തിരയുക

POPE-HEALTH/ POPE-HEALTH/ 

യൂദ്ധാന്ത്യത്തിനായി എന്തും ചെയ്യാൻ താൻ സന്നദ്ധനാണെന്ന് പാപ്പാ!

പാപ്പാ, അർജന്തീനയിലെ “ല നസിയോൺ” ( La Nación) എന്ന ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധവിരാമത്തിനായി എന്തും ചെയ്യാൻ താൻ തയ്യാറാണെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ, തെക്കെ അമേരിക്കൻ രാജ്യമായ അർജന്തീനയിലെ “ല നസിയോൺ” ( La Nación) എന്ന ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ ഉക്രയിനിൽ സമധാനം സംസ്ഥാപിക്കപ്പെടേണ്ടതിൻറെ അടിയന്തിരപ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ പ്രസ്താവന നടത്തിയത്.

പത്രപ്രവർത്തകൻ ഹൊവക്കീൻ മൊറാലെസ് സൊളാ പാപ്പായുമായി നടത്തിയ ഈ അഭിമുഖം ഇക്കഴിഞ്ഞ 21-ന് വ്യാഴാഴ്‌ച (21/04/22) ഈ ദിനപ്പത്രം പ്രസിദ്ധീകരിച്ചിരുന്നു.

റഷ്യ ഉക്രൈയിനിൽ യുദ്ധം ആരംഭിച്ചതിൻറെ പിറ്റേന്ന്, അതായത്, ഫെബ്രുവരി 25-ന്, (25/04/22) താൻ, റഷ്യൻ ഫെഡറേഷൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ കാര്യാലയത്തിൽ, അനുചരരില്ലാതെ, തനിച്ചു ചെന്നതിനെക്കുറിച്ച് സുചിപ്പിച്ചുകൊണ്ട് അത് തൻറെ വ്യക്തിപരമായ കടമയായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

ഒരു മരണം പോലും ഉണ്ടാകരുതെന്ന് താൻ ആഗ്രഹിച്ചുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഈ ലോകത്തിലും നാഗരികതയുടെ തലത്തിലും ഏതൊരു യുദ്ധവും കാഹരണപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെയാണ് താൻ ഒരിക്കൽ ഉക്രൈയിൻറെ പതാകയെ പരസ്യമായി ചുംബിച്ചതെന്നും അത് അന്നാട്ടിൽ യുദ്ധം ജീവനപഹരിച്ചവരോടും അന്നാട്ടിലെ കുടുംബങ്ങളോടും അന്നാട്ടിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരോടുമുള്ള ഐക്യദാർഢ്യത്തിൻറെ പ്രകടനവും ആയിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

ഉക്രൈയിൻറെ തലസ്ഥാനമായ കിയെവിലേക്കുള്ള ഒരു യാത്രയുടെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് പാപ്പാ, യുദ്ധാന്ത്യമോ, താൽക്കാലിക വെടിനിറുത്തലോ, അല്ലെങ്കിൽ കുറഞ്ഞത്, ഒരു മാനുഷിക ഇടനാഴിയോ എന്നി ഉന്നത ലക്ഷ്യങ്ങളെ ലക്ഷ്യങ്ങളെ അപകടത്തിലാക്കുന്ന ഒന്നും തനിക്ക് ചെയ്യാൻ കഴിയില്ല എന്നു വ്യക്തമാക്കുകയും തൻറെ യാത്രയ്ക്കു ശേഷം പിറ്റേന്നു തന്നെ യുദ്ധം തുടർന്നാൽ പാപ്പായുടെ കിയെവ്  സന്ദർശനംകൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു.

പുട്ടിൻ, റഷ്യ എന്നീ പേരുകൾ പരാമശിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും പത്രപ്രവർത്തകൻ സൊളാ ഉന്നയിച്ചിരുന്നു.

ഒരു പാപ്പാ ഒരിക്കലും രാഷ്ട്രത്തലവൻറെയൊ, ആ തലവനെക്കാൾ ഉന്നതമായ ആ രാഷ്ട്രത്തിൻറെയൊ പേരു പറയില്ല എന്ന വസ്തുത അതിനുത്തരമായി പാപ്പാ ചൂണ്ടിക്കാട്ടി.

മോസ്കൊ പാത്രിയാർക്കീസ് കിറിലുമായുള്ള വളരെ നല്ല ബന്ധത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. അദ്ദേഹവുമായി രണ്ടാമതൊരു കൂടിക്കാഴ്ച ജറുസലേമിൽ വച്ച് നടത്താനിരുന്നത് വത്തിക്കാന് റദ്ദു ചെയ്യേണ്ടിവന്നതിലുള്ള ഖേദവും പാപ്പാ പ്രകടിപ്പിച്ചു.

ഈ അവസരത്തിൽ അത്തരമൊരു കൂടിക്കാഴ്ച ആശയക്കുഴപ്പത്തിനു കാരണമാകുമെന്നും, ബുവെനോസ് അയിരെസിൽ ആർച്ചുബിഷപ്പായിരുന്നപ്പോൾ എന്നപോലെതന്നെ, ഇപ്പോൾ വത്തിക്കാനിലും മതാന്തര സംഭാഷണ പരിപോഷണ നയം താൻ തുടരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2022, 12:51