തിരയുക

കാനഡയിൽ പാപ്പാ നടത്തുന്ന അപ്പോസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനത്തിലെ പരിപാടികൾ

ജൂലൈ 24 മുതൽ 30 വരെ കാനഡയിലേക്ക് "അനുതാപ തീർത്ഥാടനം" നടത്തുന്ന ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയേഴാം അപ്പോസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനത്തിൽ നടന്ന കാര്യപരിപാടികളുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജൂലൈ 27ആം തിയതി, പ്രാദേശിക സമയം രാവിലെ 6.30ന് സ്വകാര്യമായി അർപ്പിച്ച ദിവ്യബലിയോടു കൂടിയാണ് പാപ്പാ കാനഡയിൽ നടത്തുന്ന അപ്പോസ്തോലിക സന്ദർശനത്തിന്റെ നാലാം ദിനത്തിന്റെ കാര്യപരിപാടികൾ  ആരംഭിച്ചത്. ദിവ്യബലിക്ക് ശേഷം സെന്റ്. ജോസെഫ് സെമിനാരിയിലെ അന്തേവാസികളെ അഭിവാദനം ചെയ്ത പാപ്പാ, 9.15ന് അവിടെ നിന്നും എഡ്‌മണ്ടൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. 9.45 നു അവിടെയെത്തിയ പാപ്പാ ഔപചാരികമായ വിടവാങ്ങൽ ഒന്നുമില്ലാതെ ഉടനെ വിമാനത്തിൽ പ്രവേശിച്ചു. കൃത്യം 10.00 മണിക്ക് എഡ്‌മണ്ടനിൽ നിന്ന് പാപ്പായെ വഹിച്ചു കൊണ്ടുള്ള വിമാനം ക്യൂബെക്കിലേക്ക് പറന്നുയർന്നു. പാപ്പയുടെ പ്രാതലും ഉച്ചഭക്ഷണവും വിമാനത്തിൽ വച്ചായിരുന്നു.

നാല് മണിക്കൂറും അഞ്ചു മിനിറ്റും നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം ഉച്ചതിരിഞ്ഞു 4.05 നു ക്യൂബെക്ക് അന്തർദേശീയ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. അവിടെ വച്ച് വളരെ ലളിതമായ ഒരു ചടങ്ങിൽ പ്രാദേശിക അധികാരികളിൽ അഞ്ചു പേർ ചേർന്ന് ഫ്രാൻസിസ് പാപ്പയെ സ്വാഗതം ചെയ്തു. പാപ്പാ അവരുമായി അൽപസമയം VIP കൾക്കായുള്ള ഹാളിൽ ചിലവഴിച്ചു.

ക്വബെക് നഗരം

ക്വബെക്കിന്റെ തലസ്ഥാനവും മോൺട്രിയൽ കഴിഞ്ഞാൽ കിഴക്കൻ കാനഡ പ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ നഗരവുമായ ക്യൂബെക് നഗരം, സെന്റ് ലോറൻസ് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന നഗരമാണിത്. 531,902 നിവാസികൾ ക്വബെക് നഗരത്തിൽ ജീവിക്കുന്നു.

1985ൽ യുനെസ്കോ മാനവ പൈതൃകമായി പ്രഖ്യാപിച്ച യൂറോപ്യൻ സ്വഭാവമുള്ള ക്വബെക്ക് നഗരം, ഫ്രഞ്ച് വാസ്തുരൂപകൽപനയുള്ള 

വടക്കേ അമേരിക്കയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. 1608-ൽ ഫ്രഞ്ച് പര്യവേക്ഷകനായ സാമുവൽ ഡി ചാംപ്ലൈൻ  ഈ നഗരം  സ്ഥാപിച്ചതെങ്കിലും അതിന്റെ ചരിത്രം 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പര്യവേക്ഷകനായ ജാക് കാറ്റിയേന്റെ വരവോടെയാണ്  ആരംഭിക്കുന്നത്.

നഗരത്തിന്റെ പേരിന്റെ ഉത്ഭവം

"നദി ചുരുങ്ങുന്ന ഇടം" എന്നർത്ഥമുള്ള തദ്ദേശീയ പദത്തിൽ നിന്നാണ് ക്വബെക് എന്ന പേര് ലഭിച്ചത്. ഈ നഗരം നൂറ്റാണ്ടുകളായി ഫ്രഞ്ച്, ഇംഗ്ലീഷ് അധിനിവേശങ്ങൾക്കും, കാനഡയെ മുഴുവൻ അമേരിക്കയുമായി ബന്ധിപ്പിക്കാൻ 1775ൽ  ബ്രിട്ടീഷുകാർക്കെതിരായി നടന്ന അമേരിക്കൻ വിപ്ലവ സൈനികരുടെ ആക്രമണത്തിനും ഇരയായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി  ഈ നഗരം ഔദ്യോഗികമായി ക്വബെക് പ്രവിശ്യയുടെ തലസ്ഥാനമായി മാറി.

ക്വബെക്കിലെ പ്രധാനപ്പെട്ട ഇടങ്ങൾ

നദി തീരത്തുള്ള Basse-ville, 1872  മുതൽ ഗവർണ്ണർ ജനറലിന്റെ വസതിയായി മാറിയ Citadelle എന്ന കോട്ട,  Royal Place , കല്ലിൽ പണി തീർത്ത വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള Notre-Dame-des-Victories (1688) ദേവാലയം, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിനും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിൽ നിർമ്മിപ്പിക്കപ്പെട്ടതും, സാൻ ലോറെൻസോയുടെ തീരത്തു കാണുന്ന  ഒരു വലിയ പാറക്കൂട്ടമായ ക്യാപ് ഡയമന്റിനു മുകളിൽ 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണിതീർത്ത Château Frontenac എന്ന ഹോട്ടൽ തുടങ്ങിയവ നഗരത്തിന്റെ പുരാതന മഹിമ വിളിച്ചറിയിക്കുന്നു. Notre-Dame de Québec, സാൻ ദൊമെനിക്കോ, സാൻ പത്രീത്സിയോ, സാൻ റോക്കോ എന്നിവയാണ് Notre-Dame- des-Victoires  കൂടാതെ ക്വബെക്കിലുള്ള മറ്റു കത്തോലിക്കാ ദേവാലയങ്ങൾ.

ധാരാളം മ്യൂസിയങ്ങളും ക്വബെക്കിലുണ്ട് അവയിൽ പ്രധാനപ്പെട്ടവ Musée de la Civilisation, Parc-de-l’Artillerie, Centre d’Art Maison Blanchette എന്നിവയാണ്. കൂടാതെ  Marie-Guyart എന്ന ബഹുനില കെട്ടിടത്തിന്റെ 31 മത്തെ നിലയിൽ 221 മീറ്റർ ഉയരത്തിൽ നിന്ന് നഗരം മുഴുവൻ കാണാവുന്ന ഒരു നിരീക്ഷണ കേന്ദ്രവും നഗരത്തിന്റെ ആകർഷണങ്ങളിൽ ഒന്നാണ്.

ക്വബെക് അതിരൂപത

1674, ഒക്ടോബർ ഒന്നിന് സ്ഥാപിതമായതാണ്  ക്വബെക് അതിരൂപത. 35,180 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള  രൂപതയിൽ 1,304,605 നിവാസികളാണുള്ളത്. അതിൽ 989,869 കത്തോലിക്കരുണ്ട്. രൂപതയിൽ 40 ഇടവകകളും, 7 സഭകളും, കഴിഞ്ഞ വർഷം പൗരോഹിത്യം സ്വീകരിച്ച 3 പേർ ഉൾപ്പെടെ 290 വൈദികരുമുണ്ട്. രൂപതയിലെ 162 രൂപതാ വൈദീകരും, 77 സ്ഥിരം ഡീക്കന്മാരും, തത്വശാസ്ത്രം, ദൈവശാസ്ത്രം പഠിക്കുന്ന 9 സെമിനാരി വിദ്യാർത്ഥികളും കൂടാതെ സന്യാസസഭകളിൽ നിന്നുള്ള 418 സന്യാസികളും, 1,676 സന്യാസിനികളും രൂപതയെ സഹായിക്കുന്ന 6 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് രൂപതയ്ക്കുള്ളത്. കഴിഞ്ഞ വർഷം 3,937 പേർ മാമ്മോദീസാ സ്വീകരിച്ചു.

ക്വബെക് അതിരൂപത മെത്രാ൯

രൂപതയുടെ തലവനായ കർദ്ദിനാൾ ജെറാൾഡ് സിപ്രിയേൻ ലാക്രോ പത്താം പിയൂസിന്റെ സെക്കുലർ ഇൻസ്റ്റിട്യൂട്ടിൽ നിന്നാണ് വരുന്നത്. ക്വബെക്കിലെ സെന്റ് ഹിലായിർ ദെ ഡോർ സെയിൽ 1957ൽ ജനിച്ച അദ്ദേഹം1988ലാണ് വൈദീകനായത്. 2009 ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ഫ്രാൻസിസ് പാപ്പായാണ് 2014ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തിയത്.

ഗവർണർ ജനറലിന്റെ വസതി

കാനഡയിലെ ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയും വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ബ്രിട്ടീഷ് കോട്ടയുമാണ് 1820 നും1850 നും ഇടയിൽ ബ്രിട്ടീഷ് രാജകീയ എഞ്ചിനീയർമാർ നിർമ്മിച്ച വലിയ നക്ഷത്ര ആകൃതിയിലുള്ള കോട്ടയാണിത്. ഫ്രഞ്ച് എഞ്ചിനീയർ ന്റെ പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ കോട്ടയിൽ 1745 ലെ ഫ്രഞ്ച് പ്രതിരോധ മതിലുകളുടെ ഒരു ഭാഗവും ഉൾക്കൊള്ളുന്നു.1920 മുതൽ, കനേഡിയൻ സേനയിലെ ഫ്രഞ്ച് സംസാരിക്കുന്ന ഒരേയൊരു കാലാൾപ്പട റെജിമെന്റായ 22-മത്തെ റോയൽ റെജിമെന്റും അതിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയവും ഇവിടെയാണ്. പ്രധാനപ്പെട്ട നയതന്ത്ര യോഗങ്ങൾക്കും ആചാരപരമായ പരിപാടികൾക്കും സ്ഥിരവും താൽക്കാലികവുമായ പ്രദർശനങ്ങൾ തയ്യാറാക്കുന്നതിനുമായി ഇത് ഉപയോഗിക്കുന്നു. വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ലിൻ ഡി. റൂസ്വെൽറ്റ്, വില്യം ലിയോൺ മക്കെൻസി കിംഗ് എന്നിവർ രണ്ടാം ലോക മഹായുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ച് 1943-ലും 1944-ലും ചർച്ച ചെയ്യാൻ വിളിച്ച ക്യൂബെക്ക് സമ്മേളനങ്ങൾ നടന്നത് ഇവിടെയാണ്.1980-ൽ ഇത് കാനഡയുടെ ദേശീയ ചരിത്ര സ്ഥലമായും1985 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും പ്രഖ്യാപിക്കപ്പെട്ടു.

4.40 ന് പാപ്പാ Citadelle de Québec ൽ എത്തി ചേർന്നു. അവിടെ ഗവർണർ ജനറലായ മേരി മേയ് സൈമണും ഭർത്താവും ചേർന്ന് സിറ്റാഡെൽ ഡി ക്യൂബെക്കിന്റെ അങ്കണത്തിൽ പാപ്പയെ സ്വാഗതം ചെയ്തു. ഗാർഡ് ഓഫ് ഓണറും ഇരു രാജ്യങ്ങളുടെയും പതാകകളോടു നൽകിയ ആദരവിനും ശേഷം ദേശീയ ഗീതങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് പരസ്പരം പ്രതിനിധി സംഘങ്ങളെ പരിചയപ്പെടുത്തിയ ശേഷം അവർ എലിവേറ്ററിലൂടെ സ്വകാര്യ കൂടികാഴ്ച നടക്കുന്ന മുറിയിലേക്ക് പോയി.

കാനഡയുടെ ഗവർണർ ജനറൽ

കാനഡയുടെ ഗവർണർ ജനറലായ ശ്രീമതി മേരി മേയ് സൈമൺ, 1947-ൽ, ഹഡ്‌സൺസ് ബേ കമ്പനിയിലെ രോമവ്യാപാരിയായ ഒരു ഇംഗ്ലീഷുകാരന്റെയും ഒരു ഇനൂക്ക് വംശജയുടെയും മകളായി നുനാവിക്കിലെ (ക്വബെക്ക്ക്) കങ്കിക്‌സുലുജ്ജുവാക്കിൽ ജനിച്ചു.1970-കളിൽ അവർ റേഡിയോ സ്റ്റേഷനായ സിബിസി നോർത്തേൺ സർവീസിൽ (ഇപ്പോൾ സിബിസി നോർത്ത്) ജോലി ചെയ്തു. പിന്നീട്, കാനഡയിലെ ആദ്യത്തെ ഭൂമി ക്ലെയിം സെറ്റിൽമെന്റുമായി ബന്ധപ്പെട്ട് നോർത്തേൺ ക്വബെക്ക്ക് ഇനൂയിറ്റ് അസോസിയേഷനിലും (ഇപ്പോൾ മക്കിവിക് കോർപ്പറേഷൻ) ഇനൂയിറ്റ്  ടാപിരിറ്റ് കനാറ്റമിയിലും (ഐടികെ) നിരവധി എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിച്ചു. Inuit Circumpolar കൗൺസിലിലും ആർട്ടിക് കൗൺസിലിലും പ്രവർത്തിക്കുന്നു.  കൂടാതെ നുനാവത്ത് നടപ്പിലാക്കുന്നതിനുള്ള കമ്മീഷനിലെ അംഗവും ആദിവാസി ജനതയെക്കുറിച്ചുള്ള റോയൽ കമ്മീഷന്റെ സഹ ഡയറക്ടറും സെക്രട്ടറിയുമാണ്. 1994 മുതൽ 2003 വരെ, അവർ സർക്കുമ്പോളാർ അഫയേഴ്സിന്റെ അംബാസഡറായി സേവനമനുഷ്ഠിച്ചു. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ Inuk ആയിത്തീർന്നു. 1999 മുതൽ 2001 വരെ അവർ ഡെന്മാർക്കിലെ കനേഡിയൻ അംബാസഡറായിരുന്നു. 2006 മുതൽ  രണ്ട് തവണ Inuit Tapiriit Kanatami യുടെ പ്രസിഡന്റായിരുന്നു മേരി മേ സൈമൺ. Inuit-ന്റെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധയാണ്. 2021 ജൂലൈ 26-ന്, കാനഡയുടെ ഗവർണർ ജനറലായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ തദ്ദേശീയ നേതാവായ സൈമൺ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.

4.40 ന് Citadelle de Québec ൽ എത്തി ചേർന്ന പാപ്പാ 5.00 മണിക്ക് ഗവർണർ ജനറലുമായി സ്വകാര്യ സംഭാഷണം നടത്തി. തന്റെ കുടുംബത്തേയും ഗവർണ്ണർ പാപ്പായ്ക്ക് പരിചയപ്പെടുത്തി.  ഈ സമയം വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിനും കാനഡയുടെ പ്രധാനമന്ത്രിയുമായി ഒരു ഹ്രസ്വമായ കൂടിക്കാഴ്ചയും നടന്നു. അവരോടൊപ്പം വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറിയും അപ്പോസ്തലിക നുൺഷിയോയും ഉണ്ടായിരുന്നു.

കാനഡയുടെ പ്രധാനമന്ത്രി

കാനഡയുടെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡെവ്, കനേഡിയൻ മു൯ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ മകനായി 1971-ൽ ഒട്ടാവയിൽ ജനിച്ചു. തലസ്ഥാനത്തെ മക്ഗിൽ സർവ്വകലാശാലയിൽ നിന്ന് സാഹിത്യം പഠിച്ച അദ്ദേഹം 1994-ൽ ബിരുദം നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് നിരവധി വർഷങ്ങളായി അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. അദേഹം കനേഡിയൻ അവലാഞ്ച് ഫൗണ്ടേഷന്റെ ബോർഡ് അംഗവും യുവജനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടി വാദിക്കുന്ന കാറ്റിവിക് എന്ന ഉപവി പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമാണ്. 2008-ൽ അദ്ദേഹം ആദ്യമായി കനേഡിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013-ൽ അദ്ദേഹം ലിബറൽ പാർട്ടിയുടെ നേതാവായി. അദ്ദേഹത്തെ അത് 2015-ൽ വിജയത്തിലേക്ക് നയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സീറ്റുകളുള്ള പാർട്ടി ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിച്ചു. 2019 ൽ അദ്ദേഹം രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.  ജസ്റ്റി൯ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച

പ്രാദേശീക സമയം 5.20ന് പാപ്പാ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡെവുമായി  കൂടിക്കാഴ്ച നടത്തി. കൂടികാഴ്ചയ്ക്ക് ശേഷം പാപ്പായും, ഗവർണർ ജനറലും, പ്രധാനമന്ത്രിയും, ഔദ്യോഗിക ഫോട്ടോ എടുക്കുന്നതിനായി ടെറസിലേക്ക് പോയി. തുടർന്ന് സമീപത്തുള്ള മുറിയിൽ വച്ച് പാപ്പാ അധികാരികളുമായും കൂടിക്കാഴ്ച നടത്തി.  ഈ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു 5.45ന് സിവിൽ അധികാരികൾ, തദ്ദേശീയ ജനങ്ങളുടെ പ്രനിധികൾ, നയതന്ത്രജ്ഞന്മാർ എന്നിവരുമായി കൂടിക്കാഴ്ച. തദവസരത്തിൽ നൂറോളം പേർ അവിടെ സന്നിഹിതരായിരുന്നു. ഗവർണർ ജനറൽ പാപ്പയ്‌ക്ക്‌ ആശംസകൾ അർപ്പിച്ചു. അവരുടെ ആശംസയെ തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നൽകി. പ്രഭാഷണത്തിന് ശേഷം ഗവർണർ ജനറലും, പ്രധാനമന്ത്രിയും പാപ്പയെ യാത്രയയ്ക്കുന്നതിനായി പ്രവേശന കവാടത്തിലേക്ക് അനുഗമിച്ചു. അവിടെ നിന്ന് രണ്ട് കി.മീ ദൂരത്തിൽ സ്ഥിതിചെയ്യുന്ന അതിരൂപത മെത്രാസന മന്ദിരത്തിലേക്ക് 6.15 ന് പാപ്പാ കാറിൽ യാത്രയായി. Citadelle de Québec-ൽ നിന്ന് ഇറങ്ങിയ ശേഷം പാപ്പാ കാറിൽ നിന്നുമിറങ്ങി പാപ്പാ മൊബൈലിലാണ് യാത്ര തുടർന്നത്.

അതിരൂപത മെത്രാസന മന്ദിരം

വാസ്തുശിൽപി തോമസ് ബെയ്ലെർജിന്റെ പദ്ധതി പ്രകാരം1844-നും 1847-നും ഇടയിൽ ക്വബെക്ക്കിലെ മെത്രാന് വേണ്ടി നിർമ്മിക്കപ്പെട്ടതാണ് ഈ മെത്രാസന മന്ദിരം. Rue Port-Dauphin-നെ അഭിമുഖീകരിക്കുന്ന ഈ മൂന്ന് നില കെട്ടിടം നിർമ്മാണത്തിന് തൊട്ടുപിന്നാലെ അതിന്റെ പടിഞ്ഞാറൻ ഭാഗം കൊണ്ട് വിപുലീകരിക്കപ്പെട്ടു. 1880-കളുടെ അവസാനത്തിൽ, മേൽക്കൂരയിൽ ഉണ്ടായ തീപിടുത്തത്തിൽ, ഒരു താഴികക്കുടം അപ്രത്യക്ഷമാകാനിടയാകുകയും ചെയ്തു.1903-ൽ, വാസ്തുശിൽപിയായ François-Xavier Berlinguet  ഫ്രാൻസ്വാ-സ സി ബെർലിംഗെ ഈ കെട്ടിടം പുതുക്കിപ്പണിയുകയും നഗര ഭൂപ്രകൃതിയും നദിയിൽ നിന്നുള്ള കാഴ്ചയും മെച്ചപ്പെടുത്തുന്നതിനായി ബാൽക്കണിയും തൂണുകളും കൊണ്ട് പിറകുവശത്തെ മുഖപ്പ് സമ്പന്നമാക്കുകയും ചെയ്തു.  വളരെക്കാലമായി രൂപതയുടെ ഭരണ, അജപാലന ശുശ്രൂഷകളുടെ കേന്ദ്രമായിരുന്ന ഈ കെട്ടിടം ഇന്ന് മെത്രാൻ വസതിയായി ഉപയോഗിക്കുന്നു.

മെത്രാസന മന്ദിരത്തിൽ പാപ്പാ പ്രാദേശിക സമയം 6.40ന് എത്തിചേർന്നു. അവിടെ പാപ്പാ സ്വകാര്യ അത്താഴം കഴിച്ച് വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 July 2022, 16:02