തദ്ദേശീയരും അവർ ജീവിക്കുന്ന മണ്ണും തമ്മിലുള്ള പാരസ്പര്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗവർണർ ജനറൽ ശ്രീമതി മേരി സൈമണെയും മറ്റെല്ലാവരെയും അഭിവാദ്യം ചെയ്യുകയും ഈ കൂടിക്കാഴ്ചയ്ക്കും അവരുടെ വാക്കുകൾക്കും പാട്ടുകൾക്കും നൃത്തങ്ങൾക്കും സംഗീതത്തിനുമെല്ലാം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ട് പാപ്പാ ആരംഭിച്ച സുദീർഘമായ പ്രഭാഷണം പ്രധാനമായും, ഉന്നതത്തിലേക്കു ചരിക്കുക, വെളിച്ചത്തിലേക്കു വരിക, സംഘം ഉണ്ടാക്കുക എന്നീ മൂന്നു ഉപദേശങ്ങളിൽ കേന്ദ്രീകൃതമായിരുന്നു.
ഈ ഉപദേശങ്ങൾ വിശകലനം ചെയ്യുന്നതിനു മുമ്പ് പാപ്പാ അന്നാട്ടിൽ തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് ഒരിക്കൽ കൂടി അനുസ്മരിക്കുകയും തൻറെ വേദന പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു:
റസിഡെൻഷ്യൽ വിദ്യാലയങ്ങളിലെ പൂർവ്വവിദ്യാർത്ഥികളായ നിങ്ങളിൽ ചിലരെ അല്പം മുമ്പ് ഞാൻ ശ്രവിക്കുകയുണ്ടായി. വലിയ സഹനങ്ങൾ പങ്കുവച്ചുകൊണ്ട് അതു പറയാൻ കാണിച്ച ധൈര്യത്തിന് നന്ദിയുണ്ട്. ഇത് മാസങ്ങളായി എന്നിലുണ്ടായിരുന്ന അമർഷത്തെയും നാണക്കേടിനെയും വീണ്ടും ഉണർത്തി. ഇന്ന് ഇവിടെയും ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, വികലമായ ആ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സാംസ്കാരിക സാത്മീകരണത്തിൻറെയും വിമോചനത്തിൻറെയും നയങ്ങൾക്ക് സംഭാവനയേകിയ അനേകം കത്തോലിക്കർ ചെയ്ത തിന്മയിൽ ഞാൻ വളരെ ദുഃഖിതനാണെന്നും ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറയാൻ ഞാൻ അഭിലഷിക്കുന്നു. റസിഡൻഷ്യൽ സ്കൂൾ, സമ്പ്രദായം വരുന്നതിന് മുമ്പ് തദ്ദേശീയ കുടുംബങ്ങളിൽ നിലനിന്നിരുന്ന അന്തരീക്ഷത്തിൻറെ മനോഹാരിതയെക്കുറിച്ച് വിവരിച്ച ഒരു മൂപ്പൻറെ സാക്ഷ്യം എൻറെ മനസ്സിലേക്ക് വീണ്ടും വരുന്നു. മുത്തശ്ശീമുത്തച്ഛന്മാരും മാതാപിതാക്കളും കുട്ടികളും ഐക്യത്തിൽ ഒന്നിച്ചു വസിച്ചിരുന്ന ആ കാലഘട്ടത്തെ, കുരുവിക്കുഞ്ഞുങ്ങൾ തള്ള പക്ഷികൾക്ക് ചുറ്റും സന്തോഷത്തോടെ ചിലയ്ക്കുന്ന വസന്തകാലവുമായി അദ്ദേഹം താരതമ്യം ചെയ്തു. എന്നാൽ അദ്ദേഹം പറഞ്ഞു, പെട്ടെന്ന് കിളികളുടെ പാട്ടു നിന്നു: കുടുംബങ്ങൾ ശിഥിലമായി, കുഞ്ഞുങ്ങളെ ബലമായി കൊണ്ടുപോയി, അവരെ അവരുടെ ചുറ്റുപാടിൽ നിന്ന് അകറ്റി; എല്ലാറ്റിന്മേലും ശൈത്യം വീണിരിക്കുന്നു.
ഈ വാക്കുകൾ, വേദന ഉളവാക്കുന്നതോടൊപ്പം, ഉതപ്പിനും കാരണമാകുന്നു; പ്രത്യേകിച്ച് "നിൻറെ ദൈവമായ കർത്താവ് നിനക്കു തരുന്ന നാട്ടിൽ നീ ദീർഘകാലം ജീവിച്ചിരിക്കേണ്ടതിന് നിൻറെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക" (പുറപ്പാട് 20:12) എന്ന് കല്പിച്ച ദൈവവചനവുമായി നാം അതിനെ താരതമ്യം ചെയ്താൽ അത് കൂടുകയും ചെയ്യുന്നു. നിങ്ങളുടെ അനേകം കുടുംബങ്ങൾക്ക് ഈ സാദ്ധ്യത ലഭിച്ചില്ല, പ്രത്യേകിച്ച്, കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുകയും അവരുടെ ദേശം അപകടകരവും അന്യവുമായി കണക്കാക്കുകയും ചെയ്തപ്പോൾ. ആ നിർബന്ധിത സ്വാംശീകരണങ്ങൾ മറ്റൊരു വേദപുസ്തകത്താളിനെയും ഓർമ്മിപ്പിക്കുന്നു: തൻറെ പിതാക്കന്മാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച മുന്തിരിത്തോട്ടം തട്ടിയെടുക്കാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കാൻ തയ്യാറായിരുന്ന ഭരണാധികാരിക്ക് അത് വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന നീതിമാനായ നാബോത്തിൻറെ കഥ (cf. 1 രാജാക്കന്മാർ, 21) . കൊച്ചുകുട്ടികളെ അപകീർത്തിപ്പെടുത്തുകയും അവരിൽ ഒരാളെയെങ്കിലും നിന്ദിക്കുകയും ചെയ്യുന്നവർക്കെതിരെ യേശുവിൻറെ ശക്തമായ വാക്കുകളും ഓർമ്മ വരുന്നു (cf. മത്തായി 18: 6.10). മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം തകർക്കുകയും ഏറ്റം പ്രിയങ്കരങ്ങളായ ഹൃദയവികാരങ്ങളെ വ്രണപ്പെടുത്തുകയും കൊച്ചുകുട്ടികളെ ദ്രോഹിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് എത്ര മോശമാണ്!
പ്രിയ സുഹൃത്തുക്കളേ, മുറിവുണക്കലിൻറെയും അനുരഞ്ജനത്തിൻറെയും യാത്ര ഒരുമിച്ച് നടത്താനുള്ള ഇച്ഛാശക്തിയോടെയാണ് നാം ഇവിടെ നില്ക്കുന്നത്, സംഭവിച്ച കാര്യങ്ങളിലേക്ക് വെളിച്ചം വീശാനും ആ ഇരുണ്ട ഭൂതകാലത്തെ മറികടക്കാനും സ്രഷ്ടവിൻറെ സഹായത്തോടെ ആ യാത്ര നമ്മെ സഹായിക്കട്ടെ.
അന്ധകാരത്തെ തോൽപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ, മാർച്ച് അവസാനം നടന്ന നമ്മുടെ കൂടിക്കാഴ്ചാവേളയിൽ എന്നപോലെ തന്നെ ഇപ്പോഴും നിങ്ങൾ ഖുല്ലിക്ക് എണ്ണവിളക്ക് കത്തിച്ചു. നീണ്ട ശീതകാല രാത്രികളിൽ വെളിച്ചം നൽകുന്നതിനു പുറമേ, കാലാവസ്ഥയുടെ കാഠിന്യത്തെ ചെറുക്കാനും ചൂട് പരത്താനും ഇത് ഉപകരിക്കുന്നു: അതിനാൽ അത് ജീവിക്കാൻ അത്യന്താപേക്ഷിതമായിരുന്നു. ഇന്നും അത് ജീവിതത്തിൻറെ, രാത്രിയുടെ ഇരുളിന് കീഴടങ്ങാത്ത പ്രശോഭിത ജീവിതത്തിൻറെ സുന്ദര പ്രതീകമായി തുടരുന്നു. അങ്ങനെ നിങ്ങൾ ഒരിക്കലും അണയാത്ത ജീവിതത്തിൻറെ, പ്രകാശിക്കുന്ന, ആർക്കും വീർപ്പുമുട്ടിക്കാൻ സാധിച്ചിട്ടില്ലാത്ത ശാശ്വത സാക്ഷ്യമാണ്.
ഇനൂയിത്ത് നുണങ്ങാട്ട് പ്രദേശത്തിനകത്തുള്ള നൂനാവത്തിൽ ആയിരിക്കാനുള്ള അവസരം ലഭിച്ചതിൽ ഞാൻ കൃതജ്ഞതാഭരിതനാണ്. നിങ്ങൾ പുരാതനകാലം മുതൽ വസിക്കുന്നതും മറ്റുള്ളവർ ഒരുപക്ഷേ ശത്രുതയോടെ കാണുന്നതുമായ ഈ വിശാല പ്രദേശങ്ങൾ ഭാവനയിൽ കാണാൻ ഞാൻ, റോമിലെ നമ്മുടെ കൂടിക്കാഴ്ചാനന്തരം, ശ്രമിച്ചു. പ്രായമായവരോടുള്ള ആദരവ്, യഥാർത്ഥ സാഹോദര്യബോധം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങൾ തലമുറകളിലേക്ക് കൈമാറിക്കൊണ്ട് ആ പ്രദേശങ്ങളെ എങ്ങനെ സ്നേഹിക്കാമെന്നും അവയെ ആദരിക്കാമെന്നും അവയെ എങ്ങനെ വിലമതിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്മെന്നും നിങ്ങൾക്കറിയാം. നിങ്ങളും നിങ്ങൾ അധിവസിക്കുന്ന ഭൂമിയും തമ്മിൽ മനോഹരമായ പാരസ്പര്യം ഉണ്ട്, കാരണം അവയും ശക്തവും പ്രതിരോധശേഷിയുള്ളവയുമാണ്, മാത്രമല്ല വർഷത്തിൽ ഭൂരിഭാഗവും അതിനെ വലയം ചെയ്യുന്ന ഇരുട്ടിനോട് വളരെയേറെ വെളിച്ചം ചൊരിഞ്ഞുകൊണ്ട് പ്രതികരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ മണ്ണും, എല്ലാ വ്യക്തികളെയും ജനതകളെയും പോലെ, അതിലോലവും പരിപാലിക്കപ്പെടേണ്ടതുമാണ്. പരിപാലിക്കുക, പരിചരണം കൈമാറ്റം ചെയ്യുക: പ്രായംചെന്നവരുടെ മാതൃകയുടെ പിൻബലത്തോടെ യുവത ഇതിനായി വിളിക്കപ്പെട്ടിരിക്കുന്നു! ഭൂമിയെ പരിപാലിക്കുക, ആളുകളെ പരിപാലിക്കുക, ചരിത്രത്തെ പരിപാലിക്കുക. ആകയാൽ നിന്നെ, ഇനുയിത്തിലെ യുവാവേ, ഈ മണ്ണിൻറെ ഭാവിയും അതിൻറെ ചരിത്രത്തിൽ സന്നിഹിതനുമയിരിക്കുന്നവനെ സംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു..... നിങ്ങളുടെ അസ്തിത്വത്തിൻറെ ദീപം തെളിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ഞാൻ ഒരു വൃദ്ധസഹോദരനെന്ന നിലയിൽ, നിങ്ങൾക്ക് മൂന്ന് ഉപദേശങ്ങൾ നൽകാൻ അഭിലഷിക്കുന്നു.
ആദ്യത്തേത്: മുകളിലേക്ക് നടക്കുക എന്നതാണ്. വടക്കുള്ള ഈ വിശാലമായ പ്രദേശങ്ങളിൽ നീ വസിക്കുന്നു. അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുകുയും സ്വന്തം സന്തോഷത്തിനും താല്പര്യങ്ങൾക്കും വേണ്ടി മാത്രം സമയം വിനിയോഗിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് നിന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരാൽ താഴേക്ക് വലിച്ചിഴക്കപ്പെടാൻ അനുവദിക്കാതെ, മുകളിലേക്ക് കയറാൻ പരിശ്രമിക്കുകയെന്ന നിൻറെ വിളിയെക്കുറിച്ച് അവ നിന്നെ ഓർമ്മിപ്പിക്കുന്നു. സുഹൃത്തേ, കടമകളും സന്തോഷങ്ങളും സന്തുലിതമാക്കി ദിവസങ്ങൾ തള്ളിനീക്കാനല്ല നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പ്രത്യുത, ഉന്നതത്തിലേക്ക്, നിൻറെ ഹൃദയത്തിൽ നീ സംവഹിക്കുന്ന ഏറ്റവും സത്യവും മനോഹരവുമായ ആഗ്രഹങ്ങളിലേക്ക്, സ്നേഹിക്കപ്പെടേണ്ട ദൈവത്തിലേക്കും, സേവിക്കപ്പെടേണ്ട അയൽക്കാരനിലേക്കും നിന്നെത്തന്നെ തുറന്നുവിടാനാണ്......
രണ്ടാമത്തെ ഉപദേശം നീ വെളിച്ചത്തിലേക്ക് വരുക എന്നതാണ്. സന്താപത്തിൻറെയും നിരാശയുടെയും നിമിഷങ്ങളിൽ, എണ്ണവിളക്കായ ഖുല്ലിക്കിനെക്കുറിച്ച് ചിന്തിക്കുക: അതിൽ നിനക്കുള്ള ഒരു സന്ദേശം അടങ്ങിയിരിക്കുന്നു. അത് ഏന്താണ്? പ്രതിദിനം വെളിച്ചത്തിലേക്ക് വരുന്നതിനാണ് നനക്ക് അസ്തിത്വമുള്ളത് എന്നതാണ്. നിന്നെ ആശ്രയിച്ചിരിക്കാത്തതായ നിൻറെ ജന്മദിനത്തിൽ മാത്രമല്ല എല്ലാ ദിവസവും. ഒരു പുതിയ വെളിച്ചം കൊണ്ടുവരാൻ അനുദിനം നീ വിളിക്കപ്പെടുന്നു, നിൻറെ നയനങ്ങളുടെ, നിൻറെ പുഞ്ചിരിയുടെ, നിനക്കു മാത്രം അതിൽ ചേർക്കാൻ കഴിയുന്ന നന്മയുടെ പുത്തൻ പ്രകാശം. പക്ഷേ, വെളിച്ചത്തിലേക്ക് വരാൻ, നീ എല്ലാ ദിവസവും ഇരുട്ടിനോട് പൊരുതേണ്ടതുണ്ട്. അതെ, വെളിച്ചവും ഇരുട്ടും തമ്മിൽ ദൈനംദിന പോരാട്ടമുണ്ട്, അത് പുറത്തെവിടെയൊ അല്ല, മറിച്ച് നാം ഓരോരുത്തരുടെയും ഉള്ളിലാണ് സംഭവിക്കുന്നത്. വെളിച്ചത്തിൻറെ വഴി അസത്യങ്ങളുടെ അന്ധകാരത്തിനെതിരെ ഹൃദയത്തിൻറെ ധീരമായ തിരഞ്ഞെടുപ്പുകൾ ആവശ്യപ്പെടുന്നു.
അവസാനമായി, മൂന്നാമത്തെ ഉപദേശം സംഘം ഉണ്ടാക്കുക എന്നതാണ്. ചെറുപ്പക്കാർ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ് മഹത്തായ കാര്യങ്ങൾ ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ നിങ്ങൾ യുവജനങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയാണ്, അത് ഇവിടെ വിസ്മയകരമായ രീതിയിൽ മിന്നുന്നു: അവയുടെ മനോഹാരിത അവ ഒരു വൃന്ദമായിരിക്കുന്നതിൽ നിന്ന് വരുന്നു, അവ സൃഷ്ടിക്കുന്ന താരാഗണങ്ങളിൽ നിന്നാണ്, അവ ലോകത്തിൻറെ നിശകൾക്ക് പ്രകാശവും ദിശാബോധവും നൽകുന്നു. നീയും, ആകാശോന്നതിയിൽ ആയിരിക്കാനും ഭൂമിയിൽ വിളങ്ങാനും വിളിക്കപ്പെട്ടിരിക്കുന്നു, ഒരുമിച്ച് പ്രകാശിക്കാനാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സുഹൃത്തുക്കളേ, ഉന്നതിയിലേക്കു ചരിക്കുക, അനുദിനം വെളിച്ചത്തിലേക്ക് വരുക, കൂട്ടായ്മയുണ്ടാക്കുക! നിങ്ങളുടെ സ്വന്തം സംസ്കാരത്തിനുള്ളിൽ, മനോഹരമായ ഇനുക്തിത്തൂത്ത് ഭാഷയിൽ, ഇതെല്ലാം ചെയ്യുക. നിങ്ങളുടെ പൂർവ്വികർ സംരക്ഷിച്ചതും കൈമാറിയതുമായ സുവിശേഷം സ്വീകരിക്കാനും അങ്ങനെ യേശുക്രിസ്തുവിൻറെ ഇനുക് വദനം കാണാനും, മുതിർന്നവരുടെ വാക്കുകൾ ശ്രവിക്കുകയും നിങ്ങളുടെ പാരമ്പര്യങ്ങളുടെയും വൈക്തിക സ്വാതന്ത്ര്യത്തിൻറെയും സമ്പന്നത പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് സാധിക്കട്ടെയെന്ന് ഞാൻ പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളെ ഹൃദയംഗമമായി അനുഗ്രഹിക്കുന്നു.
നാട്ടുഭാഷയിൽ “ഖുജാനാമിക്ക്” അതായത്, നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണം ഉപസംഹിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: