ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പൊസ്തോലിക പര്യടനം!
ജോയി കരിവേലി, വത്തിക്കാൻ സറ്റി
ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ദ്വിദിന ഇടയസന്ദശനം നടത്തി. ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ (മെഡിറ്ററേനിയൻ കടൽ) സ്ഥിതിചെയ്യുന്ന ദ്വീപുരാജ്യമായ മാൾട്ടയിൽ പാപ്പായുടെ അജപാലന സന്ദർശനം ശനി, ഞായർ ദിനങ്ങളിൽ, അതായത്, ഏപ്രിൽ 2,3 (02-03/04/22) തീയതികളിലായിരുന്നു. ഇത് പാപ്പായുടെ മുപ്പത്തിയാറാമാത്തെ വിദേശ അപ്പൊസ്തോലിക യാത്രയായിരുന്നു. “ഞങ്ങളോട് അനന്യസാധാരണമായ കാരുണ്യത്തോടെ അവർ പെരുമാറി” എന്ന അപ്പൊസല്തോല പ്രവർത്തനം, ഇരുപത്തിയെട്ടാം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വാക്കുകളായിരുന്നു ഈ ഇടയസന്ദർശനത്തിൻറെ പ്രമേയം. ശനിയാഴ്ച രാവിലെ മാൾട്ടയിൽ എത്തിയ പാപ്പാ, വിമാനത്താവളത്തിലെ വരവേൽപ്പിനും രാഷ്ട്പതിയുടെ ഔദ്യോഗിക വസതിയിൽ വച്ച് പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയ്ക്കും തുടർന്ന് അവിടെ വച്ചു തന്നെ ഭരണാധികാരികളും നയതന്ത്രപ്രതിനിധികളുമായുള്ള നേർക്കാഴ്ചയ്ക്കും ശേഷം പരിശുദ്ധസിംഹാസനം മാൾട്ടയ്ക്കുവേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യേോഗിക വസതിയായ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തി ഉച്ചഭക്ഷണം കഴിച്ചു. അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ “താ പിനു” ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെത്തുകയും പ്രാർത്ഥനാശുശ്രൂഷ നയിക്കുകയും ചെയ്തു.
ഇന്ത്യയും മാൾട്ടയും തമ്മിൽ 3 മണിക്കൂറും 30 മിനിറ്റും സമയ വിത്യാസം ഉണ്ട്. അതായത്, മാൾട്ടയെക്കാൾ ഇന്ത്യ ഇത്രയും സമയം മുന്നിലാണ്.
പാപ്പാ ഗോത്സൊ ദ്വീപിൽ, താ പിനു തീർത്ഥാടന കേന്ദ്രത്തിൽ
മുപ്പതിനായിരത്തോളം പേർ വസിക്കുന്നതും മാൾട്ടയുടെ മൂന്നിൽ ഒന്നു വലിപ്പം വരുന്നതുമായ ഗോത്സൊ ദ്വീപിൻറെ വടക്കുപടിഞ്ഞാറെ ഭാഗത്തുള്ള ഗാർബ് എന്ന സ്ഥലത്താണ് മാൾട്ടയിലെ വിഖ്യാതമായ “താ പിനു” മരിയൻ തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഗോട്ടിക് വാസ്തുകലാ ശൈലിയിൽ തീർത്തിരിക്കുന്ന ഒരു ദേവാലയമാണിത്. അവിടെ ഉണ്ടായിരുന്ന ഒരു കപ്പേള 1575-ൽ ഗ്രിഗറി പതിമൂന്നാമൻ പാപ്പാ നിയോഗിച്ച പീയെത്രൊ ദുത്സീന അതിൻറെ ശോചനീയാവസ്ഥ കണ്ട് അത് പൊളിച്ചു മാറ്റാൻ തീരുമാനിച്ചു. എന്നാൽ ഇടിച്ചു നിരത്തൽ ജോലി തുടങ്ങിയ ഉടനെ ഒരു തൊഴിലാളിയുടെ കൈ ഒടിഞ്ഞതിനാൽ പണി നിറുത്തിവച്ചു. പീന്നീട് പീനൊ ഗവുച്ചി എന്ന ഒരാൾ ഈ കപ്പേള സ്വന്തമാക്കുകയും വലുതാക്കി പുനരുദ്ധരിക്കുകയും സ്വർഗ്ഗാരോപിത നാഥയുടെ ഒരു ചിത്രം അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാൽ രണ്ടു നൂറ്റാണ്ടോളം ആ കപ്പേളയിൽ ആരാധനാകർമ്മങ്ങൾ ഉണ്ടായിരുന്നില്ല. 1883 ജൂൺ 22-ന് കർമ്മേല ഗ്രീമ എന്ന ഒരു ഗ്രാമീണ സ്ത്രീ ആ കപ്പേളയുടെ അരികിലൂടെ കടന്നു പോകവെ ഒരു സ്വരം കേട്ടു : “എനിക്കുവേണ്ടി മൂന്നു നന്മ നിറഞ്ഞ മറിയമെ ചൊല്ലുക. ഞാൻ കല്ലറയിൽ കിടന്ന 3 ദിവസത്തിൽ ഒരോ ദിനത്തിനും ഓരോന്നു വീതം”. ഈ വിവരം തൻറെ സുഹൃത്തായ ഫ്രാൻചെസ്കൊ പൊർത്തേല്ലിയെ ആ സ്ത്രീ രഹസ്യമായി അറിയിച്ചു. താനും ഇതേ ക്ഷണം ആ ദേവാലയപരിസരത്തുവച്ച് ശ്രവിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രത്യുത്തരം. അതിനിടെ ഇവരുടെ പേര് ദ്വീപിലെങ്ങും പ്രചരിച്ചു. അവർ അത്ഭുത രോഗസൗഖ്യം പ്രദാനം ചെയ്യാനും തുടങ്ങിയിരുന്നു. അങ്ങനെ “താ പിനു” ഒരു തീർത്ഥാടന കേന്ദ്രമായി പരിണമിക്കുകയായിരുന്നു. 1887-ൽ അവിടെ മരിയ വണക്കം ആരംഭിക്കാനുള്ള അനുമതി പ്രാദേശിക മെത്രാൻ നല്കി. മാൾട്ടയിൽ കോളറ പടർന്നു പിടിച്ച വേളയിൽ ഗോത്സൊ ദ്വീപ് അതിൽ നിന്ന് മുക്തമായിരുന്നത് ഒരു അത്ഭുതമായി കരുതപ്പെടുന്നു.
പാപ്പാ താ പിനു പവിത്ര സന്നിധാനത്തിൽ
“താ പിനു” മരിയൻ ദേവാലയത്തിലേക്ക് പോകുന്നതിനായി ആദ്യം പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ലോ വല്ലേത്തയിലെ വലിയ തുറമുഖത്തേക്ക് കാറിൽ യാത്രയായി. അവിടെനിന്ന് പാപ്പാ ഒരു ബോട്ടിൽ ഗോത്സൊ ദ്വീപിലെ മ്ഗാർ തുറമുഖത്തെത്തി. ഈ തുറമുഖത്തു നിന്ന് “താ പിനു” മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള 10 കിലോമീറ്റർ ദൂരം പാപ്പാ കാറിലാണ് യാത്ര ചെയ്തത്. ദേവാലയത്തിനടുത്ത് എത്താറായപ്പോൾ പാപ്പാ കാറിൽ നിന്ന് തന്നെ എല്ലാവർക്കും കാണത്തക്ക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള പേപ്പൽ വാഹനത്തിലേക്ക് മാറി കയറി. തന്നെ ഒരുനോക്കു കാണാൻ വഴിയോരങ്ങളിൽ കാത്തുനിന്നിരുന്നവരെ പാപ്പാ നിരാശപ്പെടുത്തിയില്ല. ദേവാലയത്തിനകത്തും പുറത്തുമായി 3000-ത്തോളം പേർ സമ്മേളിച്ചിരുന്നു. അവർ മഞ്ഞയും വെള്ളയും നിറങ്ങൾ ചേർന്ന പേപ്പൽ പതാകകൾ വീശുന്നുമുണ്ടായിരുന്നു. ദേവാലയത്തിനു മുന്നിലെത്തിയ പാപ്പാ വാഹനത്തിൽ നിന്നിറങ്ങി അകത്തു പ്രവേശിച്ചു. അവിടെ രോഗികൾ ഉൾപ്പടെ കുറച്ചു പേർ സന്നിഹിതരായിരുന്നു. ദേവാലയത്തിനകത്ത് പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിതമായ കപ്പേളയിൽ അല്പസമയം പ്രാർത്ഥിക്കാനെത്തിയ പാപ്പായക് ദേവലയത്തിൻറെ ചുമതലയുള്ള വൈദികൻ ഒരു കുരിശുരുപം ചുംബിക്കാൻ നല്കി. തദ്ദനന്തരം പാപ്പാ സമ്മാനിച്ച സ്വർണ്ണ റോസാപുഷ്പം പരിശുദ്ധ കന്യകയുടെ ചിത്രത്തിനു മുന്നിൽ സമർപ്പിച്ചു. തുടർന്നു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മൂന്നു പ്രാവശ്യം ചൊല്ലിയതിനു ശേഷം പാപ്പാ മുഖ്യ ബലിപീഠത്തിനരികിലേക്കു പോകുകയും രോഗികളെ ആശീർവ്വദിക്കുകയും ചെയ്തു.
പ്രാർത്ഥനാശുശ്രൂഷയ്ക്കായി വേദി ഒരുക്കിയിരുന്നത് ദേവാലയാങ്കണത്തിലാണ്. പാപ്പാ ദേവാലയത്തിനു മുന്നിലുള്ള വേദിയിലേക്കു നീങ്ങിയപ്പോൾ ഗായക സംഘം പ്രാർത്ഥനാ ഗീതം ആലപിച്ചു. ഗാനാന്തരം ആമുഖ പ്രാർത്ഥന കഴിഞ്ഞപ്പോൾ ഗോത്സൊ രൂപതയുടെ മെത്രാൻ അന്തോണി തെവുമ (Anthony Teuma) പാപ്പായെ സ്വാഗതം ചെയ്തു.
ബിഷപ്പ് അന്തോണി തെവുമയുടെ വാക്കുകൾ
വലിയ ഹൃദയത്തോടുകൂടിയ ചെറുദ്വീപായ ഗോത്സൊയിലേക്ക് സ്വാഗതം.... ഈ വാക്കുകളോടെ ആരംഭിച്ച പ്രഭാഷണത്തിൽ ബിഷപ്പ് തെവുമ, പ്രാദേശിക സഭയുടെ പ്രാതിനിധ്യം ഈ പ്രാർത്ഥനാശുശ്രൂഷയിൽ ഉണ്ടെന്നു പറഞ്ഞു.
മറിയത്തെപ്പോലെ തങ്ങൾ യേശുവിൻറെ ഇന്നത്തെ യഥാർത്ഥ ശിഷ്യരായിത്തീരാനും യുദ്ധങ്ങളിലും പട്ടിണിയിലും നിന്ന് പലായനം ചെയ്യുകയും ഞങ്ങളുടെ മണ്ണിൽ അഭയം തേടുകയും ചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നതിന് ധൈര്യമുള്ളവരാകാനും സൃഷ്ടിയെന്ന ദാനത്തോട് ഉത്തരവാദിത്വബോധമുള്ളവരാകാനും വേണ്ടി പ്രാർത്ഥിക്കാൻ തങ്ങളെ സഹായിക്കണമെന്ന് അദ്ദേഹം പാപ്പായോട് അഭ്യർത്ഥിച്ചു.
തുടർന്നു നടന്ന പ്രാർത്ഥനയ്ക്കും സാന്തി-ദൊമേനിക്കൊ അപാപ് ദമ്പതികൾ, ജെന്നിഫെർ കൗചി, ഫ്രാൻചെസ്കൊ പീയൊ അറ്റാർഡ് എന്നിവർ നൽകിയ 4 സാക്ഷ്യങ്ങൾക്കും ശേഷം സുവിശേഷ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ തൻറെ സുവിശേഷ സന്ദേശം നല്കി.
സ്വപുത്രൻ മരിച്ചുകിടക്കുന്ന കുരിശിൻറെ ചുവട്ടിൽ അവൻറെ അമ്മയായ മറിയവും അവൻറെ പ്രിയശിഷ്യനായ യോഹന്നാനും നില്ക്കുന്ന രംഗം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്.
ഈ കുരിശുമരണം ചരിത്രത്തിൻറെ ഒടുക്കമായിട്ടല്ല പ്രത്യുത, പുതിയ ജീവൻറെ തുടക്കമായിട്ടാണ് യോഹന്നാൻറെ സുവിശേഷം അവതരിപ്പിക്കുന്നതെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു. യേശുവിൻറെ ആ സമയത്തിൽ നിന്ന് ഉദയംകൊള്ളുന്ന പുതിയ തുടക്കത്തെക്കുറിച്ച് ചിന്തിക്കാൻ താ പിനു മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് നമുക്കു സാധിക്കുമെന്ന് പാപ്പാ പറഞ്ഞു. അത് രക്ഷയുടെ സമയമാണെന്നും നമ്മുടെ വിശ്വാസവും നമ്മുടെ സമൂഹത്തിൻറെ ദൗത്യവും നവീകരിക്കുന്നതിന് നാം ആ തുടക്കത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്നും പാപ്പാ വിശദീകരിച്ചു. അതിനർത്ഥം വിശ്വാസത്തിൻറെ സത്ത കണ്ടെത്തുകയാണെന്ന്, ആദിമക്രൈസ്തവസമൂഹത്തിൻറെ അരൂപിയിലേക്കു മടങ്ങിപ്പോകുകയാണെന്ന്, പാപ്പാ ഉദ്ബോധിപ്പിച്ചു. അത്, യേശുവുമായി ബന്ധം സ്ഥാപിക്കലും ലോകമെങ്ങും അവിടത്തെ സുവിശേഷം പ്രഘോഷിക്കലുമാണെന്നും ഈ സുവിശേഷപ്രഘോഷണമാണ് സഭയുടെ സന്തോഷമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പ്രഭാഷണാന്തരം മറിയത്തിൻറെ സ്തോത്രഗീതാലാപനമായിരുന്നു. തുടർന്നു നടന്ന കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ആശീർവ്വാദം നല്കി. പ്രാർത്ഥനാ ശുശ്രൂഷ കഴിഞ്ഞപ്പോൾ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും അവരോട് യാത്ര പറഞ്ഞ് അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു മടങ്ങുകയും ചെയ്തു. അവിടെ എത്തിയ പാപ്പാ അത്താഴം കഴിച്ച് ശനിയാഴ്‌ച രാത്രി വിശ്രമിച്ചു.
മാൾട്ടയിൽ ഇടയസന്ദർശനത്തിൻറെ സമാപന ദിനം
ഞായറാഴ്ച (03/04/22) പാപ്പായുടെ പരിപാടികൾ ഇശോസഭാംഗങ്ങളുമായുള്ള ഹ്രസ്വകൂടിക്കാഴ്ച, റബാത്തിൽ വിശുദ്ധ പൗലോസിൻറെ ഗുഹ, അഥവാ, ഗ്രോട്ടൊ സന്ദർശനം ഫ്ലൊറിയാനയിൽ ദിവ്യബലി, മദ്ധ്യാഹ്നപ്രാർത്ഥന, കുടിയേറ്റക്കാരുടെ കേന്ദ്ര സന്ദർശനം കുടിയേറ്റക്കാരുമായുളള കൂടിക്കാഴ്ച എന്നിവയായിരുന്നു. ഞായറാഴ്ച രാവിലെ പാപ്പാ അപ്പൊസ്തോലിക്ക് നൺഷിയേച്ചറിൽ വച്ച് ഈശോസഭാംഗങ്ങളുമായി അൽപസമയം കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് വിശുദ്ധ പൗലോസിൻറെ ഗുഹ - ഗ്രോട്ടൊ സന്ദർശിക്കുന്നതിന് റബാത്ത് നഗരത്തിലേക്കു പോയത്.
വിശുദ്ധ പൗലോസിൻറെ ഗുഹ സന്ദർശനം
ക്രിസ്തുവിനു ശേഷം അറുപതാം ആണ്ടിൽ, റോമിൽ വിസ്തരിക്കപ്പെടുന്നതിനായി കൊണ്ടുപോകവെ ഉണ്ടായ കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ ഒരാളായിരുന്ന വിശുദ്ധ പൗലോസ് താമസിച്ച ഇടമാണ് ഈ ഗഹ്വരം. മാൾട്ടയിൽ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് പൗലോസ് മൂന്നു മാസം അവിടെ ചിലവഴിച്ചു.
വിശുദ്ധ പൗലോസിനു പ്രതിഷ്ഠിതമായ ബസിലിക്കയിൽ നിന്നാണ് ഈ ഗ്രോട്ടൊയിലേക്ക് പ്രവേശനം. ഗുഹയിലേയ്ക്കിറങ്ങുന്നതിനായി ചവിട്ടുപടികൾ ഒരുക്കിയിട്ടുണ്ട്. ഈ ഗുഹയുടെ പുരാതന കൽഭിത്തികൾ ഇപ്പോഴും കാണത്തക്കരീതിയിൽ നിലനിറുത്തിയിട്ടുണ്ട്. 1990 മെയ് 27 ന് വിശുദ്ധ ജോൺ പോൾ രണ്ടാമനും, വിശുദ്ധ പൗലോസ് കപ്പലപകടത്തിൽപ്പെട്ടതിൻറെ 1950-മത് വാർഷികത്തോടനുബന്ധിച്ച് 2010 ഏപ്രിൽ 17-ന്, ബെനഡിക്റ്റ് പതിനാറാമനും ഈ ഗുഹ സന്ദർശിച്ചിരുന്നു.
അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 1 കിലോമീറ്റും 300 മീറ്ററും അകലെയാണ് വിശുദ്ധ പൗലോസിൻറെ ബസിലിക്കയും ഗ്രോട്ടൊയും. ബസിലിക്കയുടെ സമീപത്ത് പാർശ്വ വാതിലിനരികിൽ കാറിൽ വന്നിറങ്ങിയ പാപ്പായെ ബസിലിക്കയിലെ മുഖ്യപുരോഹിതനും സംഘവും ചേർന്നു സ്വീകരിച്ചു. തുടർന്ന് പാപ്പാ ഗ്രോട്ടൊ സന്ദർശിച്ചു പ്രാർത്ഥിക്കുകയും നേർച്ച മെഴുകുതിരി തെളിക്കുകയും ചെയ്തു.
തദ്ദന്തരം പാപ്പാ വിശുദ്ധ പൗലോസിനോടുള്ള പ്രാർത്ഥന ചൊല്ലി.
പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, അങ്ങയെ അറിഞ്ഞിട്ടില്ലാത്തവരായ മാൾട്ടയിലെ നിവാസികളോട് അങ്ങയുടെ സ്നേഹം പൗലോശ്ലീഹാ പ്രഘോഷിക്കണമെന്ന് അങ്ങ്, അവിടത്തെ വിസ്മയകരമായ പരിപാലനയാൽ, തിരുമനസ്സായി. അദ്ദേഹം അങ്ങയുടെ വചനം പ്രഘോഷിക്കുകയും അവരുടെ രോഗങ്ങൾ സൗഖ്യമാക്കുകയും ചെയ്തു എന്നു തുടങ്ങുന്ന ഈ പ്രാർത്ഥന അവസാനിക്കുന്നത് ഇങ്ങനെയാണ്:
നല്ലവനായ പിതാവേ, സഹോദരങ്ങളോടുള്ള സ്നേഹത്തെ പ്രതി തുടിക്കുന്ന നല്ലൊരു ഹൃദയത്തിനുടമകളാകാനുള്ള അനുഗ്രഹം ഞങ്ങൾക്കേകണമേ. കടലിലെ ഓളങ്ങളിൽപ്പെട്ട് അജ്ഞാതമയ ഒരു തീരത്തിലെ പാറകളിന്മേൽ ചെന്നി ടിക്കുന്നവരുടെ ആവശ്യങ്ങൾ അകലെയായിരുന്നുകൊണ്ടുതന്നെ തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ അനുകമ്പ വ്യർത്ഥമായ വാക്കുകളിൽ അവസാനിക്കാതിരിക്കുകയും ഹൃദയങ്ങൾക്ക് ചൂടുപകരുകയും അവയെ ഒന്നിപ്പിക്കുകയും പ്രതികൂലാവസ്ഥയെ മറക്കാൻ ഇടയാക്കുകയും ചെയ്യുന്ന സ്വാഗതമോതലിൻറെ തീ കൊളുത്തേണമേ. അതായത്, അങ്ങയുടെ മക്കളെല്ലാവരും സഹോദരീസഹോദരന്മാരായി ഏകകുടുംബമായി കഴിയുന്ന പാറമേൽ പണിത വീടിന്റെ അടുപ്പ് ആക്കണമേ.
അങ്ങ് അവരെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു
അവർ ഒന്നാകണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു.
അവിടത്തെ പുത്രൻ, ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിനോടുകൂടെ,
സ്വർഗ്ഗത്തിൽ നിന്ന് അയച്ച അഗ്നിയുടെ ശക്തിയാൽ,
അവിടത്തെ പരിശുദ്ധാത്മാവ്,
എല്ലാ ശത്രുതയെയും ദഹിപ്പിക്കുന്നു,
അങ്ങയുടെ സ്നേഹത്തിൻറെയും സമാധാനത്തിൻറെയും രാജ്യത്തിലേക്കുള്ള പാതയെ അത് രാത്രിയിൽ പ്രകാശിപ്പിക്കുന്നു.
ആമേൻ.
പാപ്പായുടെ സന്ദർശന കുറിപ്പ്
ഗ്രോട്ടൊയിൽ വച്ച് പാപ്പാ വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പു രേഖപ്പെടുത്തുന്ന ഗ്രന്ഥത്തിൽ ഒപ്പുവയക്കുകയും ചെയ്തു. പാപ്പാ ആ ഗ്രന്ഥത്തിൽ കുറിച്ചത് ഇങ്ങനെയാണ്:
“വിജാതീയരുടെ അപ്പൊസ്തോലനും ഈ ജനതയുടെ വിശ്വാസത്തിലുള്ള പിതാവുമായ വിശുദ്ധ പൗലോസിനെ അനുസ്മരിക്കുന്ന ഈ പുണ്യസ്ഥലത്ത് വച്ച് ഞാൻ കർത്താവിന് നന്ദി പ്രകാശിപ്പിക്കുന്നു. മാൾട്ടയിലെ ജനങ്ങൾക്ക് സമാശ്വാസത്തിൻറെ ആത്മാവിനെയും പ്രഘോഷണ തീക്ഷ്ണതയും എല്ലായ്പോഴും അവിടന്നു പ്രദാനം ചെയ്യട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”
പിന്നീട്, പൗലോസപ്പൊസ്തോലൻറെ ബസിലിക്കയിൽ പ്രവേശിച്ച പാപ്പാ ദേവാലയത്തിനകത്ത് സാവധാനം നീങ്ങവെ, അവിടെ സന്നിഹിതരായിരുന്ന പതിനാല് മതനേതാക്കാളെ അഭിവാദ്യം ചെയ്തു. തദ്ദനന്തരം രോഗികളും കാരിത്താസ് സംഘടനയുടെ സഹായത്തിൽ കഴി യുന്നവരുമായവരുടെ ചാരെയെത്തി പാപ്പാ അവരോടൊത്ത് അൽപ്പനേരം ചിലവഴിച്ചു. അതിനു ശേഷം പാപ്പാ സക്രാരിക്കു മുന്നിൽ, ദിവ്യകാരുണ്യസന്നിധിയിൽ മൗനമായി പ്രാർത്ഥിച്ചു.
അതിനു ശേഷം പാപ്പാ കാരുണ്യപ്രാർത്ഥന ചൊല്ലി.
പ്രാർത്ഥന
ദൈവമേ, അങ്ങയുടെ കാരുണ്യം അനന്തമാണ്
അങ്ങയുടെ നന്മയാകുന്ന നിധി അക്ഷയമാണ്.
അങ്ങേയ്ക്ക് സമർപ്പിതരായ ജനതയുടെ വിശ്വാസം കരുണാപൂർവ്വം വർദ്ധമാനമാക്കേണമേ.
അങ്ങനെ, അങ്ങ് അവരെ സൃഷ്ടിച്ച സ്നേഹവും അവരെ വീണ്ടെടുത്ത രക്തവും അവരെ പുനരുജ്ജീവിപ്പിച്ച അരൂപിയും എന്താണെന്ന് എല്ലാവരും ജ്ഞാനത്തോടെ ഗ്രഹിക്കും.
നമ്മുടെ കർത്താവായ ക്രിസ്തുവഴി.
ആമേൻ.
പ്രാർത്ഥനാനന്തരം പാപ്പാ ആശീർവ്വാദം നല്കി. ബസിലിക്ക വിട്ടു പോകുന്നതിനു മുമ്പ് പാപ്പാ അവിടെ ഉണ്ടായിരുന്ന ഇരുപതോളം പേരെ അഭിവാദ്യം ചെയ്തു. വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ നിന്ന് പാപ്പാ നേരെ പോയത് 10 കിലോമീറ്റർ അകലെയുള്ള ഫ്ലൊറിയാന നഗരത്തിലെ ഗ്രനായി ചത്വരത്തിലേക്കാണ്.
ഗ്രനായി ചത്വരം
ല വല്ലേത്ത മതിലുകൾക്കു പുറത്തായിട്ടാണ് ഫ്ലോറിയാന നഗരം സ്ഥിതിചെയ്യുന്നത്. പ്രതിരോധോപധിയായിട്ടാണ് പതിനെട്ടാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ല വല്ലേത്ത മതിൽ ശൃംഖല പണികഴിപ്പിച്ചത്. ഫ്ലൊറിയാന ലൈൻസ് എന്ന പേരും ഇതിനുണ്ട്. ഇറ്റലിക്കാരനായ വാസ്തുവിദ്യാവിശാരദൻ പീയെത്രൊ പാവൊളൊ ഫ്ലൊറിയാനി ആണ് ഈ മതിൽ രൂപകല്പന ചെയ്തത്.
എഴുപതിലേറെ ഭൂഗർഭ ധാന്യസംഭരണശാലകൾ ഉ ണ്ടായിരുന്നിടത്താണ് ഗ്രനായി ചത്വരം സ്ഥിതിചെയ്യുന്നത്. ഗ്രനായി ചത്വരം എന്ന പേരിൻറെ ഉൽപ്പത്തി ഈ ധാന്യപ്പുരകളിൽ നിന്നാണ്.
കല്ലുകൊണ്ടുള്ള വൃത്താകൃതിയിലുള്ള അടപ്പുകളിട്ട് ഈ ധാന്യസംഭരണ അറകൾ മൂടിയിരിക്കുന്നത് ഇപ്പോഴും കാണാം.
മാൾട്ടയിലെ പ്രഥമ മെത്രാൻ എന്നു കരുതപ്പെടുന്ന വിശുദ്ധ പുബ്ലിയൊയുടെ നാമത്തിലുള്ള ഒരു ദേവാലയം ചത്വരത്തിന് അഭിമുഖമായി തല ഉയർത്തി നിൽക്കുന്നു. കപ്പലപകടത്തിൽ നിന്ന് രക്ഷപ്പെട്ട പൗലോസിനെ സ്വീകരിച്ചയാളാണ് അദ്ദേഹമെന്നും പാരമ്പര്യം പറയുന്നു. 112-മാണ്ടിൽ ത്രയാനൊ ചക്രവർത്തിയുടെ കാലത്ത് പുബ്ലിയൊ രക്തസാക്ഷിയായി. മാൾട്ടയുടെ സ്വർഗ്ഗീയ സംരക്ഷകരിൽ ഒരാളാണ് വിശുദ്ധ പുബ്ലിയൊ. ഈ വിശുദ്ധൻറെ തിരുന്നാൾ ജനുവരി 21-നാണ് ആചരിക്കുന്നത്.
ഗ്രനായ് ചത്വരം ജോർജോ പ്രേക്ക, ഇഞ്ഞാത്സിയൊ ഫൽത്സോൺ, സന്ന്യാസിനി മരിയ അദെയൊദാത്ത പിസാനി എന്നീ പുണ്യാത്മാക്കളുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന വേദിയുമായിരുന്നു. 2001 മെയ് 9-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
ഗ്രനായ് ചത്വരത്തിലെത്തിയ പാപ്പാ പേപ്പൽ വാഹനത്തിൽ വിശ്വാസികൾക്കിടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങി. അവർ ചെറു പേപ്പൽ പതാകകളും മാൾട്ടയുടെ പതാകകളും വീശുകയും ആനന്ദാരവങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഇരുപതിനായിരത്തോളം പേർ ദിവ്യബലിയ്ക്കായി ചത്വരത്തിൽ സമ്മേളിച്ചിരുന്നു. വിവിധ ക്രൈസ്തവ അക്രൈസ്തവവിഭാഗങ്ങളുടെയും പ്രതിനിധികളും സന്നിഹിതരായിരുന്നു. ദേവാലയത്തിന് അഭിമുഖമായി നിൽക്കുമ്പോൾ ഇടതു വശത്തായിട്ടാണ് ലാളിത്യമാർന്ന ബലിവേദി ഒരുക്കിയിരുന്നത്. പശ്ചാത്തലത്തിൽ ഒരു കുരിശും ബലിവേദിക്ക് അഭിമുഖമായി നില്ക്കുമ്പോൾ അൾത്താരയുടെ വലത്തു വശത്തായി പരിശുദ്ധ കന്യകാനാഥയുടെ തിരുച്ചിത്രവും കാണാമായിരുന്നു. പാപ്പാ സങ്കീർത്തിയിലേക്കു പോയി പൂജാവസ്ത്രങ്ങൾ അണിഞ്ഞതിനു ശേഷം അൾത്താര ശുശ്രൂഷ കരും സഹകാർമ്മികരുമൊത്ത് പ്രദക്ഷിണമായി ബലിവേദിയിലെത്തി. അപ്പോൾ ഭക്തിസാന്ദ്രമായ പ്രവേശന ഗീതം അലയടിച്ചു. അൾത്താരവണക്കത്തിനും ധൂപാർപ്പണത്തിനും ശേഷം പാപ്പാ ആമുഖ പ്രാർത്ഥന ചൊല്ലി. വിശുദ്ധഗ്രന്ഥവായനകൾക്കു ശേഷം പാപ്പാ വചനസന്ദേശം നല്കി.
പ്രഭാഷണത്തിലെ ചില വരികൾ
അതിരാവിലെ ദേവലായത്തിലെത്തിയ യേശുവിൻറെ അടുക്കലേക്ക് ജനങ്ങൾ എത്തുന്നതും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവിടത്തെ മുന്നിൽ കൊണ്ടുവന്നു നിർത്തിയതിനു ശേഷം മോശയുടെ നിയമനുസരിച്ച് അവളെ കല്ലെറിയണമെന്ന നിയമത്തെക്കുറിച്ച് പറയുന്നതും നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ എന്ന യേശുവചനം കേട്ട് മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്ഥലം വിടുന്നതും അവസാനം യേശുവും ആ സ്ത്രീയും മാത്രം ശേഷിക്കുന്നതുമായ സംഭവം അവലംബമാക്കി പാപ്പാ ദൈവത്തിൻറെ ഹൃദയമായ കാരുണ്യത്തെക്കുറിച്ചു വിശദീകരിച്ചു.
അപരർക്കെതിരെ വിരൽ ചൂണ്ടിക്കൊണ്ട് വിശ്വാസ സംരക്ഷണത്തിനായി പരിശ്രമിക്കുന്നവർ ഈ കാരുണ്യത്തെക്കുറിച്ചു മറുന്നുപോകുന്നുവെന്ന് പാപ്പാ പറഞ്ഞു. മേലിൽ പാപം ചെയ്യരുത് എന്നു പറഞ്ഞുകൊണ്ട് അവൾക്ക് പാപപ്പൊറുതി നല്കിയപ്പോൾ അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞുവെന്നും ദൈവത്തിന് എല്ലായ്പോഴും വിമുക്തിയുടെയും രക്ഷയുടെയും വഴികൾ കണ്ടെത്താനറിയാമെന്നും എന്നും അവിടന്ന് സാദ്ധ്യതകൾ തുറന്നിടുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
സുവിശേഷ പ്രസംഗത്തിനു ശേഷം പാപ്പാ ദിവ്യബലി തുടർന്നു. ദിവ്യകാരുണ്യസ്വീകരണാന്തരം മാൾട്ട അതിരൂപതയുടെ ആർച്ചുബിഷപ്പ് ചാൾസ് ജൂഡ് ഷിക്ലൂണ പാപ്പായ്ക്ക് നന്ദി പ്രകാശിപ്പിച്ചു
ഈ ഇടയസന്ദർശനത്തിനും വിശുദ്ധകുർബ്ബാനർപ്പണത്തിനും തങ്ങളോടുള്ള സ്നേഹത്തിനും ആർച്ചുബിഷപ്പ് ചാൾസ് ജൂഡ് ഷിക്ലൂണ പാപ്പായ്ക്ക് നന്ദി പറഞ്ഞു. പാപ്പായുടെ വാക്കുകൾ തങ്ങൾക്ക് ജീവിതത്തിന് പ്രചോദനകരവും പാതയിൽ വെളിച്ചവും ക്ലേശങ്ങളിൽ സാന്ത്വനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യേശുവിൻറെ പുനരുത്ഥാനാനന്തര ആദ്യ നൂറ്റാണ്ടിൽത്തന്നെ സുവിശേഷവെളിച്ചം പൗലോസപ്പൊസ്തോലൻറെ സാന്നിദ്ധ്യം വഴി സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരു മണ്ണാണ് മാൾട്ടയെന്ന വസ്തുത ആർച്ചുബിഷപ്പ് ചാൾസ് ജൂഡ് ഷിക്ലൂണ അനുസ്മരിച്ചു.
മദ്ധ്യാഹ്നനപ്രാർത്ഥനാ വിചിന്തനം
വിശുദ്ധ കുർബ്ബാനയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കൊരുക്കമായി ഹ്രസ്വവിചിന്തനം നടത്തി.
മാൾട്ടയിൽ തനിക്കു ലഭിച്ച ഊഷ്മള വരവേല്പിന് അന്നാടിൻറെ പ്രസിഡൻറിനും ഭരണാധികാരികൾക്കും മെത്രാന്മാർക്കും വൈദികർക്കും സന്ന്യസീസന്ന്യസിനികൾക്കും എല്ലാ പൗരന്മാർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്. ഈ ദ്വീപുകളിൽ ഒരുവന് ദൈവജന വികാരം ശ്വസിക്കാൻ കഴിയുന്നുവെന്നും വിശ്വാസം സന്തോഷത്തിൽ വളരുകയും ദാനത്തിൽ ശക്തിപ്പെടുകയും ചെയ്യുന്നു എന്ന ബോധ്യത്തോടുകൂടി മുന്നോട്ടു പോകണമെന്നും പാപ്പാ പറഞ്ഞു.
ദൈവത്തിനും മറ്റുള്ളവർക്കുമായി ആവേശത്തോടെ തങ്ങളെത്തന്നെ സമർപ്പിക്കാൻ നിരവധി മാൾട്ടാക്കാർക്ക് പ്രചോദമായ വിശുദ്ധിയുടെ ശൃംഖല തുടരുക. പാപ്പാ തുടർന്നു: പതിനഞ്ച് വർഷം മുമ്പ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ദുൻ ഗോർഗ് പ്രേക്കായെ (Dun Ġorġ Preca) ഞാൻ ഓർത്തുപോകുന്നു. അവസാനമായി, നിങ്ങളുടെ ഭാവിയായ യുവാക്കളോട് ഒരു വാക്ക് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയ സുഹൃത്തുക്കളെ, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കയാണ്. അത് എന്താണെന്ന് നിങ്ങൾക്കറിയാമോ? നമ്മെ സ്വതന്ത്രരാക്കുന്ന സ്നേഹത്തിൽ ജീവിക്കുന്നതിൻറെ സന്തോഷമാണ് അത്. എന്നാൽ ഈ സന്തോഷത്തിന് ഒരു പേരുണ്ട്: യേശു. നിന്നിൽ വിശ്വസിക്കുന്ന, നിങ്ങളോടൊപ്പം സ്വപ്നം കാണുന്ന, നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കുന്ന, ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്താത്ത കരുണയുടെ ദൈവമായ യേശുവിനെ സ്നേഹിക്കുന്നതിൻറെ മനോഹാരിത ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. എന്നും യേശുവിനോടൊപ്പം, കുടുംബത്തോടൊപ്പം, ദൈവജനത്തോടൊപ്പം, മുന്നോട്ടുപോകുന്നതിന് നിങ്ങൾ ഒരിക്കലും വേരുകൾ മറക്കരുത്. മുതിർന്നവരോടു സംസാരിക്കുക, മുത്തശ്ശീമുത്തശ്ശന്മാരുമായി സംസാരിക്കുക, പ്രായം ചെന്നവരോടു സംസാരിക്കുക.
കർത്താവ് നിങ്ങൾക്ക് തുണയാകട്ടെ, നമ്മുടെ അമ്മ നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ. ഇപ്പോഴും ദൈവനിന്ദകമായ യുദ്ധത്തിൻറെ ബോംബാക്രമണത്താൽ പിച്ചിച്ചീന്തപ്പെട്ടരിക്കുന്ന ഉക്രൈയിനിലെ മാനവദുരന്തത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ സമാധാനത്തിനായി അവളോടു പ്രാർത്ഥിക്കാം. പ്രാർത്ഥിക്കുന്നതിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിലും നാം മടുക്കരുത്. നിങ്ങൾക്ക് സമാധാനം!
ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലജപം നയിക്കുകയും സമാപനാശീർവ്വാദം നല്കുകയും ചെയ്തു.
ദിവ്യപൂജാനന്തരം പാപ്പാ തിരുവസ്ത്രങ്ങൾ മാറുന്നതിന് സങ്കീർത്തിയിലേക്കു പോകുകയും അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് മടക്കയാത്ര തുടങ്ങുന്നതിനു മുമ്പ് ചത്വരത്തിൽ വച്ച് സന്ന്യസ്തസമൂഹങ്ങളുടെ മേൽ ശേഷ്ഠന്മാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനുശേഷമാണ് പാപ്പാ 13 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് കാറിൽ യാത്രയായത്. അവിടെ ആയിരുന്നു പാപ്പായ്ക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.
പാപ്പായുടെ മാൾട്ട സന്ദർശനത്തിൻറെ സമാപന ദിനമായിരുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള അവസാനത്തെ പരിപാടി കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൽ വച്ച് അവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: