തിരയുക

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പാപ്പാ - ഫയൽ ചിത്രം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പാപ്പാ - ഫയൽ ചിത്രം 

ഭൂമിയുടെ പരിപാലനം എല്ലാ മനുഷ്യരുടെയും ധാർമ്മിക ഉത്തരവാദിത്വം: ഫ്രാൻസിസ് പാപ്പാ

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിന് കീഴിലായിരിക്കുന്ന ജനങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണം എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന ദ്വിദിനസമ്മേളനത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിന് കീഴിലായിരിക്കുന്ന ജനങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണം എന്ന പേരിൽ ശാസ്ത്രവിഷയങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി ജൂലൈ 13-14 തീയതികളിലായി വത്തിക്കാനിൽ സംഘടിപ്പിച്ച ദ്വിദിനസമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തിൽ, വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനം മനുഷ്യരുടെ എല്ലാവരുടെയും ധാർമ്മിക ഉത്തരവാദിത്വമാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

അവഗണിക്കാനാകാത്ത തിന്മ

കാലാവസ്ഥാവ്യതിയാനം ഇനിയൊരിക്കലും മാറ്റിനിറുത്തപ്പെടാൻ സാധിക്കാത്തത്ര വലിയൊരു പ്രതിഭാസമായി മാറിയിരിക്കുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാ മനുഷ്യരുടെയും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ ജീവിതത്തെ മോശമായ രീതിയിൽ ബാധിക്കുന്ന സ്ഥിതിയിലേക്കാണ് കാലാവസ്ഥാവ്യതിയാനം നമ്മെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നത്.

വെല്ലുവിളികൾ

ഇന്നത്തെ ലോകത്തിന് മുൻപിൽ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന വെല്ലുവിളികകളാണുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിലവിലെ മാലിന്യപ്രസാരണം കുറച്ചുകൊണ്ട് കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്ന അപകടസാദ്ധ്യതകൾ കുറയ്ക്കുക, കാലാവസ്ഥാവ്യതിയാനം മൂലം മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയോട് പൊരുത്തപ്പെടാൻ ആളുകളെ സഹായിക്കുക എന്നിവയാണ് അവ.

ധാർമ്മികമായ ഉത്തരവാദിത്വം

സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട പഴയനിയമത്തിലെ ഭാഗവും (ഉൽപത്തി 1-2), പുതിയനിയമത്തിൽ യേശു വ്യക്തമാക്കിത്തരുന്ന, ദൈവത്തിന് തന്റെ സൃഷ്ടികളോടുള്ള പ്രത്യേക താല്പര്യവും (മത്തായി 6, 26, 28-29) പരാമർശിച്ചുകൊണ്ട്, ദൈവമക്കളെന്ന നിലയിൽ, ഈ ഭൂമിയുടെ പരിപാലനം എന്നത് ഓരോ മനുഷ്യരുടെയും ധാർമ്മികമായ ഉത്തരവാദിത്വമാണെന്ന് പാപ്പാ എഴുതി.

ആഗോളതലത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ

നിലവിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതഫലങ്ങൾ കുറയ്ക്കുന്നതിനായി ലോക മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതൃനിര ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ തങ്ങളുടെ മാലിന്യപ്രസരണം കുറയ്ക്കുകയും, മറ്റു രാജ്യങ്ങളെ അതിനായി, സാമ്പത്തികവും, ശാസ്ത്രപരവുമായ രീതികളിൽ സഹായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ജൈവവൈവിധ്യവും യുദ്ധങ്ങളും

ലോകത്ത് ജൈവവൈവിധ്യത്തിലുണ്ടാകുന്ന കുറവും (Laudato si ', nn. 32-33), വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളും ചേർന്ന് മനുഷ്യന്റെ ക്ഷേമത്തിനെതിരായ ഫലങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത് ഭക്ഷ്യസുരക്ഷ, വർദ്ധിച്ചുവരുന്ന മലിനീകരണനിരക്ക് എന്നിവയ്ക്കും കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കി. പ്രപഞ്ചത്തിൽ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നാണ് ഇത് വെളിവാക്കുന്നത്.

വത്തിക്കാന്റെ പ്രതിബദ്ധത

ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഭീഷണിക്ക് മുന്നിൽ, വത്തിക്കാൻ തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ നടത്തിയ കൺവെൻഷനും, പാരീസ് ഉടമ്പടിയും അംഗീകരിക്കുന്നതിന് താൻ അനുവാദം നൽകി എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വ്യവസായികപുരോഗതിക്ക് ശേഷമുള്ള ലോകത്തെ ഏറ്റവും നിരുത്തരവാദിത്വപരമെന്ന് ചരിത്രം ഓർമ്മിച്ചേക്കാമെങ്കിൽ, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത തലമുറയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യർ ഓർമ്മിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഒരുമിച്ചുള്ള പ്രവർത്തനം

നല്ല ആർജ്ജവത്വമുള്ള സ്ത്രീപുരുഷന്മാർ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് നമുക്ക് മുന്നിലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടുവാൻ നമുക്ക് സാധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുവഴി മാനവകുലത്തെയും, ദൈവദാനമായ സൃഷ്ടലോകത്തെയും അതിതീവ്രകാലാവസ്ഥാവ്യതിയാനങ്ങളിൽനിന്ന് സംരക്ഷിക്കാനും, നീതിയും സമാധാനവും ശക്തിപ്പെടുത്തുവാനും സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2022, 16:53