മാതാവിന്റെ മാതൃസംരക്ഷണത്തിന് പാപ്പാ നന്ദിയർപ്പിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"മരിയ സാലൂസ് പോപ്പുളി റൊമാനി" യുടെ ഐക്കണിന്റെ മുന്നിൽ പ്രാർത്ഥിക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച വിശുദ്ധ മേരി മേജർ ബസിലിക്കയിൽ ചെന്നതായി വത്തിക്കാന്റെ വാർത്താവിനിമയ കാര്യാലയം അറിയിച്ചു.
ബോർഗീസ് ചാപ്പലിലെ പരിശുദ്ധ കന്യകയുടെ രൂപത്തിന് താഴെയുള്ള അൾത്താരയിൽ പുഷ്പങ്ങൾ അർപ്പിച്ച പാപ്പാ മാൾട്ടാ സന്ദർശനവേളയിൽ അനുഭവിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ സംരക്ഷണത്തിന് കൃതജ്ഞത വെളിപ്പെടുത്തി. തുടർന്ന് തന്റെ വസതിയായ വത്തിക്കാനിലെ സാന്താ മാർത്തയിലേക്ക് കാറിൽ മടങ്ങി.
മരിയൻ ഭക്തി
590-നടുത്ത് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പായുടെ ഭരണകാലത്ത് "റോമൻ ജനതയുടെ രക്ഷ'' (Salvation of the Roman Peoples) എന്ന മാതാവിന്റെ തിരുസ്വരൂപം റോമിൽ എത്തിച്ചേർന്നതെന്നാണ് പാരമ്പര്യം. എങ്കിലും അതിന്റെ ഉത്ഭവം വളരെ മുമ്പുള്ളതാണ്. 1838-ൽ ഗ്രിഗറി പതിനാറാമൻ പാപ്പാ ഈ തിരുസ്വരുപത്തിന് കിരീടമണിയിച്ചു. 1954-ലെ മരിയൻ വർഷത്തിൽ പന്ത്രണ്ടാമൻ പിയൂസ് പാപ്പാ മരിയ ഭക്തിക്ക് കൂടുതൽ ആക്കം കൂട്ടി.
വത്തിക്കാൻ മ്യൂസിയങ്ങൾ 2018-ൽ "മരിയ സാലൂസ് പോപ്പുളി റൊമാനി" യുടെ പുരാതന ഐക്കൺ വൃത്തിയാക്കി പുനഃസ്ഥാപിച്ചു.
ഹ്രസ്വവും തീവ്രവുമായ സന്ദർശനം
കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം രണ്ടുതവണ വൈകിയ സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പാ ശനി, ഞായർ ദിവസങ്ങളിൽ മെഡിറ്ററേനിയൻ രാജ്യമായ മാൾട്ടയിൽ ചെലവഴിച്ചു. ഒരു തരത്തിൽ പാപ്പായുടെ അപ്പോസ്തോലിക യാത്രയുടെ കേന്ദ്രമായിരുന്നു കുടിയേറ്റവും യുദ്ധവും. "അവർ ഞങ്ങളോടു അസാധാരണമായ ദയ കാണിച്ചു" എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രമേയം, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമന്വയിപ്പിക്കാനുമുള്ള രാജ്യങ്ങളുടെ ആവശ്യകതയെക്കുറിച്ച് പരിശുദ്ധ പിതാവ് ഇടയ്ക്കിടെ സംസാരിച്ചു.
തന്റെ ആദ്യ പരിപാടിയായിരുന്ന സിവിൽ അധികാരികളുമായുള്ള കൂടികാഴ്ചയിൽ കുടിയേറുന്ന ആളുകളോടു ഐക്യദാർഢ്യത്തിനായി ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. മാർട്ടാ അപ്പോസ്തോലിക യാത്രയുടെ അവസാനമായി ഹാൽ ഫാറിലെ "ജോൺ XXIII പീസ് ലാബ്" കുടിയേറ്റ കേന്ദ്രം സന്ദർശിച്ചത് പാപ്പായുടെ ഉദ്ദേശ്യത്തിന്റെ മൂർത്തമായ ഉദാഹരണമാണ്.
യുദ്ധത്തിന്റെ ക്രമം
യുദ്ധത്തിനെതിരെ ശക്തമായി സംസാരിച്ച പാപ്പാ അതിനെ "ദൈവനിന്ദ" എന്നാണ് വിളിച്ചത്. റോമിലേക്കുള്ള മടക്ക വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിച്ച അദ്ദേഹം, ആയുധങ്ങൾക്കായി പണം ചെലവഴിക്കാനും യുവാക്കളുടെ പോലും മനുഷ്യജീവിതത്തിന്റെ പവിത്രതയെ അവഗണിക്കാനും സർക്കാരുകളെ നയിക്കുന്ന “യുദ്ധത്തിന്റെ മാതൃക”യെക്കുറിച്ച് വിലപിച്ചു.
മാൾട്ടയിലേക്കുള്ള അപ്പസ്തോലിക യാത്രയിൽ ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ വാക്കുകൾ വേദന നിറഞ്ഞതായിരുന്നു:
“ഞാൻ ദുഃഖിതനാണ്. നമ്മൾ ഒരിക്കലും പഠിക്കില്ല. കർത്താവ് നമ്മോടു കരുണ കാണിക്കട്ടെ, നമ്മുടെ എല്ലാവരോടും. നമ്മൾ ഓരോരുത്തരും കുറ്റക്കാരാണ്!"
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: