ഫ്രാൻസിസ് പാപ്പാ കാനഡയിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയിൽ...  ഫ്രാൻസിസ് പാപ്പാ കാനഡയിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയിൽ...  

ആഗോള മുത്തശ്ശീമുത്തച്ഛന്മാരുടെ ദിനത്തെ ഫ്രാൻസിസ് പാപ്പാ വിമാനത്തിൽ അനുസ്മരിച്ചു

കാനഡയിലേക്കുള്ള 'അനുതാപ തീർത്ഥാടന' യാത്രാമദ്ധ്യേ വിമാനത്തിൽ വച്ച് പ്രത്യേകമായ തരത്തിൽ ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച സഭ ആചരിക്കുന്ന മുത്തശ്ശീമുത്തച്ഛൻമാർക്കും മുതിർന്നവർക്കുമായുള്ള ആഗോളദിനം അനുസ്മരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അമൂല്യമായി കാത്തു സൂക്ഷിക്കേണ്ട വേരുകളാണ് മുത്തശ്ശീമുത്തച്ഛന്മാരെന്ന് അവരെ വാഴ്ത്തുകയും എല്ലാവരെയും മുന്നോട്ട് കൊണ്ടുവരണമെന്ന് വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരെ  അഭിവാദനം ചെയ്യുന്നതിനു മുമ്പ്  പാപ്പാ ആവശ്യപ്പെടുകയും ചെയ്തു.

യേശുവിന്റെ മുത്തശ്ശീ മുത്തച്ഛന്മാരായ ജോവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു അനുബന്ധിച്ചാണ് ഓരോ വർഷവും ജൂലൈ മാസത്തിലെ 4മത്തെ ഞായറാഴ്ച സഭ ഈ ആഗോള ദിനം ആചരിക്കുന്നത്. പലപ്പോഴും വിസ്മരിക്കപ്പെടുന്നതിനാലും എന്നാൽ ജീവിതാനുഭവങ്ങളും വിശ്വാസവും യുവാക്കൾക്ക് പകർന്നു നൽകുന്ന തലമുറകൾ തമ്മിലുള്ള  കണ്ണി എന്നതിനാലും   2021 ലാണ് ഫ്രാൻസിസ് പാപ്പാ ഈ ദിനം സ്ഥാപിച്ചത്.

മുത്തശ്ശീ മുത്തച്ഛന്മാരിലേക്കുള്ള തിരിച്ചു പോക്ക്

ഇത് രണ്ടാമത്തെ ആഗോള ദിനമാണ് എന്ന് ഓർമ്മിപ്പിച്ച പാപ്പാ പ്രായമേറിയ വൈദീകർക്കും സന്യസ്തർക്കും നേരെ പ്രത്യേക അഭിനന്ദനങ്ങളും അർപ്പിച്ചു.

"ഇത് ചരിത്രവും, പാരമ്പര്യങ്ങളും, ശീലങ്ങളും മറ്റു പല മൂല്യങ്ങളും കൈമാറിയവരായ മുത്തശ്ശീമുത്തച്ഛൻമാരുടെ ദിവസമാണ് " പാപ്പാ പറഞ്ഞു.

ഇന്ന് നമ്മൾ മുത്തശ്ശീമുത്തച്ഛന്മാരിലേക്ക് തിരിച്ചു പോകണം.  ഒരു മരം അതിന്റെ വേരിൽ നിന്ന് ശക്തി ശേഖരിച്ച് പുഷ്പിക്കുന്നതും ഫലമണിയുന്നതും പോലെ യുവാക്കൾ തങ്ങളുടെ വേരുകളായ മുത്തശ്ശീമുത്തച്ഛന്മാരിൽ നിന്ന് ശക്തി സംഭരിക്കണമെന്ന് പാപ്പാ അറിയിച്ചു. ഭാവി പൂവണിയുന്നതിലും ഫലം നൽകുന്നതിലും ഉത്തരവാദികളായ മുത്തശ്ശീമുത്തച്ഛന്മാരെ ആദരിക്കണമെന്നും പാപ്പാ അടിവരയിട്ടു.

പ്രായമായ സന്യാസ്തരെ മറക്കരുത്

ഒരു സന്യാസി എന്ന നിലയിൽ വൃദ്ധരായ സന്യാസിനി സന്യാസികളെ, സമർപ്പിത ജീവിതത്തിന്റെ മുത്തശ്ശീമുത്തച്ഛന്മാരെ ഓർമ്മിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അവരെ മറച്ചു പിടിക്കരുത് കാരണം അവരാണ് ഒരു സന്യാസകുടുംബത്തിന്റെ വിജ്ഞാനം. യുവ സന്യാസികൾ, പ്രത്യേകിച്ച് നവസന്യാസികൾ (Novices) അവരുമായി ബന്ധമുള്ളവരായിരിക്കണം. അവർ നമുക്ക് മുന്നോട്ടുപോകാൻ വളരെ സഹായകരമാകുന്ന എല്ലാ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കും. പാപ്പാ അനുസ്മരിച്ചു. നമ്മുടെ മരണമടഞ്ഞ മുത്തശ്ശീമുത്തച്ഛമാരെയും പ്രത്യേകം അനുസ്മരിക്കാനും അവരിൽ നിന്ന് ലഭിച്ച ധാരാളം നന്മകളെ ഓർക്കാനും പാപ്പാ ആവശ്യപ്പെട്ടു.

അനുരഞ്ജനവും മുറിവുണക്കലും

ഫ്രാൻസിസ് പാപ്പായുടെ  37 മത് അപ്പോസ്തലിക യാത്രയാണ് കാനഡയിലേക്ക് നടത്തുന്നത്. പാപ്പാ സന്ദർശിക്കുന്ന 56 മത് രാജ്യമാണ് കാനഡ. രാജ്യത്തെ തദ്ദേശിയ ജനതകളുമായുള്ള അനുരഞ്ജനവും മുറിവുണക്കലും ലക്ഷ്യം വച്ചു കൊണ്ട് അനുതാപത്തിന്റെ ഒരു തീർത്ഥാടനമാണ് ഫ്രാൻസിസ് പാപ്പാ  നടത്തുന്നത്.

മാധ്യമ പ്രവർത്തകർക്ക് അഭിവാദനം

എല്ലാവർക്കും ഒരു നല്ല ഞായറാഴ്ച ആശംസിച്ചു കൊണ്ടു ഫ്രാൻസിസ് പാപ്പാ അവരുടെ സേവനത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞു. തന്റെ ചാരെ നിന്നിരുന്ന പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ കാര്യാലയ ഡയറക്ടർ മത്തെയോ ബ്രൂണിയോടു "എനിക്ക് പറ്റുമെന്ന് തോന്നുന്നു, വരൂ, നമുക്ക് പോകാം " എന്ന് പറഞ്ഞ്  ഇടനാഴിയിലൂടെ നടന്ന് പാപ്പാ  മാധ്യമ പ്രവർത്തകരെ അഭിവാദനം ചെയ്തു. പാപ്പായോടൊപ്പം വിമാനത്തിൽ പത്ത് രാജ്യങ്ങളിൽ നിന്നുള്ള 80 ഓളം മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു.

അനുതാപതീർത്ഥാടനം

ദുരിതമനുഭവിച്ച തദ്ദേശിയ ജനതയോടുള്ള സാമിപ്യം അറിയിക്കാനായുള്ള ഒരു അനുതാപ തീർത്ഥാടനമായതിനാൽ ഈ അപ്പോസ്തലിക യാത്ര പ്രത്യേക ശ്രദ്ധയും ചൈതന്യവും നൽകേണ്ട ഒന്നാണ് എന്ന് പാപ്പാ സൂചിപ്പിച്ചു. തന്നോടൊപ്പം ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കു ചേരുവാനും പാപ്പാ അവരെ ക്ഷണിച്ചു. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ മെക്സിക്കോ ടെലവിഷൻ ചാനലായ ടെലെവിസായുടെ  പ്രവർത്തക വലന്റീനാ അലാത്സ്റാകിയെ കണ്ടതിലുള്ള തന്റെ സന്തോഷവും പാപ്പാ പ്രകടമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2022, 14:32