: സമാധാനത്തിൻറെ പരീക്ഷണശാല. എന്നാൽ മാൾട്ട മൊത്തത്തിൽ സമാധാനത്തിൻറെ പരീക്ഷണശാലയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു! അന്നാട് മുഴുവൻ അതിൻറെ മനോഭാവം കൊണ്ട്, സ്വന്തം മനോഭാവത്താൽ, സമാധാനത്തിൻറെ പരീക്ഷണശാലയാണ്. അതിൻറെ വേരുകളിൽ നിന്ന് സാഹോദര്യത്തിൻറെയും സഹാനുഭൂതിയുടെയും ഐക്യദാർഢ്യത്തിൻറെയും ജീവരസം വലിച്ചെടുത്താൽ അതിന് സ്വന്തം ദൗത്യം നിർവ്വഹിക്കാൻ കഴിയും. മാൾട്ടയിലെ ജനതയ്ക്ക് ഈ മൂല്യങ്ങൾ സുവിശേഷത്തോടൊപ്പം ലഭിച്ചു, അവ സജീവമായി നിലനിറുത്താൻ സുവിശേഷത്തിൻറെ ശക്തിയാൽ അതിനു സാധിക്കുന്നു.

മാൾട്ടയുടെ സുവിശേഷവത്ക്കരണ പ്രാധാന്യം

ഇക്കാരണത്താൽ, റോമിൻറെ മെത്രാൻ എന്ന നിലയിൽ, ഞാൻ പോയത് ആ ജനതയെ വിശ്വാസത്തിലും കൂട്ടായ്മയിലും സ്ഥിരീകരിക്കാൻ ആണ്. വാസ്തവത്തിൽ - മൂന്നാമത്തെ കാര്യം – മാൾട്ട സുവിശേഷവൽക്കരണത്തിൻറെ വീക്ഷണത്തിലും ഒരു സുപ്രധാന സ്ഥലമാണ്. അന്നാട്ടിലെ രണ്ട് രൂപതകളായ മാൾട്ടയിൽ നിന്നും ഗോത്സോയിൽ നിന്നും നിരവധി വൈദികരും സന്ന്യസ്തരും ഉണ്ടായിട്ടുണ്ട്, മാത്രമല്ല, അലമായ വിശ്വാസികളും ലോകമെങ്ങും ക്രൈസ്തവ സാക്ഷ്യം എത്തിച്ചു. വിശുദ്ധ പൗലോസിൻറെ കടന്നുപോക്ക് മാൾട്ടാക്കാരുടെ ജനിതക ഘടനയിൽ ഈ ദൗത്യം അവശേഷിപ്പിച്ചതു പോലെയാണത്! ഇക്കാരണത്താൽ, എൻറെ സന്ദർശനം സർവ്വോപരി, ദൈവത്തോടും മാൾട്ടയിലും ഗോത്സോയിലും കഴിയുന്ന അവിടത്തെ വിശ്വസ്ത ജനങ്ങളോടുമുള്ള കൃതജ്ഞത ആയിരുന്നു.

നവസുവിശേഷവത്ക്കരണത്തിൻറെ ആവശ്യകത

എന്നിരുന്നാലും, ഉപഭോക്തൃത്വത്തിലും നവമുതലാളിത്തത്തിലും ആപേക്ഷികതയിലും അധിഷ്ഠിതമായ ആഗോളവൽകൃത കപട സംസ്ക്കാരത്തിൻറെ കാറ്റ് അവിടെയും വീശുന്നുണ്ട്. ആകയാൽ, അവിടെയും, നവസുവിശേഷവൽക്കരണത്തിനുള്ള സമയമാണിത്. എൻറെ മുൻഗാമികളെപ്പോലെ, ഞാൻ വിശുദ്ധ പൗലോസിൻറെ ഗ്രോട്ടോയിലേക്ക് നടത്തിയ സന്ദർശനം, അങ്ങനെ സുവിശേഷത്തിന് അതിൻറെ സ്രോതസ്സിൽ നിന്ന് പുതുമയോടെ മാൾട്ടയിൽ ഒഴുകാനും ജനകീയഭക്തിയുടെ മഹത്തായ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും കഴിയുന്നതിനായി ഉറവിടത്തിലേക്കുള്ള മടക്കം പോലെയായിരുന്നു. ഗോത്സോ ദ്വീപിലെ താ പിനു ദേശീയ മരിയൻ ദേവാലയം ഇത് പ്രതീകാത്മകമാക്കുന്നു, അവിടെ ഞങ്ങൾ തീക്ഷ്ണമായ പ്രാർത്ഥനാ യോഗം നടത്തി. പരിശുദ്ധ അമ്മയിൽ വളരെയധികം വിശ്വസിക്കുന്ന മാൾട്ടയിലെ ജനതയുടെ ഹൃദയമിടിപ്പ് അവിടെ ഞാൻ കേട്ടു. സത്തയിലേക്ക്, ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലേക്ക് മറിയം എപ്പോഴും നമ്മെ തിരികെ കൊണ്ടുപോകുന്നു, ഇത് നമ്മെ സംബന്ധിച്ച് അവിടത്തെ കരുണാർദ്ര സ്നേഹത്തിലേക്കാണ്. സഭയുടെ സന്തോഷം സുവിശേഷം പ്രഘോഷിക്കുക എന്നതാകയാൽ,  തലമുറതലമുറയോളം സന്തോഷകരമായ സുവിശേഷ പ്രഘോഷണത്തെ ചൈതന്യവത്ക്കരിക്കുന്ന പരിശുദ്ധാത്മാഗ്നിയിൽ നിന്ന് ശക്തിനുകർന്ന് വിശ്വാസനാളത്തെ വീണ്ടും ജ്വലിപ്പിക്കാൻ മറിയം നമ്മെ സഹായിക്കുന്നു. വിശുദ്ധ പോൾ ആറാമൻറെ ഈ വാക്കുകൾ നാം മറക്കരുത്: സഭയുടെ വിളി സുവിശേഷവൽക്കരിക്കുക എന്നതാണ്; സഭയുടെ ആനന്ദം സുവിശേഷവത്ക്കരണമാണ്. അത് ഇനി നാം മറക്കരുത്: സഭയുടെ ഏറ്റവും മനോഹരമായ നിർവ്വചനമാണിത്.

നന്ദിയോടെ.......

മാൾട്ട റിപ്പബ്ലിക്കിൻറെ പ്രസിഡന്റിന്, വളരെ ആദരണീയനും സഹോദരനുമായ അദ്ദേഹത്തിന് ഒരിക്കൽക്കൂടി നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു: അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും നന്ദി; എന്നെ ഇത്രയും ആദരവോടെ സ്വീകരിച്ച പ്രധാനമന്ത്രിക്കും മറ്റ് പൗരാധികാരികൾക്കും നന്ദി; അതുപോലെ മെത്രാന്മാർക്കും സഭാ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും, പ്രാർത്ഥനയാൽ എന്നെ തുണച്ച എല്ലാവർക്കും നന്ദി. കുടിയേറ്റക്കാർക്കുള്ള ജോൺ ഇരുപത്തിമൂന്നാമൻ അഭയകേന്ദ്രത്തെക്കുറിച്ച് പരാമർശിക്കാതിരിക്കാൻ എനിക്കാകില്ല: അവിടെ അത് മുന്നോട്ട് കൊണ്ടുപോകുന്ന ആ ഫ്രാൻസിസ്‌ക്കൻ സന്യാസി വൈദികൻ ഡയോണീഷ്യസ് മിന്റോഫ് 91 വയസ്സുള്ളയാളാണ്, രൂപതയിലെ സഹകാരികളോടൊപ്പം ഈ പ്രവർത്തനം തുടരുന്നു. ഇന്ന് എറെ ആവശ്യമായിരിക്കുന്ന അപ്പോസ്തോലിക തീക്ഷ്ണതയുടെയും കുടിയേറ്റക്കാരോടുള്ള സ്നേഹത്തിൻറെയും ഉദാഹരണമാണിത്. ഈ സന്ദർശനത്തിലൂടെ നാം വിതയ്ക്കുന്നു, എന്നാൽ അത് വളർത്തുന്നത് കർത്താവാണ്. അവിടത്തെ അനന്തനന്മ പ്രിയപ്പെട്ട മാൾട്ടക്കാരായ ജനതയ്ക്ക് സമാധാനത്തിൻറെ സമൃദ്ധമായ ഫലങ്ങളും എല്ലാ നന്മകളും നൽകട്ടെ! ഇത്ര മാനവികവും ക്രിസ്തീയവുമായ സ്വീകരണത്തിന് മാൾട്ടയിലെ ഈ ജനതയ്ക്ക് ഒത്തിരി നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഉക്രയിനു വേണ്ടി ഒരിക്കൽക്കൂടി

ഉക്രൈയിനിൽ അരങ്ങേറുന്ന കൊടുംക്രൂരതയാർന്ന യുദ്ധത്തെക്കുറിച്ചും അന്നാട്ടിലെ ബുച്ചയിൽ 320 പേർ കൂട്ടക്കുരുതികഴിക്കപ്പെട്ടതിനെക്കുറിച്ചും പാപ്പാ വേദനയോടെ അനുസ്മരിക്കുകയും  അവരുടെ നിർമ്മല നിണത്തിൻറെ രോദനവും യാചനയും യുദ്ധവിരാമത്തിനായി സ്വർഗ്ഗത്തിലേക്കുയരുന്നുവെന്ന് പറയുകയും ചെയ്തു.

ആയുധങ്ങൾ നിശബ്ദമാകുന്നതിനും മരണവും നാശവും വിതയ്ക്കുന്നതവസാനിപ്പിക്കുന്നതിനുമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ബുച്ചാറയിൽ നിന്നു കൊണ്ടുവന്ന, യുദ്ധക്കറപുരണ്ട ഉക്രൈയിൻ പാതക പാപ്പാ സ്വകരങ്ങളിലെടുത്ത് ചുംബിക്കുകയും ചെയ്തു. ഉക്രൈയിൻകാരായ ഏതാനും കുട്ടികളെ പാപ്പാ സ്വീകരിക്കുകയും അവർക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. 

ഏപ്രിൽ 6 - ലോക കായികവിനോദദിനം

സമാധാനത്തിനും വികസനത്തിനുമുള്ള ലോക കായികവിനോദ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഏപ്രിൽ 6-ന് ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.

കായികവിനോദത്തിലൂടെ സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും കർമ്മോത്സുക സാക്ഷ്യകളായിരിക്കാൻ പാപ്പാ കായിക വിനോദത്തിലേർപ്പെടുന്നവരോട് പാപ്പാ അഭ്യർത്ഥിച്ചു. മൂല്യങ്ങളാർന്ന കായികവിനോദത്തിന് ലോകത്തിൽ സുപ്രധാന പങ്കുണ്ടെന്നും അതിന് ജനതകൾക്കിടയിൽ ഏകതാനതയുടെ സരണികൾ തുറക്കാനാകുമെന്നും പാപ്പാ പ്രസ്താവിച്ചു. കായികവിനോദം ഒരു കച്ചവടമായി മാറരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. രക്ഷാകരസ്നേഹത്തിൻറെ രഹസ്യത്തിൽ തീക്ഷ്ണതയോടെ പങ്കെടുത്തുകൊണ്ട് ആസന്നമായ വിശുദ്ധവാരം ജീവിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥനാലാപനത്തിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2022, 12:46