തിരയുക

കാനഡയുടെ ഗവർണർ ജനറലുമായി പാപ്പായുടെ കൂടികാഴ്ച

ജൂലൈ 24 മുതൽ 30 വരെ കാനഡയിലേക്ക് "അനുതാപ തീർത്ഥാടനം" നടത്തുന്ന ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയേഴാം അപ്പോസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനത്തിൽ കാനഡയുടെ ഗവർണർ ജനറലുമായി പാപ്പാ കൂടികാഴ്ച നടത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പാപ്പായ്ക്ക് സ്വീകരണം

ജൂലൈ 27 ആം തിയിതി, വൈകുന്നേരം 4.40 ന് പാപ്പാ Citadelle de Québec ൽ എത്തി ചേർന്നു. അവിടെ ഗവർണർ ജനറലായ മേരി മേയ് സൈമണും ഭർത്താവും ചേർന്ന് സിറ്റാഡെൽ ഡി ക്വബെക്കിന്റെ അങ്കണത്തിൽ പാപ്പയെ സ്വാഗതം ചെയ്തു. ഗാർഡ് ഓഫ് ഓണറും ഇരു രാജ്യങ്ങളുടെയും പതാകകളോടു നൽകിയ ആദരവിനും ശേഷം ദേശീയ ഗീതങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് പരസ്പരം പ്രതിനിധി സംഘങ്ങളെ പരിചയപ്പെടുത്തിയ ശേഷം അവർ എലിവേറ്ററിലൂടെ സ്വകാര്യ കൂടികാഴ്ച നടക്കുന്ന മുറിയിലേക്ക് പോയി.

ഗവർണർ ജനറലിന്റെ വസതി

കാനഡയിലെ ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയും വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ബ്രിട്ടീഷ് കോട്ടയുമാണ് 1820 നും1850 നും ഇടയിൽ ബ്രിട്ടീഷ് രാജകീയ എഞ്ചിനീയർമാർ നിർമ്മിച്ച വലിയ നക്ഷത്ര ആകൃതിയിലുള്ള കോട്ടയാണിത്. ഫ്രഞ്ച് എഞ്ചിനീയർ ന്റെ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ കോട്ടയിൽ 1745 ലെ ഫ്രഞ്ച് പ്രതിരോധ മതിലുകളുടെ ഒരു ഭാഗവും ഉൾക്കൊള്ളുന്നു.1920 മുതൽ, കനേഡിയൻ സേനയിലെ ഫ്രഞ്ച് സംസാരിക്കുന്ന ഒരേയൊരു കാലാൾപ്പട റെജിമെന്റായ 22-മത്തെ റോയൽ റെജിമെന്റും അതിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയവും ഇവിടെയാണ്. പ്രധാനപ്പെട്ട നയതന്ത്ര യോഗങ്ങൾക്കും ആചാരപരമായ പരിപാടികൾക്കും സ്ഥിരവും താൽക്കാലികവുമായ പ്രദർശനങ്ങൾ തയ്യാറാക്കുന്നതിനുമായി ഇത് ഉപയോഗിക്കുന്നു. വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്, വില്യം ലിയോൺ മക്കെൻസി കിംഗ് എന്നിവർ രണ്ടാം ലോക മഹായുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ച് 1943-ലും 1944-ലും ചർച്ച ചെയ്യാൻ വിളിച്ച ക്യൂബെക്ക് സമ്മേളനങ്ങൾ നടന്നത് ഇവിടെയാണ്.1980-ൽ ഇത് കാനഡയുടെ ദേശീയ ചരിത്ര സ്ഥലമായും1985 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും പ്രഖ്യാപിക്കപ്പെട്ടു.

കൂടികാഴ്ച

4.40 ന് Citadelle de Québec ൽ എത്തി ചേർന്ന പാപ്പാ 5.00 മണിക്ക് ഗവർണർ ജനറലുമായി സ്വകാര്യ സംഭാഷണം നടത്തി. തന്റെ കുടുംബത്തേയും ഗവർണ്ണർ പാപ്പായ്ക്ക് പരിചയപ്പെടുത്തി.  ഈ സമയം വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിനും കാനഡയുടെ പ്രധാനമന്ത്രിയുമായി ഒരു ഹ്രസ്വമായ കൂടിക്കാഴ്ചയും നടന്നു. അവരോടൊപ്പം വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയും അപ്പോസ്തലിക നുൺഷിയോയും ഉണ്ടായിരുന്നു.

കാനഡയുടെ ഗവർണർ ജനറൽ

കാനഡയുടെ ഗവർണർ ജനറലായ ശ്രീമതി മേരി മേയ് സൈമൺ, 1947-ൽ, ഹഡ്‌സൺസ് ബേ കമ്പനിയിലെ രോമവ്യാപാരിയായ ഒരു ഇംഗ്ലീഷുകാരന്റെയും ഒരു ഇനൂക്ക് വംശജയുടെയും മകളായി നുനാവിക്കിലെ (ക്വബെക്ക്ക്) കങ്കിക്‌സുലുജ്ജുവാക്കിൽ ജനിച്ചു.1970-കളിൽ അവർ റേഡിയോ സ്റ്റേഷനായ സിബിസി നോർത്തേൺ സർവീസിൽ (ഇപ്പോൾ സിബിസി നോർത്ത്) ജോലി ചെയ്തു. പിന്നീട്, കാനഡയിലെ ആദ്യത്തെ ഭൂമി ക്ലെയിം സെറ്റിൽമെന്റുമായി ബന്ധപ്പെട്ട് നോർത്തേൺ ക്വബെക് ഇനൂയിറ്റ് അസോസിയേഷനിലും (ഇപ്പോൾ മക്കിവിക് കോർപ്പറേഷൻ) ഇനൂയിറ്റ്  ടാപിരിറ്റ് കനാറ്റമിയിലും (ഐടികെ) നിരവധി എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിച്ചു. Inuit Circumpolar കൗൺസിലിലും ആർട്ടിക് കൗൺസിലിലും പ്രവർത്തിക്കുന്നു. കൂടാതെ നുനാവത്ത് നടപ്പിലാക്കുന്നതിനുള്ള കമ്മീഷനിലെ അംഗവും ആദിവാസി ജനതയെക്കുറിച്ചുള്ള റോയൽ കമ്മീഷന്റെ സഹ ഡയറക്ടറും സെക്രട്ടറിയുമാണ്. 1994 മുതൽ 2003 വരെ, അവർ സർക്കുമ്പോളാർ അഫയേഴ്സിന്റെ അംബാസഡറായി സേവനമനുഷ്ഠിച്ചു. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ Inuk ആയിത്തീർന്നു. 1999 മുതൽ 2001 വരെ അവർ ഡെന്മാർക്കിലെ കനേഡിയൻ അംബാസഡറായിരുന്നു. 2006 മുതൽ  രണ്ട് തവണ Inuit Tapiriit Kanatami യുടെ പ്രസിഡന്റായിരുന്നു മേരി മേ സൈമൺ. Inuit-ന്റെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധയാണ്. 2021 ജൂലൈ 26-ന്, കാനഡയുടെ ഗവർണർ ജനറലായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ തദ്ദേശീയ നേതാവായ സൈമൺ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 July 2022, 15:09