വത്തിക്കാനിലേക്ക് തിരികെയുള്ള യാത്രാമദ്ധ്യേ പാപ്പാ വത്തിക്കാനിലേക്ക് തിരികെയുള്ള യാത്രാമദ്ധ്യേ പാപ്പാ 

അനുരഞ്ജനത്തിന്റെ മാധുര്യം സമ്മാനിച്ച് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ തിരികെയെത്തി

ഫ്രാൻസിസ് പാപ്പായുടെ കാനഡയിലേക്കുള്ള അപ്പസ്തോലികയാത്രയുടെ അവസാനദിനങ്ങളിലെ പരിപാടികളെക്കുറിച്ചുള്ള വിവരണം.
പാപ്പായുടെ അപ്പസ്തോലികയാത്രയുടെ വിവരണം - ശബ്‌ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പത്രോസിന്റെ പിൻഗാമിയായ വലിയ ഇടയൻ ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയേഴാമത്‌ അപ്പസ്തോലികയാത്രയായിരുന്നു ജൂലൈ 24 ഞായറാഴ്ച മുതൽ ജൂലൈ 30 ശനിയാഴ്ച വരെ നടത്തിയ കാനഡയിലേക്കുള്ള പശ്ചാത്താപതീർത്ഥാടനം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് മുന്നിലും, ഏതാണ്ട് ഏഴു ദിവസങ്ങൾ നീണ്ട സുദീർഘമായ ഒരു യാത്രയാണ് പാപ്പാ ഇത്തവണ നടത്തിയത്. ജൂലൈ 24 ഞായറാഴ്ച രാവിലെ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട പാപ്പാ, കാനഡയിലെ എഡ്‌മണ്ടനിലേക്കായിരുന്നു ആദ്യം പോയത്. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 11.09-ന്, ഇന്ത്യയിലെ സമയം വൈകിട്ട് 10.39-ന് അവിടെ എത്തിച്ചേർന്ന പാപ്പാ 27-ആം തീയതി ബുധനാഴ്ച വരെ എഡ്മണ്ടനിൽ തുടർന്നു. ഇതിനിടെ എഡ്‌മണ്ടനിൽനിന്ന് ഏകദേശം എഴുപത് കിലോമീറ്ററുകൾ തെക്കുള്ള മാസ്ക്വാചിസ് നഗരത്തിലും പാപ്പാ സന്ദർശനം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ 9 മണിക്ക് എഡ്മണ്ടനിൽനിന്ന് 3.116 കിലോമീറ്ററുകൾ അകലെയുള്ള ക്വെബെക് (Québec) നഗരത്തിൽ വിമാനമാർഗം എത്തിയ പത്രോസിന്റെ പിൻഗാമി, വെള്ളിയാഴ്ച ഉച്ച വരെ അവിടുത്തെ അതിരൂപതാമന്ദിരത്തിൽ ആണ് വസിച്ചത്. പാപ്പായുടെ അപ്പസ്തോലികയാത്രയിൽ വ്യാഴാഴ്ച വരെയുള്ള വിവിധ പരിപാടികളുടെ വിവരണമായിരുന്നു ഈ ദിവസങ്ങളിലെ പ്രക്ഷേപണത്തിൽ ശ്രവിച്ചത്.

കാനഡയിലെ അവസാനദിനം

പാപ്പായുടെ മുപ്പത്തിയേഴാമത്‌ അപ്പസ്തോലികയാത്രയുടെ അവസാനദിനമായ ജൂലൈ 29 വെള്ളിയാഴ്ച പ്രധാനമായി രണ്ട് പരിപാടികളായിരുന്നു പാപ്പായ്ക്കുണ്ടായിരുന്നത്. രാവിലെ ക്വെബെക് അതിരൂപതാമന്ദിരത്തിൽ വച്ച് തദ്ദേശീയജനതകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും, ക്വെബെക് നഗരത്തിൽനിന്ന് 2.033 കിലോമീറ്റർ അകലെയുള്ള  ഇഖലൂയിത് എന്ന സ്ഥലത്തുവച്ച് വെള്ളിയാഴ്ച വൈകുന്നേരം ചെറുപ്പക്കാരും വയോധികരുമായ ആളുകളുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു അവ. ക്വെബെകും ഇഖലൂയിതും ഇന്ത്യയിലെ സമയത്തേക്കാൾ 9 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്.

ക്വെബെക് നഗരത്തിൽ

ക്വെബെക് അതിരൂപതമന്ദിരത്തിലെ ദേവാലയത്തിൽ പ്രാദേശികസമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് അർപ്പിച്ച വിശുദ്ധബലിയോടെയാണ് ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ അവസാനദിനത്തിലെ പരിപാടികൾ ആരംഭിച്ചത്. പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 9 മണിക്ക് കാനഡയുടെ വിവിധ ഭാഗങ്ങളിനിന്നെത്തിയ പതിനഞ്ച് ഈശോസഭാവൈദികരുമായി പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തി. മാനവിക സമഗ്രവികസനത്തിനായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ പ്രസിഡന്റും ഈശോസഭംഗവുമായ കർദ്ദിനാൾ മൈക്കിൾ ചേർണിയും അക്കൂട്ടത്തിലുണ്ടായിരുന്നു.

തദ്ദേശീയർക്കൊപ്പം

പരിശുദ്ധപിതാവിന്റെ വെള്ളിയാഴ്ചത്തെ പൊതു ഔദ്യോഗികപരിപാടി രാവിലെ 10.40-ന് ക്വെബെക് നഗരത്തിലുള്ള തദ്ദേശീയജനതകളുടെ പ്രതിനിധികളുമായുള്ള സമ്മേളനമായിരുന്നു. അതിരൂപതാമന്ദിരത്തിലെ ഒരു ശാലയിൽ വച്ചായിരുന്നു ഈ കണ്ടുമുട്ടൽ. വിവിധ തദ്ദേശീയജനതകളുടെ പ്രതിനിധികളായി, പാരമ്പരാഗതവേഷം ധരിച്ച 22 തദ്ദേശീയരായ ആളുകളും, മെത്രാന്മാർ ഉൾപ്പെടുന്ന ആളുകളുമാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. വിനോദസഞ്ചാരിയായല്ല, ഒരു സുഹൃത്തായി, സഹോദരനായി അനുരഞ്ജനത്തിന്റെ സന്ദേശവുമായാണ് താൻ കാനഡയിലെത്തിയതെന്ന് വ്യക്തമാക്കിയായിരുന്നു പാപ്പായുടെ സന്ദേശം.

ക്വെബെകിൽനിന്ന് വിടപറയുന്നു

ഏതാണ്ട് 20 മിനിറ്റുകൾ നീണ്ട സമ്മേളനത്തിന് ശേഷം അവിടെയുണ്ടായിരുന്ന വിവിധ പ്രതിനിധികളെ പാപ്പാ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. രാവിലെ 11.45-ന് അതിരൂപതാകേന്ദ്രത്തിലെ ആളുകളെ അഭിവാദ്യം ചെയ്ത പപ്പാ തുടർന്നുള്ള യാത്രയ്ക്കായി ഉച്ചയ്ക്ക് 12 മണിയോടെ അവിടെനിന്ന് ഏകദേശം 15 കിലോമീറ്ററുകൾ അകലെയുള്ള ക്വെബെക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. ഉച്ചയ്ക്ക് 12.30-ന് പാപ്പായെയും വഹിച്ചുകൊണ്ടുള്ള വിമാനം ക്വെബെക്കിൽനിന്ന് ഇഖലൂയിത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

ഇനൂയിതുകളുടെ ഇഖലൂയിത്

ക്വെബെക്കിൽനിന്ന് ഇനൂയിത് ജനതകൾ കൂടുതൽ വസിക്കുന്ന ഇഖലൂയിത് പ്രദേശത്തേക്കുള്ള പാപ്പായുടെ യാത്ര ഏതാണ്ട് 3 മണിക്കൂറുകൾ നീണ്ടതായിരുന്നു. ക്വെബെക്കിൽനിന്ന് 2.033 കിലോമീറ്ററുകൾ അകലെയാണ് ഇഖലൂയിത്. അപ്പസ്തോലികയാത്രയുടെ അവസാനഭാഗമായി തദ്ദേശീയരായ ചെറുപ്പക്കാരും വയോധികരുമായുള്ള സമ്മേളനത്തിനായാണ് പാപ്പാ ഇവിടെയെത്തിയത്.

ഏതാണ്ട് 7.740 ആളുകൾ വസിക്കുന്ന, നൂനവിത് എന്ന പ്രദേശത്തിന്റെ തലസ്ഥാനമാണിത്. ഇവിടുത്തെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയും, അതായത് 3.900 ആളുകൾ ഇനൂയിത് എന്ന തദ്ദേശീയജനവിഭാഗത്തിൽപ്പെടുന്നവരാണ്. 1957-ൽ ഇവരുടെ എണ്ണം 489 ആയിരുന്നു. 1993-ൽ ഇവിടെ വച്ചാണ് തദ്ദേശീയരുമായി കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉടമ്പടി നടന്നത്. 1999 ഏപ്രിൽ 1-നാണ് ഇഖലൂയിത് നൂനവിത് എന്ന പ്രദേശത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്.

ഇഖലൂയിത് പ്രദേശത്ത് ക്രൈസ്തവരുടെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്, സ്വർഗ്ഗോരോപിതമാതാവിന്റെ നാമത്തിലുള്ള കത്തോലിക്കാ ഇടവകദേവാലയവും, യൂദാശ്ലീഹായുടെ പേരിലുള്ള ആംഗ്ലിക്കൻ കത്തീഡ്രലുമാണ്. തികച്ചും കഠിനമായ തണുപ്പുള്ള ഒരു പ്രദേശമാണിത്. മഞ്ഞുകാലത്ത് പൂജ്യത്തിന് താഴെ 40 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പാണ് ഇവിടെയുണ്ടാവുക.

ഇഖലൂയിത്തിലെ നാകാസൂക് പ്രാഥമികവിദ്യാലയം

പ്രാദേശികസമയം വൈകുന്നേരം 3.50-ന് ഇഖലൂയിത് വിമാനത്താവളത്തിലെത്തിയ പാപ്പായെ ഈ പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന ചർച്ച്ഹിൽ-ഹഡ്സൺ ബേ രൂപതയുടെ മെത്രാൻ അഭിവന്ദ്യ ആന്റണി വിയെസ്വാവ് കരോത്കിയും പ്രാദേശികസിവിൽ അധികാരികളും ചേർന്നാണ് സ്വീകരിച്ചത്. അവിടെനിന്ന് 3 കിലോമീറ്ററുകളോളം അകലെയുള്ള നാകാസൂക് പ്രാഥമികവിദ്യാലയത്തിലേക്കാണ് പാപ്പാ തുടർന്ന് യാത്ര ചെയ്തത്. 1973-ൽ പണിചെയ്യപ്പെട്ട ഈ സ്കൂൾ, ഇവിടുത്തെ തന്നെ ആദ്യതാമസക്കാരിൽ ഒരുവനായ നാകാസൂക് എന്നയാളുടെ പേരിലാണ് അറിയപ്പെടുന്നത്. നഗരത്തിലെ നാല് പ്രാഥമികവിദ്യാലയങ്ങളിൽ ഒന്നാണിത്.

പ്രഥമദേശങ്ങൾ, മേത്തിസ് തദ്ദേശീയജനവിഭാഗങ്ങൾ പോലെ, നൂനവിത് പ്രദേശത്ത് തദ്ദേശീയരായ ഇനൂയിത് ജനവിഭാഗവും അവരുടെ സാംസ്‌കാരികവും, മതപരവുമായ കാര്യങ്ങളിൽ ഏറെ അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ട്.

1800-കളിൽ, തദ്ദേശീയ ജനങ്ങളിലെ പുരാതനസംസ്കാരരത്തിന്റെ സ്വാധീനം ഒഴിവാക്കുക എന്ന കാനഡ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായായിരുന്നു ഈ അന്യായങ്ങൾ. ആളുകളിൽ ആധുനിക, യൂറോപ്യൻസംസ്കാരം നിറയ്ക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. ഈ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് കുട്ടികളെ, അവരുടെ മാതാപിതാക്കളിൽനിന്ന് അകറ്റി, വിവിധ റെസിഡൻഷ്യൽ സ്കൂളുകളിൽ താമസിപ്പിച്ച് നൂതനവിദ്യാഭ്യാസം നൽകുകയിരുന്നു ഇതിനായി അവർ കണ്ടെത്തിയ മാർഗ്ഗം. അങ്ങനെയുള്ള സ്കൂളുകളിൽ നല്ലൊരു ഭാഗവും, സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ, പ്രാദേശികക്രൈസ്തവസഭകൾ മേൽനോട്ടം വഹിച്ചിരുന്നവയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന അന്നത്തെ പ്രാദേശികകത്തോലിക്കാസഭയും ഇതിലുൾപ്പെട്ടിരുന്നു.

"സത്യത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള കമ്മീഷൻ" 2015-ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഈ പ്രദേശത്ത് 1883 മുതൽ ഏതാണ്ട് 100 വർഷത്തിനുള്ളിൽ മൂവായിരത്തിലധികം കുട്ടികളാണ് അസുഖങ്ങൾ മൂലവും പോഷകാഹാരക്കുറവുമൂലവും അധികാരികളുടെ ഭാഗത്തുനിന്നുള്ള ദുർനടപടികൾ മൂലവും മരണമടഞ്ഞത്.

മുൻ വിദ്യാർത്ഥികളുമായുള്ള സമ്മേളനം

നാകാസൂക് പ്രാഥമികവിദ്യാലയത്തിലെത്തിയ പാപ്പാ, റെസിഡൻഷ്യൽ സ്കൂളുകളിലെ പൂർവ്വവിദ്യാർത്ഥികളുടെ ഒരു സംഘവുമായി സ്വകാര്യസമ്മേളനം നടത്തി. സമ്മേളനത്തിന്റെ അവസാനത്തിൽ കർത്തൃപ്രാർത്ഥനയ്ക്ക് ശേഷം എല്ലാവർക്കും പാപ്പാ ആശീർവാദം നൽകുകയും ചെയ്തു.

പൊതുസമ്മേളനം

നാകാസൂക് പ്രാഥമികവിദ്യാലയത്തിൽനിന്ന് പുറത്തിറങ്ങിയ പാപ്പാ, അവിടെ ഒത്തുചേർന്ന നൂറുകണക്കിന് തദ്ദേശീയരായ യുവജനങ്ങളും വയോധികരുമായി സ്കൂൾ അങ്കണത്തിൽ വച്ച് പൊതുകൂടിക്കാഴ്ച നടത്തി. പ്രാദേശികസമൂഹത്തിന്റെ ഒരു വനിതാപ്രതിനിധിയുടെ സ്വാഗതവാക്കുകളും, തദ്ദേശീയരുടെ പാരമ്പര്യനൃത്തവും മറ്റു കലാരൂപങ്ങളുമായിരുന്നു തുടർന്ന്. അതിനുശേഷം അവിടെ കൂടിയ ആളുകളോട് പാപ്പാ സംസാരിച്ചു.

ഒന്നരമണിക്കൂറിലേറെ നീണ്ട പൊതുസമ്മേളനത്തിന്റെ അവസാനം എല്ലാവരുമൊരുമിച്ച് കർത്തൃപ്രാർത്ഥന ചൊല്ലിയ പാപ്പാ, ഏവർക്കും ആശീർവാദം നൽകി.

മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക്

സമ്മേളനം അവസാനിച്ച ശേഷം വൈകുന്നേരം ഏതാണ്ട് ഏഴരയോടെ പാപ്പാ ഇഖലൂയിത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി. 3 കിലോമീറ്ററുകൾ അകലെയുള്ള വിമാനത്താവളത്തിലെത്തിയ പാപ്പായെ, കാനഡയുടെ ഗവർണർ ജനറൽ മേരി സൈമണും പ്രതിനിധിസംഘവും ചേർന്ന് അവിടെയുള്ള VIP ശാലയിൽ സ്വീകരിച്ചു. കാനഡയിലെ ആദ്യ തദ്ദേശീയ ഗവർണർ ജനറലാണ് ശ്രീമതി മേരി സൈമൺ. പ്രാദേശികവേഷം ധരിച്ച ആളുകൾ നടത്തിയ തംബുരുവിന്റെ അകമ്പടിയോടുകൂടിയ നൃത്തത്തിന് ശേഷം പാപ്പാ വീണ്ടും എല്ലാവരെയും അഭിവാദ്യം ചെയ്തു. മുൻപ് തീരുമാനിച്ചതിൽനിന്ന് ഏതാണ്ട് ഒന്നരമണിക്കൂർ വൈകി വൈകുന്നേരം 7.45-ന് പാപ്പാ ഇറ്റാലിയൻ വിമാനക്കമ്പനിയായ ഈറ്റായുടെ വ്യോമയാനത്തിലേറി. പ്രാദേശികസമയം വൈകുന്നേരം 8.14-ന്, ഇന്ത്യയിലെ സമയം ശനിയാഴ്‌ച രാവിലെ 5.44-ന്, ഫ്രാൻസിസ് പാപ്പായെയും വഹിച്ചുകൊണ്ട് വിമാനം കാനഡയുടെ മണ്ണിൽനിന്ന് പുറപ്പെട്ടു.

പത്രസമ്മേളനം

തിരികെയുള്ള യാത്രയിൽ നടന്ന പത്രസമ്മേളനത്തിൽ, പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, കാനഡയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും, പഴയതും പുതിയതുമായ കൊളോണിയലിസത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. പാപ്പാ സ്ഥാനം ഉപേക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇനിയും അതിനെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ലെന്നും, എന്നാൽ എല്ലാം ദൈവത്തിന്റെ തീരുമാനമനുസരിച്ചായിരിക്കുമെന്നും, ദൈവം തന്നോട് അത് ആവശ്യപ്പെട്ടാൽ താൻ അതിന് തയ്യാറാണെന്നും പാപ്പാ അറിയിച്ചു. ജർമനിയിലെ സഭയുടെ സിനഡൽ യാത്ര, സഭയുടെ ഔദ്യോഗികസഭാപ്രബോധനം, വിശ്വസകൈമാറ്റത്തിൽ സ്ത്രീകൾക്കുള്ള പങ്ക് മുതലായവയും പത്രസമ്മേളനത്തിൽ വിഷയങ്ങളായി.

പാപ്പാ തിരികെ റോമിൽ

കാനഡയിൽ നിന്ന് പ്രാദേശികസമയം വൈകുന്നേരം 8.14-ന് പുറപ്പെട്ട വിമാനം കാനഡ, ഡെൻമാർക്ക്‌, അയർലണ്ട്, യു.കെ., ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികൾ കടന്ന്, ഏതാണ്ട് 6 മണിക്കൂറുകൾ കൊണ്ട് 5.667 കിലോമീറ്ററുകൾ സഞ്ചരിച്ച്, ജൂലൈ 30 ശനിയാഴ്ച ഇറ്റലിയിലെ സമയം രാവിലെ 8.06-ന്, ഇന്ത്യയിൽ രാവിലെ 11.36-ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. അവിടെനിന്ന് വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ പാപ്പാ, സാധാരണ പതിവുപോലെ, റോമിലെ മരിയ മേജ്ജോറെ ബസലിക്കയിലെത്തി, സാലൂസ് പോപ്പുളി റൊമാനി, റോമൻ ജനതയുടെ സംരക്ഷക എന്നറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിനുമുന്നിലെത്തി കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ വിജയത്തിന് നന്ദി പറയുകയും, അതിനുശേഷം യാത്ര തുടർന്ന് തന്റെ വസതിയായ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലെത്തുകയും ചെയ്‌തു.

അനുരഞ്ജനത്തിന്റെ സുഗന്ധം

കാനഡയിലെ തദ്ദേശീയരായ ജനതകൾ, കത്തോലിക്കാസഭ മേൽനോട്ടം വഹിച്ച സ്കൂളുകളിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് മാപ്പപേക്ഷിക്കാനും, അവരുടെ മുറിവുണക്കാനും പ്രായശ്ചിത്തത്തിന്റെ ഒരു യാത്രയായിരുന്നു ഫ്രാൻസിസ് പാപ്പാ നടത്തിയത്. അനുരഞ്ജനത്തിന്റെ വാക്കുകളും പ്രവൃത്തികളുമായി ആയിരക്കണക്കിന് തദ്ദേശീയരുടെ മനസ്സിൽ ആശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിനെ നിറച്ചാണ് പാപ്പാ ഈ യാത്ര പൂർത്തീകരിച്ചത്. തെറ്റുകൾ ഏറ്റുപറഞ്ഞ്, മാനവികതയുടെ സൗരഭ്യം പകർന്ന ഈ യാത്ര, അനേകം ഹൃദയങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ പ്രകാശവും, ക്ഷമയുടെ മാധുര്യവും അനുരഞ്ജനത്തിന്റെ സുഗന്ധവും പരത്തി. ക്രൈസ്തവവിശ്വാസത്തിൽ പത്രോസിന്റെ പിൻഗാമിയായി, കത്തോലിക്കാസഭയുടെ ദൈവത്താൽ തിരഞ്ഞെടുത്ത വലിയ ഇടയനായി, മാർഗദർശിയായി ഫ്രാൻസിസ് പാപ്പാ വാഴട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2022, 16:21